മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ‘ എമ്പുരാൻ’ സംഘപരിവാറിന് അഹിതമായി മാറുന്നതിന്റെ പ്രധാന കാരണം, 2002 ലെ ഗുജറാത്ത് കലാപത്തിന് തുടക്കം കുറിച്ച സബര്‍മതി എക്‌സ്പ്രസിനെ തീവച്ച സംഭവം സിനിമയില്‍ പരമാര്‍ശിക്കുന്നുവെന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും ആരോപണങ്ങള്‍ നേരിടുന്ന വിഷയാണ് ഗോധ്ര കലാപവും അതിനെ തുടര്‍ന്നുണ്ടായ, രാജ്യം ഒരിക്കലും മറക്കാത്ത ഗുജറാത്ത് വംശീയ കലാപവും. കോടതികളെല്ലാം കുറ്റവിമുക്തരാക്കിയെങ്കില്‍ പോലും മോദിയും അമിത് ഷായുമെല്ലാം രണ്ട് പതിറ്റാണ്ടിനിപ്പുറവും ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യയുടെ പരാതികള്‍ നേരിടുന്നവരാണ്. എംപുരാന്‍ വീണ്ടും ആ തീ ആളിക്കത്തിക്കുകയാണ്. ഗോധ്ര ട്രെയിന്‍ തീവയ്പ്പും ഗുജറാത്ത് കലാപവും സംഘപരിവാര്‍ രാഷ്ട്രീയത്തിനെ വെളിപ്പെടുത്തുന്ന വിധത്തില്‍ സിനിമയില്‍ സംസാരിക്കുന്നുണ്ടെന്നാണ് ഹിന്ദുത്വ-പരിവാര്‍ അണികളെയും നേതാക്കളെയും വിറളി പിടിപ്പിക്കുന്നതും അവര്‍ സിനിമ ബഹിഷ്‌കരണവും, പൃഥ്വി-മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരേ വലിയ തോതില്‍ സൈബര്‍ ആക്രമണം നടത്തുന്നതിന് കാരണം.
സബര്‍മതി എക്‌സ്പ്രസ് തീവയ്പ്പിനു പിന്നിലെ യഥാര്‍ത്ഥ്യങ്ങളും അതിനു പിന്നാലെ എന്തൊക്കെ നടന്നുവെന്നതും വെളിപ്പെടുത്തുന്ന, പ്രമുഖ അന്വേഷാണത്മക മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് എഴുതിയ ‘നിശബ്ദ അട്ടിമറി‘(The Silent Coup: A History of India’s Deep State) ചര്‍ച്ചയാകുന്നത്. പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ്, ഇനി പറയുന്നത്;
2002 ഫെബ്രുവരി 27ന് ഗോധ്ര സ്റ്റേഷനില്‍ സബര്‍മതി എകസ് പ്രസ് എത്തിയത് നിശ്ചയിക്കപ്പെട്ട സമയത്തിലും വളരെ വൈകിയായിരുന്നു. എത്തിക്കഴിഞ്ഞ് അധികം വൈകാതെ അതിന്റെ എസ്-ആറ് കോച്ചിന് തീ പിടിച്ചു. അതിലുണ്ടായിരുന്ന 59 കര്‍സേവകര്‍ വെന്തുമരിച്ചു.
അയോധ്യയില്‍ നിന്നും മടങ്ങുന്ന ഹിന്ദു തീര്‍ത്ഥാടകരായിരുന്നു അവര്‍ ഗോധ്രയിലെ ദുരന്തത്തെ കുറിച്ച് പ്രാഥമികമായി രണ്ട് ആഖ്യാനങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത് അക്കാലത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും സംസ്ഥാന പോലീസും മുന്നോട്ട് വച്ചതാണ്. കരുതിക്കൂട്ടി തയ്യാറാക്കിയ ഗൂഢാലോചന പ്രകാരം നടന്ന കൂട്ടക്കൊല എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്നവര്‍ പറയുന്നത്, മുസ്ലീങ്ങളാണ് ഇത് ചെയ്തത് എന്നാ ണ്. ഒരു സംഘം മുസ്ലീങ്ങള്‍ കൂടിയാലോചിച്ച്, പെട്രോളും മറ്റ് വസ്തുക്കളും തലേ രാത്രിയിലേ കരുതിവച്ച്, തീവണ്ടി വരുമ്പോള്‍ ആക്രമണം നടത്തുകയായിരുന്നു. പ്രാദേശിക ഉദ്യോഗസ്ഥരുടെ അപ്പോഴുണ്ടായിരുന്ന വ്യാഖ്യാനത്തെ തള്ളി ഇത്തരമൊരു ഗൂഢാലോചനയാണ് ഈ സംഭവത്തിന് പിന്നിലെന്ന് ആദ്യം പ്രഖ്യാപിക്കുന്നത് മോദിയാണ്.
