April 19, 2025 |
Share on

അനുയായികള്‍ക്ക് ഭോലെ ബാബ മാന്ത്രിക ശക്തിയുള്ള ദൈവം

മരിച്ചവരെ ജീവിപ്പിക്കും, രോഗശാന്തി നല്‍കും’

ഹത്രാസില്‍ നടന്ന സത്‌സംഗത്തിന് രണ്ടര ലക്ഷത്തോളം വിശ്വാസികളെ കൂട്ടിയ ഭോലെ ബാബ അഥവ നാരായണ്‍ സാകര്‍ വിശ്വ ഹരി എന്ന സൂരജ് പാല്‍ സിംഗ് തന്റെ അനുയായികള്‍ക്കിടയില്‍ നേടിയെടുത്തിരിക്കുന്നത് അമാനുഷിക പരിവേഷം. പല ‘ അത്ഭുതങ്ങളും’ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസം മറ്റുള്ളവരില്‍ അയാള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നുവെന്നതിന് തെളിവായിരുന്നു ബാബയുടെ പ്രഭാഷണത്തിന് തടിച്ചുകൂടിയ ലക്ഷകണക്കിന് ജനം. 121 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം സംഭവിക്കുന്നതുപോലും ബാബയോടുള്ള അന്ധമായ ആരാധനയില്‍ നിന്നാണ്. ഭോലെ ബാബ തന്റെ പ്രഭാഷണം അവാസാനിപ്പിച്ച് മടങ്ങും നേരം, അദ്ദേഹത്തിന്റെ വാഹനം പോകുന്ന പാതയിലെ പൊടിയും മണ്ണും ശേഖരിക്കാന്‍ വേണ്ടി തിക്കും തിരക്കും കൂട്ടിയതിന്റെ ഫലമായിരുന്നു ആ ദുരന്തം.

ഏത് രോഗങ്ങളില്‍ നിന്നും മുക്തി നേടിത്തരുന്നവന്‍, ദുരാത്മാക്കളെ നശിപ്പിക്കുന്നവന്‍, ഏതാഗ്രഹങ്ങളും സഫലമാക്കി തരുന്ന മാന്ത്രിക ശക്തികളുള്ള മനുഷ്യ ദൈവം’ ; ഭോലെ ബാബയുടെ മേല്‍ ഭക്തര്‍ ചാര്‍ത്തിയ വിശേഷണങ്ങള്‍ പലതായിരുന്നു.

ബാബയുടെ വണ്ടി പോയ വഴിയിലെ പൊടിയും മണ്ണും ശേഖരിക്കാന്‍ വിശ്വാസികളുടെ തിരക്ക്

മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിയുമെന്നും ബാബ അവകാശപ്പെട്ടിരുന്നു. അതിന്റെ പേരില്‍ അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്! 2000-ല്‍ ഒരു 16 കാരിയുടെ മൃതദേഹം കുടുംബത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ അയാള്‍ പിടിച്ചെടുത്തു. മരിച്ച പെണ്‍കുട്ടിക്ക് ജീവന്‍ നല്‍കാന്‍ തനിക്ക് കഴിയുമെന്നായിരുന്നു ബാബയുടെ അവകാശവാദം. പൊലീസ് ബാബയെ അറസ്റ്റ് ചെയ്തു. ഒട്ടും വൈകാതെ അയാള്‍ സ്വതന്ത്രനാവുകയും ചെയ്തു. പൊലീസ് താമസിയാതെ ആ കേസ് ക്ലോസ് ചെയ്തു.

