മലയാള സിനിമയിലെ സ്ത്രീപക്ഷ കഥകള്‍ എന്ന കാറ്റഗറി എന്തുകൊണ്ടാണ് ഇങ്ങനെ പഴയ ചെക്ക് ലിസ്റ്റുകള്‍ തന്നെ ടിക്മാര്‍ക് (tickmark) ഇട്ടുകൊണ്ടിരിക്കുന്നത്? ഇതൊക്കെ തന്നെയാണ് ഞങ്ങള്‍ക്ക് ഇപ്പോഴും പറയാനുള്ളത്, കാരണം ഇതിനൊക്കെ പരിഹാരം കിട്ടിയാല്‍ അല്ലെ, പുതിയ വിഷയങ്ങള്‍ എഴുതാനും സ്‌ക്രീനില്‍ അവതരിപ്പിക്കാനും പറ്റുകയുള്ളു എന്ന ദുരവസ്ഥ. സ്ത്രീ തിരക്കഥാകൃത്തുക്കളും, സ്ത്രീ സംവിധായകരും മിക്കപ്പോഴും പറയാന്‍ ശ്രമിക്കുന്നത് സ്ത്രീകളുടെ പ്രശ്ങ്ങള്‍ ആണല്ലോ. ചില സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ നടക്കുന്നത് നൂറ്റാണ്ടുകള്‍ എടുത്തിട്ടാണ് എന്ന് ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതല്ലേ? ഉദാഹരണത്തിന് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ഇറങ്ങിയതിനു ശേഷം ഇവിടുത്തെ എത്ര അടുക്കളകളില്‍ സമത്വം വന്നു? പിന്തിരിഞ്ഞു നടന്നതല്ല. പറഞ്ഞ വിഷയങ്ങള്‍ ഡിറ്റാച്ച് ചെയ്താലേ നമുക്ക് മുന്‍പോട്ടു നടക്കാന്‍ പറ്റുകയുള്ളു.
ഫിലിം ഫെസ്റ്റിവലുകളില്‍ ഒക്കെ പോവുമ്പോള്‍, അല്ലെങ്കില്‍ മുബിയിലെ ലോക സിനിമകള്‍ കാണുമ്പോള്‍ ഒക്കെ മനസ് നിറയാറുണ്ട്. എന്തൊക്കെ വിഷയങ്ങള്‍! എത്ര മനോഹരമായ ദൃശ്യങ്ങള്‍! സിനിമയുടെ ആ മാജിക്കല്‍ ഫീല്‍. അവരുടെ ഉള്‍ക്കാഴ്ചകള്‍. ഇത്തരം വിഷയങ്ങള്‍ അവര്‍ ലോക്കലൈസ് ചെയ്യുന്ന രീതി. അതിലെ സ്വാഭാവികത. എത്രയോ കാലം അവര്‍ ഈ മാധ്യമത്തെ പഠിക്കുന്നു. ക്യാമറയും കൊണ്ട് അലഞ്ഞു തിരിയുന്നു. നൂതനമായ ഷോര്‍ട് ഫിലിംസ് എടുത്തായിരിക്കും തുടക്കം. അല്ലെങ്കില്‍, ലോകസിനിമകള്‍ ഗവേഷണബുദ്ധിയോടെ തന്നെ കാണും. പഠിക്കും. ഏറ്റവും മികച്ചത് കൊണ്ടുവരാന്‍ ശ്രമിക്കും. സിനിമ ചെയ്യാന്‍ ആദ്യം വേണ്ടത് ഒരു നല്ല സിനിമ വിദ്യാര്‍ത്ഥി ആയിരിക്കുക എന്നത് തന്നെയാണെന്ന് അവര്‍ക്കറിയാം.
