April 27, 2025 |
Share on

ഹേമ കമ്മിറ്റി റിപ്പോർട്ട്; നിയമത്തിന് എന്ത് ചെയ്യാൻ സാധിക്കും ?

അധികാരം നിനിർത്താൻ വേണ്ടിയുള്ള വെറും വാദങ്ങളോ ?

മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിം​ഗ അനീതിയും ലൈം​ഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായി വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴി വച്ചത്. റിപ്പോർട്ട് രഹസ്യ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയതിനാലും മൊഴി നൽകിയവർ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്തതിനാലും കേസെടുക്കാൻ സാധിക്കില്ല എന്ന തരത്തിൽ വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ, നിയമ വശം പറയുന്നതിനോടൊപ്പം തന്നെ അതിജീവിതകളുടെ മാനസികാവസ്ഥയും ജീവിതവും കണക്കിലെടുക്കണം എന്ന് പറയുകയാണ് നിയമ വിദഗ്ദർ. what  law can do hema committee report

സാമൂഹ്യ ജീവിതത്തെയും തൊഴിലിനെയും ബാധിക്കുമോ എന്ന ഭയം പലർക്കുമുണ്ടെന്നും, പരാതി നൽകാനും നിയമ യുദ്ധങ്ങൾക്ക് തയ്യാറാക്കാനും അതിജീവിതകൾക്ക് കരുത്ത് പകരേണ്ടത് സർക്കാർ ആണെന്ന് പറയുകയാണ് അഡ്വ. പി എം ആതിര.

എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് കൊണ്ട് മാത്രം ഒരു കേസ് നില നിൽക്കില്ല. കേസുമായി മുന്നോട്ട് പോകണം എങ്കിൽ പരാതിക്കാരികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അവരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം, പക്ഷെ ഇതിന് ഹേമ കമ്മിറ്റിക്കു മുമ്പാകെ മൊഴി നൽകിയ എത്ര പേർ തയ്യാറാകും എന്നതാണ് പ്രധാനം. ഹേമ കമ്മിറ്റിയുടെ മുൻപിൽ പോലും ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്താൻ അവർ തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വ്യക്തിജീവിതത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ പലരും താൽപര്യപ്പെടുന്നില്ല എന്നതാണ് സത്യം. സാമൂഹ്യ ജീവിതത്തെയും തൊഴിലിനെ ബാധിക്കുമോ എന്ന ഭയം അവർക്കുണ്ട്. നേരിട്ട തിക്താനുഭവങ്ങൾ അവരിൽ അത്രയധികം ആഘാതം ഉണ്ടാക്കിയിട്ടുണ്ട് അതിന് ആക്കം കൂട്ടുന്ന പ്രവർത്തികൾക്ക് മുതിരാൻ ആരും തയ്യാറാകില്ല. റിപ്പോർട്ട് രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കും എന്നുള്ളത് കൊണ്ട് മാത്രമാണ് പലരും കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തലുകൾ നടത്താൻ തയ്യാറായത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌; പുതിയ കാൽവെയ്പ്പും, പ്രതീക്ഷയും 

സമൂഹത്തിൽ മാന്യന്മാരായി നിൽക്കുന്നവർ എത്രമാത്രം ക്രിമിനൽ സ്വഭാവത്തിനുടമകളാണ് എന്ന കാര്യം പുറത്ത് വരണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്, അവർക്ക് ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷ ലഭിക്കുകയും വേണം. പക്ഷെ അതിന് വേണ്ടി നിയമ യുദ്ധത്തിന് മൊഴി നൽകിയവർ സന്നദ്ധരല്ലെങ്കിൽ ആരെയും വലിച്ചിഴയ്ക്കാൻ ഭരണ സംവിധാനങ്ങൾക്കോ പോലീസിനോ സാധിക്കില്ല. അതിന് വേണ്ടി ഇവരെ നിയമ പോരാട്ടങ്ങൾക്ക് വേണ്ടി അവരെ സന്നദ്ധരാക്കുക എന്ന വഴി മാത്രമേ നമ്മുടെ മുൻപിൽ ഉള്ളു. അതിജീവിതകളാണ് നമ്മുടെ മുന്നിൽ ഉള്ളത്, അവരെ കൂടുതൽ മാനസിക ആഘാതത്തിലേക്കോ ആത്മഹത്യയുടെ വക്കിലേക്കോ തള്ളി വിടാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണം. പരാതിയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ആ സ്ത്രീകൾക്ക് ഉണ്ട് എന്ന് അഡ്വ ആതിര പറയുന്നു.