ആ സംഭവത്തെ കുറിച്ച് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ തേജ് വീര്‍ സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്. ആഗ്രഹയിലെ ഷാഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്നു തേജ്‌വീര്‍. 2000 മാര്‍ച്ചിലായിരുന്നു സംഭവം. സൂരജ് പാല്‍ സിംഗും ഏകദേശം 250 അനുയായികളും പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തെത്തി. സൂരജ് സിംഗും അനുയായികളും ചേര്‍ന്ന് മൃതദേഹത്തിന് അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും കുടുംബത്തെ തടഞ്ഞു. അയാള്‍ കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്, മരിച്ച പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ചു കൊടുക്കാന്‍ അയാളെക്കൊണ്ട് സാധിക്കുമെന്നായിരുന്നു. സ്‌നേഹ ലത എന്ന പെണ്‍കുട്ടിയായിരുന്നു മരണപ്പെട്ടത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സൂരജ് പാല്‍ സിംഗിനെതിരേ 2000 മാര്‍ച്ച് 18 ന് കേസ് രജിസ്റ്റര്‍ ചെയ്തു. കുടുംബത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ മൃതദേഹം എടുത്തുകൊണ്ടു പോകാനായിരുന്നു സിംഗും കൂട്ടാളികളും ശ്രമിച്ചത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അവരോടും സിംഗും കൂട്ടരും തര്‍ക്കിക്കാന്‍ തുടങ്ങി. പൊലീസിനോടും സിംഗ് അവകാശപ്പെട്ടത് മരിച്ച പെണ്‍കുട്ടിയെ തനിക്ക് പുനര്‍ജീവിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു. സിംഗിനെ പൊലീസ് തടഞ്ഞതോടെ അയാളുടെ അനുയായികള്‍ പൊലീസിനെതിരേ കല്ലെറിയാന്‍ തുടങ്ങി. കൂടുതല്‍ സേനയെ സ്ഥലത്തെത്തിച്ചാണ് സാഹചര്യം നിയന്ത്രണ വിധേയമാക്കിയത്. ഈ സംഭവത്തിലാണ് സൂരജ് പാല്‍ സിംഗിനെയും അനുയായികളെയും അറസ്റ്റ് ചെയ്യുന്നത്.

സൂരജ് പാല്‍ സിംഗ്, അയാളുടെ ഭാര്യ, മറ്റ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും എന്നിങ്ങനെ നാല് പേര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തത്. കേസില്‍ അന്വേഷണമൊക്കെ നടന്നെങ്കിലും വൈകാതെ തന്നെ അത് അവസാനിപ്പിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ബഹദൂര്‍ നഗര്‍ ഗ്രാമത്തിലെ ഒരു ദലിത് കുടുംബത്തില്‍ ജനിച്ച്, പത്തുവര്‍ഷത്തോളം പൊലീസ് കോണ്‍സ്റ്റബിളായി ജോലി നോക്കിയശേഷമാണ് സൂരജ് പാല്‍ സിംഗ് ഭോലെ ബാബയെന്ന ആള്‍ ദൈവമായി വിശ്വാസികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ദലിത് വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ട മനുഷ്യരായിരുന്നു ബാബയുടെ ഭക്തരില്‍ അധികവും. കൂലിപ്പണിക്കാര്‍, കര്‍ഷകര്‍, നിര്‍മാണ തൊഴിലാഴികള്‍, ശുചീകരണ തൊഴിലാളികള്‍, മരപ്പണിക്കാര്‍, പായ വില്‍പ്പനക്കാര്‍ തുടങ്ങിയ അടിസ്ഥാന ജനവിഭാഗമായിരുന്നു ബാബയുടെ പ്രശസ്തി ഉയര്‍ത്തിക്കൊണ്ടിരുന്നവര്‍.

തങ്ങളെപ്പോലെ ഒരു ദലിത് കുടുംബത്തില്‍ നിന്നു വരുന്നയാള്‍ എന്നതും സാധാരണ ജനങ്ങള്‍ക്ക് മതിപ്പ് കൂടാന്‍ കാരണമായിട്ടുണ്ട്. ബാബ തങ്ങളോട് ഒന്നും ആവശ്യപ്പെടാറില്ലെന്നും സത്‌സംഗത്തില്‍ അദ്ദേഹം ആവശ്യപ്പെടാറുള്ളത്, കള്ളം പറയരുത്, മദ്യമോ മത്സ്യ മാംസങ്ങളോ കഴിക്കരുതെന്ന് എന്നീ കാര്യങ്ങളാണ്’ എന്നാണ് ഹത്രാസ് ദുരന്തത്തിനുശേഷവും ഭക്തര്‍ തങ്ങളുടെ ‘ ദൈവത്തെ’ പിന്തുണച്ചു കൊണ്ട് പറയുന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ തന്നെയാണ് ദേശീയ മാധ്യമങ്ങളോട് ബാബയെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്നത്.

