മേയ് 21 ചൊവ്വാഴ്ച്ച കനത്ത മഴയില്‍ കര്‍ണാടകയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ചരിത്രപ്രസിദ്ധമായ ഹംപിയിലാണ് പുരാതനമായ ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിന്റെ പ്രധാനഭാഗമായ സാല മണ്ഡപത്തിന് (പ്രദര്‍ശന മണ്ഡപം) നാശമുണ്ടായിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ വേണ്ടത്ര സംരക്ഷണം ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് പരാതി. എന്നാല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വാദിക്കുന്നത്, അവര്‍ സാല മണ്ഡപം ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും, അതിനിടയിലാണ് കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നുമാണ്. Hampi virupaksha temple
ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്നു കരുതുന്നതാണ് വിരൂപാക്ഷ ക്ഷേത്രം. ദേശീയ സ്മാരകമായ ഈ ക്ഷേത്രം യുനെസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളില്‍ ഉള്‍പ്പെട്ടതാണ്. വിരൂപാക്ഷ ക്ഷേത്രം അതിന്റെ പ്രശസ്തി കൈവരിക്കുന്നത് പതിനാലാം നൂറ്റാണ്ടോടെയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണകാലത്ത്(1336-1646) വിപുലമായ നവീകരണത്തിന് ക്ഷേത്രം വിധേയമായി. മഹാനിര്‍മിതികളിലും കലകളിലും പേരുകേട്ടവരായിരുന്ന വിജയനഗര ഭരണാധികാരികളുടെ രക്ഷാകര്‍തൃത്വത്തില്‍ വിരൂപാക്ഷ ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചു. മതപരവും സാംസ്‌കരികവുമായ പ്രവര്‍ത്തനങ്ങളുടെ പ്രധാനകേന്ദ്രമായി ക്ഷേത്രം മാറി.
ദ്രാവിഡ ക്ഷേത്ര നിര്‍മാണത്തിന്റെ മകുടോദ്ദാഹാരണങ്ങളില്‍ പ്രഥമ ഗണനീയമാണ് വിരൂപാക്ഷ ക്ഷേത്രം. ശ്രീകോവിലിനു മുകളിലെ ശിഖരങ്ങളും, ക്ഷേത്ര ഗോപുരങ്ങളും, അതിശയിപ്പിക്കുന്ന കൊത്തുപണികളും, തൂണുകള്‍ നിറഞ്ഞ നടുത്തളങ്ങളുമെല്ലാം അത്ഭുത നിര്‍മിതികളായാണ് വാഴ്ത്തപ്പെടുന്നത്. കൊത്തുപണികളും ശില്‍പ്പങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഗോപുരത്തില്‍ വിവിധ ദേവതകളെയും പുരാണ രംഗങ്ങളും മൃഗങ്ങളെയും ചിത്രീകരിച്ചിട്ടുണ്ട്. ശിവനാണ് പ്രധാന പ്രതിഷ്ഠ.
സമാന ക്ഷേത്രങ്ങളിലെല്ലാം വിരൂപാക്ഷ ക്ഷേത്രത്തിലേതു പോലുള്ള സാല മണ്ഡപങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. വിശ്വാസികള്‍ ഈ പ്രദര്‍ശന മണ്ഡപം വിശ്രമത്തിനായി ഉപയോഗിക്കും, കൂടാതെ, ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ചരിത്രഗ്രന്ഥങ്ങളുമൊക്കെ ഇവിടെവച്ചായിരിക്കും വ്യാപാരികള്‍ വില്‍ക്കുക. നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഹംപി. ദക്ഷിണേന്ത്യയിലെ അവസാനത്തെ മഹാ ഹിന്ദു സാമ്രാജ്യം എന്നാണ് വിജയനഗര സാമ്രാജ്യം അറിയപ്പെടുന്നത്. അതിന്റെ തെളിവായി ഹംപിയില്‍ നിലകൊള്ളുന്ന ക്ഷേത്രങ്ങളില്‍ പ്രധാനമാണ് വിരൂപാക്ഷ ക്ഷേത്രം. ഹംപിയുടെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കിയാണ് യുനെസ്‌കോ ഇവിടം ലോക പൈതൃക കേന്ദ്രമാക്കി പ്രഖ്യാപനം നടത്തിയത്.