എന്നാൽ പോക്സോ കേസ് ആണെങ്കിൽ സ്ഥിതി വ്യത്യസ്തമാണ് . പരാതിക്കാർക്ക് കേസുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കാൻ സാധിക്കില്ല. ക്രൈം നടന്ന വിവരം ലഭിച്ചാൽ ഉടനെ പോലീസിൽ വിവരം അറിയിക്കണം. ഇരയായവർക്ക് പരാതിയില്ലെങ്കിലും പോലീസ് കേസെടുക്കണം. ഇവിടെ ലഭിച്ച വിവരം പോക്സോ നിയമത്തിൻ്റെ പരിധിയിൽ വരുന്നതെങ്കിൽ അത് കണ്ടെത്തിയത് ഹേമ കമ്മിറ്റി ആണെങ്കിൽ അവർ അത് പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു, അതിന് ഇത്രയും കാല താമസം എടുക്കേണ്ട ആവശ്യമില്ല. പോക്സോ നിയമം നിലവിൽ വന്നതിനു ശേഷം, 18 വയസിന് താഴെയുള്ള ഒരു കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ കമ്മിറ്റിക്ക് തന്നെ പോലീസിൽ വിവരം അറിയിക്കേണ്ട  ഉത്തരവാദിത്തം ഉണ്ടായിരുന്നു. ലൈംഗികാതിക്രമത്തിനിരകളായ സ്ത്രീകൾ പ്രതികൾക്കെതിരായി പരാതി കൊടുക്കുമ്പോൾ അവരുടെ പേര് മാത്രം മറച്ച് വയ്ക്കാൻ മാത്രമേ നിയമത്തിന് സാധിക്കു, പൊലീസിന് മൊഴി കൊടുക്കുന്നത് മുതൽ മെഡിക്കൽ പരിശോധനകൾക്ക് വരെ കേസന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ സ്ത്രീ തന്നെ മുന്നിട്ട് ഇറങ്ങണം, ഇതിൽ നിന്ന് മാറ്റി നിർത്താൻ ആർക്കും സാധിക്കില്ല. ഇതിലൂടെയെല്ലാം പരാതിക്കാരി സഞ്ചരിക്കാൻ തയ്യാറായാൽ മാത്രമേ തുടർ നടപടികളുമായി മുന്നോട്ട് പോകാൻ പോലീസിനും സാധിക്കു, എന്നും ആതിര കൂട്ടിച്ചേർത്തു.

കുറ്റവാളികളുടെ പേരുകൾ കമ്മിറ്റിക്ക് വെളിപ്പെടുത്താമായിരുന്നുവെന്നും എന്തുകൊണ്ട് അത് ചെയ്തില്ല എന്നത് ഒരു ചോദ്യം ആണെന്നും അഡ്വ ആതിര പറയുന്നു. what  law can do hema committee report

