June 06, 2026 |
Share on

എയ്ഡ്‌സ് മാത്രമല്ല, വേറെയുമുണ്ട് പേടിക്കേണ്ട ലൈംഗിക രോഗങ്ങള്‍!

ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്റ്റീരിയകളില്‍ ഏറ്റവും ചെറുതാണ് M. ജനിറ്റാലിയം. 1980ലാണ് ഇവ കണ്ടെത്തിയത്.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ കണക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. ലൈംഗിക രോഗമെന്ന് കേള്‍ക്കുമ്പോള്‍ എയ്ഡ്‌സ് അഥവാ എച്ച്‌ഐവിയാണ് പ്രധാനമായും എല്ലാവരും ചിന്തിക്കുക. എന്നാല്‍ എയ്ഡ്‌സ് അല്ലാതെ ഗുരുതര പ്രശ്‌നങ്ങള്‍ വരുത്തിവെക്കുന്ന ലൈംഗിക രോഗങ്ങളുമുണ്ട്. നാല് ബാക്റ്റീരിയല്‍ രോഗങ്ങള്‍ ശ്രദ്ധിക്കുക.

1. നെയ്സ്സേറിയ മെനിഞ്ചൈറ്റിഡിസ് (neisseria meningitidis)

മെനിഞ്ചൈറ്റിസ് എന്ന രോഗം എല്ലാവര്‍ക്കും അറിവുള്ളതാണ്. തലച്ചോറിനെയും സുഷുമ്‌നാ നാഡിയുടെ ആവരണത്തെയും ഗുരുതരമായി ബാധിക്കുന്ന തരം മെനിഞ്ചൈറ്റിസ് ആണ് N. Meningitidis. യൂറോജനിറ്റല്‍ ഇന്‍ഫക്ഷനുകളുടെ ഭാഗമായാണ് ഈ ബാക്ടീരിയ തലച്ചോര്‍ വരെ എത്തുന്നതെന്നാണ് നിഗമനം. മുതിര്‍ന്നവരില്‍ 5-10% പേരില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം മൂക്കിന്റെ പിന്‍ഭാഗത്തോ തൊണ്ടയിലോ ആണ്. ഓറല്‍ സെക്‌സ്, ആഴമേറിയ ചുംബനം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലേക്ക് കടക്കുക.

അതേസമയം യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ സ്വവര്‍ഗാനുരാഗികളിലും ബൈസെക്ഷ്വല്‍ പുരുഷന്മാരിലും ഈ രോഗം പടരുന്നതിന്റെ കാരണം ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല. ഓറല്‍ സെക്‌സ് ചെയുന്നവരില്‍ ഈ ബാക്ടീരിയ കാണപ്പെടുന്നു എന്ന കാരണമാണ് ഇവിടെയും മുന്‍നിര്‍ത്തുന്ന സാധ്യത. അഞ്ചുതരം N.മെനിഞ്ചൈറ്റിഡിസ് രോഗാണുക്കളാണുള്ളത്. രണ്ട് പ്രതിരോധമരുന്നുകളും ഇവക്കെതിരെ വികസിപ്പിച്ചിട്ടുണ്ട്.

2. മൈക്കോപ്ലാസ്മ ജനിറ്റാലിയം (Mycoplasma Genitalium)

ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്റ്റീരിയകളില്‍ ഏറ്റവും ചെറുതാണ് M. ജനിറ്റാലിയം. 1980ലാണ് ഇവ കണ്ടെത്തിയത്. യുവാക്കളിലും മുതിര്‍ന്നവരിലുമായി 1-2% ആള്‍ക്കാര്‍ രോഗവാഹകരാണിന്ന്. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗമാണിത്. ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനാല്‍ ഗൊണേറിയ (Gonorrhea) ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്ത്രീകളില്‍ പ്രത്യുല്പാദന ശേഷിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഗര്‍ഭം അലസല്‍ മുതല്‍ വന്ധ്യത വരെ ഉണ്ടാകുന്നതിനു കാരണമാകും.

ഗര്‍ഭനിരോധന ഉറകള്‍ ഈ ബാക്ടീരിയ ശരീരത്തിലെത്താതെ സഹായിക്കുമെന്നിരിക്കെ രോഗം ഇന്ന് സജീവമാകുന്നതിനെ ഗൗരവത്തോടെയാണ് ഗവേഷകര്‍ കാണുന്നത്. ആന്റിബയോട്ടിക് മരുന്നുകളോട് ചെറുത്ത് നില്‍ക്കാന്‍ ശേഷിയുള്ളതായി ഇവ മാറിക്കഴിഞ്ഞത്രേ! കൃത്യമായ പരിശോധനകളിലൂടെ മാത്രമേ രോഗബാധ കണ്ടെത്താനാന്‍ കഴിയൂ. പക്ഷെ ഈ പരിശോധനകള്‍ അമേരിക്കയിലുള്‍പ്പെടെ ഇന്നും സജീവമല്ല.

3. ഷിഗല്ല ഫ്‌ലെക്‌സ്‌നേരി (Shigella flexneri)

മനുഷ്യവിസര്‍ജ്യത്തോട് നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കത്തിലെത്തുന്നത് വഴിയാണ് ഷിഗെല്ലോസിസ് (shigellosis) പിടിപെടുന്നത്. ഉദരരോഗം, രക്തം വരുന്ന തരത്തില്‍ ഗുരുതരമായ ഡയേറിയ എന്നീ അവസ്ഥകളാണ് പിന്നീട് സംഭവിക്കുന്നത്.

കുട്ടികളിലും സ്ഥിരം യാത്രികരിലുമാണ് ഈ അസുഖം കൂടുതലായി കാണുന്നതെങ്കിലും, സ്വവര്‍ഗ-ദ്വിലിംഗ (gay&bisexual) അനുരാഗികളായവരില്‍ ഇന്ന് ഈ രോഗം പടരുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ നിശ്ചിതകാലത്തേക്ക് കഴിക്കുന്നതാണ് ഏക പ്രതിരോധവഴി. എന്നാല്‍ ഗൊണേറിയയും ഷിഗെല്ലോസിസും ഇന്ന് മരുന്നുകൊണ്ട് പിടിച്ചുകെട്ടാനാകാത്ത വിധം വളരുന്നത് പൊതുആരോഗ്യ രംഗത്തും ആശങ്ക ഉണര്‍ത്തുന്നുണ്ട്.

4. ലിംഫോഗ്രാനുലോമ വെനേറിയം (Lymphogranuloma Venereum)

ഈ വിഭാഗത്തിലെ ഏറ്റവും ‘സമര്‍ഥമായ’ ഇന്‍ഫെക്ഷനായി വിദഗ്ധര്‍ വിലയിരുത്തുന്ന രോഗമാണിത്. തുടക്കത്തില്‍ ഒരു ചെറിയ വീക്കമായി ശരീരത്തിന്റെ ലിംഫാറ്റിക് വ്യവസ്ഥയില്‍ (മേദോവാഹിനി) എവിടെയെങ്കിലും കാണപ്പെടുന്നു. മലാശയത്തെ ബാധിക്കുന്ന വലിയ രോഗമായി ഇതുമാറുന്നത് പിന്നീടാണ്. മൂന്നാഴ്ച നീണ്ട ആന്റിബയോട്ടിക്ക് ചികിത്സയാണ് പ്രതിവിധി.

Leave a Reply

Your email address will not be published. Required fields are marked *

×