UPDATES

ഓഫ് ബീറ്റ്

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലും, തെലുങ്കിലെ ലൈംഗിക ചൂഷണവും

അന്വേഷണ റിപ്പോർട്ട് പരസ്യമാക്കൻ സമ്മർദ്ദം

                       

മലയാള ചലച്ചിത്രമേഖലയിലെ വ്യവസ്ഥാപിത പ്രശ്നങ്ങളും പുഴു കുത്തുകളും തുറന്നുകാണിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുമുതൽ, മറ്റ് പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങളിലും സമാനമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് സമാനമായി ടോളിവുഡിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റി 2022-ൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഈ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല. എല്ലാത്തിനും തുടക്കം കുറിച്ചത് തെലുങ്ക് ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന നടിയായ ശ്രീ റെഡ്ഡി യെരകലയുടെ വെളിപ്പെടുത്തലുകളാണ്. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളും പ്രതിഷേധങ്ങളും തെലുങ്ക് സിനിമ വ്യവസായത്തത്തിനപ്പുറം രാഷ്ട്രീയ മേഖലവരെ എത്തി നിന്നത് ആയിരുന്നു. telugu cinema sexual harassment

വിവാദങ്ങളുടെ ആരംഭം

2018 ഏപ്രിലിൽ, ശ്രീ റെഡ്ഡി എന്ന യുവ നടി ഒരു യൂട്യൂബ് അഭിമുഖം നൽകുന്നതോടെയാണ് അപ്രതീക്ഷിതമായി ടോളിവുഡ് സിനിമാ വ്യവസായത്തിൽ വലിയ മാറ്റത്തിന് കാരണമാകുന്നത്. അവർ ആവശ്യപ്പെട്ട എല്ലാം ചെയ്ത് നൽകിയിട്ടും തനിക്ക് മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷനിൽ (MAA) അംഗത്വം നിഷേധിക്കപ്പെട്ടതായി ശ്രീ റെഡ്ഡി വെളിപ്പെടുത്തി. ( ‘ കമ്മിറ്റ്മെന്റ് ‘ അഥവാ സിനിമാ വേഷങ്ങൾക്ക് പകരമായി സ്വാധീനമുള്ള പുരുഷന്മാർ ആവശ്യപ്പെടുന്ന ലൈംഗികാഭിലാഷത്തിനുള്ള പദപ്രയോഗം ) സ്വാധീനമുള്ളവരാണ് എല്ലാം നിശ്ചയിക്കുന്നത് എന്നും ലൈംഗീക ചൂഷണവും ശ്രീ റെഡ്ഡി വെളിപ്പെടുത്തി.

ശ്രീ റെഡ്ഡിയുടെ സത്യസന്ധമായ തുറന്ന് പറച്ചിൽ വലിയ കോളിളക്കങ്ങൾക്കാണ് തിരി കൊളുത്തിയത്. തെലുങ്ക് സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിൻ്റെ ദീർഘകാല സംസ്കാരത്തെ തുറന്നുകാട്ടുകയും ടോളിവുഡിനെ മാധ്യമ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ശ്രീ റെഡ്ഡിയുടെ തുറന്ന് പറച്ചിൽ.

ആദ്യം, ശ്രീ റെഡ്ഡി വിശ്വാസ ലംഘനത്തെ കുറിച്ച് സംസാരിക്കുന്നതായാണ് തോന്നുക. എന്നിരുന്നാലും, ധീരമായ പ്രസ്താവന പെട്ടെന്ന് ചർച്ചാവിഷയമാവുകയും,വിമൻ ആൻഡ് ട്രാൻസ്‌ജെൻഡർ ജോയിൻ്റ് ആക്ഷൻ കമ്മിറ്റിയുടെ (WT-JAC) ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തെലുങ്ക് മുഖ്യധാരാ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്ത അന്തരീക്ഷത്തിലാണ് റെഡ്ഡി ശ്രദ്ധേയമായ ഒരു ചുവടുവെപ്പ് നടത്താൻ തീരുമാനിച്ചത്

