UPDATES

Explainer: രാജ്യം ആറാം കരിമ്പുക ചട്ടത്തിലേക്ക്: വാഹനമേഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങളെന്തെല്ലാം?

ഓട്ടോമൊബൈല്‍

അനിവാര്യമായ മാറ്റമായതിനാലും, വിപണിയുടെ പുരോഗതിക്ക് വേണ്ടിയുള്ള മാറ്റമെന്ന നിലയിലും കാർനിർമാതാക്കൾ ആറാം കരിമ്പുകച്ചട്ടത്തിലേക്ക് മാറുന്നതിനോട് പൊതുവിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല.

ജൂൺ മാസം 14നാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവായ മാരുതി സുസൂക്കി ബിഎസ് VI (ഭാരത് സ്റ്റേജ് 6) ചട്ടപ്രകാരം തയ്യാറാക്കിയ സ്വിഫ്റ്റ്, വാഗൺആർ ഹാച്ച്ബാക്കുകളുടെ പുതിയ മോഡലുകൾ വിപണിയിലെത്തിച്ചത്. രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നടക്കുന്ന സെഗ്മെന്റുകളാണ് ഈ ഹാച്ച്ബാക്കുകളുടേത്. തങ്ങളുടെ സെഗ്മെന്റുകളിൽ ഏറ്റവുമധികം വിൽക്കപ്പെടുന്നതും ഈ മോ‍ഡലുകൾ തന്നെയാണ്.

മാരുതി സുസൂക്കി ഇത്തരമൊരു നീക്കം നടത്തുന്നതിനു പിന്നിലെ കാര്യം മറ്റൊന്നുമല്ല. നിലവിൽ പിന്തുടരുന്ന ഭാരത് സ്റ്റേജ് നാല് കരിമ്പുക ചട്ടങ്ങളിൽ (BS IV Emission Norms) നിന്ന് ഭാരത് സ്റ്റേജ് ആറാം കരിമ്പുക ചട്ടങ്ങളിലേക്ക് ഇന്ത്യ മാറുകയാണ്. ഇതിനിടയിൽ വരേണ്ടിയിരുന്ന ബിഎസ് 5 കരിമ്പുക ചട്ടങ്ങളിലേക്ക് പോകാതെ നേരിട്ട് ആറാം ഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ഇത് വാഹനമേഖലയിൽ നിർണായകമായ നീക്കമാണ്. 2020ാമാണ്ടോടെയാണ് ഈ ചട്ടം നിലവിൽ വരും. അതായത് ഒരു വർഷം മാത്രമാണ് ഈ വലിയ മാറ്റത്തിലേക്കുള്ള ദൂരം.

എന്താണ് ഇത്തരമൊരു അടിയന്തിര നീക്കത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നത്

2018 ഒക്ടോബർ മാസത്തിൽ ഈ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ വരികയുണ്ടായി. 2020 ഏപ്രിൽ 1 മുതൽ നാലാം കരിമ്പുകച്ചട്ടം അനുസരിക്കുവന്ന വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കണം എന്നായിരുന്നു കോടതിയുടെ ആവശ്യം. രാജ്യത്തെമ്പാടും മലിനീകരണത്തിന്റെ തോത് വൻതോതിൽ ഉയർന്നിരിക്കുന്നുവെന്നും ഇത് കുറയ്ക്കാൻ കർശനമായ നിയന്ത്രണങ്ങൾ വാഹനങ്ങളുടെ കരിമ്പുക നിർഗമനത്തിൽ ഉണ്ടാകണമെന്നുമായിരുന്നു മദൻ ലോകൂർ, അബ്ദുൾ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്റെ നിലപാട്. നാലാം കരിമ്പുകച്ചട്ടം നിലവിൽ വന്നിട്ട് ഇപ്പോൾ 9 വർഷമാകുന്നതേയുള്ളൂ. അഞ്ചാം കരിമ്പുകച്ചട്ടത്തിലേക്ക് മാറിയാൽപ്പോലും അതിൽ അധികകാലം തുടരാനാകില്ല. കൂടാതെ, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ക്കനുസരിച്ച് രാജ്യത്തിന് നീങ്ങേണ്ടി വരുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമാകും. ഇതിനകം തന്നെ എണ്ണക്കമ്പനികളുമായി സർക്കാർ പുതിയ മാറ്റം സംബന്ധിച്ച് ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്തിട്ടുണ്ട്.