‘ കമ്മിറ്റിക്ക് ചെയ്യാമായിരുന്ന മറ്റൊരു കാര്യം ലഭിച്ച  മൊഴികളിൽ പരാമർശിക്കുന്ന ക്രിമിനലുകളുടെ  പേരുകൾ റിപ്പോർട്ടിൽ നൽകാമായിരുന്നു എന്നതാണ്. എന്ത് കൊണ്ട് അവർ അത് ചെയ്തില്ല എന്നത് ഒരു ചോദ്യമാണ്. ക്രിമിനൽ സംഘം എന്ന് പറയുമ്പോൾ ആരാണ് ആ ക്രിമിനൽ സംഘം എന്ന് വെളിപ്പെടുത്താൻ കൂടിയുള്ള ഉത്തരവാദിത്തം കമ്മിറ്റിക്ക് ഉണ്ടായിരുന്നു, എന്നാലിപ്പോൾ ആ ഭാരം കൂടെ ഈ സ്ത്രീകളിൽ ആണുള്ളത്. അതുകൊണ്ടാണ് പരാതിക്കാർ സന്നദ്ധരാണെങ്കിൽ സർക്കാർ അവരുടെ കൂടെ നിൽക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത്. പരാതിക്കാരുടെ അവസ്ഥകൂടെ മാനിച്ച് കൊണ്ട് വേണം കുറ്റം ചെയ്തവർക്കുള്ള ശിക്ഷ നടപ്പിലാക്കാൻ. പോലീസ് കേസെടുത്ത ശേഷം തങ്ങൾക്ക് പരാതിയില്ലെന്ന് അവർ പറയുകയും കേസ് ക്ലോസ് ചെയ്‌താൽ അതിന്റെ ഗുണം ലഭിക്കുന്നത് അവരെ ലൈംഗികമായി ഉപദ്രവിച്ചവർക്ക് തന്നെയാണ്. സാങ്കേതിക വശം മാത്രം പറയുന്നവർ എന്തുകൊണ്ട് ഇക്കാര്യം കണക്കിലെടുക്കുന്നില്ല. കുറ്റം ചെയ്തവർക്ക് ശരിയായ രീതിയിൽ അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കണം, നിയമത്തിൻ്റെ സങ്കീർണ്ണമായ വഴികളിലൂടെ സഞ്ചരിക്കാൻ അവർക്ക് എല്ലാ പിന്തുണയും നൽകാനും സുരക്ഷിതത്വം ഉറപ്പാക്കാനും സർക്കാർ മുൻകൈ എടുക്കണം’.

ഒരുതരത്തിൽ ഇത് സ്ത്രീകളോടുള്ള വെല്ലുവിളി ആണെന്നും 4 വർഷത്തോളം സർക്കാരിന്റെ പക്കൽ റിപ്പോർട്ട് പുറത്ത് വിടാതെ വച്ചതും ശരിയായ പ്രവർത്തി അല്ലെന്നും പറയുകയാണ് മാധ്യമപ്രവർത്തകയായ കെ കെ ഷാഹിന.

ഇതിൽ അഭിസംബോധന ചെയ്യേണ്ട ഗുരുതര വിഷയം ആരെങ്കിലും പരാതിപ്പെട്ടാൽ കേസ് എടുക്കാൻ തയ്യറാകുമെന്നാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറയുന്നത്. വളരെയധികം ബുദ്ധിമുട്ടിലൂടെ കടന്നു പോയും, കരിയറും, ജീവിതവും ത്യജിച്ചുമാണ് പല സ്ത്രീകളും റിപ്പോർട്ട് പുറത്തുകൊണ്ടുവരനായി പരിശ്രമിച്ചത്. ഒരുതരത്തിൽ അവരോടുള്ള വെല്ലുവിളിയായാണ് ഞാൻ ഇതിനെ കാണുന്നത്. ഏറ്റവുമൊടുവിൽ ഈ പ്രതിസന്ധികളുടെ ഭാരം ചുമക്കേണ്ടി വരിക സ്ത്രീകൾ തന്നെയായിരിക്കും. ഇതിനുശേഷവും സിനിമയിൽ സ്ത്രീകൾ അഭിനയിക്കേണ്ടി വരുമെന്നു പറയുന്നതിലൂടെ വ്യക്തമാകുന്നതും അത് തന്നെയാണ് എന്നാണ് ഷാഹിന പറയുന്നത്.

ഈ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ ആവശ്യപ്പെട്ടാല്‍ എന്തും കിട്ടും, ബാക്കി ചിലര്‍ എന്താവശ്യപ്പെട്ടാലും കിട്ടില്ല 