സിനിമാ മേഖലയിലെ വ്യാപകമായ ലൈംഗിക ചൂഷണത്തിൽ പ്രതിഷേധിച്ച് തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് മുന്നിൽ ശ്രീ റെഡ്ഡി അർദ്ധനഗ്നയായാണ് തന്റെ പ്രതിഷേധം അറിയിച്ചത്. അവളുടെ പ്രതിഷേധം ഉത്തരവാദിത്തത്തിനായുള്ള ഒരു ആഹ്വാനം മാത്രമല്ല, ടോളിവുഡിലെ പല സ്ത്രീകളും അനുഭവിക്കുന്ന നിസ്സഹായാവസ്ഥയും തുറന്ന് കാണിക്കുന്നതായിരുന്നു. തൊഴിലവസരങ്ങൾക്ക് പകരമായി സ്ത്രീകൾ പലപ്പോഴും ലൈംഗിക ബന്ധത്തിന് നിർബന്ധിതരാകേണ്ടി വരുന്നുണ്ടെന്ന് അവർ അവകാശപ്പെട്ടു. ഈ പ്രതിഷേധം ടോളിവുഡിന് ഒരു വഴിത്തിരിവായി മാറി, വ്യവസായത്തിൻ്റെ പൊതുവായ “കാസ്റ്റിംഗ് കൗച്ച്” സംസ്കാരവും ഇരകളെ നിശബ്ദരാക്കുന്ന രീതികളും വെളിപ്പെടുത്തുകയും ചെയ്തു.

ശ്രീ റെഡ്ഡി ആദ്യം തന്റെ പ്രതിഷേധത്തിൽ ലജ്ജിച്ചു. പക്ഷെ അത് സിനിമ വ്യവസായത്തിൻ്റെ നാണക്കേടാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (MAA) പ്രതിഷേധ സ്ഥലം ‘ശുദ്ധീകരിക്കാൻ’ വിശുദ്ധജലം ഉപയോഗിച്ച് കഴുകുക പോലും ചെയ്തു, എന്നും തേജസ്വിനി മദബുഷി ദി വയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാഷ്ട്രീയ ഇടപെടൽ

ഈ സമയം, പ്രശസ്ത നടനും, മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരനും, ജനസേനാ പാർട്ടി നേതാവും, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ, ഹൈദരാബാദിലെ കത്വ ബലാത്സംഗ ഇരയ്ക്ക് വേണ്ടി മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി. ശ്രീ റെഡ്ഡിയെയും ഹൈദരാബാദിൽ പ്രതിഷേധിക്കുന്ന മറ്റ് സ്ത്രീകളെയും കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, , “അവർ മുതിർന്നവരാണ്; മാധ്യമങ്ങൾക്ക് മുന്നിൽ പോകുന്നതിന് പകരം പോലീസ് സ്റ്റേഷനിൽ പരാതി നൽകണം, എന്നാണ് പവൻ കല്യാൺ മറുപടി പറഞ്ഞത്.

ഈ പ്രസ്താവന നീതിക്ക് വേണ്ടി പോരാടുന്നവരെ അസ്വസ്ഥരാക്കി. അന്വേഷണത്തിന് ഒരു സമിതിയെ അദ്ദേഹം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും ഒരു വ്യവസായ പ്രമുഖനും രാഷ്ട്രീയക്കാരനും എന്ന നിലയിൽ അദ്ദേഹം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയത് എന്തുകൊണ്ടാണെന്നും അവർ ആശ്ചര്യപ്പെട്ടു. ഇതോടെ പവൻ കല്യാണിൻ്റെ ആരാധകർ സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ആക്രമിക്കാൻ തുടങ്ങിഎന്നും തേജസ്വിനി ദി വയറിനോട് പറയുന്നു.

അപ്രതീക്ഷിത വഴിത്തിരിവ്

തെലുങ്ക് സിനിമ മേഖലയുടെ നിസ്സംഗതയിലും പവൻ കല്യാണിൻ്റെ യാദൃശ്ചികമായ പ്രതികരണത്തിലും നിരാശരായ ശ്രീ റെഡ്ഡി ഒരു തത്സമയ ടിവി അവതരണത്തിൽ, പവൻ കല്യാണിനെ അസഭ്യം പറഞ്ഞതും വലിയ വിവാദമായിരുന്നു. ഈ സമയമാണ് പ്രതിഷേധത്തിൻ്റെ വഴി മാറുന്നത് യഥാർത്ഥത്തിൽ ലൈംഗികചൂഷണത്തിന്റെ രാഷ്ട്രീയ വശം കൂടെ ഇത് തുറന്ന് കാണിച്ചു.