എന്താണ് ബിഎസ് എമിഷൻ നോംസ്?

മോട്ടോർ വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ ക്രമേണ കുറച്ചു കൊണ്ടുവരാൻ സ്ഥാപിച്ചിട്ടുള്ള ചട്ടങ്ങളെയാണ് ഭാരത് സ്റ്റേജ് കരിമ്പുകച്ചട്ടങ്ങൾ എന്ന് വിളിക്കുന്നത്. രണ്ടായിരാമാണ്ടിലാണ് ഈ സംവിധാനം നിലവിൽ വന്നത്. നൈട്രജൻ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബണുകൾ, സൾഫർ ഓക്സൈഡുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ വാഹനങ്ങളുതിർക്കുന്ന പുകയിലുണ്ട്. ഇവ മനുഷ്യശരീരത്തിന് അത്യന്തം അപകടകാരികളാണ്. ഇവയുടെ നിർഗമനം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടു വരിക എന്നാതായിരുന്നു ഭാരത് സ്റ്റേജ് എമിഷൻ ചട്ടങ്ങൾ രൂപീകരിച്ചതിനു പിന്നിലെ ലക്ഷ്യം. ഓരോ സ്റ്റേജ് മാറുന്തോറും ചട്ടങ്ങൾ കൂടുതൽ കർശനമായിത്തീരും. രാജ്യത്തെ വാഹനനിർമാതാക്കളുടെ അഭിപ്രായങ്ങളെക്കൂടി പരിഗണിച്ചാണ് ഇങ്ങനെ സ്റ്റേജ് ഉയർത്തൽ പ്രക്രിയ നടത്തുക. വലിയൊരു പരിധിവരെ യൂറോ എമിഷൻ ചട്ടങ്ങളെ പിൻപറ്റിയാണ് ഇത് നടക്കാറ്.

ഒറ്റയടിക്ക് കരിമ്പുക പുറന്തള്ളൽ കുറഞ്ഞ എൻജിനുകളും മറ്റ് സംവിധാനങ്ങളും വാഹനങ്ങളിൽ ഏർപ്പെടുത്തുക സാധ്യമല്ല. രാജ്യത്തിന്റെ വളർച്ചയും ജനങ്ങളുടെ ക്രയശേഷിയുടെ വളർച്ചയുമെല്ലാം പരിഗണിക്കേണ്ടതുണ്ട്. എൻജിനിൽ നിന്നുള്ള കരിമ്പുകയുടെ അളവ് കുറയ്ക്കുക എന്നാൽ ഇന്ധനം ഏറ്റവും കാര്യക്ഷമമായി കത്തിക്കുക എന്നാണർത്ഥം. ഇതിന് വലിയ തോതിലുള്ള ഗവേഷണവികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ വരേണ്ടതുണ്ട്. വലിയ ചെലവേറിയ പ്രക്രിയയാണിത്.

എന്താണ് നാലാം കരിമ്പുകച്ചട്ടവും അഞ്ചാം കരിമ്പുകച്ചട്ടവും തമ്മിലുള്ള വ്യത്യാസം?