കല്‍ത്തൂണുകള്‍ കൊണ്ടാണ് സാല മണ്ഡപത്തിന്റെ നിര്‍മിതി. മഴ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി കല്‍ത്തൂണുകള്‍ നാശോന്മുഖമായ അവസ്ഥയിലായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
മൊത്തം 19 മീറ്റര്‍ നീളമുള്ള സാല മണ്ഡപത്തിന്റെ നാലു തൂണുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു മീറ്റര്‍ ഭാഗമാണ് കനത്ത മഴയില്‍ തകര്‍ന്നതെന്നാണ് ഹംപി സര്‍ക്കിളിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ സൂപ്രണ്ട് നിഹില്‍ ദാസ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. മണ്ഡപം പൂര്‍ണമായി പുനരുദ്ധാരണത്തിന് സജ്ജമാക്കിയിരുന്നു, ഇപ്പോള്‍ തകര്‍ന്ന തൂണുകളുടെ ബലക്കുറവ് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നതാണ്. എങ്കിലും ഞങ്ങളുടെ കണക്കുകൂട്ടലില്‍ തൂണുകള്‍ അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൂടി ഉറപ്പോടെ നില്‍ക്കുമെന്നായിരുന്നു. പക്ഷേ, വിചാരിച്ചതിലും നേരത്തെ അവ തകര്‍ന്നു. മുന്‍കാലങ്ങളില്‍ പെയ്ത കനത്ത മഴ തൂണുകളുടെ അടിത്തറ തകര്‍ച്ചയിലാക്കിയിരുന്നു. ഇപ്പോഴത്തെ മഴയില്‍ അവ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഹില്‍ ദാസ് വിശദീകരിക്കുന്നത്.
ഹംപിയിലെ 95 ദേശീയ സ്മാരകങ്ങളില്‍ 57 എണ്ണത്തിന്റെ ചുമതല ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കാണ്. ബാക്കിയുള്ളവയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും. 2019 ലാണ് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2020 ഓടെ ഒന്നാംഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി. 2022 ല്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയായതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു. ബാക്കിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു സാല മണ്ഡപം. ഒരു ഭാഗം തകര്‍ന്നതിനാല്‍ മുഴുവന്‍ സാല മണ്ഡപവും പുനരുദ്ധാരണം ചെയ്യുന്ന നടപടികള്‍ വേഗത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
സാമ്പത്തിക സഹായം കിട്ടുന്നതില്‍ ഉണ്ടാകുന്ന കാലതാമസം, നിര്‍മാണവസ്തുക്കളുടെയും ജോലിക്കാരുടെയും ലഭ്യതക്കുറവ് എന്നിവയാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ വൈകാന്‍ കാരണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നത്. ക്ഷേത്രങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന അതേ കല്ലുകളും നിര്‍മാണ മാതൃകയും തന്നെ വീണ്ടും ഉപയോഗിക്കേണ്ടതുള്ളതുകൊണ്ട് അതുമൂലമുള്ള കാലതാമസം നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇപ്പോള്‍ തകര്‍ന്നു വീണ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തന്നെ 50 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് നിഹാല്‍ ദാസ് പറയുന്നത്. കൂടാതെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കുറഞ്ഞത് നാലോ അഞ്ചോ മാസങ്ങളും വേണ്ടി വരും.
വിരൂപാക്ഷ ക്ഷേത്രത്തിനുണ്ടായ നാശനഷ്ടങ്ങളില്‍ യുനെസ്‌കോ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Content Summary; Hampi virupaksha temple pavilion collapses, blame to archaeological survey of india