UPDATES

മേയ് പകുതിയില്‍ മഴയെത്തില്ല

കാലവര്‍ഷം ഇത്തവണ സാധാരണയില്‍ കൂടുതല്‍ പെയ്യാന്‍ സാധ്യത

                       

ഭൂമിയെ പൊള്ളിക്കുന്ന കനത്ത ചൂടിലൂടെയാണ് കേരളം കടന്നുപോയികൊണ്ടിരിക്കുന്നത്. ഇതിന് പരിഹാരമായി മേയ് പകുതിയോടെ കാലാവർഷമെത്തുന്നുവെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ മേയ് പകുതിയോടെ കേരളത്തിൽ കലാവർഷം എത്തില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിൽ കാലവർഷം എത്തുന്ന തീയതി മെയ്‌ പകുതിയോടെ അറിയിക്കും എന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. രാജ്യത്ത് ഈ വർഷം സാധാരണനിലയിലുള്ള മൺസൂൺ മഴയാണ് ലഭിക്കാൻ സാധ്യത. ഇക്കാലയളവിൽ രാജ്യത്തെ മൊത്തം മഴയുടെ ശരാശരി 87 സെൻ്റീമീറ്ററായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

രാജ്യത്തും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് തന്നെയാണ് സൂചനയെന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നു. എന്തുകൊണ്ടാണ് അളവിൽ കൂടുതൽ മഴ ലഭിക്കുന്നത്? എന്തുകൊണ്ടാണ് കഴിഞ്ഞ വർഷം സമാനമായ കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നിട്ടും മഴ ലഭിക്കാതെ പോയത് തുടങ്ങിയ ചോദ്യങ്ങൾ വിശകലനം ചെയ്യുകയാണ് അദ്ദേഹം.

കാലവർഷത്തെ സ്വാധീനിക്കുന്ന ‘ലാനിന’ പ്രതിഭാസം തുടങ്ങി ചില ഘടകങ്ങളാണ് മഴ കൂടുതൽ ലഭിക്കാൻ കാരണമാകുന്നത്. കടുത്ത ചൂടിനും, വേനലിനും കാരണമാകുന്ന എൽനിനോയാണ് നിലവിൽ പസഫിക് സമുദ്രത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജൂൺ – ജൂലൈ മാസങ്ങളോടടുക്കുമ്പോൾ എൽനിനോ ന്യൂട്രൽ ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’ യിലേക്കും മാറാൻ സാധ്യത ഉണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മറ്റൊരു ഘടകം ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടാവുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) ആണ്. നിലവിൽ ന്യൂട്രലായിരിക്കുന്ന ഐഒഡി കാലവർഷം പകുതിയാകുന്നതോടെ ന്യൂട്രൽ സ്ഥിതിയിൽ നിന്ന് പോസറ്റീവ് ഫേസിലെത്തും. ഇതും കാലവർഷത്തിൽ ലഭിക്കുന്ന മഴയുടെ അളവ് കൂട്ടും. ഇവ രണ്ടും കാലവർഷത്തിന് അനുകൂലമായി മാറും. ഇതിനു പുറമെ സ്നോ കവർ കുറയുന്നതും മഴക്ക് ആക്കം കൂട്ടും. ഈ ഘടകങ്ങൾ മുൻനിർത്തിയാണ് മഴ കൂടുതൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പും പ്രവചിച്ചിരിക്കുന്നത്. 2023 ലും സമാനമായി മധ്യ കേരളത്തിൽ കനത്ത മഴ ലഭിക്കുമ്പോൾ വടക്കൻ കേരളത്തിൽ കുറവായിരിക്കുമെന്നും ഏപ്രിൽ ആദ്യവട്ട കാലാവസ്ഥ പ്രവചനം നടത്തിയിരുന്നു. മെയ് അവസാനം വന്ന പ്രവചനത്തിലും ഇത് അവർത്തിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ജൂണിൽ രൂപം കൊണ്ട ‘ബിപോർജോയ് ചുഴലിക്കാറ്റ്, കേരളത്തിലേക്ക് എത്തേണ്ടിയിരുന്ന മൺസൂൺ കാറ്റിന്റെ ഗതി മാറ്റി. കേരളത്തിൽ മഴ ലഭിക്കേണ്ട കാലയളവിൽ ചുഴലിക്കാറ്റ് ശക്തമായി അറബി കടലിൽ നീണ്ടുനിന്നു. ഇതോടെ ജൂണിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് കുറഞ്ഞു. ഈ വർഷവും ചുഴലിക്കാറ്റ് എത്തുമോ എന്ന കാര്യം പ്രവചിക്കാനാവില്ല.

കേന്ദ കാലാവസ്ഥാ വകുപ്പിന് പുറമെ, സ്വകാര്യ ഏജൻസികൾ പുറത്തുവിട്ട പ്രവചനവും ഈ ട്രെൻഡ് തന്നെയാണ് പിന്തുടരുന്നത്. അതായത് കേരളത്തിൽ മഴ കൂടുതലായി ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന മോഡലുകളും മഴ അനുകൂലമാവുമെന്ന മോഡൽ തന്നെയാണ് പങ്കുവക്കുന്നത്. എൽനിനോ, ലാനിന, ഐഒഡി എന്നീ പ്രതിഭാസങ്ങൾ കണക്കിലെടുത്താണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ബിപോർജോയ് പോലുള്ള ചുഴലിക്കാറ്റോ, മറ്റു പ്രതിഭാസങ്ങളോ തടസ്സം സൃഷ്ടിക്കാത്ത പക്ഷം മഴ കൂടുതൽ ലഭിക്കും. ബിപോർജോയുടെ ഗതിയിൽ ചെറിയ രീതിയിൽ മാറ്റം വന്നിരുന്നെങ്കിൽ പോലും കഴിഞ്ഞ വർഷം നല്ല രീതിയിൽ മഴ ലഭിക്കുമായിരുന്നു. എൽനിനോ അനുഭവപ്പെടുന്ന സമയങ്ങളിലാണ് ചൂട് കൂടുന്നത്, അത്തരം സാഹചര്യങ്ങളിൽ മഴയുടെ അളവും കുറവായിരിക്കും. ഓഗസ്റ്റിൽ എൽനിനോ ആരംഭിച്ചത് കൊണ്ട് തന്നെ മഴ കുറവായാണ് ലഭിച്ചത്. എന്നാൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ മൂലം താരതമ്യേന മെച്ചപ്പെട്ട തുലാവർഷം ലഭിച്ചിരുന്നു. എൽനിനോ അതിന്റെ ഉച്ചസ്ഥായിൽ എത്തിനിൽക്കുന്ന സമയമായതു കൊണ്ട് കൂടിയാണ് കനത്ത ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കരയിലും കടലിലും ഒരുമിച്ചു ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