February 19, 2025 |

നേരത്തെ 720 മാര്‍ക്ക് നേടിയവര്‍ പറയുന്നു ‘നീറ്റ് പുന:പരീക്ഷ കഠിനം; റാങ്കില്‍ താഴെ പോവും’

മാനസിക സമ്മര്‍ദ്ദം ഭീകരമായിരുന്നു

നീറ്റില്‍ 720ല്‍ 720 എന്ന പെര്‍ഫെക്ട് സ്‌കോര്‍ നേടിയ ഹരിയാനയിലെ ആറുവിദ്യാര്‍ത്ഥികള്‍ക്കും പുന:പരിക്ഷ ബുദ്ധിമുട്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ഫുള്‍ മാര്‍ക്ക് എന്ന സ്‌കോര്‍ ഈ പരീക്ഷയില്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും റാങ്കില്‍ താഴെ പോവുമെന്നുമാണ് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. നീറ്റില്‍ ക്രമക്കേട് വന്നതോടെ വന്‍ തോതില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഗ്രേസ് മാര്‍ക്കിനെച്ചൊല്ലിയും പ്രതിഷേധം ഉയര്‍ന്നു. ഗ്രേസ് മാര്‍ക്ക് നേടിയവരില്‍ ആറ് വിദ്യാര്‍ഥികള്‍ ഹരിയാനയിലെ ഒരു സെന്ററില്‍ നിന്നുള്ളവരായിരുന്നു. ഇതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെയാണ് ഗ്രേസ് മാര്‍ക്ക് നേടിയ കുട്ടികള്‍ക്കായി പുനപരീക്ഷ നടത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

ഹരിയാനയിലെ ബഹദൂര്‍ഗറിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ ആറു വിദ്യാര്‍ത്ഥികളില്‍ നാല് പേരാണ് മാധ്യമങ്ങളോട് പുനപരീക്ഷയ്ക്ക് ശേഷം സംസാരിച്ചത്. ജജ്ജാര്‍ നിവാസിയായ വിദ്യാര്‍ത്ഥി പ്രതികരിച്ചത് കെമിസ്ട്രി പരീക്ഷയിലെ ചോദ്യങ്ങള്‍ വെല്ലുവിളിയായിരുന്നു എന്നാണ്. മുന്‍ പരീക്ഷയുടെ പാറ്റേണില്‍ അല്ല ചോദ്യങ്ങള്‍ വന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെയുണ്ടായ മാനസിക സമ്മര്‍ദ്ദം ഭീകരമായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സാധിച്ചിട്ടില്ല. കെമിസ്ട്രിയില്‍ രണ്ട് ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്യാതെ വിട്ടിട്ടുണ്ടെന്നുമാണ്. വിദ്യാര്‍ത്ഥി ഇത്തവണ പ്രതീക്ഷിക്കുന്നത് 650 മാര്‍ക്കാണ്. അതായത് ആദ്യം കിട്ടിയ മാര്‍ക്കിനേക്കാള്‍ 70 മാര്‍ക്കിന്റെ കുറവ്.

മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞത് പ്രതീക്ഷ തന്റെ 700 മാര്‍ക്കാണെന്നാണ്. നന്നായി തന്നെയാണ് പരീക്ഷ എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ അനുഭവിച്ച പിരിമുറക്കം മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം വരെ നഷ്ടപ്പെട്ട ദിവസങ്ങളാണ് കടന്ന് പോയതെന്നും കൂട്ടിചേര്‍ത്തു.

പേടി സ്വപ്‌നം ആയിരുന്നു ഈ പരീക്ഷ. ഫിസിക്സ്, ബയോളജി ചോദ്യങ്ങള്‍ കുഴച്ചുവെന്നാണ് പരീക്ഷ എഴുതിയ മൂന്നാമന്‍ പറഞ്ഞത്. ഖേരി ഹോസ്ദര്‍പൂര്‍ സ്വദേശിയും സമാന പ്രതികരണമാണ് നല്‍കിയത്. എത്ര സ്‌കോര്‍ കിട്ടുമെന്ന് പറയാനാവില്ല. ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളാണ് ബുദ്ധിമുട്ടായി തോന്നിയത്. ആവശ്യമെങ്കില്‍ വീണ്ടും തയ്യാറെടുക്കാന്‍ ഒരു വര്‍ഷത്തെ ഇടവേള എടുക്കുമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുമെന്ന് പേടിച്ചാണ് പരീക്ഷ വീണ്ടും എഴുതിയതെന്ന് ആ കുട്ടിയുടെ കുടുംബവും വെളിപ്പെടുത്തി.

ജജ്ജാറിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതിയത്. ഡിഎവി പോലീസ് സ്‌കൂളില്‍ 312 പേരും കേന്ദ്രീയ വിദ്യാലയത്തില്‍ 182 പേരും പരീക്ഷയെഴുതിയതായി അധികൃതര്‍ പറഞ്ഞു.

അതേസമയം, നീറ്റ് യുജി പുനപരീക്ഷയില്‍ 1,563 പരീക്ഷാര്‍ഥികളുണ്ടായിരുന്നതില്‍ ഹാജരായത് 813 പേര്‍ മാത്രമെന്നാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ റിപ്പോര്‍ട്ട്. ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.ഛത്തീസ്ഗഢില്‍ 602 പേരില്‍ 291 പേരും ഹരിയാനയില്‍ 494ല്‍ 287 പേരും മേഘാലയയില്‍ 464ല്‍ 234 പേരും പരീക്ഷയെഴുതി. ഛത്തീസ്ഗഡില്‍ രണ്ടുപേരും ഗുജറാത്തില്‍ ഒരു വിദ്യാര്‍ഥിയും ഹാജരായി.

നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നും സുബോധ് കുമാര്‍ സിങ്ങിനെ കഴിഞ്ഞദിവസം നീക്കിയിരുന്നു. റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്ക് പകരം ചുമതല നല്‍കി.ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ജൂണ്‍ 23-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി. പ്രവേശന പരീക്ഷയും മാറ്റിവെച്ചിരുന്നു. പുതിയ തീയതി ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. നേരത്തെ ജൂണ്‍ 25-നും 27-നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സി.എസ്.ഐ.ആര്‍. യു.ജി.സി.-നെറ്റ് പരീക്ഷയും മാറ്റിയിരുന്നു.

 

English Summary: NEET-UG: ‘Perfect scorers’ say new exam tougher, unsure of topping it

 

×