ഈയിടെ കണ്ട ‘ദി സബ്സ്റ്റന്‍സ്’ എന്ന ചിത്രം അത്ഭുതപ്പെടുത്തി. ഫ്രഞ്ച് സംവിധായകയായ കൊറാലി ഫാഷ അതില്‍ ബോഡി പൊളിറ്റിക്‌സ് അവതരിപ്പിച്ച രീതി നമുക്കിവിടെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. സ്ത്രീകളുടെ പ്രായം അവരുടെ വ്യക്തിത്വത്തെ, ജോലിയെ, ഒക്കെ എങ്ങിനെ ബാധിക്കുന്നു എന്നതാണ് തീം. നായകന്മാര്‍ക്ക് പ്രായമില്ലലോ. നായികമാര്‍ക്ക് ആ പ്രിവിലേജ് ഇല്ല. രണ്ട് ഓസ്‌കര്‍ നേടിയ ജെയിന്‍ ഫോണ്ട എന്ന ഹോളിവുഡ് നടിക്കുണ്ടായ അനുഭവം ഈ സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നു. ഇത്തരമൊരു വിഷയം മലയാള സിനിമയിലേക്ക് കൊണ്ട് വന്നാല്‍ എങ്ങിനെയിരിക്കും എന്ന് ഊഹിക്കാമോ? വികാരനിര്‍ഭരമായ ‘ആന്റി’ വിളി’, ‘ജന്‍ഡര്‍’ പൊളിറ്റിക്സിനുമപ്പുറത്തേക്കും, അത് പോവുമോ?
ഇവിടുത്തെ 30 വയസ്സായ നായിക ഇപ്പോഴും പുറത്തിറങ്ങുമ്പോള്‍ ഒരു അമ്മച്ചിയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടാവും. കല്യാണമൊന്നും ആയില്ലേ എന്ന് പരിതപിക്കുവാന്‍. പിന്നീട് അങ്ങോട്ടു നിര നിരയായി പ്രോപ്പര്‍ട്ടികള്‍ കാണും. സ്ത്രീശരീരം പൊതുസ്ഥലങ്ങളില്‍ എങ്ങനെയാണ് റേറ്റ് ചെയ്യപ്പെടുന്നത് എന്ന് കാണിക്കാന്‍. ഡിവോഴ്‌സ് സിനിമകളിലും പഴയ വീഞ്ഞ് പുതിയ കുപ്പി. അടുക്കളയിലെ ജനാധിപത്യ പ്രശ്‌നങ്ങള്‍ തീരുന്നേ ഇല്ല. സെക്‌സിലെ പുരുഷ വൈകൃതങ്ങള്‍, ടോക്‌സിക് റിലേഷന്‍ഷിപ്കള്‍, ഓപ്പണ്‍ റിലേഷന്‍ഷിപ്പുകളില്‍ പോലും കാണുന്ന യാഥാസ്ഥികത്വം, ഇന്‍ഡിപെന്‍ഡന്റ് ആവാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാരും ബന്ധുക്കളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍…കോര്‍പ്പറേറ്റ് ജോലികളിലെ ഗ്ലാസ് സീലിംഗ്… ഈ ഒടിയന്മാര്‍ മാറിയും മറിഞ്ഞും വരും. ട്രാന്‍സ്ജന്‍ഡര്‍ തീമുകള്‍ ഒന്ന് ഒതുങ്ങിയിട്ടുണ്ട്. പക്ഷേ് ലെസ്ബിയനിസം അങ്ങനെ പെട്ടെന്നൊന്നും പടിയിറങ്ങില്ലയെന്ന് ഇന്നലെ കണ്ട ഒരു സ്ത്രീപക്ഷ സിനിമ കൂടി ഓര്‍മപ്പെടുത്തി. അച്ചമ്മമാര്‍ക്ക് എല്ലാം മനസിലാവുന്ന കാലമൊക്കെ ഞങ്ങളുടെ തലമുറക്കൊക്കെ ഒരു സ്വപ്നം പോലും ആയിരുന്നില്ല. ഇപ്പോ അതും ആയി. ഇനിയിപ്പോ പെങ്കുട്ട്യോള് എന്തിനാ പേടിക്കണേ?
