June 18, 2025 |
Share on

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ ബിജെപി ബന്ധം മുറിക്കുമോ? ഇന്നറിയാം

നവംബര്‍ 30 വരെയാണ് തങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരമുള്ള സീറ്റ് വിഭജനത്തിന് ബിജെപിക്ക്, കുശ്വാഹ സമയം നല്‍കിയിരുന്നത്. എന്നാല്‍ ബിജെപിയില്‍ നിന്ന് യാതൊരു പ്രതികരണവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ആര്‍ എല്‍ എസ് പി നേതാക്കള്‍ പറയുന്നു.

കേന്ദ്ര മന്ത്രിയും ബിഹാറിലെ ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി) നേതാവുമായ ഉപേന്ദ്ര കുശ്വാഹ ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നതായി സൂചന. 2019ല്‍ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് കുശ്വാഹ ഈയടുത്ത് പറഞ്ഞിരുന്നെങ്കിലും കുറേകാലമായി ബിജെപിയും ജെഡിയുവുമായി തുടരുന്ന അസ്വാരസ്യങ്ങള്‍ കുശ്വാഹയെ പുറത്തേയ്ക്ക് നയിക്കുകയാണ് എന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട്, ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ച മുതിര്‍ന്ന നേതാവ് ശരദ് യാദവുമായി ലയനം സംബന്ധിച്ച ഉപേന്ദ്ര കുശ്വാഹ ചര്‍ച്ച നടത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഇരു പാര്‍ട്ടികളുടേയും ലയനമുണ്ടായേക്കുമെന്നാണ് ആര്‍ എല്‍ എസ് പി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ആര്‍ജെഡി നേതാവ് തേജ്‌സ്വി യാദവുമായും കുശ്വാഹ ചര്‍ച്ച നടത്തിയിരുന്നു. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ മഹാസഖ്യം രൂപീകരിക്കപ്പെടുകയാണ്. സീറ്റ് വിഭജനത്തിലടക്കം ബിജെപിയും ജെഡിയുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് എന്‍ഡിഎ വിടാന്‍ കുശ്വാഹയെ പ്രേരിപ്പിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം കുശ്വാഹ രാജി വയ്ക്കുമെന്ന് ഒരു നേതാവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനവ വിഭവശേഷി വകുപ്പില്‍ സഹമന്ത്രിയാണ് ഉപേന്ദ്ര കുശ്വാഹ. ഇന്നലെ മോദി സര്‍ക്കാരിനും ബിഹാറിലെ നിതീഷ് സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ആര്‍ എല്‍ എസ് പി നടത്തിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ആവശ്യമടക്കമുള്ളവയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് ആര്‍ എല്‍ എസ് പി പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയും സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഇത്തരം കാര്യങ്ങളല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത് എന്ന് ആര്‍ എല്‍ എസ് പി ചൂണ്ടിക്കാട്ടി. ബിഹാറില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. അഴിമതികളില്‍ നിതീഷിന്റെ നിശബ്ദത സൂചിപ്പിക്കുന്നത് അവയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് – ആര്‍ എല്‍ എസ് പി ആരോപിച്ചു.
ദാരിദ്ര്യവും തൊഴിലില്ലായ്മയുമടക്കമുള്ള യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആര്‍ എല്‍ എസ് പി കുറ്റപ്പെടുത്തുന്നു. നവംബര്‍ 30 വരെയാണ് തങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരമുള്ള സീറ്റ് വിഭജനത്തിന് ബിജെപിക്ക്, കുശ്വാഹ സമയം നല്‍കിയിരുന്നത്. എന്നാല്‍ ബിജെപിയില്‍ നിന്ന് യാതൊരു പ്രതികരണവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ആര്‍ എല്‍ എസ് പി നേതാക്കള്‍ പറയുന്നു. ഇന്ന് മോത്തിബിഹാരിയില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷനായ ഉപേന്ദ്ര കുശ്വാഹ നിലപാട് പ്രഖ്യാപിക്കും.

മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് രാജു ഷെട്ടിയുമായും ഉപേന്ദ്ര കുശ്വാഹ ചര്‍ച്ച നടത്തിയിരുന്നു. ഷെട്ടിയുടെ സ്വാഭിമാനി പക്ഷ എന്ന പാര്‍ട്ടിയുമായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് നടന്നത്. സ്വഭിമാന്‍ പക്ഷയും എന്‍ഡിഎയുടെ ഭാഗമായിരുന്നു. മിനിമം താങ്ങുവില അടക്കമുള്ള പ്രശ്‌നങ്ങളിലും വാഗ്ദാനങ്ങളിലും ബിജെപി കര്‍ഷകരെ വഞ്ചിച്ചതായി ആരോപിച്ചാണ് 2017ല്‍ രാജു ഷെട്ടിയുടെ പാര്‍ട്ടി എന്‍ഡിഎ വിട്ടത്.

നിതീഷ് കുമാറിന്റെ നിശിത വിമര്‍ശകരില്‍ ഒരാളായ ഉപേന്ദ്ര കുശ്വാഹയുടെ കൊയരി സമുദായം ബിഹാര്‍ ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരും. 25-30 നിയമസഭ മണ്ഡലങ്ങളില്‍ അവര്‍ നിര്‍ണായക ശക്തിയാണ്. 2014ലെ ലോക്ഭ തിരഞ്ഞടുപ്പില്‍ മത്സരിച്ച നാല് സീറ്റില്‍ മത്സരിച്ച ആര്‍ എല്‍ എസ് പി മൂന്നെണ്ണം ജയിച്ചിരുന്നു. എന്നാല്‍ 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 23ല്‍ 21 സീറ്റേ കിട്ടിയുള്ളൂ. കുശ്വാഹയുടേയും ശരദ് യാദവിന്റേയും പാര്‍ട്ടികള്‍ ലയിച്ചാല്‍ അത് എന്‍ഡിഎക്ക് ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

https://www.azhimukham.com/newsupdate-sharad-yadav-says-same-ganga-plane-up-bihar-lifted-bjp-power-2014-bury-them-2019/
https://www.azhimukham.com/india-nda-bihar-drift/

Leave a Reply

Your email address will not be published. Required fields are marked *

×