തീവണ്ടിയിലുണ്ടായിരുന്ന കര്‍സേവകര്‍ തെമ്മാടികളായിരുന്നുവെന്നുവെന്നും അവര്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മുസ്ലീം കച്ചവടക്കാരോട് ശണ്ഠകൂടുകയും സ്റ്റേഷനിലുണ്ടായിരുന്ന ഒരു മുസ്ലീം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് രണ്ടാമത്തെ ആഖ്യാനം പറയുന്നത്. സ്റ്റേഷനിലെ ഈ ബഹളത്തെ തുടര്‍ന്ന് തീവണ്ടി വിട്ടതോടെ മുസ്ലീങ്ങള്‍ ആ കംപാര്‍ട്മെന്റിന് നേരെ കല്ലെറിയാന്‍ തുടങ്ങി. തീവണ്ടി സ്റ്റേഷന്‍ വിട്ട ഉടനെ ആരോ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. അതോടെ കല്ലേറ് തുടര്‍ന്നു. തിങ്ങി നിറഞ്ഞിരുന്ന എസ്-ആറ് കംപാര്‍ട്ട്‌മെന്റില്‍ കല്ലേറുണ്ടാക്കിയ ബഹളത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ഏതോ വസ്തു തട്ടിമറിയുകയും അത് തീ ആളിപ്പടരാന്‍ കാരണമായി എന്നുമാണ് പറയുന്നത്. ഈ ആഖ്യാനത്തെ പിന്തുടരുന്നവരുടെ പ്രധാന വാദം ജനാലകളും വാതിലുകളും അടച്ചിരുന്ന എസ്. ആറ് കോച്ചിലേക്ക് ആര്‍ക്കും പ്രവേശിക്കാനോ തീകൊളുത്താനോ സാധിക്കില്ലായിരുന്നുവെന്നാണ്.
അന്നുച്ചയ്ക്ക് പാര്‍ലമെന്റിനെ സംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പറഞ്ഞത്, ‘ അന്വേഷണം നടക്കുന്നുണ്ട്, എന്താണ് സംഭവിച്ചത്. എന്തുകൊണ്ടാണ് സംഭവി ച്ചത് തുടങ്ങിയ വസ്തുതകളെ സസൂഷ്മം അന്വേഷിച്ചറിയും. പക്ഷേ പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത് അകത്തു നിന്നുള്ള മുദ്രവാക്യം വിളികളാണ് തീവണ്ടി നിര്‍ത്താന്‍ കാരണമായത് എന്നും തുടര്‍ന്ന് സംഘര്‍ഷമുണ്ടായി എന്നുമാണ്. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.’ എന്നാണ്. ഗോധ്ര ജില്ലാ കളക്ടര്‍ ജയന്തി രവി ‘ഇത് മുന്‍ കൂട്ടി പദ്ധതിയിട്ട് തയ്യാറാക്കിയ ഒന്നല്ല, യാദൃശ്ചികമായി സംഭവിച്ചതാണ്’ എന്നും അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ മുഖ്യമന്ത്രിയും മന്ത്രിസഭയിലെ ചില അംഗങ്ങളും ഗോധ്രയിലെത്തിയ ശേഷം ഈ ആഖ്യാനങ്ങളുടേയും ഭരണകൂടത്തിന്റേയും നിലപാടുകള്‍ മാറി. അഞ്ചരയോടെ നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കേ സിഗ്നല്‍ ഫാലിയ പ്രദേശത്ത് മുസ്ലീങ്ങളുടെ ഉടസ്ഥതയിലുണ്ടായിരുന്ന 40 അനധിക്യത കടകള്‍ പൊളിച്ച് മാറ്റി. പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജെന്‍സ് (ഐ.എ സ്.ഐ) രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്ക് ഈ സംഭവത്തിലുണ്ടെന്ന് സംശയിക്കുന്നതായി നരേന്ദ്ര മോദി ഏഴരയ്ക്ക് ചാനലുകളിലൂടെ പരസ്യമായി പ്രഖ്യാപിച്ചു. അന്ന് തന്നെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ‘മുന്‍കൂട്ടി തയ്യാറാക്കിയ, മനുഷ്യത്വ വിരുദ്ധമായ ഭീകരാക്രമണം എന്ന് ഈ സംഭവത്തെ സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിച്ചു. യാതൊരു തരത്തിലുള്ള അന്വേഷണവും നടത്തുന്നതിന് മുമ്പുള്ള അനവസരത്തിലുള്ള പ്രസ്താവനയായിരുന്നു അത്. പക്ഷേ മുഖ്യമന്ത്രി തന്നെ അപ്പോഴേയ്ക്കും അത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. മോദി തന്നെ പിറ്റേ ദിവസം ബന്ദും പ്രഖ്യാപിച്ചു. നേരത്തേ തന്നെ പൊതു പണിമുടക്ക് പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷദി (വി.എച്ച്.പി)നും ബജ്രം ഗ്ദളിനും ഒപ്പം ചേര്‍ന്നുകൊണ്ടായിരുന്നു ഇത്.
