April 25, 2025 |

നിഗൂഢതകളുടെ സൃഷ്ടി: അസമിലെ മൊയ്ഡാംസ് ശവകുടീര കുന്നുകള്‍ ലോക പൈതൃക പട്ടികയില്‍

കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന തിളങ്ങുന്ന പട്ടണം

ലോകമെമ്പാടുമുള്ള ചരിത്രാന്വേഷകരുടെ പ്രിയപ്പെട്ട ഇടമാണ് ഈജിപ്തും അവിടുത്തെ പിരമിഡുകളും. ഈജിപ്തിലെ പിരമിഡുകള്‍ പോലെ നിഗൂഢതകളുടെ സൃഷ്ടികള്‍ നമ്മുടെ രാജ്യത്തുമുണ്ട്. അതിലൊന്നാണ് അസമിലെ അഹോം രാജവംശത്തിന്റെ ശവകുടീര കുന്നുകളായ മൊയ്ഡാംസ്. ഈ പ്രദേശത്തെ തേടി ലോക അംഗീകാരവും എത്തിയിരിക്കുകയാണ്. ലോക പൈത്യക പട്ടികയിലെ സാംസ്‌കാരിക സ്വത്ത് എന്ന വിഭാഗത്തിലാണ് യുനസ്‌കോ ഈ കുന്നുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Assam’s Charaideo Moidams UNESCO.

മൊയ്ഡാംസ്

അഹോം രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പ്രഭുക്കന്മാരുടെയും ശവകുടീരങ്ങളാണ് മൊയ്ഡാംസ്. ഈ വാക്കിന്റെ ഉത്ഭവം തായ് പദമായ ഫ്രാങ്-മൈ-ഡാം അല്ലെങ്കില്‍ മൈ-തം എന്നതില്‍ നിന്നാണ്. ഡാം എന്നാല്‍ മരിച്ചവരുടെ ആത്മാവ്. ഫ്രാങ്-മൈ എന്നാല്‍ ശവക്കുഴി എന്നുമാണ്. ശിവസാഗറില്‍ നിന്ന് 28 കിലോമീറ്റര്‍ കിഴക്കുള്ള ചറൈഡിയോയിലെ ശവകുടീര കുന്നുകള്‍ക്കാണ് യുനസ്‌കോയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. എഡി 1228 മുതല്‍ 1826 വരെ അസമിന്റെയും വടക്കുകിഴക്കിന്റെയും ഭൂരിഭാഗവും ഭരിച്ചിരുന്ന അഹോം രാജവംശത്തിന്റെ രാജകീയ ശ്മശാന പ്രദേശമാണിവിടം. അഹോംസിലെ പ്രഥമ രാജാവ് ചൗ-ലുങ് സിയു-ക-ഫയെ ആണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്. അസമിലെ എല്ലാ ജില്ലകളിലും മൊയ്ഡാംസ് കാണപ്പെടുന്നുണ്ടെങ്കിലും ചറൈഡിയോ രാജവംശത്തിന്റെ തലസ്ഥാന നഗരിയാണ്. ചെ-റായി-ദോയ് എന്ന മൂന്ന് തായ് അഹോം പദങ്ങളില്‍ നിന്നാണ് ചറൈഡിയോ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ‘ചെ’ എന്നാല്‍ നഗരം അല്ലെങ്കില്‍ പട്ടണം, ‘റായി’ എന്നാല്‍ ‘പ്രകാശിക്കുക’, ‘ദോയ്’ എന്നാല്‍ കുന്ന്. ചുരുക്കത്തില്‍, ചാറൈഡിയോ എന്നാല്‍, ‘ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന തിളങ്ങുന്ന പട്ടണം’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇന്നും ചറൈഡിയോയിലെ തുമുലിയെ ആ നാട്ടുകാര്‍ പവിത്രമായി ഇടമായാണ് കണക്കാക്കുന്നത്.

അസമിലെ പിരമിഡുകള്‍

ചറൈഡിയോയിലെ ഒരു സാധാരണ മൊയ്ഡാംസില്‍ ഒരു നിലവറയും അതില്‍ തന്നെ ഒന്നോ അതിലധികമോ അറകളുമുണ്ട്. ഇവയുടെ മുകളില്‍ ഒരു അര്‍ദ്ധഗോളാകൃതിയിലുള്ള ഒരു മണ്‍കൂനയാണ്. അത് ചെറിയ പച്ചപ്പുള്ള മൊട്ടകുന്ന് പോലെയാണ് കാണപ്പെടുക. ഈ കുന്നിന് മുകളില്‍ ചൗ ചാലി എന്നറിയപ്പെടുന്ന ഒരു പവലിയന്‍ ഉണ്ട്. ഒരു പ്രവേശന കവാടത്തോടുകൂടിയ താഴ്ന്ന അഷ്ടഭുജാകൃതിയിലുള്ള ഒരു മതിലും കുന്നിന്റെ ഭാഗമായി കാണാം. മൊയ്ഡാംസിന്റെ ഉയരം ഉള്ളില്‍ കുഴിച്ചിട്ടിരിക്കുന്ന വ്യക്തിയുടെ ശക്തിയെയും ഉയരത്തെയും അടിസ്ഥാനമാക്കിയാണ് കണകാക്കാറ്. പിരിമിഡുകളിലേത് പോലെ തന്നെ മരിച്ച രാജാവിന്റെ ‘മരണാനന്തര ജീവിതത്തിന്’ ആവശ്യമായ സാധനങ്ങള്‍, അതായത് സേവകര്‍, കുതിരകള്‍, കന്നുകാലികള്‍, അവരുടെ ഭാര്യമാര്‍ എന്നിവരെയെല്ലാം ഇതിനൊപ്പം അടക്കം ചെയ്യും. അതുകൊണ്ട് തന്നെ അസമിലെ പിരമിഡുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നതും. മൊയ്ഡാംസ് ഇന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. മേഖലയില്‍ 150-ലധികം മൊയ്ഡാമുകളാണുള്ളത്. ഇതില്‍ 30 എണ്ണം മാത്രമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്നത്.അസമിലെ തായ്-അഹോം സമൂഹത്തിന്റെ ആഴത്തിലുള്ള ആത്മീയ വിശ്വാസവും സമ്പന്നമായ നാഗരിക പൈതൃകവും വാസ്തുവിദ്യാ വൈദഗ്ധ്യവും ചറൈഡിയോയിലെ ഈ സൃഷ്ടികളില്‍ കാണാം. ഇതാദ്യമായാണ് വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഒരു സ്ഥലം സാംസ്‌കാരിക വിഭാഗത്തിന് കീഴില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്നത്. കാസിരംഗ, മനസ് ദേശീയോദ്യാനങ്ങള്‍ക്കുശേഷം അസമിന്റെ മൂന്നാമത്തെ ലോക പൈതൃക സ്ഥലമാണിത്.

Assam’s Charaideo Moidams UNESCO

 

English Summary: What are Assam’s Charaideo Moidams, India’s UNESCO’s World Heritage Site?

 

Leave a Reply

Your email address will not be published. Required fields are marked *

×