റോബർട്ട് മ്യുള്ളർ തന്നെ വേട്ടയാടുകയാണെന്നാണ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആരോപിക്കുന്നത്. ക്രിസ്തുമതം പൗരോഹിത്യത്തിൻ കീഴിലുള്ള ദുർഭരണത്തിലമർന്നപ്പോൾ യോഗിനിമാരെയും മന്ത്രവാദിനിമാരെയും വേട്ടയാടി കൊന്നൊടുക്കിയതിനെ സൂചിപ്പിക്കുന്ന ‘വിച്ച് ഹണ്ട്’ എന്ന വാക്കാണ് താൻ നേരിടുന്ന പ്രയാസത്തെ ചൂണ്ടിക്കാണിക്കാൻ ട്രംപ് ഉപയോഗിച്ചത്. മുൻ റിപ്പബ്ലിക്കനും എഫ്ബിഐയുടെ മുൻ ഡയറക്ടറുമായ റോബർട്ട് മ്യുള്ളർ നടത്തുന്ന അന്വേഷണങ്ങൾ പുരോഗമിക്കവെ ഏഴ് കുറ്റസമ്മതങ്ങൾ പുറത്തു വന്നു കഴിഞ്ഞു. ഇതിലൊരാൾക്ക്, ട്രംപിന്റെ മുൻ കാംപൈൻ ചെയർമാൻ പോൾ മാനഫോർട്ടിന്, 47 മാസത്തെ ജയിൽശിക്ഷ ലഭിക്കുകയും ചെയ്തു.
2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ഗുരുതരമായ ആരോപണത്തിലേക്കുള്ള അന്വേഷണമാണ് ‘മ്യുള്ളർ അന്വേഷണം’ എന്ന പേരിലറിയപ്പെടുന്ന സ്പെഷ്യൻ കൗൺസൽ ഇന്‍വെസ്റ്റിഗേഷൻ. ഈ അന്വേഷണത്തിന്റെ ഭാഗമായി 2019 ജനുവരി മാസത്തിൽ മ്യുള്ളർ 34 പേർക്കെതിരെ ക്രിമിനൽ നടപടികൾ തുടങ്ങി. ഇതിൽ ഏഴ് യുഎസ് പൗരന്മാരും 26 റഷ്യൻ പൗരന്മാരും ഒരു ഡച്ച് പൗരനുമാണുള്ളത്.
തന്റെ എതിർ സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റന്റെ ഇമെയിൽ ചോർത്തി പുറത്തുവിട്ട് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ട്രംപ് റഷ്യൻ സഹായം തേടിയെന്നതാണ് മ്യുള്ളറുടെ അന്വേഷണ വിഷയങ്ങളിലൊന്ന്. ‘റഷ്യൻ സർക്കാരും പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ 2016 തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളുകളും തമ്മില്‍ ഉണ്ടായിട്ടുള്ള ഏതുതരം ബന്ധവും സഹകരണവും’ അന്വേഷണവിധേയമാക്കാൻ പലതരത്തിലുള്ള ഇടപെടലുകളാണ് റഷ്യൻ ഹാക്കർമാരിൽ നിന്നും മറ്റ് തൽപ്പര കക്ഷികളിൽ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് ആരോപണം.
പോൾ മാനഫോർട്ട്
മ്യുള്ളറുടെ ജനുവരി മാസത്തിലെ ക്രിമിനൽ നടപടികൾ അഞ്ച് ട്രംപ് പ്രചാരണ ഉദ്യോഗസ്ഥരെയാണ് കുടുക്കിയത്. ജ്യോർജ് പാപഡോപോലോസ്, പോൾ മാനഫോർട്ട്, റിക്ക് ഗേറ്റ്സ്, മൈക്കേൽ ഫ്ലിൻ, മൈക്കേൽ കോഹൻ എന്നീ ട്രെപ് പ്രചാരകർക്കെതിരെയാണ് മ്യുള്ളർ കുറ്റം ചാർത്തിയത്. ഇതിലൊരാൾ ഇതിനകം ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു, ഡോണൾഡ് ട്രംപിന്റെ 2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയയാളാണ് ഇദ്ദേഹം. റിപ്പബ്ലിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥികളായ ജെറാൾഡ് ഫോഡ്, റോനാൾഡ് റീഗൻ, ജ്യോര്‍ജ് എച്ച്ഡബ്ല്യു ബുഷ്, ബോബ് ഡോൾ എന്നിവരുടെ പ്രചാരണ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുള്ള പോൾ മാനഫോർട്ട് ലോബിയിങ് മേഖലയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. ട്രംപിനു വേണ്ടി നടത്തിയ പ്രചാരണം അദ്ദേഹത്തെ ജയിലിലെത്തിച്ചു.
