വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന കുറ്റങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്
കോടികള്‍ വാരിയ ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കാള്‍ പണം തട്ടിയെന്ന പരാതിയുമായി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ യുവതി രംഗത്ത്. അഞ്ജന സിനിമ ടോക്കീസ് കമ്പനി ഉടമയും സിനിമ നിര്‍മാതാവുമായ അഞ്ജന എബ്രഹാം ആണ് ആറ് കോടി സിനിമയ്ക്കായി ഇറക്കിയെന്നും സിനിമ വിജയിച്ചിട്ടും ലാഭവിഹിതം നല്‍കിയില്ലെന്നുമുള്ള പരാതി നല്‍കിയത്. കൊച്ചി തൃപ്പൂണിത്തറ ഹില്‍പാലസ് സ്റ്റേഷനിലാണ് തട്ടിപ്പ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. RDX producers financial fraud.
ആര്‍ഡിഎക്‌സ് നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്നെ കോണ്‍ടാക്ട് ചെയ്യുകയായിരുന്നു. ആറ് കോടി മുടക്ക് മുതലായി ഇറക്കണമെന്ന് ആവശ്യപ്പെട്ടു. ലാഭത്തിന്റെ 30 ശതമാനമാണ് അവര്‍ വാഗ്ദാനം ചെയ്തിരുന്നത്. 14-15 കോടിയാണ് മൊത്തം ചെലവായി വരുന്ന തുക എന്നും പറഞ്ഞിരുന്നു. ബാക്കി വരുന്ന 7 കോടി സോഫിയ പോളും ജെയിംസ് പോളും ഇറക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സിനിമ നിര്‍മാണം പുരോഗമിക്കവേ, ചെലവ് കൂടിയതായി ഇരുവരും പറയുകയായിരുന്നു. 23 കോടിയാണ് നിര്‍മാണ ചെലവായി ഇരുവരും പറഞ്ഞത്. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തില്‍ ചിത്രം വിജയിച്ചപ്പോഴും വലിയ ലാഭം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ ചിത്രം വന്‍ ഹിറ്റായതോടെ 100 കോടി ക്ലബില്‍ ഇടം പിടിച്ചു. ആ സമയത്തും മുടക്ക് മുതല്‍ പോലും തിരികെ കിട്ടിയില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കുറേ നടന്നപ്പോഴാണ് ആ പണം തിരികെ നല്‍കിയത്. ആറ് കോടി ലഭിച്ച ശേഷം ഇത്ര നാളും ലാഭവിഹിതം ആവശ്യപ്പെട്ടു. എന്നാല്‍ ലാഭമില്ലെന്നും പലകണക്കുകളും പെരുപ്പിച്ച് കാണിച്ചുമാണ് അവര്‍ പ്രതികരിച്ചത്. പരാതിയിലേക്ക് പോവുമെന്ന ഘട്ടം വന്നപ്പോള്‍ മൂന്ന് കോടി ലാഭവിഹിതമായി തരാമെന്ന് പറഞ്ഞു. ഇതോടെ സിനിമയുടെ ചെലവ് -വരുമാന കണക്കുകളുടെ രേഖ ആവശ്യപ്പെട്ടു. ഇത് തന്നില്ലെന്ന് മാത്രമല്ല. അത് ചോദിക്കാനുള്ള അവകാശം ഇല്ലെന്നുമാണ് അവര്‍ പറഞ്ഞതെന്നുമാണ്-അഞ്ജന എബ്രഹാം പറഞ്ഞിരിക്കുന്നതെന്നാണ് ഹില്‍പാലസ് സ്റ്റേഷന്‍ പോലീസ് വ്യക്തമാക്കിയത്.
വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന കുറ്റങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. കേസ് അന്വേഷിച്ച് വരികയാണെന്നും തുടര്‍ നടപടികള്‍ ഈ ഘട്ടത്തില്‍ വ്യക്തമാക്കാനാവില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന് കീഴിലാണ് സോഫിയ പോള്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 25ന്, ഓണക്കാലത്താണ് ആര്‍ഡിഎക്‌സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തില്‍ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നു. അടുത്തിടെ മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതക്കള്‍ക്കെതിരെയും സമാന ആരോപണം വന്നിരുന്നു. നിര്‍മ്മാണത്തിന് പണം വാങ്ങിയ ശേഷം പണമോ ലാഭ വിഹിതമോ നല്‍കിയില്ലെന്നായിരുന്നു ആരോപണം.
അടുത്തിടെ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരായ ഇ ഡി അന്വേഷണത്തില്‍ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി.
ഇഡിയ്ക്ക് തെളിവ് നല്‍കി 2 നിര്‍മാതാക്കള്‍; സൂപ്പര്‍ ഹിറ്റ് സിനിമകളുടെ വരുമാനം കള്ളകഥയോ?
English Summary: RDX producers accused of financial fraud amounting to crores