June 04, 2026 |
Share on

റഫാ കവാടം തുറന്നു; ആദ്യദിനം അതിര്‍ത്തി കടന്നത് രോഗികളും മുറിവേറ്റവരും

കര്‍ശന സുരക്ഷ പരിശോധനകള്‍ കാരണം അതിര്‍ത്തിയില്‍ പലരും കുടുങ്ങി കിടക്കുകയാണ്

യുദ്ധാനന്തരം രണ്ടു വര്‍ഷത്തിനുമേലെയായി ഇസ്രയേല്‍ നിയന്ത്രണത്തിലായിരുന്ന ഗാസയിലെ റഫ അതിര്‍ത്തി ഭാഗികമായി തുറന്നു. തിങ്കളാഴ്ച്ച അതിര്‍ത്തി കവാടം തുറന്നതോടെ ചികിത്സക്കായി ഏതാനും പലസ്തീനികള്‍ ഈജിപ്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അടഞ്ഞുകിടന്ന അതിര്‍ത്തി വഴി രോഗികളെ മാറ്റാന്‍ അനുമതി ലഭിച്ചത്.

ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച്, തിങ്കളാഴ്ച ഏകദേശം 150 പേര്‍ക്ക് ഗാസയില്‍ നിന്ന് പുറത്തുകടക്കാനും 50 പേര്‍ക്ക് അങ്ങോട്ട് പ്രവേശിക്കാനും അനുമതിയുണ്ടായിരുന്നു. 20 മാസങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ സൈന്യം ഈ പാത തുറന്നുകൊടുക്കുന്നത്. എന്നാല്‍ രാത്രിയോടെ ലഭിച്ച വിവരമനുസരിച്ച് 12 പേര്‍ക്ക് മാത്രമേ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളൂ. ബാക്കി 38 പേര്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ തുടരുകയാണ്.

പുറത്തേക്ക് പോകുന്നവരില്‍ അഞ്ച് രോഗികള്‍ക്കും അവരെ അനുഗമിക്കുന്ന 10 ബന്ധുക്കള്‍ക്കും മാത്രമാണ് അനുമതി ലഭിച്ചത്. സുരക്ഷാ പരിശോധനകളിലെ കാലതാമസമാണ് ഇതിന് കാരണമെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

2024 മെയ് മാസത്തില്‍ ഇസ്രയേല്‍ സൈന്യം ഈ പ്രദേശം പിടിച്ചെടുത്തതോടെയാണ് അതിര്‍ത്തി അടഞ്ഞത്. ഹമാസ് ആയുധങ്ങള്‍ കടത്തുന്നത് തടയാനാണ് ഇതെന്നായിരുന്നു ഇസ്രയേലിന്റെ വാദം. ഇതോടെ ഗാസയിലെ ജനങ്ങളുടെ ചികിത്സ, യാത്ര, വ്യാപാരം എന്നിവ പൂര്‍ണമായും തടസ്സപ്പെട്ടു. നിലവില്‍ 20,000-ത്തോളം പേര്‍ അടിയന്തര ചികിത്സക്കായി അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുകയാണ്. ഇതില്‍ 11,000 പേര്‍ കാന്‍സര്‍ രോഗികളാണ്.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഗാസയിലെ ആശുപത്രികള്‍ ഭൂരിഭാഗവും തകര്‍ന്നു. 2025 മാര്‍ച്ചില്‍ ഗാസയിലെ ഏക കാന്‍സര്‍ ചികിത്സാ കേന്ദ്രവും തകര്‍ക്കപ്പെട്ടു. നിലവില്‍ പരിശോധനാ സൗകര്യങ്ങള്‍ പോലുമില്ലാത്ത താത്കാലിക ക്ലിനിക്കുകളിലാണ് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത്. അതിര്‍ത്തി തുറക്കാന്‍ വൈകുന്നത് വലിയ ദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരുന്ന 28 വയസ്സുകാരി ഡാലിയ അബു കാഷിഫ് മരണമടഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ 900-ഓളം പേര്‍ ചികിത്സക്കായി അതിര്‍ത്തി കടക്കാന്‍ അനുമതി കാത്ത് നില്‍ക്കുന്നതിനിടയില്‍ മരിച്ചു.

യുദ്ധം തുടങ്ങിയ സമയത്ത് ഈജിപ്തിലേക്ക് പലായനം ചെയ്ത ഒരു ലക്ഷത്തോളം പലസ്തീനികള്‍ക്ക് തിരികെ വീട്ടിലെത്താന്‍ ഈ നീക്കം പ്രതീക്ഷ നല്‍കുന്നു. വര്‍ഷങ്ങളായി പിരിഞ്ഞുനില്‍ക്കുന്ന കുടുംബങ്ങള്‍ ഒത്തുചേരാന്‍ ഇത് അവസരമൊരുക്കും. ‘ഗാസയെ ഞാന്‍ സ്‌നേഹിക്കുന്നു, മറ്റൊരിടവും എനിക്ക് വീടായി തോന്നുന്നില്ല’ എന്നാണ് തകര്‍ന്നടിഞ്ഞ ജബാലിയയിലെ തന്റെ വീട്ടിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്ന മുഹമ്മദ് തലാല്‍ എന്ന യുവാവ് പറഞ്ഞത്.

നേരത്തെ എല്ലാ ബന്ദികളെയും വിട്ടുനല്‍കിയാല്‍ മാത്രമേ അതിര്‍ത്തി തുറക്കൂ എന്ന വാശിയിലായിരുന്നു ഇസ്രയേല്‍. എന്നാല്‍ കൊല്ലപ്പെട്ട അവസാന സൈനികന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഈ നിലപാടില്‍ മാറ്റം വന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അതിര്‍ത്തി തുറന്നിരിക്കുന്നത്. ഗാസയില്‍ പുതിയ ഭരണസമിതിയെ നിയമിക്കലും പുനര്‍നിര്‍മ്മാണവുമാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

ചില നല്ല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഗാസയിലെ സ്ഥിതി ഇപ്പോഴും അപകടകരമാണ്. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വെടിനിര്‍ത്തല്‍ വന്നതിനുശേഷം 509 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,405 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ കനത്ത മഴയും വെള്ളപ്പൊക്കവും അഭയാര്‍ത്ഥി ക്യാമ്പുകളിലെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഗാസയിലേക്ക് പ്രവേശനമില്ല.

Content Summary; Rafah border post reopened small number of sick and wounded Palestinians have begun crossing into Egypt to seek medical treatment

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×