ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് കേരള സർക്കാരിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു, ഉരുൾപൊട്ടൽ ഉണ്ടാവുന്നതിന് ഒരാഴ്‌ച മുൻപ് തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടത്. എന്നാൽ ഇത്തരത്തിലുള്ള അസാധാരണമായ കാലാവസ്ഥ പ്രതിഭാസങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ലെന്നും പരസ്പരമുള്ള പഴിചാരലിനേക്കാൾ ഇപ്പോൾ വേണ്ടത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമാണെന്ന് പറയുകയാണ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ മനോജ് എം ജി. truth behind amit shahs early warning claim
ഇത്തരത്തിലുള്ള അസാധാരണമായ കാലാവസ്ഥ പ്രതിഭാസങ്ങൾ പ്രവചിക്കുക എന്നത് കേരളത്തിൽ എന്നല്ല ലോകത്തിൽ എവിടെയും സാധ്യമല്ല. വിഷയത്തിന്റെ സ്വഭാവം അത്തരത്തിലുള്ളതായതിനാൽ എന്ത് സംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. പരസ്പരമുള്ള പഴിചാരലുകളെ അപേക്ഷിച്ച് ലഭിക്കാവുന്ന വിവരങ്ങൾ എല്ലാം ശേഖരിച്ച് ദുർഘടഘട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് നമുക്ക് ആവശ്യം. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയതായി കണ്ടിട്ടില്ല. ഉരുൾ പൊട്ടൽ ഉണ്ടാകുന്നതിനു മുമ്പ് വയനാട്ടിൽ ചില ദിവസങ്ങളിൽ യെല്ലോ അലേർട്ടും, ഓറഞ്ച് അലേർട്ടും ആണ് വന്നിരുന്നത്. ഇത്തരത്തിൽ അസാധാരണമായ മഴ എവിടെയെങ്കിലും പെയ്യും എന്ന ഒരു മുന്നറിയിപ്പും ആരും നൽകിയിട്ടില്ല.
ഉരുൾ പൊട്ടുന്നതിനു മുമ്പുള്ള 24 മണിക്കൂറിൽ വയനാട്ടിൽ 37.2 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്, 40 സെന്റിമീറ്ററും അതിൽ കൂടുതൽ ലഭിച്ച ഇടങ്ങളുമുണ്ട്. അതിതീവ്ര മഴ എന്ന് പറയുന്നത് 24 മണിക്കൂറിൽ 21.5 സെന്റിമീറ്റർ ആണ്. അതിതീവ്ര മഴയുടെ രണ്ടിരട്ടിയാണ് അവിടെ പെയ്തത്. മൂന്ന് കുന്നുകൾ ചേർന്ന ഒരു പ്രദേശം ആയത് കൊണ്ട് തന്നെ എവിടെ മഴ പെയ്താലും അത് കേന്ദ്രീകരിക്കപ്പെടുന്നത് അവിടെയാണ്. എല്ലാ ഇടത്തും പെയ്ത വെള്ളം ഒരുമിച്ച് ആ പ്രദേശത്തേക്ക് കിനിഞ്ഞ് ഇറങ്ങിയതാകാം ഇത്ര ഭീകരമായ ഉരുൾപൊട്ടലിലേക്ക് നയിച്ചത്.
ഭൂപ്രകൃതി
20 ഡിഗ്രി ചെരിവോ അതിൽ കൂടുതലോ ഉള്ള സ്ഥലങ്ങളിൽ പ്രദേശത്ത് അതിതീവ്ര മഴ പെയ്താൽ ഉരുൾ പൊട്ടാനുള്ള സാധ്യത ഉണ്ട്. ചൂരൽ മല, മേപ്പാടി പോലുള്ള പ്രദേശങ്ങളിൽ 20 ഡിഗ്രിയിൽ കൂടുതൽ കുത്തനെ ചരിവുള്ള പ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ ഒരു ചെറിയ ഉത്തേജനം ലഭിച്ചാൽ വലിയ വിനാശങ്ങൾ സംഭവിക്കാം. ചെറിയ കല്ല് അടർന്നു വന്നാൽ തന്നെ അതിന്റെ ശക്തി പതിൻ മടങ്ങായി താഴേക്ക് പതിക്കും, ഒപ്പം മണ്ണും വെള്ളവും കൂടി ചേരുമ്പോൾ സകലതും സംഭരിക്കാനുള്ള സംഹാര ശക്തി അതിനു ലഭിക്കും.