സ്ത്രീകൾ കമീഷന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ കഴിയുമോ എന്നത് നിയമപരമായി പരിശോധിക്കേണ്ട വിഷയമാണ്. അതേ സമയം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിടുന്നതിന് മുൻപ് 4 വർഷത്തോളം സർക്കാരിന്റെ പക്കൽ ഉണ്ടായിരുന്നു. ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന നിർദേശം അടക്കം മുന്നോട്ടുവച്ച റിപ്പോർട്ട് പ്രകാരം സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചു എന്നതും അഭിസംബോധന ചെയ്യപ്പെടേണ്ട ചോദ്യമാണ്. ലൈംഗിക അതിക്രമം മാത്രമല്ല മറ്റു ഗുരുതര അനാസ്ഥകളും, തൊഴിൽ അവകാശങ്ങളുടെ ലംഘനവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ കുറിച്ച് പ്രതിപാദിക്കാൻ അഞ്ചോളം പേജുകളാണ് റിപ്പോർട്ടിൽ നീക്കിവച്ചിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ മൊഴി നൽകാൻ പോലും ഭയപ്പെടുന്നുവെന്ന ഭീകരമായ അവസ്ഥ, വസ്ത്രം മാറാനായി അനുവദിച്ച കാരവാനിൽ ഒളിക്യാമറയുടെ സാധ്യത ഭയന്ന് അത് വേണ്ടെന്ന് പറയേണ്ടി വരുന്ന അവസ്ഥ, തുടങ്ങി റിപ്പോർട്ടിൽ എണ്ണി പറയുന്ന കാര്യങ്ങൾ അത്രയും സിനിമ വ്യവസായത്തിന് മേൽ ഇവർക്കുള്ള വിശ്വാസ്യത കുറവിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്ത്രീകൾക്ക് അങ്ങേയറ്റം അരക്ഷിതത്വം തോന്നുന്ന, അതിജീവനത്തിനായി ദിനം പ്രതി ബുദ്ധിമുട്ടേണ്ടി വരികയും ചെയ്യുന്ന ഇടമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിട്ടും, നാല് വർഷം പിന്നിടുമ്പോഴും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് ? എന്നും ഷാഹിന ചോദിക്കുന്നു.

റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന ആളുകൾ ആരാണെന്ന ചർച്ചയല്ല യഥാർത്ഥത്തിൽ ഇവിടെ ഉണ്ടാകേണ്ടത്. അതൊരുതരത്തിലുള്ള മറ്റുള്ളവരുടെ ലൈംഗിക ചെയ്തികൾ രഹസ്യമായി നിരീക്ഷിച്ചു അനുഭൂതിയുളവാക്കുന്ന അവസ്ഥയാണ്. മറിച്ച് വിഷയത്തിൽ സമഗ്രമായ ചർച്ചയാണ് നടക്കേണ്ടത്, കൃത്യമായ നടപടി ഇനിയെങ്കിലും സ്വീകരിക്കേണ്ടതായുണ്ട് എന്നും എന്നും ഷാഹിന കൂട്ടിച്ചേർത്തു.

ഇതെല്ലാം പൊള്ളയായ വാദങ്ങൾ ആണെന്നും റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിന് തടസങ്ങൾ ഒന്നുമില്ലെന്ന് പറയുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ.

റിപ്പോർട്ടിൽ കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ ആയതിനാൽ അത് പ്രകാരം കേസെടുക്കാൻ യാതൊരു തടസ്സവുമില്ല. എന്നാൽ അതിന് തയ്യാറാകാതെ ഓരോ ന്യായ വാദങ്ങളാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്റ്റേറ്റ് ആണ്. കോഗ്നിസബിൾ കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ, കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പറയാനുള്ള കാരണങ്ങൾ സർക്കാരിന്റെ മുൻപിൽ ഇല്ല.  സി ആർ പിസി 166 വകുപ്പ് പ്രകാരം മുൻപും, നിലവിൽ ഭാരതീയ ന്യായ സംഹിത 173 പ്രകാരം കേസെടുക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ലളിത കുമാരി കേസിലെ വിധി പ്രകാരം സംസ്ഥാനത്തിന് ഇത്തരം വിവരങ്ങൾ ലഭിച്ച് കഴിഞ്ഞാൽ കേസെടുക്കണം എന്നാണ്. കേസ് എങ്ങനെ മുന്നോട്ട് പോകും, കേസിന്റെ അവസ്ഥ തുടങ്ങിയ അസംബന്ധമായ വിഷയങ്ങൾ നിരത്തി കേസെടുക്കുന്നത് തള്ളിക്കളയാൻ ആർക്കും സാധിക്കില്ല, എന്നാണ് അഡ്വ. ഹരീഷ് പറയുന്നത്.

