April 19, 2025 |

ലക്ഷ്യം മറന്നു, പോലീസിന്റെ സംഘടനാ തലപ്പത്തുള്ളത് സ്തുതിപാഠകര്‍: ചന്ദ്രാനന്ദന്‍

കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്

ജോലിസമയം 8 മണിക്കൂറാക്കുക, ആഴ്ചയിലെ അവധി എങ്കിലും തരണം. 24-48 മണിക്കൂര്‍ ജോലി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പോലീസ് സേനയില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒടുവില്‍ പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകളെക്കുറിച്ച് നിയമസഭയില്‍ അടിയന്തിര പ്രമേയമായി വിഷയം എത്തുകയും ചെയ്തു. ഇതോടെ സജീവ ചര്‍ച്ചയായിരിക്കുകയാണ് ഇക്കാര്യം. വിഷയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥരുടെ ജോലിഭാരത്തെ അംഗീകരിക്കുകയും അംഗസംഖ്യയിലെ കുറവ് വാസ്തവമാണെന്നും എട്ടുമണിക്കൂര്‍ ജോലി സമയം എന്നത് പോലീസില്‍ പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സമ്മതിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ജോലി സമയത്തിന് പരിധി വേണമെന്ന തൊഴിലാളികളുടെ ആവശ്യം നിരാകരിക്കുമ്പോള്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ ജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്ന പോലീസ് സേനയുടെ ആവശ്യം നടപ്പാക്കാതിരിക്കുമ്പോള്‍ ഭീഷണിയിലാവുന്നത് സമൂഹത്തിന് തന്നെയാണ്. പോലീസ് സേനയുടെ ക്ഷേമം ഉറപ്പുവരുത്തേണ്ട സംഘടന പോലും വിഷയത്തില്‍ നിസ്സംഗത തുടരുകയാണോ? ഈ നിസ്സംഗത ഇനിയും തുടര്‍ന്നാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ദുരവ്യാപകമായ പ്രത്യാഘാതമായിരിക്കും രാജ്യത്ത് സംഭവിക്കുക. കാരണം സേനയിലേക്ക് വരാന്‍ യുവതലമുറ തയ്യാറാവാത്ത അവസ്ഥ വരും. മക്കളെ കൊല്ലാന്‍ കൊടുക്കാന്‍ മാതാപിതാക്കളും തയ്യാറാവില്ല എന്ന് കൂടി ഓര്‍മപ്പെടുത്തുന്നു. പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പോലീസ് നേരിടുന്ന വെല്ലുവിളിയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെ കുറിച്ചും കുറ്റപത്രം-എന്ന് പേരിട്ടിരിക്കുന്ന അഴിമുഖം അന്വേഷണ പരമ്പരയില്‍ സംസാരിക്കുകയാണ് കേരള പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രാനന്ദന്‍.

സിപിഒ ജോലിയെ നിര്‍വചിക്കാമോ?

സിപിഒ ജോലിയെ പ്രത്യേകിച്ച് ഇന്നത് എന്ന് പറഞ്ഞ് നിര്‍വചിക്കാന്‍ സാധിക്കില്ല. ക്രമസമാധാനം ഉറപ്പ് വരുത്തല്‍, ആക്സിഡന്റ് കേസുകള്‍ കൈകാര്യം ചെയ്യല്‍, കേസുകളില്‍ അന്വേഷണം, ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ തയ്യാറാക്കല്‍ മുതല്‍ വാറണ്ട്്, സമന്‍സ്, കോടതിയില്‍ ഹാജരാകല്‍ എന്നിങ്ങനെ നീളുന്നതെല്ലാം അവരുടെ ജോലിയുടെ ഭാഗമാണ്.

ദുരവസ്ഥ; ആരാണ് പ്രതിക്കൂട്ടില്‍?