സമുദ്ര നിരപ്പിൽ ഏതാണ്ട് 4000 അടി ഉയരത്തിലാണ് ഉരുൾ പൊട്ടൽ ഉണ്ടായ പ്രദേശം സ്ഥിതി ചെയ്യുന്നത്. ബ്ലാക്ക് ലാറ്ററേറ്റ് എന്ന മണ്ണാണ് പ്രദേശത്തുള്ളത്. ഈ മണ്ണ് വെള്ളത്തെ സംഭരിച്ച് വയ്ക്കുമെങ്കിലും ഒരു പരിധി കഴിയുമ്പോൾ പൊട്ടി പോകും. ശ്രദ്ധിച്ചാൽ മനസിലാകും ഉരുൾ പൊട്ടലിൽ വലിയ പാറകൾ ഉരുണ്ട് വന്നിട്ടുണ്ട്. ഇത്തരം പാറകളുടെ അടിയിൽ മണ്ണ് അടരായി ഇരിക്കുകയും വെള്ളം കിനിഞ്ഞിറങ്ങുമ്പോൾ പറയും മണ്ണും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാനും സാധ്യത ഉണ്ട്, ഇത് മൂലമാണോ അപകടം ഉണ്ടായത് എന്ന കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതാണ്.
2020 ൽ പുത്തുമല, ദുരന്തം ഉണ്ടായതിന് ഏകദേശം രണ്ടോ മൂന്നോ കിലോമീറ്റർ മാത്രം ദൂരത്താണ് ചൂരൽ മലയും മേപ്പാടിയുമെല്ലാം, അതുകൊണ്ട് തന്നെ ആ സമയം മുതലേ ബലക്ഷയം ഉണ്ടാവുകയും പിന്നീട് അത്യസാധാരണമായ രീതിയിൽ മഴ പെയ്തപ്പോൾ നിരങ്ങി നീങ്ങി പോന്നതാകാനും സാധ്യത ഉണ്ട്. മനുഷ്യന് പോലും ചെന്നെത്താൻ സാധിക്കാത്ത ഉൾവനത്തിലാണ് ഇതിന്റെ പ്രഭവ കേന്ദ്രം എന്ന് വേണം മനസിലാക്കാൻ. നിലവിൽ ദുരന്തം ഉണ്ടായതിന്റെ കാരണം മഴ തന്നെയാണ് എന്നെ പറയാൻ സാധിക്കു.
മറ്റൊരു സാധ്യത ക്വാറികളുടെ സാന്നിധ്യമാണ്. പ്രഭവ കേന്ദ്രത്തിന്റെ അടുത്താണ് ക്വാറികളെങ്കിൽ അത് തീർച്ചയായും ആ പ്രദേശത്തെ സാരമായി ബാധിച്ചിരിക്കാനുള്ള സാധ്യത ഉണ്ട്. കൂടാതെ അനുവദനീയമായ അളവിൽ കൂടുതലാണ് ഖനനം നടക്കുന്നതെങ്കിലും പരിസ്ഥിതിയെ കൂടുതൽ ബാധിക്കാനുള്ള സാധ്യത ഉണ്ട്. കൂടാതെ, ഉയർന്ന അളവിൽ സ്ഫോടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രകമ്പനങ്ങൾ മേഖലയെ ദുര്ബലപ്പെടുത്താനും കാരണമായിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
അലെർട്ടുകൾ
ഗ്രീൻ അലേർട്ട് സാധാരണ ഗതിയിൽ മഴയുള്ള ഇടങ്ങൾക്കാണ് നൽകുക. ഇത്തരം അലേർട്ടുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർ പ്രത്യേകിച്ച് ആകുലപ്പെടേണ്ടതില്ല. പച്ചയുടെ തൊട്ട് അടുത്ത വിഭാഗമാണ് യെല്ലോ അലേർട്ട്, ഈ അലേർട്ട് നൽകുമ്പോൾ നമ്മൾ ചുറ്റുപാടും എന്താണ് സംഭവിക്കുന്നത് നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ജാഗരൂഗരായിക്കേണ്ട മുന്നറിയിപ്പാണ് ഇത്. മഞ്ഞയെക്കാൾ അല്പം തീവ്രത കൂടിയ അലേർട്ടാണ് ഓറഞ്ച്. ഈ അലെർട്ടുള്ള പ്രദേശങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയോ കാറ്റോ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്നതിനാൽ വളരെ അധികം കരുതി ഇരിക്കേണ്ട സന്ദർഭമാണ് ഇത്.
ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ നടക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളാണെങ്കിൽ ഓടി രക്ഷപ്പെടുമ്പോൾ കയ്യിൽ കരുതേണ്ട അത്യാവശ്യ സാധനങ്ങളുമായി നാം തയ്യാറായിരിക്കണം. ടോർച്ച് ലൈറ്റ്, വെള്ളം, രേഖകൾ, ആരാഹാരസാധനങ്ങൾ തുടങ്ങിയ ഏറ്റവും അത്യാവശ്യമുള്ളവ, എമർജൻസി കിറ്റായി കയ്യിൽ കരുതണം. എന്തെങ്കിലും അസ്വാഭാവികമായ ശബ്ദം കേൾക്കുകയോ മറ്റോ ചെയ്താൽ ശബ്ദം കേട്ടതിന്റെ എതിർ ദിശയിലേക്ക് വേണം ഓടി രക്ഷപ്പെടാൻ. റെഡ് അലേർട്ട് ഏറ്റവും തീവ്രമായ അവസ്ഥയാണ് അതിശക്തമായ സംഭവവികാസങ്ങൾ ഉണ്ടാകും എന്നാണ് ഈ മുന്നറിയിപ്പിന്റെ അർത്ഥം. ഇത്തരം മുന്നറിയിപ്പ് ലഭിക്കുമ്പോൾ ചിന്തിച്ച് നിൽക്കാനുള്ള സമയമില്ല, വയനാട്ടിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ലഭിക്കേണ്ടിയിരുന്നത് റെഡ് അലേർട്ടാണ് പക്ഷെ അതുവരെ ലഭിച്ചത് ഓറഞ്ച് അലേർട്ടാണ് അതുകൊണ്ട് തന്നെ ഒരു പക്ഷേ ആവിടുള്ളവർ ആ ഒരു പ്രാധാന്യമേ കൊടുത്തിരിക്കാൻ സാധ്യതയുള്ളു.
ബോധവൽക്കരണത്തിന്റെ ആവശ്യകത
ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ദുരന്തങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. അപകട മുന്നറിയിപ്പ് നൽകുമ്പോഴും എത്ര പേർ അവിടെ നിന്ന് മാറും എന്നത് വലിയ ഒരു ഘടകമാണ്. അവരുടെ സഹകരണം ഉണ്ടെകിൽ മാത്രമേ, ദുരന്തങ്ങൾക്ക് മുന്നേ ഉള്ള തയ്യാറെടുപ്പുകൾ നടത്താൻ സാധിക്കു. പലപ്പോഴും ജനങ്ങൾ പ്രദേശം വിട്ട് മാറാനുള്ള വിമുഖത കാണിക്കാറുണ്ട്, അതിന്റെ പ്രധാന കാരണം ചില സമയങ്ങളിൽ മുന്നറിയിപ്പ് പ്രവചങ്ങൾ തെറ്റിപ്പോകും എന്നത് കൂടിയാണ്. ഒന്നോ രണ്ടോ തവണ തെറ്റിയാൽ ജങ്ങൾക്ക് അത്തരം പ്രവചനങ്ങളുടെ മേലുള്ള വിശ്വാസ്യത നഷ്ടപ്പെടും. പ്രദേശവാസികളെ പ്രശ്‌നത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കികൊണ്ട് റെഡ് അലേർട്ടുള്ള ഇടങ്ങളിൽ നിന്ന് ഒഴിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്, എങ്കിലും അത് കഴിയാവുന്നത്ര വേഗത്തിൽ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.
content summary; truth behind home minister amit shahs early warning claim