ഇന്ധനത്തില്‍ വരുന്ന വ്യത്യാസമാണ് ഇതിൽ പ്രധാനം. നാലാം കരിമ്പുകച്ചട്ടം അനുവദിക്കുന്ന ഇന്ധനത്തിലെ സള്‍ഫർ അംശം വളരെ കൂടുതലാണ്. 50 പാർട്സ് പെർ മില്യൺ ആണ് ഇതിന്റെ കണക്ക്. എന്നാൽ അഞ്ചാം കരിമ്പുകച്ചട്ടം പ്രകാരം ഉപയോഗത്തിൽ വരുന്ന ഇന്ധനത്തിൽ സൾഫറിന്റെ അംശം 10 പാർട്സ് പെർ മില്യൺ ആയിരിക്കും. ഡീസൽ കാറുകളിൽ സൾഫറിന്റെ അംശം 80 ശതമാനംകണ്ട് കുറയ്ക്കാൻ പുതിയ സ്റ്റേജ് നടപ്പാകുമ്പോൾ സാധിക്കും. ഡീസൽ കാറുകളിലെ നൈട്രജൻ ഓക്സൈഡിന്റെ അളവ് 70 ശതമാനത്തോളം കുറയും. പെട്രോൾ കാറുകളിൽ ഇത് ഈ കുറവ് 25 ശതമാനംകണ്ടായിരിക്കും.

എന്താണ് ഒബിഡി? ഇത് എന്തു മാറ്റമാണ് കൊണ്ടുവരിക

എല്ലാ വാഹനങ്ങളിലും ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് സംവിധാനം ഘടിപ്പിക്കണമെന്ന നിർദ്ദേശവും വരാനിരിക്കുന്ന ചട്ടങ്ങളിലുണ്ട്. ഇതൊരു കമ്പ്യൂട്ടർ സംവിധാനമാണ്. പ്രധാനപ്പെട്ട എൻജിൻ ഘടകഭാഗങ്ങളുടെയെല്ലാം പ്രവർത്തനം ഈ സംവിധാനം തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കും. ഏതെങ്കിലുമൊരു ഘടകം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് കൃത്യമായി വാഹന ഉടമയെ ഈ കമ്പ്യൂട്ടർ സംവിധാനം അറിയിക്കുന്നു. എമിഷൻ ചട്ടങ്ങള്‍ ലംഘിക്കപ്പെടാനിടയുള്ള മാറ്റങ്ങൾ കണ്ടാൽ അത് ശരിപ്പെടുത്താൻ ഉടമയ്ക്ക് ബാധ്യതയുണ്ടായിരിക്കും.

എന്താണ് കാർനിർമാതാക്കളുടെ പ്രതികരണം

അനിവാര്യമായ മാറ്റമായതിനാലും, വിപണിയുടെ പുരോഗതിക്ക് വേണ്ടിയുള്ള മാറ്റമെന്ന നിലയിലും കാർനിർമാതാക്കൾ ആറാം കരിമ്പുകച്ചട്ടത്തിലേക്ക് മാറുന്നതിനോട് പൊതുവിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. കൂടാതെ, നിലവിൽ മാന്ദ്യത്തിലാണെങ്കിലും ഇന്ത്യൻ വിപണിയിലുള്ള കാർനിർമാതാക്കളുടെ പ്രതീക്ഷ ഏറെ വലുതാണ്. ഇത്തരം മാറ്റങ്ങൾ വിപണിയുടെ വളർച്ചയ്ക്കാണ് പൊതുവിൽ ഗുണകരമാകുക. കുറച്ച് വൈകിയായാലും നടത്തേണ്ടിയിരുന്ന നിക്ഷേപം കുറച്ചു നേരത്തെ നടത്തേണ്ടി വരുന്നു എന്നുമാത്രം. എന്നിരിക്കിലും അതിവേഗത്തിൽ മാറ്റങ്ങൾക്ക് വഴിപ്പെടുന്നത് പലര്‍ക്കും സാരമായ നഷ്ടങ്ങളുണ്ടാക്കും.