ഇനി ഇത്തരം സിനിമകളിലെ പ്രതികരണ ഫോര്‍മാറ്റുകള്‍ നോക്കാം. ഒന്നുകില്‍ ഭീകര ഫെമിനിസം. അല്ലെങ്കില്‍ ഇറങ്ങിപോകലും, നിരാശയും, കൗണ്‍സിലിങ്ങും. എല്ലാ കഥകളിലും കുട്ടികളുടെ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണ്. അവര്‍ക്കു വേണ്ടിയാണു ജീവിക്കുന്നത് എന്ന വിവക്ഷ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതലേ സെറ്റ് ആണ്. സമാന്തര പ്രണയങ്ങളിലും രക്ഷയില്ല. വിക്ടിം കാര്‍ഡ് പ്ലേ സ്ഥിരം. വിവേകാന്ദന്‍ വൈറലാണ് എന്ന കമല്‍ സിനിമയില്‍ ഈ വിഷയം യൂട്യൂബ് ലൈവ് ആക്കിയത് കണ്ടതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല.
കെ ജി ജോര്‍ജിന്റെ സിനിമകളിലെ ഒരു ആനിയേയോ, സുശീലയെയോ, കാമറ തട്ടിമാറ്റി നിരത്തിലേക്ക് ഓടുന്ന അമ്മിണിയെയോ നമ്മള്‍ ഇനി കാണുമോ ആവോ. ‘മൈ ഹാപ്പി ഫാമിലി’ എന്ന ജോര്‍ജിയന്‍ ഫിലിം 2018-ഇല്‍ കണ്ടതോര്‍ക്കുന്നു. അതിലെ മുഖ്യ കഥാപാത്രമായ, മനാന ഒരു ദിവസം വീട് വിട്ടു ഇറങ്ങുന്ന രംഗമുണ്ട്. എന്നിട്ടു ഒരു വാടകവീടെടുത്തു ആകാശം നോക്കി കട്ടന്‍ ചായ കുടിക്കുന്നത്. ഗിറ്റാര്‍ വാങ്ങി പ്ലേയ് ചെയ്യുന്നത്. ആവശ്യങ്ങക്കെല്ലാം വീട്ടില്‍ പോയി, കൃത്യമായ ലോജിക്കോടെ, അവരുടെ നിലപാട് നിലനിര്‍ത്തി അവര്‍ അവര്‍ക്കു വേണ്ടി ജീവിക്കുന്ന മനോഹരമായ കാഴ്ച. കഴിഞ്ഞ വര്‍ഷം ഇഫിയില്‍ കണ്ട ‘ദി അദര്‍ വിഡോ’. ആ സിനിമയുടെ ക്രാഫ്റ്റ്! ഇറാനിയന്‍ സിനിമകളെ കുറിച്ച് എഴുതിയാല്‍ തീരില്ല. എത്രയെത്ര തീമുകള്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്ന മികച്ച അവതരണങ്ങള്‍.