പോലീസ് സംഘടനകളുടെ പ്രവര്‍ത്തനം മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ ദയനീയമായ സ്ഥിതിയിലാണ്. ഭരണകക്ഷിയോട്ടുള്ള രാഷ്ട്രീയ വിധേയത്വം മൂലം സ്തുതിപാഠകരായി അവര്‍ മാറിയിരിക്കുകയാണ്. പോലീസിലെ വിഷയങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഭരണാധികാരികളുടെയും മേലുദ്യോഗസ്ഥരുടെയും മുന്നിലെത്തിക്കാനും പരിഹാരം കണ്ടെത്താനും ശ്രമിക്കാതെ സ്ഥാനങ്ങളെ അലങ്കാരങ്ങളായി കൊണ്ടു നടക്കുന്ന സംഘടനാ നേതാക്കളാണ് പോലീസുദ്യോഗസ്ഥരുടെ ദുരവസ്ഥയ്ക്ക് യഥാര്‍ത്ഥ കാരണക്കാര്‍.

പോലീസുകാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട സംഘടനകള്‍ അവരുടെ ലക്ഷ്യങ്ങള്‍ മറന്നു പോയതിനാലാണ് ജനപ്രതിനിധികള്‍ ഈ വിഷയം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായത്. പോലീസുദ്യോഗസ്ഥരുടെ നീറുന്ന പ്രശ്‌നങ്ങളില്‍ അവരുടെ നാവും ശബ്ദവുമാകേണ്ട സംഘടനാ നേതൃത്വം കഴിവുകേട് മൂലം കേവലം ന്യായീകരണ തൊഴിലാളികളായി അധപതിച്ചിരിക്കുകയാണ്. അവരില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ഒരു പ്രതീക്ഷയുമില്ല. സഹപ്രവര്‍ത്തകരുടെ വേദനകള്‍ക്കൊപ്പം നില്‍ക്കാതെ ആരെയൊക്കയോ വെളളപൂശാന്‍ നില്‍ക്കുന്നവരാണ് അവര്‍. അവരാണ് യഥാര്‍ത്ഥ വര്‍ഗവഞ്ചകരെന്ന് പോലീസുദ്യോഗസ്ഥര്‍ തിരിച്ചറിയുന്നുണ്ട്.

പോലിസിന് പോലീസിങ് ജോലി മാത്രം മതി

ക്രമസമാധാനപാലനവും കുറ്റാന്വേഷണവുമാണ് പോലീസ് ജോലിയുടെ പ്രധാന പ്രവര്‍ത്തനമെങ്കിലും ഇന്ന് പോലീസ് ഇടപെടാത്ത മേഖലകള്‍ ഒന്നും തന്നെയില്ല. ജനമൈത്രീ പദ്ധതിയുടെ ഭാഗമായി പോലീസിന് വന്ന് ചേര്‍ന്ന ജോലികള്‍ നിരവധിയാണ്. മതിയായ അംഗബലമില്ലാത്തതിനാല്‍ ലോ ആന്റ് ഓര്‍ഡറും ക്രൈമും വേര്‍തിരിക്കല്‍ എന്ന ആശയം പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിക്കില്ല. ജസ്റ്റിസ് കെടി തോമസ് പോലീസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാന നിര്‍ദ്ദേശമായി വച്ച ആശയം ഇതുവരെയും നടപ്പിലാക്കാനായിട്ടില്ല .

എട്ടു മണിക്കൂറിലധികം വരുന്ന ഡ്യൂട്ടികളും നൈറ്റ് പെട്രോളിംഗ് അടക്കമുള്ള ജോലിക്ക് ഒരു സ്റ്റേഷനില്‍ നിത്യേനയുള്ള ജോലിക്ക് ശരാശരി 60 ഓളം പേര്‍ വേണം. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് റെസ്റ്റ് നല്‍കുന്നത് കൂടി കണക്കിലെടുത്താല്‍ നൂറോളം പേര്‍ വേണം. പക്ഷെ ശരാശരി 40 പോലീസുകാരാണ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കായി കിട്ടുന്നത്. കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. പോലീസ് ജോലിയിലെ സമയക്ലിപ്തതയില്ലായ്മയും വിശ്രമരഹിതവും ഇടവേളകളില്ലാത്ത ജോലി സാഹചര്യവും മറ്റു സര്‍ക്കാര്‍ ജോലിക്കില്ല. അതുകൊണ്ട് തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബപരമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ ആരോഗ്യപ്രശ്‌നങ്ങളും മാനസിക സമ്മര്‍ദങ്ങളും ഉണ്ടാകുന്നു.

