ബൈജൂസ് ആപുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനും യു.ഡി.എഫ് ഘടക കക്ഷി നേതാവുമായ രാജേന്ദ്രന്‍ വെള്ളപ്പാലത്തിന് വേണ്ടി അമേരിക്കന്‍ കോടതിയില്‍ ഹാജരാകുന്ന രണ്ട് നിയമ സഹായ സ്ഥാപനങ്ങളും അവരുടെ വക്കാലത്ത് പിന്‍വലിക്കാന്‍ ഡെല്‍വെയ്ര്‍ ബാങ്കറപ്റ്റ്സി കോടതിയില്‍ ഹര്‍ജി നല്‍കി. കക്ഷിയുമായുള്ള പരിഹരിക്കാന്‍ പറ്റാത്ത അഭിപ്രായ വ്യത്യാസങ്ങളും അവരുടെ സേവനത്തിന് പണം നല്‍കാതിരിക്കുന്നതുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
രാജേന്ദ്രന്‍ വെള്ളപ്പാലത്തും ബൈജൂസ് തട്ടിപ്പ് കേസും തമ്മിലുള്ള ബന്ധമെന്ത്?
രണ്ട് വ്യത്യസ്ത കേസുകളിലാണ്, രണ്ട് നിയമസ്ഥാപനങ്ങള്‍ മാര്‍ച്ച് അഞ്ചിന് യു.എസ് കോടതിയില്‍ അഭിഭാഷകര്‍ കേസ് ഫയല്‍ ചെയ്തത്. വെള്ളപ്പാലത്തിനും അദ്ദേഹത്തിന്റെ കമ്പനിയായ വോയ്സ്ഇറ്റിനും വേണ്ടി ഹാജാരായി കൊണ്ടിരുന്ന സ്ഥാപനങ്ങളാണിവ. നിയമസഹായം അവര്‍ ഒരുമിച്ച് പിന്‍വലിക്കുകയാണുണ്ടായത്. അഭിഭാഷകര്‍ക്കും കക്ഷിയായ രാജേന്ദ്രന്‍ വെള്ളപ്പാലത്തിനുമിടയില്‍ വളരെ പ്രധാനപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും പ്രതികള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് അടിസ്ഥാനപരമായ ചില വിയോജിപ്പുകളുണ്ടെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
ബൈജു രവീന്ദ്രനുമായി വളരെ അടുത്ത ബന്ധമുള്ള രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ ദുബായ് ആസ്ഥാനമായുള്ള കമ്പനിയായ വോയ്സ്ഇറ്റ്, അമേരിക്കന്‍ ട്രസ്റ്റിഷിപ്പിലുള്ള, ബൈജൂസ് കമ്പനികളുടെ ആപുകള്‍ മോഷ്ടിച്ചുവെന്നാണ് കേസ്. ബൈജൂസ് കമ്പനി അമേരിക്കയില്‍ നിന്ന് വായ്പയെടുത്ത 1200 കോടി യു.എസ് ഡോളര്‍ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ആരംഭിച്ച കേസിന്റെ തുടര്‍ച്ചയാണിത്. വായ്പ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബൈജൂസിന്റെ അമേരിക്കയിലുള്ള സ്വത്തുക്കളായ എപിക്, ന്യൂറോണ്‍ ഫ്യൂല്‍, റ്റാന്‍ജബ്ള്‍ പ്ലേ എന്നീ കമ്പനികളെ ഡെല്‍വെയ്ര്‍ ബാങ്കറപ്റ്റ്സി കോടതി ഒരു ട്രസ്റ്റിഷിപ്പിന് കീഴിലാക്കുകയായിരുന്നു. 2024 സെപ്തംബര്‍ 23ന് നിയമിക്കപ്പെട്ട ട്രസ്റ്റി രണ്ട് മാസത്തിനുള്ളില്‍, അതേ വര്‍ഷം നവംബറില്‍, ഡെല്‍വെയ്ര്‍ കോടതിയെ സമീപിച്ച്, വോയ്സ് ഇറ്റ് എന്ന കമ്പനി ട്രസ്റ്റിഷിപ്പിലുള്ള ഈ മൂന്ന് കമ്പനികളില്‍ നിന്നും ആപ് മോഷ്ടിച്ചുവെന്നും ഉടനടി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അഴീക്കോട് നിന്ന് തുടങ്ങി അമേരിക്കന്‍ കോടതിയില്‍ അവസാനിക്കുമോ?
രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ കമ്പനി വോയ്സ്ഇറ്റ് ബൈജൂസിന്റെ മാതൃ സ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ ചീഫ് കണ്ടന്റ് ഓഫീസര്‍ വിനയ് രവീന്ദ്രയുടെ സഹായത്തോടെ വായ്പ നല്‍കിയവരില്‍ നിന്നും -അവരുടെ കൈവശം ട്രസ്റ്റിഷിപ്പിലുള്ള ബൈജൂസ് കമ്പനികളില്‍ നിന്നും- ചിട്ടയായി മോഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഡെല്‍വെയര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ട്രസ്റ്റി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപംബര്‍ 26-നും ഒക്‌ടോബര്‍ ഒന്നിനുമിടയില്‍ വിനയ് രവീന്ദ്ര ബൈജൂസിന്റെ കുടക്കീഴിലുള്ള മറ്റൊരു കമ്പനിയായ വൈറ്റ്ഷെറ്റന് രണ്ട് ലക്ഷം ഡോളര്‍ കൈമാറിയെന്നാണ് ഒരു ആരോപണം. 2024 ഒക്ടോബര്‍ മൂന്നിന് വിനയ് രവീന്ദ്ര ദുബായിലുള്ള രജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ കമ്പനിയായ വോയ്സ് ഇറ്റിലേയ്ക്ക് പത്ത് ലക്ഷത്തിലേറെ ഡോളര്‍ കൈമാറുന്നു. എപികിന്റെ ആപ്പിള്‍ സ്റ്റോര്‍ അകൗണ്ട് വോയ്സ്ഇറ്റിന്റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലേയ്ക്ക് മാറ്റിയെന്നും ആരോപണമുണ്ട്.
ഇത് സംബന്ധിച്ച് കേസ് കോടതിയിലിരിക്കുമ്പോഴാണ് അഭിഭാഷകര്‍ വക്കാലത്ത് ഒഴിയിരുന്നത്. ‘കേസിലെ പ്രതികളായ വോയ്സ്ഇറ്റ് നിയമസഹായം നല്‍കുന്ന അഭിഭാഷകരോട് പുലര്‍ത്തേണ്ട ബാധ്യതകള്‍ നിര്‍വ്വഹിച്ചിട്ടില്ല. നിയമസഹായത്തിന് വേണ്ട ഫീസ് നല്‍കിയിട്ടല്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് വക്കാലത്ത് ഒഴിയുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഇത് രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ അഭിഭാഷകരുടെ നിലപാട് ഈ കേസിലെ രണ്ടാമത്തെ വഴിത്തിരിവായി മാറി.
ഫെബ്രുവരി 19ന് വോയ്സ് ഇറ്റും, രാജേന്ദ്രന്‍ വെള്ളപ്പാലത്തും, വിനയ് രവീന്ദ്രയും കോടതിയലക്ഷ്യം കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് 5,71,762.05 ഡോളര്‍ അടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കോടതിയലക്ഷ്യമാകട്ടെ കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് കോടതി വോയ്സ് ഇറ്റ് കമ്പനിക്കും രാജേന്ദ്രനും വിനയ് രവീന്ദ്രയ്ക്കും എതിരെ പുറപ്പെടുവിച്ച ഒരു ഇന്‍ജംഗ്ഷന്‍ ഉത്തരവിന്റെ തുടര്‍ച്ചയാണ്. എല്ലാ ‘ആപുകളും ഡാറ്റയും പ്രൊജക്റ്റുകളും ഫണ്ടുകളും’ട്രസ്റ്റിക്ക് തിരിച്ചടയ്ക്കണമെന്നാണ് ആ ഇന്‍ജംഗ്ഷന്‍ ആവശ്യപ്പെടുന്നത്.
