കെ ഗോപാലകൃഷ്ണന്‍, എന്‍ പ്രശാന്ത് എന്നീ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ ഹിന്ദു വാട്‌സ്ഗ്രൂപ്പ് ഉണ്ടാക്കിയെന്ന പരാതിയിലാണ് വ്യവസായ വകുപ്പ് ഡയറക്ടറായ ഗോപാലകൃഷ്ണനെതിരേ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എം ജയതിലകിനെതിരേ സോഷ്യല്‍ മീഡിയ വഴി വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ റിപ്പോര്‍ട്ടുകളുടെ പുറത്താണ് ഇരുവര്‍ക്കുമെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിച്ചിരിക്കുന്നത്.
ബ്യൂറോക്രസി മത ജാതി ചേരികളിലേക്ക് ചായുന്നുവോ?
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിലാണ് ഗോപാലകൃഷ്ണന്‍ വിവാദത്തിലായത്. എന്നാല്‍, തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍ ഇത്തരത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്താന്‍ അന്വേഷണം കൊണ്ട് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിവാദമായ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തിരുന്നതിനാല്‍ ഹാക്കിംഗ് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മെറ്റയില്‍ നിന്ന് കിട്ടിയ അറിയിപ്പും. പ്ലേ സ്റ്റോറില്‍ നിന്നല്ലാത്ത ആപ്ലിക്കേഷനുകളൊന്നും ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്ന ഗൂഗിളിന്റെ മറുപടിയും ഗോപാലകൃഷ്ണന്റെ ഫോണ്‍ മറ്റെവിടെ നിന്നെങ്കിലും നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന വിവരവും പൊലീസിന് ലഭിച്ചതോടെയാണ് ഹാക്കിംഗ് വാദം പൊളിഞ്ഞത്.
കേരളത്തിലെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്തായിരുന്നു ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയുള്ള ഗ്രൂപ്പ് രൂപീകരിച്ചത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു ഗ്രൂപ്പിന്റെ വിവരം പുറത്തു വന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം മനസിലായെന്നോണം ഗ്രൂപ്പം ഡിലീറ്റ് ചെയ്തു.
ജയതിലകിനോട് സന്ധിയില്ല, ഭയവുമില്ല, വാശിയാണുള്ളത്; കൂടുതല്‍ ആരോരപണങ്ങളുമായി പ്രശാന്ത്
വിവരം പുറത്തു വന്നതോടെ ഗോപാലകൃഷ്ണന്‍ തടിതപ്പാന്‍ നോക്കി. താനല്ല ഗ്രൂപ്പ് നിര്‍മിച്ചതെന്നും, ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ചില ഉദ്യോഗസ്ഥര്‍ വിവരം പറഞ്ഞപ്പോഴാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നു മനസിലായതെന്നും, സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ വിശദീകരിക്കാന്‍ നോക്കി. കഴിഞ്ഞമാസം 30നാണ് ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്ന പേരില്‍ ഗോപാലകൃഷ്ണന്‍ അഡ്മിനായി വാട്സ്ആപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. ഹാക്ക് ചെയ്തവര്‍ ‘മല്ലു മുസ്ലിം ഓഫീസേഴ്സ്’എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും തന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.
മല്ലു ഹിന്ദു വാട്‌സ്ഗ്രൂപ്പ് ഉണ്ടാക്കിയ വിവാദത്തിന് തൊട്ടു പിന്നാലെയായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തും തമ്മിലുള്ള ഏറ്റുമുട്ടല്‍. പട്ടികതാജി-പട്ടിക വര്‍ഗ വകുപ്പില്‍ ഉണ്ടായിരിക്കെ പ്രശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചകള്‍ കാണിച്ച് ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയും, ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പത്രങ്ങള്‍ വഴി പുറത്തു വരികയും ചെയ്തതോടെയാണ് സീനിയര്‍ ഓഫിസര്‍ക്കെതിരേ പരിഹാസവും ആക്ഷേപങ്ങളുമായി പ്രശാന്ത് എത്തിയത്. പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി (കേരള എംപവര്‍മെന്റ് സൊസൈറ്റി)യിലെ ഫയലുകള്‍ കാണാനില്ലെന്ന പരാതിയിലാണ് നിലവില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന സമയത്ത് എന്‍. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജര്‍’ രേഖപ്പെടുത്തിയെന്നായിരുന്നു ജയതിലകിന്റെ റിപ്പോര്‍ട്ടിലെ ഗുരുതരമായൊരു കണ്ടെത്തല്‍. ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് ‘ഓണ്‍ ഡ്യൂട്ടി’ എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലമെന്നും മാസത്തില്‍ പത്തുദിവസം പോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുവര്‍ഷത്തെ ഹാജര്‍ കണക്ക് സഹിതമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ‘ഓണ്‍ ഡ്യൂട്ടി’ അപേക്ഷ നല്‍കുക. എന്നാല്‍, ഈ ദിവസങ്ങളില്‍ അത്തരം യോഗങ്ങള്‍ നടന്നിട്ടില്ലെന്നതിന്റെ ഫീല്‍ഡ് റിപ്പോര്‍ട്ട് അടക്കം അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.
