July 17, 2026 |
Share on

ഈ ഞായറാഴ്ച്ച ലോകം ഉറപ്പിക്കുമോ, ഫുട്‌ബോളിന്റെ ഒരേയൊരു രാജാവ് അവന്‍ മാത്രമെന്ന്!

വാഴ്ത്തപ്പെട്ടവരെല്ലാം വീണു പോയിരിക്കുന്നു, ഒരാള്‍ മാത്രം തലയുയര്‍ത്തി നില്‍ക്കുന്നു

അറ്റ്ലാന്റയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള വിജയം അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം മാത്രമായിരുന്നില്ല; ലോക ഫുട്‌ബോളിലെ ‘എക്കാലത്തെയും മികച്ച താരം ആര്’ (Greatest Of All Time – GOAT) എന്ന് കാലങ്ങളായി തുടരുന്നൊരു ചോദ്യത്തിന് ലയണല്‍ മെസ്സി നല്‍കിയ അസന്നിഗ്ദ്ധമായ മറുപടി കൂടിയായിരുന്നു അത്.

ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഫുട്‌ബോളിലെ വര്‍ത്തമാനകാല സൂപ്പര്‍ താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ട്, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിംഗ്ഹാം, മൈക്കല്‍ ഒലീസ് എന്നിവരെല്ലാം തങ്ങളുടെ ടീമുകള്‍ക്കായി ഗോളുകള്‍ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലും അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടി സാന്നിധ്യമറിയിച്ചു. എന്നാല്‍, ടൂര്‍ണമെന്റ് അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തന്നെ തങ്ങളുടെ ടീമിനെ തോളിലേറ്റാന്‍ കഴിഞ്ഞില്ല. സ്വന്തം ടീം പുറത്താകല്‍ ഭീഷണി നേരിട്ട ഒരു വലിയ മത്സരത്തില്‍ പോലും നിര്‍ണ്ണായക സ്വാധീനമാകാനോ ഗോളോ അസിസ്റ്റോ നല്‍കാനോ ഇവര്‍ക്കാര്‍ക്കും സാധിച്ചതുമില്ല. എല്ലാ സൂപ്പര്‍ താരങ്ങളും തോറ്റ് മടങ്ങുമ്പോള്‍, അവിടെ ഒരാള്‍ മാത്രം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു- ലയണല്‍ മെസ്സി!

മെസ്സിയെ തടഞ്ഞുനിര്‍ത്താന്‍ ഇംഗ്ലണ്ട് പല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും അതെല്ലാം പാഴാകുകയായിരുന്നു. മത്സരത്തില്‍ മെസ്സി നേരിട്ട് ഗോള്‍ നേടിയില്ലായിരിക്കാം, എന്നാല്‍ അര്‍ജന്റീന നേടിയ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് അദ്ദേഹത്തിന്റെ മാന്ത്രിക സ്പര്‍ശമായിരുന്നു. ഇംഗ്ലീഷ് പ്രതിരോധത്തെ പിളര്‍ന്നുപോയ ഒരു കൃത്യമായ പാസും, അതിമനോഹരമായ ഒരു ക്രോസുമായിരുന്നു ആ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍. ടീമിന് ആവശ്യമുള്ളപ്പോള്‍ കൃത്യമായി കളി മാറ്റാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ പ്രതിഭ എന്ന് മെസ്സി വീണ്ടും തെളിയിച്ചു.

‘ട്രാഫിക് നിയന്ത്രിക്കാന്‍ പോലും കൊള്ളില്ലെന്ന്’ മറഡോണ പരിഹസിച്ച സ്‌കലോണിമിശിഹ താലോലിച്ച രാജകുമാരന്‍; ലോകകപ്പ് കിരീടത്തിനായി അവര്‍ ഏറ്റുമുട്ടുന്നു!
ചാമ്പ്യന്മാര്‍ക്ക് 482 കോടി, റണ്ണേഴ്സ് അപ്പിന് 317 കോടി; ആകെ പ്രൈസ് മണി 6,404 കോടി രൂപ

ഇനി ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിനെതിരെ അര്‍ജന്റീന ഇറങ്ങുമ്പോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ചില നേട്ടങ്ങളാണ് മെസ്സിയെ കാത്തിരിക്കുന്നത്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതി അര്‍ജന്റീനയ്ക്ക് നേടിക്കൊടുക്കാന്‍ മെസ്സിക്ക് കഴിഞ്ഞാല്‍, പിന്നെ ഫുട്‌ബോള്‍ ലോകത്ത് അദ്ദേഹത്തിന് മുകളില്‍ മറ്റൊരു പേരുകാരന്‍ ഉണ്ടാകില്ല. 64 വര്‍ഷത്തെ ആ കാത്തിരിപ്പ് അവസാനിപ്പിച്ച്, തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് മെസ്സി തന്റെ രാജ്യത്തെ നയിക്കുകയാണെങ്കില്‍, ഫുട്‌ബോളിലെ ‘ഗോട്ട്’ തര്‍ക്കങ്ങള്‍ അവിടെ എന്നെന്നേക്കുമായി അവസാനിക്കും. മറ്റെല്ലാ താരങ്ങളും നാട്ടിലേക്ക് മടങ്ങുമ്പോള്‍ മെസ്സി വീണ്ടുമൊരു ലോകകപ്പ് ഫൈനലിലേക്ക് നടന്നു കയറുകയാണ്; ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന ചോദ്യമില്ലാത്ത പദവിയിലേക്ക്!

Content Summary; Is Lionel Messi the undisputed GOAT? As Argentina reaches the FIFA World Cup 2026 final after defeating England, find out how Sunday’s clash against Spain could end the greatest of all time debate forever

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×