ബിജെപിയില്‍ നിന്നും കൈക്കലാക്കാന്‍ ടിഡിപിയും ജെഡിയുവും
തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതു മുതല്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത് ‘ ചരിത്രം’ കുറിച്ച പാര്‍ലമെന്റ് കാലയളവാണ് കഴിഞ്ഞു പോകുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ ഒറ്റ ദിവസത്തില്‍ 33 ലോക്‌സഭ എംപിമാരെയും 45 രാജ്യസഭ അംഗങ്ങളെയും സസ്‌പെന്‍ഡ് ചെയ്ത് റെക്കോര്‍ഡ് ഇടുകയും ചെയ്തിരുന്നു. ശീതകാല സമ്മേളനത്തിനിടയില്‍ 141 എംപിമാരെയാണ് പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിപക്ഷ അംഗങ്ങളെ ഒരു ഭരണകാലയളവില്‍ പുറത്താക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ താത്പര്യത്തിന് വഴങ്ങി നിസാര കാരണങ്ങള്‍ക്കു പോലും എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്ന പ്രവര്‍ത്തിയായിരുന്നു സ്പീക്കര്‍ ഓം ബിര്‍ളയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. Tdp and Jdu trying to get speaker post ndas third stint
ഇത്തവണ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. അതുകൊണ്ട് പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ പാര്‍ട്ടിയംഗങ്ങളെ തന്നെ നിയമിക്കുക സാധ്യമല്ലാതെ വരും. പ്രത്യേകിച്ച് സ്പീക്കര്‍ സ്ഥാനത്ത്. സഖ്യകക്ഷികളുടെ സഹായം ഭരണത്തിന് ആവശ്യമാണെന്നിരിക്കെ, അവരുടെ താത്പര്യങ്ങളും ബിജെപിക്ക് സംരക്ഷിച്ചേ മതിയാകൂ. എന്‍ഡിഎയില്‍ ഇത്തവണ സുപ്രധാന റോളുകളില്‍ എത്തിയിരിക്കുന്നത് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി(ടിഡിപി)യും നിതീഷ് കുമാറിന്റെ ജനദള്‍(യു) വുമാണ്. 16 ഉം 12 സീറ്റുകളുള്ള ടിഡിപിയും ജെഡിയുവും സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ തക്ക ശക്തിയിലാണ് ഇപ്പോഴുള്ളത്.
കിംഗ് മേക്കര്‍മാരാകാന്‍ നായിഡു-നിതീഷുമാര്‍
രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് സ്പീക്കര്‍ സ്ഥാനം ടിഡിപിയും ജെഡിയുവും ആവശ്യപ്പെടുമെന്നാണ്. ഇക്കാര്യം രണ്ടു പാര്‍ട്ടികളും ബിജെപിയോട് സൂചിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വാജ്‌പേയ് സര്‍ക്കാരില്‍ ടിഡിപിയുടെ ജിഎംസി ബാലയോഗി ആയിരുന്നു സ്പീക്കര്‍.
ഒരു സഖ്യ സര്‍ക്കാരാണ് വരുന്നതെന്നതിനാല്‍ സ്പീക്കര്‍ പദവിക്ക് നിര്‍ണായക സ്ഥാനമുണ്ട്. കൂറുമാറ്റ നിരോധന നിയമത്തില്‍ സ്പീക്കറുടെ പങ്ക് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനമാണ് അന്തിമം. കൂറുമാറ്റ നിരോധന ചട്ടത്തില്‍ സുപ്രിം കോടതിക്ക് പോലും കാര്യമായ ഇടപെടല്‍ നടത്താന്‍ അവകാശമില്ല. എന്നിരിക്കെ, സ്പീക്കര്‍ തന്നെയാണ് നിര്‍ണായക റോള്‍ കളിക്കുക. സഭയുടെ നാഥന്‍ എന്ന നിലയില്‍ സ്പീക്കര്‍ നിഷ്പക്ഷനായിരിക്കണം എന്നാണ് വ്യവസ്ഥയെങ്കിലും, സര്‍ക്കാരുകള്‍ക്ക് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നാണ് 17 ആം ലോക്‌സഭയില്‍ നടന്ന കാര്യങ്ങള്‍ തെളിയിച്ചത്. മഹാരാഷ്ട്രയില്‍ എക്‌നാഥ് ഷിന്‍ഡെ-ഉദ്ധവ് താക്കറെ വിഭാഗങ്ങള്‍ തമ്മിലുള്ള പോരില്‍ സുപ്രിം കോടതി സ്പീക്കറുടെ അധികാരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയെയും അനുയായികളെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന ഉദ്ധവ് വിഭാഗത്തിന്റെ ആവശ്യത്തില്‍ അവസാന തീരുമാനം സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെതായിരിക്കുമെന്നാണ് പരമന്നോത കോടതി വിധിച്ചത്. അവിടെ സ്പീക്കര്‍ പക്ഷപാതം കാണിച്ചതോടെ ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാര്‍ നിലംപൊത്തി.
ഭാവിയില്‍ സഖ്യത്തില്‍ പിളര്‍പ്പുണ്ടായാല്‍ അന്ന് തങ്ങള്‍ക്കെതിരെയുള്ള ആയുധമായി സ്പീക്കര്‍ മാറാതിരിക്കണമെങ്കിലും ആ പദവി തങ്ങളുടെ കൈവശമായിരിക്കണമെന്ന് അറിയാവുന്നവരാണ് നായിഡുവും നിതീഷും. സ്പീക്കര്‍ പദവിയുമായി ബന്ധപ്പെട്ട് എന്‍ഡിഎയിലെ മറ്റു സഖ്യകക്ഷികളുടെ അഭിപ്രായം നായിഡുവും നിതീഷും തേടിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരമായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന്(ബുധനാഴ്ച്ച) ന്യൂഡല്‍ഹിയില്‍ എന്‍ഡിഎ യോഗം നടക്കുന്നുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ യോഗത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇരു നേതാക്കളും ഉന്നയിക്കുമോ എന്നതില്‍ സ്ഥിരീകരണമില്ല. സാധാരണ ഗതിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിലെ ഭംഗി. എന്നാല്‍ കഴിഞ്ഞ തവണ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിച്ചിടുകയാണ് ചെയ്തത്.
Content Summary; Tdp and Jdu trying to get lok sabha speaker post ndas third stint