ഗോധ്രയുടേയും അതേ തുടര്‍ന്നുള്ള 2002-ലെ ഗുജറാത്ത് കലാപത്തിന്റേയും പ്രത്യാഘാതം സംസ്ഥാനത്ത് മാത്രമല്ല, ഇന്ത്യയിലുടനിളം പ്രതിദ്ധ്വനിക്കാനാരംഭിച്ചു. പല ഔദ്യോഗിക വൃത്തങ്ങളിലും അടക്കിപ്പിടിച്ച ശബ്ദത്തില്‍ പറഞ്ഞിരുന്നത്, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള, ജാഗ്രതാലുക്കളായ പൗരസമൂഹത്തിന്റെ ട്രൈബ്യൂണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ‘ഇന്ത്യന്‍ പൊതുജീവിതത്തിന്റെ വിഗ്രഹ’മാണെ ന്നും ‘സര്‍വ്വമനുഷ്യര്‍ക്കും പ്രചോദന’മാണെന്നും വിശേഷിപ്പിച്ചത് മോദി തന്നെയായിരുന്നു. എട്ടംഗ ട്രൈബ്യൂണല്‍ പറയുന്നു:
”കത്തിക്കരിഞ്ഞ, തിരിച്ചറിയാന്‍ പറ്റാത്ത മൃതദേഹങ്ങള്‍ ഗോധ്രയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്ക് വാഹന ഘോഷയാത്രയുടെ അകമ്പടിയോടെ കൊണ്ടുപോകാം എന്ന് തീരുമാനിച്ചത് മുഖ്യമന്ത്രിയാണ്. ഈ വാഹനവ്യൂഹം അഹമ്മദാബാദിലേയ്ക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയുടെ അനുബന്ധ സംഘടനകളും പ്രതികാരം ചെയ്യാന്‍ ജനക്കൂട്ടത്തിനോട് ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പ്രവര്‍ത്തികളെ കണ്ടില്ലെന്ന് നടിക്കുകയും ഗോധ്ര സംഭവം കുടിലമായ ഒരു ഗൂഢാലോചനയാണെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് പ്രചരിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്. ഗോധ്രയ്ക്ക് ശേഷം ഗുജറാത്തിലുടനീളം പടര്‍ന്ന് പിടിച്ച അക്രമസംഭവങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് പ്രാഥമികമായും ഉത്തരവാദി.” (19).
മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ യോഗം മറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വിളിച്ച് അടുത്ത ദിവസങ്ങളില്‍ എങ്ങനെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യണമെന്ന് മോദി നിര്‍ദ്ദേശം നല്‍കിയെന്നും പൗര ട്രൈബ്യൂണല്‍ പറയുന്നു. ‘ബന്ദിന്റെ ദിവസം ഒരു തരത്തിലുള്ള പോലീസ് നടപടിക്രമങ്ങളും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റേയും നഗരസഭ (അഹമ്മദാബാദ്)യുടേയും പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ രണ്ട് മന്ത്രിമാര്‍ ഏറ്റെടുത്തു; അശോക് ഭട്ടും ജഡേജയും. സഹായത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആവര്‍ത്തിച്ചുള്ള മുറവിളി അതിക്രൂരമായി നിരസിക്കപ്പെട്ടു.’