കമ്മറ്റി, കമീഷൻ വ്യത്യാസങ്ങൾ കേസിനെ ബാധിക്കുമോ ?

കുറ്റം ആരോപിക്കുന്നവർ സാക്ഷികളാണ്, നടിയെ ആക്രമിച്ച കേസിൽ അടക്കം അവർ സാക്ഷിയാണ് വാദി അല്ല. ഇന്ത്യയിലെ നിയമങ്ങൾ പ്രകാരം എഫ് ഐ ആർ ഫയൽ ചെയ്യാനോ വേണ്ടയോ എന്ന കാര്യത്തിൽ യാതൊരുവിധ തർക്കങ്ങളുടെയും ആവശ്യമില്ല. പക്ഷെ എഫ്ഐആർ ഫയൽ ചെയ്യാതിരിക്കാൻ പല ന്യായങ്ങളും പറയുന്നുണ്ട്. ആദ്യത്തേത്, ഇതൊരു കമ്മിറ്റി റിപ്പോർട്ട് ആണ് കമീഷൻ റിപ്പോർട്ട് അല്ല എന്നതാണ്. രണ്ടും തമ്മിൽ ആറ് മാസത്തേയ്ക്ക് നിയമസഭയുടെ പരിഗണനയിൽ വയ്ക്കണോ വേണ്ടയോ എന്ന വ്യത്യാസം മാത്രമേയുള്ളു. കമ്മിറ്റി റിപ്പോർട്ട് ആണെങ്കിൽ സർക്കാർ നടപടിയെടുക്കണം, കമ്മീഷൻ ഓഫ് എൻക്വയറി പ്രകാരം ഉള്ളതാണെങ്കിലും സർക്കാർ നടപടിയെടുത്ത് നിയമസഭയിൽ അവതരിപ്പിക്കണം.

കമ്മിറ്റി റിപ്പോർട്ടിൽ അവർക്ക് ബോധ്യം വന്ന കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്, പക്ഷെ അതിൽ വാദിയുടെ പേരോ, പരാതിക്കാരിയുടെ പേരോ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും പൊലീസിന് റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം കേസെടുത്ത് അന്വേഷിക്കാൻ സാധിക്കും. കൂടാതെ, മൊഴി നൽകിയിരിക്കുന്നവർക്ക് കേസിൽ സഹകരിക്കാൻ താൽപര്യം ഇല്ലെങ്കിൽ അവർ പ്രതി ആയി ചൂണ്ടി കാണിച്ചവരെ ചോദ്യം ചെയ്യാം, അവരിൽ നിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ അന്വേഷണം ആയി മുന്നോട്ട് പോകാൻ സാധിക്കും. രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കണം എന്ന് മാത്രമാണ് ആകെയുള്ള ബുദ്ധിമുട്ട് എന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്.

താരങ്ങളുടെ ആകാശം നിഗൂഢതകളുടേതെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട് 

രഹസ്യ സ്വാഭാവം സൂക്ഷിച്ചില്ലെങ്കിൽ പേടിയാണ് എന്നാണ് റിപ്പോർട്ടിൽ മൊഴി നൽകിയിരിക്കുന്നവർ പറഞ്ഞിട്ടുള്ളത്. അന്വേഷണത്തിന്റെ രഹസ്യ സ്വാഭാവം നിലനിർത്തിക്കൊണ്ട് നടത്താൻ പറ്റുമോയെന്നത് പറയേണ്ടത് സംസ്ഥാനമാണ്. ഇത് യഥാർത്ഥത്തിൽ ഒരു വെല്ലു വിളി തന്നെയാണ്. കേരളത്തിലെ മുഴുവൻ മാധ്യമങ്ങളിൽ നിന്നും കാര്യങ്ങൾ മറച്ച് വച്ച് ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും, അയാളുടെ പേരിൽ അന്വേഷണം നടത്തുന്നതും വലിയ വെല്ലുവിളി തന്നെയാണ്. റിപ്പോർട്ടിൽ ആരും തന്നെ കേസ് എടുക്കേണ്ടന്നോ പരാതിയിലെന്നോ പറഞ്ഞിട്ടില്ല, പക്ഷെ പരാതിയുള്ള കാര്യം മറ്റുള്ളവർ അറിയുന്നത് താൽപര്യം ഇല്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു തരത്തിലുള്ള തെളിവുകളും ഇത് സംബന്ധിച്ച് ലഭിക്കുന്നില്ലെങ്കിൽ പൊലീസിന് കേസ് ക്ലോസ് ചെയ്ത് കോടതിയിൽ നൽകാൻ സാധിക്കും. ആരെങ്കിലും രഹസ്യ മൊഴി നൽകാൻ തയ്യാറാണെകിൽ കേസിൽ രഹസ്യ മൊഴി നൽകാൻ ഉള്ള സാധ്യതയും  നിലനിൽക്കുന്നുണ്ട്, ഇത് പോലും പോലീസ് ചെയ്യുന്നില്ല.