ചിരഞ്ജീവി, നാഗ ബാബു തുടങ്ങിയ കുടുംബാംഗങ്ങൾക്കൊപ്പം കല്യാണ് തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി. ശ്രീ റെഡ്ഡിയുടെ ആക്ഷേപകരമായ പരാമർശങ്ങൾക്കും ആക്രമണത്തിനും പിന്നിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ മകൻ നാരാ ലോകേഷാണെന്ന് പവൻ കല്യാൺ ആരോപിച്ചു.

ശ്രീ റെഡ്ഡിയെ മാത്രമല്ല പവൻ കല്യാൺ ലക്ഷ്യമിട്ടത്; കല്യാണിനെ അപമാനിക്കാൻ റെഡ്ഡിയെ ഉപദേശിച്ചതായി സമ്മതിച്ച ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മയെയും ടിവി9, എബിഎൻ, മഹാ ന്യൂസ് തുടങ്ങിയ മാധ്യമ ചാനലുകളെയും അദ്ദേഹം വിമർശിച്ചു. തെലുങ്ക് ദേശം പാർട്ടി (ടിഡിപി) സംഘടിപ്പിച്ച തനിക്കെതിരായ അപവാദ പ്രചാരണത്തിൻ്റെ ഭാഗമാണ് ഈ ഗ്രൂപ്പുകളെന്നും പവൻ കല്യാൺ അവകാശപ്പെട്ടു.

ഫേസ്ബുക്കിലൂടെയാണ് രാം ഗോപാൽ വർമ്മ ഇതിനുള്ള മറുപടി പറഞ്ഞത്. കല്യാണിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ ഒഴിവാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ആരോപണങ്ങളോട് പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. അതോടൊപ്പം തനിക്കെതിരെ ഉയർന്ന ഗൂഢാലോചന അവകാശവാദങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ഇതെല്ലം ഒരു അഗത ക്രിസ്റ്റി നോവൽ പോലെ യാഥാർത്ഥ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ വിവാദങ്ങൾ വളർന്നതോടെ ശ്രീ റെഡ്ഡിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാട് മാറി. ഒരിക്കൽ നീതിക്കുവേണ്ടിയുള്ള അപേക്ഷയായി കണ്ട ശ്രീ റെഡ്ഡിയുടെ പ്രതിഷേധങ്ങൾ, പലരും രാഷ്ട്രീയ പ്രേരിതമായാണ് പിന്നീട് കണ്ടത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, പവൻ കല്യാണിനെതിരെ അധിക്ഷേപകരമായ വാക്ക് ഉപയോഗിച്ചതിന് ശേഷം മാത്രമാണ് സിനിമാ വ്യവസായം പ്രതികരിച്ചതെന്ന് റെഡ്ഡി നിരാശ പ്രകടിപ്പിച്ചു. ഒരു മാസത്തിലേറെയായി ലൈംഗികാതിക്രമത്തെക്കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും അവൾ സംസാരിച്ചിരുന്നു, എന്നാൽ പവൻ കല്യാണിനെ അപമാനിക്കുന്നത് വരെ ആരും ചെവിക്കൊണ്ടില്ല.

പവൻ കല്യാണിനെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കാൻ രാം ഗോപാൽ വർമ്മ തന്നോട് ഉപദേശിച്ചതായി ശ്രീ റെഡ്ഡി സമ്മതിച്ചു. അദ്ദേഹത്തിന്റെ ഉപദേശം ശ്രീ റെഡ്ഡി സ്വീകരിച്ചെങ്കിലും, ആരെയും വേദനിപ്പിക്കുകയല്ല, മറിച്ച് തന്റെ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കൊണ്ടുവരുക എന്നതായിരുന്നു ലക്ഷ്യം എന്നും ശ്രീ റെഡ്ഡി പറഞ്ഞു. ടോളിവുഡിലെ ലൈംഗികാതിക്രമത്തിനെതിരായ തൻ്റെ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പവൻ കല്യാൺ ശ്രമിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കുകയാണെന്നും ശ്രീ റെഡ്ഡി ആരോപിച്ചു.

content summary ;  telugu cinema sexual harassment chronology

Share on

മറ്റുവാര്‍ത്തകള്‍