കേരളമേറ്റവുമധികം ചര്‍ച്ച ചെയ്ത സംഭവങ്ങളിലൊന്നായ 2017-ലെ നടി ആക്രമണകേസില്‍ അന്തിമ വിചാരണ ആരംഭിക്കാനിരിക്കെ, മുഖ്യപ്രതി നടത്തിയ വെളിപ്പെടുത്തലുകള്‍ എങ്ങനെയായിരിക്കും ഈ കേസിനെ ബാധിക്കുന്നത് എന്നത് പ്രധാനമാണ്. എട്ടാം പ്രതിയും നടനുമായ ദിലീപിന് അതിജീവിതയായ നടിയോടുള്ള കടുത്ത വൈരാഗ്യമാണ് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ഉപയോഗിച്ച് ലൈംഗികമായി ആക്രമിക്കാനും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ഇടയാക്കിയത് എന്നതാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പലവട്ടം പുറത്ത് വന്നിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് ഇതെന്നും ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും പ്രതിഭാഗത്തിന് വേണ്ടി നിയമസഹായം നല്‍കുന്നവരും അതിജീവിതയ്ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നവരും അഭിപ്രായപ്പെടുന്നു. അതേസമയം ഇനിയും കേസ് വൈകിപ്പിക്കാനും സങ്കീര്‍ണമാക്കാനുമുള്ള ശ്രമമാണിതെന്നും ആരോപണമുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ഈ കേസിന്റെ നിര്‍ണായക വഴിത്തിരിവുകള്‍ പുറത്ത് കൊണ്ടുവന്നിട്ടുള്ള മാധ്യമമെന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിച്ച വാര്‍ത്തയുടെ പ്രക്ഷേപണമെന്ന ഉത്തരവാദിത്തനിര്‍വഹണമാണ് നടത്തിയെന്നാണ് ചാനലിന്റേയും റിപ്പോര്‍ട്ടറുടേയും വാദം.
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ വാദിഭാഗവും പ്രതിഭാഗവും
കേസിലെ അന്തിമ വിചാരണയും എറണാകളും പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ തന്നെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലുള്ള വാദം ഹൈക്കോടതിയില്‍ നടക്കും. ഈ ആവശ്യം നേരത്തേ സിംഗിള്‍ ബഞ്ച് തള്ളിയതായിരുന്നു. അതിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ച ദിലീപിന്റെ നടപടി കോടതി ചോദ്യം ചെയ്തു. എങ്ങനെയാണ് ഒരു കേസിലെ പ്രതി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യം. എന്നാല്‍ സ്വതന്ത്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ കേസിന്റെ സത്യം പുറത്ത് വരൂ എന്നാണിപ്പോള്‍ പ്രതിയുടെ അഭിഭാഷകര്‍ പറയുന്നത്. ഈ ഹര്‍ജിയില്‍ കൂടുതല്‍ വാദമാണ് തിങ്കളാഴ്ച കേള്‍ക്കുക.
ഇതിനിടയിലാണ് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് കൊണ്ടുവരുന്നത്. കേസില്‍ സുപ്രധാന തെളിവുകള്‍ അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതും റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ്. കേസിലെ തെളിവായ ഫോണിലെ മെമ്മറി കാര്‍ഡുകളിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടുവെന്നതിന് തെളിവുകളും റിപ്പോര്‍ട്ടര്‍ ചാനല്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചാനലില്‍ ഇത്തരമൊരു അഭിമുഖം വന്നത് സ്വഭാവികമാണെന്നിരിക്കലും അത് കേസിലെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം നിയമവിദഗ്ദ്ധരും ഈ കേസിനെ തുടക്കം മുതല്‍ നിരീക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകരും ഉന്നയിക്കുന്നുണ്ട്.
ഒന്നാം പ്രതിയും എട്ടാം പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലുകളുടെ ഉദ്യേശശുദ്ധിയുമാണ് സംശയിക്കപ്പെടുന്നത്. കേസില്‍ സി.ബി.ഐയെ സമീപിക്കാനുള്ള പ്രതിയുടെ ശ്രമത്തിന് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ വിചാരണ നിര്‍ത്തിവയ്പ്പിക്കാനുള്ള ശ്രമം പ്രതിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും നിയമവിദഗദ്ധര്‍ പറയുന്നു. നിര്‍ണായകമായ മെമ്മറി കാര്‍ഡുകള്‍ നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന ആരോപണത്തിന് മേല്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് കൈമാറാനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടര്‍ച്ചയായി തിരിച്ചടി നേരിട്ട പ്രതിഭാഗത്തിന്റെ ഭാഗത്ത നിന്ന് അന്തിമ വിചാരണയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത് എന്നാണ് ആരോപണം.
കേസിലെ നിര്‍ണായകമായ പ്രതിഭാഗം തിരിച്ചെടുക്കാനാവാത്തവിധം നശിപ്പിച്ചുവെന്ന ആരോപണത്തെ അട്ടിമറിക്കുന്നതാണ് ഫോണ്‍ എവിടെയാണുള്ളത് എന്ന് പറയില്ല എന്ന തരത്തിലുള്ള സുനിയുടെ പ്രസ്താവന. അതുപോലെ തന്നെ പ്രധാനമാണ് അതിജീവിതയുമായി നല്ല പരിചയമുണ്ടെന്ന വിധത്തിലുള്ള സുനിയുടെ സംസാരം. ഇതു രണ്ടും കേസില്‍ അതിജീവിതക്കെതിരായി പ്രതിയുടെ അഭിഭാഷകര്‍ ഉപയോഗിക്കുമോ എന്നുള്ളതും അതിനിര്‍ണായകമാണ്. അതിലുപരി പള്‍സര്‍ സുനി വെളിപ്പെടുത്തലുകള്‍ നടത്തിയത് ക്യാമറയുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് എന്ന് പ്രതിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതും ഈ വിഷയത്തെ സങ്കീര്‍ണമാക്കുന്നു. The revelations and ongoing legal battle in actress attack case
Content Summary; The revelations and ongoing legal battle in actress attack case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.