ആളില്ലാത്തതിനാലും സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ കൂടി എത്തിയതോടെ ജോലിഭാരം കൂടിയതും പൊലീസ് ഉദ്യോഗസ്ഥരില്‍ ശാരീരിക മാനസിക സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഒരു സ്‌റ്റേഷനില്‍ 40 പോലീസുകാര്‍ ഉണ്ടെന്ന് കരുതു. എന്നാല്‍ ആ എണ്ണം സാങ്കേതിക സംഖ്യ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും ആളില്ലാത്ത അവസ്ഥയാണ് ഓരോ സ്‌റ്റേഷനുകളിലുമുള്ളത്. ഇരുപതോളം പേര്‍ വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഉണ്ടാവില്ല, ഒപ്പം അവധിയില്‍ പോയവരുണ്ടാവാം. വിജിലന്‍സ് കോടതി, കുടുംബ കോടതി എന്നിവയിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തുന്നവരില്‍ നിന്ന അയയ്ക്കണം. ജനമൈത്രി, പിങ്ക് പട്രോള്‍, സ്റ്റുഡന്റ് കെഡറ്റ് പൊലീസ് ചുമതല, ആന്റി നര്‍കോട്ടിക് കമ്മിറ്റി, സ്റ്റുഡന്റ് പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് എന്നിങ്ങനെയുള്ള പദ്ധതികള്‍ക്ക് സ്റ്റേഷനിലെത്തുന്ന പൊലീസുകാരെ നിയമിക്കണം.സ്ഥലംമാറ്റം, പ്രമോഷന്‍, വിരമിക്കല്‍ എന്നിവയിലൂടെ സ്റ്റേഷനില്‍ നിന്നും പോയ പൊലീസുകാര്‍ക്കു പകരമായി പുതിയവരെ നിയമിക്കാത്ത പ്രശ്‌നവും ഉണ്ടാവും.

വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വകുപ്പുതല അച്ചടക്ക നടപടി

ക്രമസമാധാന പരിപാലന വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതികളെ കുറിച്ച് മേലധികാരികള്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയും,കൃത്യമായ ആശയവിനിമയം നടത്തിയും നൂതന വിഷയങ്ങളില്‍ അനുയോജ്യമായ പരിശീലനം നല്‍കിയും ക്രമസമാധാന പരിപാലനത്തിന് സജ്ജരാക്കി ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കേണ്ടതാണ്.

പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍വഹണത്തിനിടയില്‍ അവരുടെ ഔദ്യോഗിക വിശ്വാസത്തില്‍ ചെയ്യുന്ന കാര്യങ്ങളില്‍ മനപ്പൂര്‍വ്വമല്ലാത്തതായ പിഴവുകള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അല്ലെങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് എന്തെങ്കിലും സാഹചര്യമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥനെ അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും നീക്കം ചെയ്‌തോ, സ്ഥലം മാറ്റിയോ അല്ലെങ്കില്‍ വാച്യ/അവാച്യ (OE/ Non OE) അന്വേഷണത്തിന് ഉത്തരവിട്ടോ ഉടന്‍ ശിക്ഷ നടപ്പാക്കുന്നതിനു പകരം ഉദ്യോഗസ്ഥനെ നേരിട്ടു വിളിച്ചു വരുത്തി കാര്യങ്ങള്‍ മനസ്സിലാക്കുന്നതും  മുന്‍കാല സര്‍വീസ്/അച്ചടക്ക രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ടതും ഇയാള്‍ ബോധപൂര്‍വമോ അല്ലാതെയോ ചെയ്ത പിഴവാണോ എന്നും കണ്ടെത്തിയതിനു ഒഴിവാക്കികൊടുക്കേണ്ടതാണ്.