2017 ജനുവരി മാസത്തിൽ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡണ്ടായി അധികാരമേറ്റെടുക്കുമ്പോഴേക്കും പോൾ മാനഫോർട്ട് നിരവധി അന്വേഷണ ഏജൻസികളുടെ നിരീക്ഷണ വലയത്തിലായിരുന്നു. ദേശീയ സുരക്ഷ മുതൽ സാമ്പത്തിക കുറ്റകൃത്യം വരെയുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് വിവിധ ഏജൻസികൾ അന്വേഷിച്ചത്. റഷ്യൻ സ്ഥാപനങ്ങളുമായും വ്യക്തികളുമായും തെരഞ്ഞെടുപ്പുകാലത്ത് മാനഫോർട്ട് നടത്തിയ ഇടപാടുകളും ആശയവിനിമയങ്ങളും നിരീക്ഷണത്തിലായിരുന്നു. ഇതുകൂടാതെ ഇക്കാലയളവിലെ സാമ്പത്തിക വിനിമയങ്ങളും അന്വേഷണത്തിൻ കീഴിൽ വന്നു.
2016 തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മാനഫോർട്ടിന്റെ നീക്കങ്ങൾ ഫെഡറൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൻകീഴിൽ വന്നിരുന്നു. 2014 മുതൽ ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അന്വേഷണകരുടെ നിരീക്ഷണത്തിലായിരുന്നെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി. മ്യുള്ളറുടെ നിർദ്ദേശപ്രകാരം എഫ്ബിഐ ഉദ്യോഗസ്ഥർ മാനഫോർട്ടിന്റെ അലക്സാൻഡ്രിയയിലെയും വിർജീനിയയിലെയും വീടുകളിൽ റെയ്ഡ് നടത്തുകയുണ്ടായി. സംഘടിത കുറ്റകൃത്യങ്ങളിൽ മുൻകാലങ്ങളിലും ഏർപ്പെട്ട് കുപ്രസിദ്ധി നേടിയ കക്ഷിയാണ് ഇദ്ദേഹം.
47 മാസത്തെ ജയിൽവാസമാണ് കോടതി പോൾ മാനഫോർട്ടിന് വിധിച്ചത്. നികുതി തട്ടിപ്പ്, ബാങ്ക് തട്ടിപ്പ് എന്നിവയാണ് തെളിയിക്കപ്പെട്ട പ്രധാന കുറ്റകൃത്യങ്ങൾ. ഇദ്ദേഹത്തിനെതിരായ മറ്റൊരു കേസ് വാഷിങ്ടണിൽ അടുത്തയാഴ്ച പരിഗണനയ്ക്കെടുക്കുന്നുണ്ട്. പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഈ കേസിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. മോസ്കോ, ഉക്രൈൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കു വേണ്ടി മാനഫോർട്ട് ചെയ്ത ജോലികളുമായി ബന്ധപ്പെട്ട കേസാണിത്. ഇത് 2016 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല.
ജ്യോർജ് പാപഡോപോലോസിന്റെ അറസ്റ്റ്
പാപഡോപോലോസ‌് ജയിലിലടയ്ക്കപ്പെടുന്നത് 2018 നവംബർ മാസത്തിലാണ്. ഇദ്ദേഹത്തിന് 9,500 ഡോളർ പിഴയൊടുക്കേണ്ടതായും വന്നു. 14 ദിവസത്തെ തടവാണ് വിധിച്ചിരുന്നത്. ഡോണൾഡ് ട്രംപിന്റെ 2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയാകുന്നത് നിലവിലെ ഹൗസിങ് സെക്രട്ടറി ബെൻ കാർസൻ വഴിയാണ്. ഇദ്ദേഹമാണ് പാപഡോപോലോസിനെ മൂന്നു മാസത്തേക്ക് വിദേശകാര്യ ഉപദേഷ്ടാവായി നിയമിക്കുന്നത്. പാപഡോപോലോസ് വഴിയാണ് ഓൾഗ പോലോൻസ്കായ എന്ന റഷ്യൻ വനിതയുമായി ട്രംപ് പ്രചാരണ സംഘം ഇടപെടുന്നത്. ഈ വനിതയിൽ നിന്ന് റഷ്യയുടെ പക്കൽ ഹിലരി ക്ലിന്റനെ താറടിക്കാൻ പോന്ന നിരവധി ഇമെയിൽ വിവരങ്ങളുണ്ടെന്ന് ട്രംപ് പ്രചാരകർ മനസ്സിലാക്കി. ഹിലരി ക്ലിന്റൺ തന്റെ സ്വകാര്യ ഇമെയിൽ സംവിധാനം പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യാനുപയോഗിച്ചു എന്നത് അവർക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്നായി ട്രംപ് ഉന്നയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന അജണ്ടകളിലൊന്നായി ഇത് മാറുകയും ചെയ്തു.
