March 21, 2025 |
Share on

അദാനിക്കെതിരെയുള്ള കേസ്;  ഇന്ത്യന്‍ നിയമ മന്ത്രാലയത്തിന്റെ സഹായം തേടി യു.എസ്

265 മില്യണ്‍ ഡോളറിന്റെ കൈക്കൂലിയുമായി ബന്ധപ്പെട്ടതും നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടതുമായ കേസുകളാണ് ഇവര്‍ക്കെതിരെ നിലവിലുള്ളത്

അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരെ അമേരിക്കന്‍ കോടതിയില്‍ നിലവിലുള്ള കേസില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഹായമഭ്യര്‍ത്ഥിച്ച് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി). 265 മില്യണ്‍ ഡോളറിന്റെ കൈക്കൂലിയുമായി ബന്ധപ്പെട്ടതും നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടതുമായ കേസുകളാണ് ഇവര്‍ക്കെതിരെ നിലവിലുള്ളത്. ഇരുവരും അമേരിക്കയില്‍ ഇല്ലാത്തതിനാലും അമേരിക്കന്‍ ജില്ലാ കോടതിക്ക് ഈ കേസ് സംബന്ധിച്ച പരാതികള്‍ ഔദ്യോഗികമായി ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും കൈമാറുന്നതിന് സാധിക്കാത്തതിനാലുമാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ സഹായം യു.എസ് എസ്.ഇ.സി തേടുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അദാനി ഗ്രീന്‍ എനര്‍ജി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിന് വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അദാനി കൈക്കൂലി കൊടുത്തുവെന്ന ആക്ഷേപം ബ്രൂക്ക്ലിനിലെ അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടേഴ്സ് ആരോപിച്ചത്. അത് മാത്രമല്ല കമ്പനി ‘കൈക്കൂലി/അഴിമതി വിരുദ്ധ’ നിലപാടുകള്‍ പാലിക്കുന്നതാണെന്ന് യു.എസ് നിക്ഷേപര്‍ക്ക് തെറ്റായ ഉറപ്പും നല്‍കി. ഈ പരാതികളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഈ ആരോപങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതും ഇത് തെറ്റാണെന്ന് തെളിയാക്കാന്‍ എല്ലാത്തരത്തിലുള്ള നിയമവഴികളും തേടുമെന്നും അദാനി ഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പിയുടേയും ഏറ്റവും വലിയ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന ഗൗതം അദാനിയേയും അനന്തരവനെയും  രക്ഷിക്കാന്‍ യു.എസ് പ്രസിഡന്റ് ട്രംപ് രംഗത്ത് ഇറങ്ങിയതിന്റെ ഭാഗമായാണ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസെസ് ആക്ട് എന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്ന് ശ്രുതിയുണ്ടായിരുന്നു. ട്രംപിനെതിരെയുള്ള കേസ് പുനപരിശോധിക്കണമെന്ന് ചില പാര്‍ലമെന്റംഗങ്ങള്‍ കത്തയ്ക്കുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ യു.എസ് പര്യടനത്തിന്റെ ഭാഗമായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്ന് വന്നത് വാര്‍ത്തയായി മാറി(അദാനി ചോദ്യത്തിൽ വിയർത്ത് മോദി; വ്യക്തികളെക്കുറിച്ച് ചർച്ചകളില്ല). അദാനിയെ സഹായിക്കാന്‍ ട്രംപിനോട് ആവശ്യപ്പെടുമോ എന്നായിരുന്നു മോദിയോടുള്ള ചോദ്യം. എന്നാല്‍ നേതാക്കള്‍ തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ വ്യക്തികളെ കുറിച്ച് സംസാരിക്കാറില്ല എന്നും ‘വസുധൈവ കുടുംബകം’ എന്ന സങ്കല്‍പ്പമാണ് ഇന്ത്യ പിന്തുടരുന്നതുമെന്നുമുള്ള വിചിത്രമായ ഉത്തരമാണ് അദ്ദേഹം നല്‍കിയത്. US SEC sought the help of the Indian Ministry of law in Adani bribery

ഇന്ത്യന്‍ ഭരണകൂടവുമായുള്ള അവിശുദ്ധ ബന്ധം, സംശയാസ്പദമായ വിദേശ ഇടപാടുകള്‍ തുടങ്ങി അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും അന്വേഷണങ്ങളും സമഗ്രമായി വായിക്കാന്‍ അഴിമുഖം സന്ദര്‍ശിക്കുക. ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആധികാരികതയുടെ ഉറപ്പുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക;  https://azhimukham.com/category/adani/

probe

Content Summary; US SEC sought the help of the Indian Ministry of law in Adani bribery probe

×