ചെറിയ കൃത്യവിലോപത്തിനുപോലും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വകുപ്പുതല അച്ചടക്ക നടപടി ക്രമങ്ങള്‍ ഒഴിവാക്കി പകരം പോലീസ് സഭകള്‍ ശക്തമാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സമ്മര്‍ദ്ദങ്ങളും കീഴുദ്യോഗസ്ഥരോടുള്ള സമീപനത്തിലും മാറ്റം വരണംഡ്യൂട്ടി സമയം ക്ലിപ്തപ്പെടുത്തി വേര്‍തിരിച്ചാല്‍ അധിക ജോലിഭാരം ഒഴിവാക്കാനാകും. മറ്റു വകുപ്പിന്റെ ജോലികള്‍ പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുമ്പോള്‍ ആയത് നിലവിലെ അവരുടെ ഔദ്യോഗിക ഉത്തരവാദിത്വത്തെ ബാധിക്കാത്ത തരത്തിലാണെന്ന് മേലധികാരികള്‍ ഉറപ്പ് വരുത്തേണ്ടതും പരമാവധി അത്തരം ജോലികളില്‍ നിന്നും ഒഴിവാക്കേണ്ടതുമാണ്.

18 മണിക്കൂര്‍ വരെ നീളുന്ന ഷിഫ്റ്റ്

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായി ഒഴിച്ചുകൂടാന്‍ പറ്റാത്ത ദിവസങ്ങളിലെ ലീവ് അപേക്ഷകള്‍ (ചികിത്സാര്‍ത്ഥം,വിവാഹ വാര്‍ഷിക ദിനാഘോഷം, കുട്ടികളുടെ ജന്മദിനാഘോഷം,മറ്റ് വിശേഷ ദിവസങ്ങളിലെ ലീവ്..,) മേലുദ്യോഗസ്ഥര്‍ അനുഭാവപൂര്‍വ്വം സ്വീകരിച്ച് അവധി നല്‍കേണ്ടതാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും 12 മുതല്‍ 18 മണിക്കൂര്‍ വരെ നീളുന്ന ഷിഫ്റ്റിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടത്.

അതിനാല്‍ പോലീസ് സ്റ്റേഷനുകളിലുമുള്ള വിശ്രമമുറികള്‍, ശുചിമുറികള്‍ കൃത്യമായിട്ടുള്ള നവീകരിച്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട രീതിയിലുള്ള വിശ്രമം മേലധികാരികള്‍ ഉറപ്പുവരുത്തേണ്ടതാണ്. ആരോഗ്യപ്രശനങ്ങളുള്ള ഉദ്യോഗസ്ഥരെയും, ഭിന്നശേഷിക്കാരായതും/മാനസിക വെല്ലുവിളി നേരിടുന്നവരുമായ കുട്ടികള്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് നിയമന/സ്ഥലംമാറ്റ വേളയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതാണ്.

 

http://മുഖം കറുപ്പിച്ചേ സംസാരിക്കു, പരസ്യശകാരവും; ആരറിയുന്നു ഈ അപമാനങ്ങള്‍- പരമ്പര-2 

‘ഞങ്ങള്‍ ചത്തെന്ന വാര്‍ത്തയ്ക്ക് താഴെ വരുന്നത് സ്‌മൈലി’- പരമ്പര-1

http://പോലീസിലെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍; എന്താണ് പരിഹാരം?

English Summary: Stress and Police Personnel-Interview

Leave a Reply

Your email address will not be published. Required fields are marked *

×