ഒരു ദിവസം മുണ്ടങ് ഗോത്ര തലവന്റെ മൂന്ന് മക്കള്‍ സസ്യ എണ്ണ ഉണ്ടാക്കുവാനുള്ള പച്ചക്കറികള്‍ ശേഖരിക്കുവാനായി തോട്ടത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. പോകുന്ന വഴിയില്‍ അവര്‍ വക്രബുദ്ധിക്കാരുടെ ഗ്രാമത്തിലെത്തി. തികച്ചും അപരിചിതമായ ഒരിടമായിരുന്നു വക്രബുദ്ധിക്കാരുടെ ഗ്രാമം. കള്ളിമുള്‍ ചെടിയുടെ നീര് മാത്രമേ കുടിക്കാവു എന്ന നിയമമുള്ള ഒരു പ്രത്യേക ഗ്രാമമായിരുന്നു അത്. യാത്രയില്‍ ഉപയോഗിക്കുവാനായി അവര്‍ കുറച്ച് നീര് ശേഖരിച്ച് വച്ചു. തീവ്രമായ ചൂടും ദാഹവും കാരണം മൂന്ന് പേരും നീര് മാറിമാറി കുടിക്കുകയും , തോട്ടമെത്തുന്നതിന് മുന്‍പ് തന്നെ കള്ളിമുള്‍ ചെടിയില്‍ നിന്നുള്ള കുടിനീര്‍ തീരുകയും ചെയ്തു. വെള്ളം തീര്‍ന്നതും, മൂന്ന് സഹോദരിമാരില്‍ മൂത്തവര്‍ കുടി നീര്‍ തീര്‍ത്തതിന് പരസ്പരം കുറ്റം ചാരുവാന്‍ തുടങ്ങി. എന്നാല്‍ ‘മാച്ചിങ്’ എന്ന് പേരുള്ള ഏറ്റവും ഇളയവള്‍ ആ വഴക്കില്‍ നിന്നും മാറി നിന്ന് പാട്ട് പാടുവാന്‍ തുടങ്ങി. അവളുടെ ആദ്യത്തെ പാട്ടില്‍ മേഘങ്ങള്‍ ഉരുണ്ട് കൂടുവാന്‍ തുടങ്ങി. രണ്ടാമത്തെ പാട്ടോടു കൂടി തിങ്ങി നിറഞ്ഞ മേഘങ്ങള്‍ മഴക്കായി ഒരുങ്ങി. മൂന്നാമത്തെ പാട്ടില്‍ മണ്ണിനെ നനയിച്ച് കൊണ്ട് മഴ പെയ്തിറങ്ങി. മൂവരും ധാരാളം മഴവെള്ളം ശേഖരിക്കുകയും ആവോളം കുടിക്കുകയും ചെയ്തു. തോട്ടത്തിലെത്തി ആവശ്യത്തിന് പച്ചക്കറികള്‍ ശേഖരിച്ചു.
തോട്ടത്തില്‍ നിന്ന് തിരികെ വീട്ടിലേക്ക് ഉള്ള വഴിയില്‍ പെട്ടെന്ന് എവിടെ നിന്നോ വക്രബുദ്ധിക്കാരുടെ തലവന്‍ പ്രത്യക്ഷപ്പെട്ടു. കള്ളിമുള്‍ ചെടിയുടെ നീര് മാത്രം കുടിക്കാവു എന്ന നിയമം തെറ്റിച്ചതിന് അവരോടു കയര്‍ത്തു. ശിക്ഷയായി മൂവരില്‍ ഒരാള്‍ അയാളുടെ ഭാര്യയായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അസൂയക്കാരായ മൂത്തസഹോദരിമാര്‍ ‘മാച്ചിങ്ങിനെ’ വക്രബുദ്ധിക്കാരുടെ തലവന് ഭാര്യയായി നല്‍കി. തിരികെ വീട്ടിലെത്തിയപ്പോള്‍ ഗോത്ര തലവന്‍ തന്റെ ഇളയമകള്‍ എവിടെയെന്ന് അന്വേഷിച്ചു. അവളെ സിംഹം കടിച്ചു കൊണ്ടുപോയെന്നു മൂത്ത സഹോദരിമാര്‍ മറുപടി കൊടുത്തു. തെളിവിനായി ഇളയ മകളുടെ ഒറ്റ പാദുകവും നല്‍കി.