ഗോധ്ര ദുരന്തത്തിന് മുമ്പ് മോദി പ്രഭാരഹിതമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, 2001 ഒക്ടോബറിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. 2002 ഫെബ്രുവരിയില്‍, ഗോധ്രദുരന്തത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ജീവിതത്തില്‍ ആദ്യമായി നരേന്ദ്രമോദി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. ബി.ജെ.പിയുടെ ശക്തിദുര്‍ഗമായ രാജ്‌കോട്ട് രണ്ടാം മണ്ഡലത്തില്‍ നിന്നാണ് മോദി നിയമസഭയിലേയ്ക്ക് മത്സരിച്ചതെങ്കിലും തിളക്കമൊട്ടുമില്ലാത്തതായിരുന്നു വിജയം. മുന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച ബി.ജെ.പി നേതാവിനേക്കാള്‍ വളരെ കുറവായിരുന്നു മോദിയുടെ ഭൂരിപക്ഷം.
കര്‍സേവകരുടെ മൃതദേഹങ്ങളുമായി വാഹനവ്യൂഹം അഹമ്മദാബാദിലെത്തിയതിനൊപ്പം കലാപവുമെത്തി. ഗോധ്രക്ക് ശേഷമുള്ള സംഘര്‍ഷഭരിതമായ ആ ദിവസങ്ങളില്‍ മുഖ്യമന്ത്രി മോദി തെറ്റിദ്ധരിപ്പിക്കുന്ന പല അവകാശവാദങ്ങളും നിരത്തി. മാര്‍ച്ച് രണ്ടിന് ഗുജറാത്ത് സമാധാനത്തിലേയ്ക്കുള്ള പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു മോദി പറഞ്ഞു. ഫെബ്രുവരി ഇരുപത്തിയെട്ടിന് രാത്രി തന്നെ കരസേനയെ സമാധാനപാലനത്തിന് വിളിച്ചിരുന്നുവെന്നും പിറ്റേ ദിവസം തന്നെ അവര്‍ ചുമതലകള്‍ നിര്‍വ്വഹിച്ച് തുടങ്ങിയിരുന്നു വെന്നും മാര്‍ച്ച് മൂന്നിന് മോദി അവകാശപ്പെട്ടു. എന്നാല്‍ കലാപ നിയന്ത്രണത്തിനായി ഗുജറാത്തിലെ കരസേന വിന്യാസത്തിന്റെ ചുമതലയുണ്ടായിരുന്ന ലെഫ്ന്റ്‌നന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് പിന്നീട് ചെയ്തത്. ഫെബ്രുവരി ഇരുപത്തിയെട്ടിന് രാത്രി തന്നെ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള ഒരു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നും വിലയേറിയ സമയം അവര്‍ പാഴാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”ഫെബ്രുവരി ഇരുപത്തിയെട്ട് രാത്രിയും മാര്‍ച്ച് ഒന്നുമായിരുന്നു അതിപ്രധാനമായ സമയം. ആ സമയത്താണ് ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടായത്. ഒന്നാം തീയതി വെളുപ്പിന് രണ്ടുമണിക്ക് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടതാണ്. മാര്‍ച്ച് ഒന്നിന് മുഴുവന്‍ സമയവും കരസേനാവ്യൂഹത്തിന് എയര്‍ഫീല്‍ഡില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നു. രണ്ടാം തീയതി മാത്രമാണ് ഞങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയും വാഹനവും കിട്ടിയത്. അപ്പോഴേയ്ക്കും പൂര്‍ണ്ണതോതില്‍ കലാപം നടന്ന് കഴിഞ്ഞിരുന്നു.”-അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ ഭൂതഗണങ്ങള്‍ അക്രമാസക്തരായിരുന്നു. നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അതില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങള്‍ തന്നെയായിരുന്നു. ഏപ്രില്‍ ആദ്യ ആഴ്ച വാജ്‌പേയി ഗുജറാത്ത് സന്ദര്‍ശിച്ച് മുസ്ലീങ്ങളായ ഇരകള്‍ കഴിയുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ചുവെന്ന് വരുത്തി. മോദി ഈ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോലും മെനക്കെട്ടതേ ഇല്ലായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി വാജ്പേയി ഒരു വാര്‍ത്തസമ്മേളനം നടത്തുകയും ഗുജറാത്ത് മുഖ്യമന്ത്രി ‘ രാജധര്‍മം പാലിക്കണണെന്ന്’ ആവശ്യപ്പെടുകയും ചെയ്തു. sangh-parivar-slams-empuraan-movie-over-gujarat-genocide-josy-joseph-s-book-silent-coup-exposes-the-sabarmati-express-incident
(‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകം വാങ്ങിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക https://rzp.io/l/yI1igYDqPk)
Content Summary; Sangh Parivar slams Empuraan movie over Gujarat genocide, Josy Joseph’s book Silent Coup exposes the godhra train burning
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.