40 നും 70 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ബാബയുടെ ഭക്തരില്‍ ഭൂരിഭാഗവും. ‘ സത്‌സംഗത്തില്‍ സംസാരിക്കാവെ ഇന്ന് അന്ത്യവിധി ദിനം ആണെന്ന് ബാബ പറഞ്ഞിരുന്നതാണെന്നും, അദ്ദേഹം പറഞ്ഞത് ശരിയായെന്നുമാണ് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് താരാമതി എന്ന സ്ത്രീ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

ഭോലേ ബാബ; ഹത്രാസ് ദുരന്തത്തിലെ കേന്ദ്ര കഥാപാത്രം

ഭോലെ ബാബയ്ക്ക് ഓരോ ഗ്രാമത്തിലും പത്തോ പന്ത്രണ്ടോ പ്രധാന അനുയായികള്‍(സേവകര്‍) ഉണ്ടായിരിക്കും. ഏഴില്‍ അധികം സത്സംഗത്തില്‍ പങ്കെടുക്കുന്നവരാണ് സേവകരായി നിയോഗിക്കപ്പെടുന്നത്. സേവകര്‍ക്ക് പ്രത്യേക വസ്ത്രങ്ങളുണ്ട്്. സ്ത്രീകള്‍ പിങ്ക് സാരിയും പുരുഷന്മാര്‍ അതേ നിറത്തിലുള്ള യൂണിഫോമും ധരിക്കും. സേവകരാണ് ഗ്രാമങ്ങളിലെ ജനങ്ങളോട് സത്‌സംഗിന്റെ വിവരം അറിയിച്ചതും ബസ് പിടിച്ച് എല്ലാവരെയും പരിപാടി സ്ഥലത്ത് എത്തിച്ചതും. ബാബയുടെ അനുയായികള്‍ അയാളുടെ ഫോട്ടോ പതിച്ച മഞ്ഞ ലോക്കറ്റ് കഴുത്തില്‍ ധരിക്കും.

ബാബയുടെ കാലടിയിലെയോ ബാബ സഞ്ചരിക്കുന്ന വാഹനത്തിന്റെ ടയറിനടിയിലെയോ പൊടിയോ മണ്ണോ പരിശുദ്ധമായ ഒരു വസ്തുവായിട്ടാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ‘ അദ്ദേഹത്തിന്റെ കാലടിയിലെ മണ്ണ് ശരീരത്തിലോ നെറ്റിയിലോ പൂശിയാല്‍ എല്ലാ വ്യാധികളും മാറും’ എന്നാണ് ഹത്രാസിലെ ഡോങ്കേലി ഗ്രാമത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ വിവേക് താക്കൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. ഹത്രാസിലെ തന്നെ മറ്റൊരു ഗ്രാമമാണ് സോഖന. അവിടെ നിന്നുള്ള നാല് പേര്‍ ചൊവ്വാഴ്ച്ച നടന്ന ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഗ്രാമവാസികള്‍ ബാബയെക്കുറിച്ച് പറയുന്നത് കേള്‍ക്കുക’ ‘ ഭോലെ ബാബ േ്രപതോച്ഛാടനം നടത്താറുണ്ട്, കൂടുതലും പെണ്‍കുട്ടികള്‍ക്കാണ്. സത്‌സംഗിന്റെ തലേ ദിവസം ഏകദേശം നൂറോളം പേര്‍ക്ക് ബാബ കര്‍മം നടത്തിയിരുന്നു, അവരെല്ലാവരും തന്നെ സുഖപ്പെടുകയും ചെയ്തു’.

ഈ ജന്മത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്ത് ദൈവത്തിന്റെ പാതയില്‍ സഞ്ചരിച്ചാല്‍ അടുത്ത ജന്മത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ജീവിതം കിട്ടുമെന്നാണ് ബാബ ഞങ്ങളോട് പറഞ്ഞിരുന്നതെന്നാണ് ധമദ്പുരയിലെ സ്ത്രീകള്‍ പറയുന്നത്. ഇത്തരത്തില്‍, ഇപ്പോഴും ഭോലേ ബാബയുടെ അപധാനങ്ങള്‍ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുകയാണ് മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഭക്തര്‍ പോലും. Hathras stampede bhole baba self styled god man claimed he could revive dead police arrest him in 2000

Content Summary; Hathras stampede bhole baba self styled god man claimed he could revive dead police arrest him in 2000

Leave a Reply

Your email address will not be published. Required fields are marked *

×