2023 മാര്‍ച്ച് 16-ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ ഉന്നതിയുടെ സി.ഇ.ഒ.യായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന് ഔദ്യോഗികമായി ചുമതല കൈമാറാനോ, രേഖകള്‍ കൈമാറാനോ അതുവരെ സി.ഇ.ഒ. ആയിരുന്ന പ്രശാന്ത് തയ്യാറായില്ല. ഗോപാലകൃഷ്ണന് ചുമതല ഏറ്റെടുക്കാനുള്ള അനുമതി നല്‍കി ഏപ്രില്‍ 29-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയാണുണ്ടായത്. തുടര്‍ന്ന് രേഖകള്‍ ലഭിക്കണമെന്ന് കാണിച്ച് പ്രശാന്തിന് കത്ത് നല്‍കിയതായും രണ്ടുമാസത്തിന് ശേഷം രണ്ട് കവറുകള്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിച്ചുവെന്നുമാണ് പറയുന്നത്. എന്നാല്‍ ഈ കവറുകളിലൊന്നും ഉന്നതിയുടെ പ്രധാനപ്പെട്ട രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്ന് ജനകീയനായ ‘കളക്ടര്‍ ബ്രോ’, ഇന്ന് വിവാദ നായകനായ ഐഎഎസുകാരന്‍
ഈ വിവരങ്ങളൊക്കെയും പുറത്തു വന്നതോടെയാണ് ഗോപാലകൃഷ്ണനും ജയതിലകിനും എതിരേ പ്രശാന്ത് പരസ്യമായി രംഗത്തു വന്നത്. ജയതിലകിനെതിരേയാണ് കൂടുതലും ആരോപണങ്ങള്‍. അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ ഒരുങ്ങിയിരിക്കുന്ന ജയതിലകാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തതെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ജയതിലകിനെതിരേ സിബിഐ അന്വേഷണം നടന്ന വാര്‍ത്തയൊക്കെ പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സത്യസന്ധരായ പല ഉദ്യോഗസ്ഥരുടെയും ജീവിതവും കരിയറും നശിപ്പിച്ചയാളാണ് ജയതിലകെന്നും, അദ്ദേഹത്തോട് സന്ധിയാകാന്‍ പലരും ഭീഷണിപ്പെടുത്തിയെങ്കിലും താനതിന് തയ്യാറല്ലെന്നുമായിരുന്നു പ്രശാന്തിന്റെ വെല്ലുവിളി. ജയതിലകിന്റെ പ്രതികാര നടപടികള്‍ക്ക് അന്ത്യമുണ്ടാക്കാനുള്ള വാശിയിലാണ് താനെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥന്‍’; പ്രശാന്തിനെ ‘വില്ലന്‍’ ആക്കി മേഴ്‌സിക്കുട്ടിയമ്മ
ഇതിനിടയില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് വലിയ വിവാദമായ ആഴക്കടല്‍ മത്സ്യബവന്ധന കരാറുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരേ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മ രംഗത്ത് വന്നിരുന്നു. വഞ്ചകനായ ഉദ്യോഗസ്ഥനാണ് പ്രശാന്ത് എന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ ആക്ഷേപം. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എംഡിയായിരുന്നു സമയത്തായിരുന്നു പ്രശാന്ത് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍പ്പെട്ടത്. എന്നാല്‍ മേഴ്‌സിക്കുട്ടിയമ്മ ആരാണ് എന്നായിരുന്നു, തന്റെ മുന്‍ വകുപ്പ് മന്ത്രിയെക്കുറിച്ച് പ്രശാന്ത് പരിഹാസരൂപേണയിട്ട കമന്റ്.
സീനിയര്‍ ഉദ്യോഗസ്ഥനെതിരേ പരസ്യപ്രതികരണം ഉണ്ടാകരുതെന്നും അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും ചീഫ് സെക്രട്ടറിയില്‍ നിന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും അടങ്ങാതിരുന്ന പ്രശാന്തിന് ഒടുവില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. Government suspended K Gopalakrishnan and N Prasanth ias officers
Content Summary; Government suspended K Gopalakrishnan and N Prasanth ias officers