June 04, 2026 |
Share on

ചോരക്കളമായി ഇറാൻ; മരണം 2,500 കടന്നു

പ്രതിഷേധക്കാരെ വധിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന്
ട്രംപ്

ഇറാനിൽ വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ ആഴ്ചകളായി തുടരുന്ന വൻ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,571 കടന്നതായി റിപ്പോർട്ട്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമാണ് നിലവിൽ നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കൊല്ലപ്പെട്ടവരിൽ 2,403 പേർ പ്രതിഷേധക്കാരും 147 പേർ സുരക്ഷാ സേനാംഗങ്ങളുമാണ്. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം 18,100ലധികം പേരെ ഇതുവരെ തടവിലാക്കിയിട്ടുണ്ട്. പിടിയിലായ പ്രതിഷേധക്കാരെ അതിവേഗ വിചാരണയിലൂടെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹൊസൈൻ മുഹ്സിനി-എജെയി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം, പ്രതിഷേധക്കാരെ വധിക്കാനുള്ള ഇറാൻ്റെ തീരുമാനം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാർക്കും ജനങ്ങൾക്കുമുള്ള സഹായം ഉടനെത്തുമെന്ന് ഉറപ്പുനൽകിയ ട്രംപ്, കൊലപാതകങ്ങൾ അവസാനിക്കുന്നത് വരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കി. ഇറാൻ മോശമായാണ് പെരുമാറുന്നതെന്നും കൊലപാതകത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ ലഭിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ അമേരിക്കയുടെ ഇടപെടലിനെ ഇറാൻ രൂക്ഷമായി വിമർശിച്ചു. ഇറാനിലെ ജനങ്ങളെ കൊല്ലുന്നതിന്റെ പ്രധാന ഉത്തരവാദികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ ആരോപിച്ചു.

ഇറാനിലെ പ്രതിഷേധക്കാർക്ക് നേരെയുള്ള വെടിവയ്പ്പും അടിച്ചമർത്തലുകളും അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള വിദേശ സാധനങ്ങളുടെ വരവ് തടയാനും അവിടുത്തെ ഭരണകൂടത്തെ സാമ്പത്തികമായി തളർത്താനുമാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ഇറാനിൽ ആഴ്ചകളായി നിലനിന്നിരുന്ന വാർത്താവിനിമയ വിലക്ക് ഭാഗികമായി നീക്കിയതോടെയാണ് മരണവിവരങ്ങൾ പുറംലോകമറിഞ്ഞത്. ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോഴും ഭൂരിഭാഗം ഇടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്.

സാമ്പത്തിക പ്രശ്നങ്ങളിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെയുള്ള നീക്കമായി മാറിയിരിക്കുകയാണ്. ടെഹ്‌റാൻ അടക്കമുള്ള നഗരങ്ങളിൽ ഖമേനിയുടെ മരണത്തിനായി ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിലെ അടിച്ചമർത്തലിനെ അപലപിച്ചു. ആധുനിക ഇറാൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമർത്തലാണിതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.

Content Summary: Iran protests death toll passes 2,500 as Trump warns Tehran against executions

Leave a Reply

Your email address will not be published. Required fields are marked *

×