കാരണം എഫ് ഐ ആർ രജിസ്റ്റർ ചെയ്യരുതെന്ന നിർദേശം നൽകിയിരിക്കുന്നത് മുഖ്യ മന്ത്രിയും ഡി ജി പിയുമാണ്. അതുകൊണ്ട് തന്നെ കേസെടുക്കാൻ പറ്റില്ല എന്ന് പറയുന്നത് നുണയാണ്. കേസുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടെന്ന് മാത്രം. ആരെങ്കിലും വന്നാൽ സഹായിക്കാം എന്ന് പറഞ്ഞിട്ട് കാര്യമില്ല ഇരകളായവർക്ക് മതിയായ സംരക്ഷണം നൽകി മുന്നോട്ട് കൊണ്ട് വരേണ്ടതും നിയമപാലകരാണ്. പക്ഷെ അധികാരത്തിലുള്ളവർക്ക് അവരുടെ സ്ഥാനങ്ങളാണ് വലുത് അത് കൊണ്ടാണ് അന്വേഷണത്തിന് മുതിരാത്തത് എന്നും ഹരീഷ് കൂട്ടിച്ചേർത്തു.

കൂടാതെ, ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത് കൊണ്ട് കേസെടുക്കണം എന്നല്ല ഇവിടെ പറയുന്നത്. ഹേമ കമ്മിറ്റിക്ക് മുൻപാകെ അല്ല മൊഴി കൊടുത്തത് മറ്റേത് വിധേനയും വിശ്വസ്തമായ ഉറവിടത്തിൽ നിന്ന് ഇത്തരം വിവരങ്ങൾ ലഭിച്ചാൽ അന്വേഷിക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണ്. കമ്മിറ്റി ആണോ കമ്മീഷൻ ആണോ എന്നത് ഒരു വിഷയം അല്ല, വിഷയം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്ന വിവരങ്ങളാണ്. കൊടുത്ത മൊഴിയിൽ പേരില്ല എന്നതാണ് പലരും കേസെടുക്കാനുള്ള തടസമായി പറയുന്നത്. തെളിവുകളെ ആധാരമാക്കി കേസെടുക്കാൻ സാധിക്കില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും. ലളിത കുമാരി കേസിന്റെ വിധി ന്യായത്തിൽ ഒരു പക്ഷെ ലഭിച്ച വിവരങ്ങൾ തെറ്റാണെങ്കിൽ പോലും അന്വേഷിക്കാൻ ഉള്ള ബാധ്യതയുണ്ടെന്ന്. പോലീസിന് കേസെടുക്കാൻ സാധിക്കില്ല സംസ്ഥാനം ആവശ്യപ്പെട്ടെങ്കിൽ മാത്രമേ കേസെടുക്കാൻ സാധിക്കു എന്ന് പറഞ്ഞത് തെറ്റാണ്. പോലീസിനും സംസ്ഥാനത്തിനും പ്രത്യേക അധികാരങ്ങൾ പോലീസ് ആക്ടിൽ നൽകിയിട്ടില്ല. സംസഥാനം ആവശ്യപെട്ടിലെങ്കിലും കേരളത്തിലെ ഏത് സി ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനും കേസെടുക്കാൻ സാധിക്കും.

content summary; what  law can do in  hema committee report

 

Leave a Reply

Your email address will not be published. Required fields are marked *

×