2016 സെപ്തംബർ മാസത്തിൽ റഷ്യൻ സോഴ്സുകളുമായി നേരിട്ട് സംവദിച്ച് വിവരങ്ങൾ സമ്പാദിക്കാൻ ആരെങ്കിലും തയ്യാറാകണമെന്ന് ആറു തവണയെങ്കിലും പാപഡോപോലോസ് ട്രം പ്രചാരകരോട് ആവശ്യപ്പെട്ടെന്നാണ് വിവരം. ട്രംപും പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള ശ്രമം നടത്തിയയാളെന്നതാണ് പാപഡോപോലോസിന്റെ പ്രാധാന്യം.
റിക്ക് ഗേറ്റ്സ്
മാനഫോർട്ടിന്റെ മുൻ ബിസിനസ് പങ്കാളി കൂടിയാണ് റിക്ക് ഗേറ്റ്സ്. താൻ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം സമ്മതിച്ചതോടെ മാനഫോർട്ടിനെതിരെയുള്ള കേസുകൾക്ക് കുറെക്കൂടി ബലം ലഭിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്താൽ ശിക്ഷകളിൽ നിന്നും ഒഴിവാക്കിത്തരാമെന്ന മ്യുള്ളറുടെ വാഗ്ദാനത്തോട് ഇദ്ദേഹം യോചിച്ചതോടെ വലിയ തിരിച്ചടിയാണ് ട്രംപിനും മാനഫോർട്ടിനും ലഭിച്ചത്. ഉക്രൈൻ സർക്കാര്‍ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതു സംബന്ധിച്ചുള്ള നിർണായക വിവരങ്ങളാണ് ഇങ്ങനെ മ്യുള്ളർ സമ്പാദിച്ചത്.
മൈക്കേൽ കോഹൻ
ഡോണള്‍ഡ് ട്രംപിന്റെ ദീർഘകാല നിയമ കാര്യകർത്താവായിരുന്ന മൈക്കേൽ കോഹന്‍ കോൺഗ്രസ്സിൽ നുണ പറഞ്ഞതായി തെളിയിക്കാൻ മ്യുള്ളർക്ക് സാധിച്ചു. മോസ്കോയിൽ ട്രംപ് ടവർ നിർമിക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ഇദ്ദേഹം കോൺഗ്രസ്സിനോട് പറഞ്ഞത്. എന്നാൽ ഇത് കള്ളമാണെന്ന് തെളിയിക്കപ്പെട്ടു. മൂന്നു വർഷത്തെ തടവാണ് ഇദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. നികുതി തട്ടിപ്പ്, ബാങ്ക് തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റങ്ങൾ ഇദ്ദേഹത്തിനെതിരെ വേറെയും ചാർത്തപ്പെട്ടു കിടക്കുന്നുണ്ട്. മെയ് ആറിന് ഇദ്ദേഹത്തിന്റെ തടവുശിക്ഷ തുടങ്ങും.
മൈക്കേൽ ഫ്ലിൻ
ട്രംപ് പ്രചാരണത്തിന്റെ നേതൃസ്ഥാനത്തു നിന്ന മറ്റൊരാളാണ് മൈക്കേൽ ഫ്ലിൻ. ഇദ്ദേഹത്തിനെതിരെയും ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നു. റഷ്യൻ അംബാസ്സഡർ സെർജീ കിസിലിയാക്കുമായി നടത്തിയ ആശയവിനിമയങ്ങൾ സംബന്ധിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരോട് ഇദ്ദേഹം കള്ളം പറഞ്ഞതായി സമ്മതിക്കുകയുണ്ടായി. ഡോണൾഡ് ട്രെപിന്റെ ദേശീയ സുരക്ഷാ ഉപദേശകനായിരിക്കെയാണ് മൈക്കേൽ ഫ്ലിൻ ഈ കൂടിക്കാഴ്ച നടത്തിയത്.
ട്രംപിന്റെ അനുയായികൾ ഓരോരുത്തരായി വീഴുകയാണ്.ട്രംപ് തന്നെയും സുരക്ഷിതമായ അവസ്ഥയിലല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.