മഴയില്ലാത്ത പത്ത് മാസങ്ങള്‍ പിന്നിട്ടു. കൊടും വേനലും വരള്‍ച്ചയും. മുണ്ടങ് ഗോത്രങ്ങള്‍ വെള്ളമില്ലാതെ ദുരിതത്തിലായി. ഇതിനൊരു പരിഹാരം കാണാന്‍ ഗ്രാമവാസികള്‍ ഗ്രാമപുരോഹിതന്റെ അടുത്ത് ചെന്നു. ‘നിങ്ങള്‍ മഴക്കൊടിയെ വക്രബുദ്ധിക്കാരന് നല്‍കിയിരിയ്ക്കുന്നു. എന്നാല്‍ പുരോഹിതന്‍ എന്താണ് പറഞ്ഞത് എന്ന് ഗ്രാമവാസികള്‍ക്കോ ഗ്രാമ തലവനോ മനസിലായില്ല. ഏറ്റവും ഇളയ മകള്‍ ‘മാച്ചിങ്’ എവിടെയെന്ന് പുരോഹിതന്‍ ഗ്രാമ തലവനോട് ചോദിച്ചു. തോട്ടത്തില്‍ പോയ വഴിക്ക് സിംഹം പിടിച്ചു കൊണ്ട് പോയ വിവരം തന്റെ മൂത്ത മക്കള്‍ പറഞ്ഞത് പുരോഹിതനോട് പങ്ക് വച്ചു. എന്നാല്‍ ഈ വാര്‍ത്തയില്‍ സംശയം തോന്നിയ പുരോഹിതന്‍ ഗ്രാമങ്ങളായ ഗ്രാമങ്ങളില്‍ എല്ലാം ഒറ്റ പാദുകം ഉള്ള പെണ്‍കുട്ടിയെ അന്വേഷിക്കാന്‍ ഗോത്ര തലവനോട് പറഞ്ഞു.
അന്വേഷക സംഘം ഗ്രാമങ്ങള്‍ എല്ലാം അലഞ്ഞു. എവിടെയും കിട്ടിയില്ല. വക്രബുദ്ധിക്കാരുടെ ഗ്രാമത്തിലുമെത്തി. അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവര്‍ മടങ്ങി പോകാന്‍ തീരുമാനിച്ചു. മടങ്ങി പോകുന്ന വഴിയില്‍ ഒരു പെണ്‍കുട്ടി നിര്‍ത്താതെ പാടുന്നത് കേട്ടു. വക്രബുദ്ധികരുടെ ഗ്രാമത്തില്‍ വരള്‍ച്ചയോ ക്ഷാമമോ ഉണ്ടായിരുന്നില്ല. എങ്ങും പച്ചപ്പും, കുളിര്‍മയും, ചെറു ചാറ്റല്‍ മഴയുമായിരുന്നു. നിര്‍ത്താതെ പാടുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് അന്വേഷക സംഘം എത്തി. ഒറ്റ ചെരുപ്പുമായി നാട്ടിലേക്ക് മടങ്ങിയ തന്റെ ചേച്ചിമാരെ കാത്തു നില്‍ക്കുകയാണെന്നും തന്നെ വക്രബുദ്ധിക്കാരുടെ തലവന് നല്കിയിട്ടാണ് അവര്‍ മടങ്ങിയെന്നും, അതിന്റെ ദുഖത്താല്‍ പാടിക്കൊണ്ടിരിക്കുകയാണെന്നും അവള്‍ മറുപടി പറഞ്ഞു. അവള്‍ക്ക് മടങ്ങാനായി ഒറ്റ പാദുകം അവര്‍ നല്‍കി.