പറഞ്ഞു വന്നത് സ്ത്രീകളുടെ പ്രശ്ങ്ങള്‍ ചെറുതാണെന്നല്ല. അവര്‍ കടന്നു പോകുന്ന ശാരീരിക മാനസിക അസന്തുലിതാവസ്ഥകളെയും, അവഗണനകളെയും, പീഡനങ്ങളെയും, എല്ലാം മനസിലാക്കുന്നു. ഇതെല്ലം വിഷയങ്ങള്‍ ആവാം. പ്രശ്‌നം വരുന്നത് അതിന്റെ ഈസി ഫോര്‍മാറ്റിലാണ്. ആര്‍ക്കും എഴുതാവുന്ന കാമ്പില്ലാത്ത തിരക്കഥകള്‍. ആവര്‍ത്തന വിരസതയുണ്ടാക്കുന്ന അവതരണം. കാലഹരണപ്പെട്ട ആശയങ്ങള്‍ വീണ്ടും പ്രതികരണവും, പ്രതികാരവും ആക്കുന്നത്. സീന്‍ ബൈ സീന്‍ എന്ന കൃത്യമായ ഫോര്‍മാറ്റില്‍ മരിക്കുന്ന സിനിമയുടെ ഓര്‍ഗാനിക് നേച്ചര്‍. ഏറ്റവും അധികം ഒബ്‌സര്‍വ് ചെയ്തിട്ടുള്ള ഒരു കാര്യം മലയാള സിനിമയിലെ പല സ്ത്രീ സംവിധായകരും, എഴുത്തുകാരും ഈ കളം വിട്ടൊഴിയുന്നില്ല എന്നതാണ്. രത്തീന സംവിധാനം ചെയ്ത ‘പുഴു’ ഈ ചതുരത്തില്‍ നിന്നും പുറത്തു കടക്കുകയും, കാലികപ്രാധാന്യം ഉള്ള ഒരു വിഷയം എടുത്ത് ഒരു സിനിമ ഫീല്‍ തരികയും ചെയ്ത ചിത്രമാണ്. അഞ്ജലി മേനോനും ഇവിടെ കുടുങ്ങി കിടന്നിട്ടില്ല എന്നത് ആശ്വാസമാണ്. 19(1)(a) സംവിധായിക ഇന്ദു വിഎസ് തീര്‍ത്തും വിഭിന്നമായ ട്രാക്കിലാണ്. അവസരം കിട്ടുന്നില്ല എന്ന് മുറവിളി കൂടുമ്പോഴും, ഒരു ശരാശരി നിലവാരത്തിന് അപ്പുറത്തേക്ക് മറ്റുള്ളവരുടെ സിനിമകള്‍ എത്ര മുന്‍പോട്ടു പോയിട്ടുണ്ട് എന്നത് തുറന്ന മനസ്സോടെ കാണാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ മാറും.
ഇന്റര്‍വ്യൂകളില്‍ നമ്മുടെ ബുദ്ധിജീവി ഇമേജ് ഉള്ള നടിമാരടക്കം അവരുടെ വീക്ഷണങ്ങള്‍ക്കു ഒപ്പം നില്‍ക്കുന്നു എന്നതു കൊണ്ടാകാം- പഴകിയ ഫോര്‍മാറ്റുകളെ ഗ്ലോറിഫൈ ചെയ്യുന്നതും ആഴമില്ലായ്മകളുടെ പരപ്പ് കൂട്ടും. നമ്മുടെ സിനിമകള്‍ ഇത്തരം തീമുകളില്‍ ഇപ്പോഴും കാളവണ്ടിയിലാണ് യാത്ര എന്ന സത്യം ആരും കാണാതെ പോകുന്നതാണോ? രാജാവിനെ തുണിയുടിപ്പിക്കണ്ടേ?
സിനിമ ടൂള്‍ ആക്കാം. പക്ഷെ വ്യക്തമായ ധാരണ വേണം ഈ മീഡിയത്തിന്റെ അപാരമായ സാധ്യതകളെക്കുറിച്ച്. പുതിയ മോഡുകളെക്കുറിച്ചും. ഒരു ധ്യാനം പോലെ ലോകമെമ്പാടുമുള്ള സിനിമകള്‍ കാണൂ. സമയമെടുത്ത് പഠിച്ചോളൂ. പ്രേക്ഷകര്‍ക്ക് ധൃതിയില്ല, അല്ലെങ്കിലും എണ്ണത്തില്‍ അല്ലല്ലോ കാര്യം. സ്വന്തം ഇന്റലെക്ട് വെച്ച് ഒരു സിനിമയോ, തിരക്കഥയോ ചെയ്യുന്നതിന് മുന്‍പ് ചില ചെക്ക്‌ലിസ്റ്റുകള്‍ (checklist) ആവശ്യമാണ്. കാരണം, സിനിമ പോലെ മനുഷ്യരെ ആനന്ദിപ്പിക്കുകയും, സ്വാധീനിക്കുകയും ചെയ്യുന്ന ഒരു കലാരൂപം വേറെയുണ്ടോ എന്ന് സംശയമാണ്. Malayalam feminist films stuck in repetitive themes
Content summary; Malayalam feminist films stuck in repetitive themes