December 11, 2024 |
Share on

സീന്‍ മാറുന്നു: പരാതികള്‍ ഗുരുതരം, അറസ്റ്റ് ഉണ്ടാകുമോ?

മുകേഷ്, ജയസൂര്യ, സിദ്ദിഖ്, ഇടവേള ബാബു, മണിയന്‍ പിള്ള എന്നിവര്‍ക്കെതിരേ കേസുകള്‍

ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനു പിന്നാലെ, പ്രശസ്തരായ പലര്‍ക്കുമെതിരേ പരാതികളും കേസുകളും ഉണ്ടായിരിക്കുകയാണ്. സിനിമ മേഖലയെ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലും കോലിളക്കങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലാണ് ഓരോ ദിവസവം കടന്നു പോകുന്നത്. ഇതുവരെ പുറത്തു വന്ന പരാതികളില്‍ കുറ്റാരോപിതരായവര്‍ക്കെതിരേ കേസുകള്‍ വരുന്നതോടെയാണ് വിഷയം കൂടുതല്‍ ഗൗരവമാകുന്നത്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതോടെയാണ് പരാതിക്കാര്‍ സധൈര്യം മുന്നോട്ടു വരുന്നത്. അന്വേഷണ സംഘം പരാതിക്കാരെ അങ്ങോട്ട് ചെന്നാണ് മൊഴികള്‍ കേള്‍ക്കുന്നതും അതിനുശേഷം കേസുകള്‍ ചാര്‍ജ് ചെയ്യുന്നതും.

നടനും താര സംഘടനയായ എഎംഎംഎയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ്, നടനും കൊല്ലം മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എയുമായ മുകേഷ്, സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത്, സംവിധായകന്‍ വി കെ പ്രകാശ്, നടന്മാരായ ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരേയാണ് ഇപ്പോള്‍ പരാതികള്‍ വന്നിരിക്കുന്നത്. നടന്‍ റിയാസ് ഖാന്‍, നടനും എഎംഎംഎ മുന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരേയും പീഡന ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംവിധായകന്‍ തുളസി ദാസിനെതിരേ നടിമാരായ ശ്രീദേവിക, ഗീത വിജയന്‍ എന്നിവരും പരാതികള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ വി എസ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരേയും പരാതിളുണ്ട്. ഇതില്‍ നോബിളിനെതിരേ കേസ് എടുത്തിട്ടുണ്ട്.

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് ആണ് മുകേഷിനെതിരേ കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി ബലാത്സംഗ കുറ്റമാണ് എംഎല്‍എ കൂടിയായ മുകേഷിനെതിരേ ചുമത്തിയിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് നടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വഴങ്ങിത്തരണമെന്ന് മുകേഷ് ആവശ്യപ്പെട്ടുവെന്നും, മോശം ഭാഷയില്‍ സംസാരിച്ചുവെന്നും പരാതിക്കാരി പറഞ്ഞു.

എഎംഎംഎ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെതിരേ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിനെതിരേ കേസ് എടുത്തിരിക്കുന്നത്.

നടന്‍ സിദ്ദിഖിനെതിരേ തിരവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. 2016 ല്‍ സിദ്ദിഖ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് ലൈംഗിതിക്രമം നടത്തിയെന്ന യുവ വനിത താരത്തിന്റെ പരാതിയിലാണ് കേസ്. ഈ ആരോപണം വന്നതിനു പിന്നാലെയായിരുന്നു സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നത്. 2019 ലും ഇതേ നടി പരാതി ഉയര്‍ത്തിയിരുന്നുവെങ്കിലും അന്ന് കേസോ നടപടികളോ ഉണ്ടായില്ല. പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴായിരുന്നു സിദ്ദിഖില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.

അന്ന് കോടതി സമക്ഷം ബാലന്‍ വക്കീലിലെ രംഗം ഷെയര്‍ ചെയ്ത് പരിഹാസം, ഇനി യഥാര്‍ത്ഥ കേസും കോടതിയും

സിദ്ദിഖിനെതിരായ പരാതി ഗുരുതര സ്വഭാവമുള്ളതാണ്. ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ നടന് സാധിക്കാത്ത പക്ഷം അറസ്റ്റ് നടപടികള്‍ ഉണ്ടാകും. പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസും അന്വേഷിക്കുന്നതെങ്കിലും, പരാതി രജിസ്റ്റര്‍ ചെ്‌യ്ിതിരിക്കുന്ന മ്യൂസിയം സ്റ്റേഷനിലെ വനിത എസ് ഐ എന്‍ ആശാചന്ദ്രനെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് നടന്‍ ജയസൂര്യക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ജ്യാമമില്ല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിനിമ ചിത്രീകരണത്തിനിടയില്‍ സെക്രട്ടേറിയറ്റിലെ ശുചി മുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 354, 354 എ, 509 എന്നീ വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി ഐ ജി അജിത ബീഗം, ജി പൂങ്കുഴലി എന്നിവര്‍ ആലുവയില്‍ നടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതിനു ശേഷമായിരുന്നു കേസ് ചാര്‍ജ് ചെയ്തത്.

ബംഗാളി നടിയുടെ പരാതിയിലാണ് സംവിധായകന്‍ രഞ്ജിത്തിനെതിരേ കേസ്. ആരോപണം വന്നതിനു പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. രഞ്ജിത്തിനെതിരേ മറ്റൊരു പരാതി കൂടി ഇപ്പോള്‍ വന്നിട്ടുണ്ട്. കോഴിക്കോട് സ്വദേശിയയാ യുവാവാണ് ബെംഗളൂരുവിലെ ഹോട്ടലില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

സംവിധായകന്‍ വി കെ പ്രകാശിനെതിരേ യുവ കഥാകൃത്താണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കഥ പറയാന്‍ ചെന്ന സമയത്ത് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. വി കെ പ്രകാശ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.

‘ഞാന്‍ ഇനി ഇല്ല’ എന്നു പറഞ്ഞ മമ്മൂട്ടിയും രാജിവച്ച മോഹന്‍ലാലും

ആരോപണങ്ങളും പരാതികളും കേസുകളും മുറുകിയതോടെ കഴിഞ്ഞ ദിവസം എഎംഎംഎയിലെ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണ സമതി രാജിവച്ചൊഴിഞ്ഞിരുന്നു. മലയാള സിനിമ ലോകം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. വലിയൊരു നവീകരണത്തിനുള്ള അവസരമാണ് മുന്നില്‍ ഉള്ളതെന്നാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പ്രതീക്ഷിക്കുന്നത്.  sexual exploitation police booked mukesh siddique jayasurya maniyanpilla raju edavela babu rape charges

Content Summary; sexual exploitation police booked mukesh siddique jayasurya maniyanpilla raju edavela babu rape charges

×