അവള്‍ അവരുടെ കൂടെ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. എന്നാല്‍ കാഴ്ചയില്‍ അവളെ ആരും തിരിച്ചറിഞ്ഞില്ല. പാട്ടു പാടി തുടങ്ങിയപ്പോള്‍ തന്റെ നഷ്ടപ്പെട്ട മകളാണ് അതെന്നു ഗോത്ര തലവന്‍ തിരിച്ചറിഞ്ഞു. വരള്‍ച്ച മാറി. മഴ പെയ്തിറങ്ങി. ഗ്രാമത്തിലെങ്ങും പച്ചപ്പ് നിറഞ്ഞു. എന്നാല്‍ തന്റെ നഷ്ട്ടപ്പെട്ട ഭാര്യയെ വീണ്ടു എടുക്കാനായി വക്രബുദ്ധിക്കാരുടെ തലവന്‍ അവിടെയെത്തി. അയാളുടെ കൂടെ പോകുവാന്‍ അവള്‍ സന്നദ്ധയായി. വര്‍ഷത്തില്‍ പത്ത് മാസം തന്റെ ഭര്‍ത്താവിനൊപ്പവും ബാക്കി രണ്ടുമാസം തന്റെ പിതാവിനൊപ്പവും നില്‍ക്കാമെന്ന് അവള്‍ വാക്ക് നല്‍കി മടങ്ങി.
അങ്ങനെയാണത്രെ ചാഡില്‍ പത്ത് മാസം കൊടിയ വേനലും രണ്ടു മാസം മഴയും പെയ്യുന്ന കാലം ഉണ്ടായത്. അത് ഇന്നും തുടരുന്നു.
കടല്‍ ഇല്ലാതെ ചുറ്റും കരകളാല്‍ വലയം ചെയ്യപ്പെട്ട ഉത്തരാഫ്രിക്കന്‍ രാജ്യമാണ് ചാഡ്. ‘ചാരി’ യും, ‘ലോഗോണും’ അതിന്റെ പോഷക നദികളും ചാഡ് തടാകവും ചാഡിന് സ്വന്തമായുണ്ട്. ലിബിയ, സുഡാന്‍, നൈജര്‍, നൈജീരിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, കാമറൂണ്‍ എന്നിവയാണ് ചാഡിന്റെ അതിര്‍ത്തി രാജ്യങ്ങള്‍. നൂറിലധികം ഗോത്ര ഭാഷകള്‍ ചാഡില്‍ സംസാരിക്കുന്നുണ്ട്. അറബി സ്വാധീനം വളരെ കൂടുതലാണ്. ഫ്രാന്‍സിന്റെ കീഴിലായിരുന്നു കൊളോണിയല്‍ കാലഘട്ടത്തില്‍ ചാഡ്.
സാമ്പത്തികമായും സാങ്കേതികമായും ഇന്ത്യയുമായി സഹകരിക്കുന്ന ടീം 9 ന്റെ ഭാഗമാണ് ചാഡ് . ജലസേചനം, സോളാര്‍, നെയ്ത്ത്, ടെലികോം, എണ്ണ ശുദ്ധീകരണ ശാലയിലേക്കുള്ള സാങ്കേതിക സഹായം, ബൈസിക്കിള്‍ പ്ലാന്റ്, ഇന്‍ഡസ്ട്രിയല്‍ എക്വിപ്‌മെന്റ് ആന്‍ഡ് റോളിങ്ങ് പ്ലാന്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇന്ത്യയും ചാഡും സഹകരിക്കുന്നുണ്ട്.
കേരളവുമായി ചാഡിന് മനോഹരമായ ബന്ധമുണ്ട്. 2017 ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചാഡിലേ കേന്ദ്ര സാംസ്‌കാരിക മന്ത്രി പങ്കെടുത്തിരുന്നു. ചാഡിന്റെ വിവിധ മേഖലകളില്‍ മലയാളി സാന്നിധ്യമുണ്ട്. അന്തരാഷ്ട്ര സംഘടനകള്‍, മിഷനറി പ്രവര്‍ത്തനം, ട്രേഡ്, എണ്ണശുചീകരണ മേഖല, വാണിജ്യ -വ്യാപാര മേഖല എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും മലയാളികള്‍ പ്രവര്‍ത്തിക്കുന്നത്. Through the stories of the chad
തുടരും…
Content Summary; Through the stories of the Chad