കോടതിയലക്ഷ്യ ഉത്തരവ് പുറപ്പെടുവിച്ച ഫെബ്രുവരി 19ന് തന്നെ രാജേന്ദ്രന്‍ വെള്ളപ്പാലത്തും വോയ്സ്ഇറ്റും കോടതിയില്‍ മറുപടി നല്‍കിരുന്നു. 39 പേജുള്ള ആ രേഖയില്‍ ട്രസ്റ്റി 97 ഖണ്ഡികളാലായി ആരാപിച്ച കാര്യങ്ങളോട് ഒരോന്നിനും ഇവര്‍ മറുപടി പറയുന്നുണ്ട്. ഇതില്‍ പല ആരോപണങ്ങളും രാജേന്ദ്രന്‍ വെള്ളപ്പാലത്തും വോയ്സ്ഇറ്റും ‘നിഷേധിച്ചു’. മറ്റ് ആരോപണങ്ങള്‍ ‘അംഗീകരിക്കാനോ നിഷേധിക്കാനോ പറ്റുന്ന വിധത്തില്‍ അതേക്കുറിച്ച് അറിവില്ല’ എന്നാണ് മറുപടി.
വലിയ കമ്പനി, നല്ല ശമ്പളം: തുടക്കം അതിഗംഭീരം, പക്ഷേ ആറുമാസം പോലം പിടിച്ച് നില്‍ക്കാനായില്ല
ഇതിന് ശേഷമാണ് ഇന്നലെ (മാര്‍ച്ച് അഞ്ച്, ബുധന്‍) നിയമസ്ഥാപനങ്ങള്‍ രാജേന്ദ്രന്റേയും വോയ്സ്ഇറ്റിന്റേയും അഭിഭാഷക പദവിയില്‍ നിന്നും പിന്മാറിയത്. കഴിഞ്ഞ ഡിസംബറിലും മറ്റൊരു നിയമസ്ഥാപനമായ പോട്ടര്‍ ആന്‍ഡേഴ്സണ്‍ ആന്‍ഡ് കോറോണ്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ അഭിഭാഷക പദവിയില്‍ നിന്ന് പിന്മാറിയിരുന്നു.
രാജേന്ദ്രന്‍ വെള്ളപ്പാലത്ത് അവകാശപ്പെടുന്നത് ഈ സ്ഥാപനങ്ങളെല്ലാം അദ്ദേഹത്തിന്റേതാണ് എന്നാണ്. 2023 സെപ്തംബറില്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ ബൈജുവിന്റെ അനുജനായ റിജു രവീന്ദ്രനില്‍ നിന്നും 10 കോടി ഡോളര്‍ വായ്പ വാങ്ങിയിരുന്നു. വായ്പ കരാര്‍ അനുസരിച്ച് എപിക്, റ്റാന്‍ജെബ്ള്‍ എന്നീ കമ്പനികളും അവയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, സ്വത്തുക്കള്‍, യൂസര്‍ ഡാറ്റ എന്നിവ റിജു രവീന്ദ്രന്റേതാണ്. ഇതെല്ലാം റിജു രവീന്ദ്രന്‍ 2.55 കോടി ഡോളറിന് രണ്ട് മാസത്തിന് ശേഷം, 2023 ഡിസംബറില്‍, രാജേന്ദ്രന്‍ വെള്ളപ്പാലത്തിന് വിറ്റുവെന്നും അദ്ദേഹം ‘അഴിമുഖ’ത്തിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. byju’s fraud case Rajendran Vellapalath’s American lawyers withdraw from the case due to unpaid fees.
Content Summary; Byju’s fraud case Rajendran Vellapalath’s American lawyers withdraw from the case due to unpaid fees.