ഇനി കുറെ നാളുകളിലേക്ക് പുതിയ കാറുകളുടെ വരവ് കുറയാനാണ് സാധ്യത. നിലവിലുള്ള മോഡലുകൾ 2020 ഏപ്രിൽ 1നു മുമ്പായി വിറ്റഴിക്കേണ്ടതായി വരും. ഇതിനുള്ള തത്രപ്പാടിലാണ് കമ്പനികളെല്ലാം. അവസാനഘട്ടത്തിൽ ഈ വാഹനങ്ങൾക്ക് വില കുറയാനും മറ്റും സാധ്യത നിലനിൽക്കുന്നത് ഉപഭോക്താക്കൾക്ക് ഒരു സാധ്യതയാണ്. നിലവിൽ ഡീലർഷിപ്പുകളിൽ കെട്ടിക്കിടക്കുന്ന നാലാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എൻജിനുകളുള്ള കാറുകൾ കമ്പനികൾ തിരിച്ചെടുക്കുമെന്നും കേൾക്കുന്നുണ്ട്. പുതിയ എൻജിനുകളും മറ്റ് സംവിധാനങ്ങളും ഘടിപ്പിച്ച് അവ പിന്നീട് വിപണി പിടിക്കും. എന്നാൽ ഈ തിരിച്ചെടുക്കലും മറ്റും ഉണ്ടാക്കുന്ന വലിയ ചെലവ് പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനികൾ.

ഉപഭേക്താക്കളെ എങ്ങനെ ബാധിക്കും?

ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ വില കൂടും! പുതിയ സാങ്കേതികതകൾക്കും മറ്റുമായി വൻതോതിൽ പണം ചെലവഴിക്കേണ്ടതായി വരും കാർ കമ്പനികൾക്ക്. വൻ കമ്പനികൾ സ്വന്തമായി സാങ്കേതികതകൾ വികസിപ്പിച്ചെടുക്കും. ചെറിയ കമ്പനികൾ അവ പണം കൊടുത്തു വാങ്ങും. ഈ ചെലവെല്ലാം സ്വാഭാവികമായി ഉപഭോക്താക്കളിലേക്ക് കൈമാറും കമ്പനികൾ. വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകും.

എന്താണ് രാജ്യത്തിനുള്ള നേട്ടം?

ഫോസിൽ ഇന്ധനങ്ങളെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവയിൽ ഭൂരിഭാഗവും വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി വർധിപ്പിക്കുന്നതിൽ ഇവ വലിയ സംഭാവന ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ നിലവിൽ ഏറെ പിന്നിലാണ്. ചൈന വളരെ മുന്നേറിക്കഴിഞ്ഞ മേഖലയാണിത്. നിലവിൽ ഇന്ത്യയുടെ ഊർജസ്രോതസ്സുകൾ സുസ്ഥിരമായതല്ല. പാരമ്പര്യേതര ഊർജം വളരെ കുറഞ്ഞ അളവിൽ (0.36%) മാത്രമാണ് ഇന്ത്യയിൽ പ്രയോഗത്തിലുള്ളത്. 2009ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ ഉപയോഗിക്കുന്ന ഇന്ധനത്തിൽ 56 ശതമാനവും കൽക്കരിയിൽ നിന്നുള്ളതാണ്. 31.3 ശതമാനം പെട്രോളിയം ഉൽപ്പന്നങ്ങളും. നാച്ചുറൽ ഗ്യാസ് ഉപയോഗം 9.6 ശതമാനമാണ്. ആണവ ഇന്ധനം 0.96 ശതമാനവും പാരമ്പര്യേതര ഇന്ധനങ്ങൾ 0.36 ശതമാനവുമാണ് ഉപയോഗത്തിലുള്ളത്.

കൽക്കരി ഖനനത്തെ ഇനിയും വ്യാപിപ്പിക്കുക പ്രയാസമാണ് ഇന്ത്യയിൽ. രാജ്യാന്തര തലത്തിൽ തന്നെ പരിസ്ഥിതി സംബന്ധിച്ച സമ്മർദ്ദങ്ങൾ ഏറിവരുന്ന കാലമാണ്. ചെലവേറുമെങ്കിലും ഇതര ബദൽ ഊർജ സ്രോതസ്സുകളിലേക്ക് കടക്കേണ്ട സമയമായിട്ടുണ്ട്.

[bsa_pro_ad_space id=3]

Share on

മറ്റുവാർത്തകൾ