December 10, 2024 |
Share on

സ്വവര്‍ഗ വിവാഹം അംഗീകരിച്ച് തായ്‌ലാന്‍ഡ്

ചരിത്രനേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യം

വിവാഹ സമത്വത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുത്ത് തായാലാന്‍ഡ്. ചൊവ്വാഴ്ച്ച തായ്‌ലാന്‍ഡ് സെനറ്റ് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയോടെ സ്വവര്‍ഗ വിവാഹാനുമതി ബില്‍ പാസാക്കി. ബില്‍ രാജാവ് മഹാവജിറലോങ്കോണിന്റെ അനുമതിക്കായി കൊട്ടാരത്തിലേക്ക് അയക്കും. രാജാവും അംഗീകരിച്ചാല്‍. റോയല്‍ ഗസ്റ്റില്‍ പ്രസിദ്ധീകരിക്കും. അതിന് 120 ദിവസങ്ങള്‍ക്ക് ശേഷം നിയമം പ്രാബല്യത്തില്‍ വരും. അതോടെ സ്വവര്‍ഗ വിവാഹം നിയാമനുസൃതമാക്കുന്ന ആദ്യത്തെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായി തായ്‌ലാന്‍ഡ് മാറും.

‘ഞങ്ങള്‍ എല്ലാവരും വളരെ ആവേശഭരിതരാണ്,’ നിയമം പാസാക്കുന്നതിനു മുമ്പായി 18 വയസ്സുള്ള ആക്ടിവിസ്റ്റും സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി അംഗവുമായ പ്ലെയ്ഫ ക്യോക ഷോഡ്‌ലാഡ് പറഞ്ഞ വാക്കുകളാണ്. ”ലോകം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം സന്തോഷിക്കുന്നതായി എനിക്ക് തോന്നുന്നു’.

ചൊവ്വാഴ്്ച്ച ബില്‍ പാര്‍ലമെന്റിന്റെ അവസാന പരിഗണനയില്‍ എടുത്തപ്പോള്‍ ഹാജരായ 152 അംഗ സെനറ്റിലെ 130 പേരും ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. നാല് പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. 18 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

സ്വവര്‍ഗ വിവാഹ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിവരം പുറത്തു വന്നതോടെ രാജ്യത്തിന്റെ തെരുവുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ ആളുകള്‍ പ്രകടനങ്ങള്‍ നടത്തി. മഴവില്‍ നിറത്തിലുള്ള കൊടികള്‍ ഉയര്‍ത്തിയും ആകാശത്തേക്ക് റെയിന്‍ബോ ബലൂണുകള്‍ പറത്തി വിട്ടുമെല്ലാം മനുഷ്യര്‍ തങ്ങളുടെ സന്തോഷം പ്രകടമാക്കി.

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് തായ്‌ലാന്‍ഡ്. തായ് വാന്‍ ആണ് ആദ്യം സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി കൊടുത്തത്. പിന്നാലെ നേപ്പാളും വിവാഹകാര്യത്തില്‍ മനുഷ്യ സമത്വം കൊണ്ടുവന്നു. 2023 ഒക്ടോബറില്‍ ഇന്ത്യന്‍ സുപ്രിം കോടതിസ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് തീരുമാനം എടുക്കാമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പാര്‍ലമെന്റ് ഇതുവരെ ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല.

തായ്‌ലാന്‍ഡ് ബില്‍ പ്രകാരം, ഇനി മുതല്‍ 18 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും ലിംഗവ്യത്യാസം നോക്കാതെ മറ്റൊരാളെ പങ്കാളിയായി കൂട്ടാനോ വിവാഹം കഴിക്കാനോ നിയമപരമായ അവകാശം കിട്ടും. ഈ വര്‍ഷം മാര്‍ച്ചില്‍ ബില്ലിന് തായ്‌ലാന്‍ഡ് പ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ചിരുന്നു.

‘വിവാഹ സമത്വ ബില്‍ വിജയകരമായി പാസാക്കിയതില്‍ ഞങ്ങള്‍ ആഘോഷിക്കുക്കയാണ്, തുല്യ സ്‌നേഹത്തിന്റെ തുടക്കവും ഞങ്ങള്‍ ആഘോഷിക്കുന്നു’, എന്നാണ് തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍ ചൊവ്വാഴ്ച എക്സില്‍ എഴുതിയത്.

ലൈംഗിക, ലിംഗ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതമായും പരസ്യമായും ജീവിക്കാന്‍ കഴിയുന്ന സ്ഥലമായി തായ്ലന്‍ഡ് അംഗീകരിക്കപ്പെട്ടിരിക്കുന്നു” എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടത്.  thailand passes landmark bill legalizing same sex marriage third asian country 

Content Summary; thailand passes landmark bill legalizing same sex marriage third asian country

 

×