കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് തെറ്റായി കൈകാര്യം ചെയ്തതിന് എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാർ കാലതാമസമെടുത്തത് സർക്കാരിലുള്ള വിശ്വാസതയിൽ സംശയം ജനിപ്പിക്കുന്നതിന് കാരണമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമസഭാ സമ്മേളനം തടയുന്നതിന് വേണ്ടിയാണ് സർക്കാർ കാലതാമസമെടുക്കുന്നതെന്ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബഞ്ച് വിമർശിച്ചു. CAG report Delhi higcourt
സിഎജി റിപ്പോർട്ടിന്റെ കാര്യത്തിലുള്ള സർക്കാരിൻ്റെ മെല്ലെപ്പോക്ക് അവരിലുള്ള വിശ്വാസതയിൽ സംശയം ജനിപ്പിക്കുന്നതാണ്. റിപ്പോർട്ടുകൾ ഉടൻ സർക്കാരിന് കൈമാറുകയും സഭയിൽ ചർച്ചകൾ ആരംഭിക്കുകയും ചെയ്യണമായിരുന്നു. നിയമസഭാ സമ്മേളനം തടയാൻ വേണ്ടിയാണ് സർക്കാർ റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാർ കാലതാമസമെടുത്തത്, ഹൈക്കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എങ്ങനെയാണ് നിയമസഭാ സമ്മേളനം നടത്തുകയെന്ന് എഎപി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഫെബ്രുവരിയിൽ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനാൽ നഗരഭരണത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടുകൾ നിയമസഭയിൽ വയ്ക്കുന്നത് ഒരു പ്രയോജനവും ചെയ്യില്ലെന്ന് ഡൽഹി അസംബ്ലി സെക്രട്ടേറിയറ്റ് കഴിഞ്ഞ ഹിയറിംഗിൽ കോടതിയെ അറിയിച്ചിരുന്നു. സിഎജി റിപ്പോർട്ടുകൾ നിയമസഭയിൽ വെക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ബിജെപി എംഎൽഎമാർ ഹർജി നൽകിയതിനെ തുടർന്നായിരുന്നു ഇത്.
നേരത്തെ 14 സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ പ്രത്യേക സെഷൻ വേണമെന്ന ബിജെപി എംഎൽഎമാരുടെ ആവശ്യത്തിൽ പ്രതികരിക്കണമെന്ന് ഡൽഹി സർക്കാരിനോടും സ്പീക്കറോടും ഇതുമായി ബന്ധമുള്ള മറ്റ് പാർട്ടികളോടും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 14 റിപ്പോർട്ടുകളും സ്പീക്കർക്ക് അയച്ചുവെന്നാണ് ഡൽഹി സർക്കാർ കോടതിക്ക് മറുപടി നൽകിയത്.
മദ്യനയ അഴിമതിയിലൂടെ ഡൽഹിക്ക് 2026 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതുവരെ ഔദ്യോഗികമായി പുറത്തുവിടാത്ത സിഎജി റിപ്പോർട്ടിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനെതിരേ കടുത്ത വിമർശനങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളെ മുന്‍നിര്‍ത്തി ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
വരുമാനം വര്‍ധിപ്പിക്കുക, മദ്യവ്യാപാരം ലളിതമാക്കുക എന്നിവയായിരുന്നു 2021 നവംബറിൽ കൊണ്ടുവന്ന മദ്യനയത്തിന്‍റെ ലക്ഷ്യം. എന്നാല്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടും അതിന് മങ്ങലേല്‍പിച്ചെന്നാണ് റിപ്പോർട്ടിലെ വമർശനം. മദ്യനയം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുകയും അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം, വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ അവഗണിക്കുകയാണുണ്ടായതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. എഎപി നേതാക്കള്‍ ഇതില്‍നിന്ന് നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു. CAG report Delhi higcourt
Content summary: High Court criticizes Delhi government for deliberately delaying CAG report
CAG report delhi highcourt aam admi party