July 08, 2026 |

വിദ്വേഷത്തിന്റെ അണപൊട്ടലും അവസാനത്തിന്റെ ആരംഭവും

നാലാം തീയതി എന്ത് സംഭവിക്കും?

ഇനി അവശേഷിക്കുന്നത് ഒരൊറ്റ ഘട്ടം. 57 മണ്ഡലങ്ങള്‍. പഞ്ചാബിലെ മൊത്തം പതിമൂന്ന് സീറ്റുകള്‍, യു.പിയിലെ അവസാന പതിമൂന്ന്, പശ്ചിമബംഗാളില്‍ ഒന്‍പത്, ബിഹാറില്‍ എട്ട്, ഒഡിഷയില്‍ ആറ്, ജാര്‍ഖണ്ഡില്‍ മൂന്ന്, ഹിമാചലില്‍ നാല്, ചണ്ഡിഗഡിലെ ഒരു സീറ്റ്. ഇതോടെ 2024-ലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുകയുമാണ്. അപ്പോഴും ജൂണ്‍ ഒന്നാം തീയതി അവശേഷിക്കുന്ന ഈ 57 സീറ്റുകളില്‍ കൂടി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാലാം തീയതിയിലെ ഫലത്തിലേയ്ക്കുള്ള കൗണ്‍ഡൗണ്‍ ആരംഭിക്കും. General election 2024 what will happen june 4th predictions and realities last part

നാലാം തീയതി എന്ത് സംഭവിക്കും, അഥവാ പ്രവചനങ്ങളുടെ ഉള്ളുകള്ളികള്‍- ആദ്യ ഭാഗം

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ്, ഏപ്രില്‍ 21 ന്, രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ തിരഞ്ഞെടുപ്പ പ്രചാരണം നടത്തുമ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയം കാലാകാലങ്ങളായി കൊണ്ട് നടക്കുന്ന അപരവിദ്വേഷത്തിന്റെ വെറുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ അണപൊട്ടി ഒഴുകിയത്. സ്വന്തം പൗരസമൂഹത്തിലൊരു വിഭാഗത്തെ, മുസ്ലിങ്ങളെ, നുഴഞ്ഞ് കയറ്റക്കാരെന്നും പെറ്റുകൂട്ടുന്നവര്‍ എന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്നാട്ടിലെ ജനങ്ങളിലൊരു വിഭാഗത്തിനെതിരെ ഇത്തരമൊരു വിദ്വേഷ പരാമര്‍ശം നടത്തുന്നത്. പിന്നീട് മുസ്ലിങ്ങളെ താന്‍ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല എന്നും നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന അന്ന് താന്‍ രാഷ്ട്രീയ ജീവിതമവസാനിപ്പിക്കുമെന്നെല്ലാം മോദി പ്രസംഗിച്ചുവെങ്കിലും ഈ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ പുതിയൊരു മുഖമാണ് രാജസ്ഥാനില്‍ തുടക്കം കുറിച്ചത്. പിന്നെ അവര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. വിദ്വേഷവും വെറുപ്പമായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധം.

കഴിഞ്ഞ ഏതാണ്ട് ഒരു പതിറ്റാണ്ടായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പിന്തുടര്‍ന്ന് പോന്ന പ്രചാരണ രീതിയുടെ മാറ്റവും ഈ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടു. മുസ്ലിം വിദ്വേഷവും ഹിന്ദു ഏകീകരണത്തിനുള്ള ശ്രമവും എല്ലായിടത്തും, എല്ലാക്കാലത്തും ഉണ്ടായിരുന്നുവെങ്കിലും സ്വന്തം അജണ്ടകളും തിരഞ്ഞെടുപ്പ് പരിപാടികളും മാത്രമായിരുന്നു അവര്‍ ചര്‍ച്ച ചെയ്യാറുള്ളത്. മറ്റെല്ലാ പാര്‍ട്ടികളും ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ മുക്കി കളയുന്ന തരത്തില്‍ സ്വന്തം അജണ്ട ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുക, അതിന് കോര്‍പ്പറേറ്റ് മീഡിയ മുതല്‍ സോഷ്യല്‍ മീഡിയ വരെയുള്ള സകല സാധ്യതകളും ഉപയോഗിക്കുക, എല്ലായിടങ്ങളിലും ആ ചര്‍ച്ച തന്നെ നടത്തുക എന്നതായിരുന്നു അവരുടെ പദ്ധതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും പ്രതിപക്ഷം ഉന്നയിക്കാന്‍ ശ്രമിച്ച ഒരു വിഷയവും താഴെത്തട്ടില്‍ വോട്ടര്‍മാര്‍ക്കിടയിലേയ്ക്ക് എത്തിച്ചേര്‍ന്നില്ല എന്നത് വാസ്തവമാണ്.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം

ഈ തിരഞ്ഞെടുപ്പില്‍ കണ്ട ഏറ്റവും വലിയ വ്യത്യാസം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ബി.ജെ.പിക്ക് മറുപടി പറയേണ്ടി വന്നു എന്നതാണ്. ലോകത്തേയ്ക്കും വച്ച് ഏറ്റവും വലിയ സമ്പന്നരില്‍ ചിലരുള്ള ഇന്ത്യയില്‍ തന്നെയാണ് ഏറ്റവുമധികം പട്ടിണിക്കാരും ദാരിദ്രരേഖയില്‍ താഴെയുള്ള മനുഷ്യരും ഉള്ളത്. അതിസമ്പന്നരും പട്ടിണി പാവങ്ങളും തമ്മിലുള്ള ഈ സാമ്പത്തിക അന്തരമാണ് മനുഷ്യര്‍ക്കിടയിലുള്ള വിവേചനം ഇവിടെ വര്‍ദ്ധിപ്പിക്കുന്നതും. അതിന് പരിഹാരമെന്ന നിലയില്‍ പാവപ്പെട്ടവരും അതിസമ്പന്നരും തമ്മിലുള്ള അന്തരം കുറച്ച് കൊണ്ടുവരാനുള്ള നടപടി കൈക്കൊള്ളുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി ഭയപ്പെടുന്ന ഈ വാഗ്ദാനത്തിനെതിരെയായിരുന്നു അവരുടെ പല പ്രചരണങ്ങളും. ഹിന്ദുക്കളുടെ സ്വന്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമമാണിത് എന്ന് തുടങ്ങി ഹിന്ദു സ്ത്രീകളുടെ താലിമാല കോണ്‍ഗ്രസ് പൊട്ടിക്കുമെന്നും അവരുടെ പശുക്കളെ പിടിച്ച് കൊണ്ട് പോകുമെന്നും മോദിയുടെ നേതൃത്വത്തില്‍ തന്നെ പ്രചരണം നടന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ക്രിക്കറ്റ് ടീമില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കും, കോണ്‍ഗ്രസ് ജയിക്കുന്നതിന് വേണ്ടി പാകിസ്താനില്‍ പ്രാര്‍ത്ഥന നടക്കുകയാണ്, കോണ്‍ഗ്രസ് ജയിച്ചാല്‍ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം ഒഴിവാക്കി അതെല്ലാം മുസ്ലീങ്ങള്‍ക്ക് നല്‍കും തുടങ്ങി കോണ്‍ഗ്രസിന്റെ വിജയസാധ്യതയായി മാറി ബി.ജെ.പിയുടെ പ്രചരണത്തിന്റെ കുന്തമുന.

1971-ല്‍ ‘ഗരീബി ഹഠാവോ’ അഥവാ ‘ദാരിദ്ര്യം ഇല്ലാതാക്കുക’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ഇന്ദിര ഗാന്ധി അധികാരത്തിലെത്തിയത്. രണ്ടായി പിളര്‍ന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് നേതൃത്വം നല്‍കിയ ഇന്ദിര ഗാന്ധി വിമര്‍ശകരുടെ എതിര്‍പ്പുകളെ മുഴുവന്‍ അതിജീവിച്ചത് ഈ മുദ്രവാക്യത്തിന്റെ ബലത്തിലാണ് എന്നാണ് പിന്നീടുള്ള കാലം വിലയിരുത്തിയത്. ദാരിദ്ര്യത്തെ ഇല്ലാതാക്കുമെന്നും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറയ്ക്കുമെന്നുമുള്ള മുദ്രവാക്യങ്ങള്‍ ഇപ്പോഴും രാജ്യത്ത് പ്രവര്‍ത്തിക്കുമെന്ന ഭയമായിരിക്കും മോദിയേയും ബി.ജെ.പിയേയും കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത്. രാജ്യത്ത് അത് വരെ കോണ്‍ഗ്രസിന് ജയിക്കാനുള്ള സാധ്യതയുണ്ടെന്നോ ഭരണം കൈയാളാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നോ സാധാരണക്കാര്‍ക്ക് വലിയ പ്രതീക്ഷകളില്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിന്റെ മുന്‍ നിരയിലേയ്ക്ക് അറിയാതെ കൂട്ടിക്കൊണ്ട് വരിക എന്ന വിചിത്രമായ കാര്യമാണ് മുസ്ലീം വിരുദ്ധതക്കൊപ്പം ബി.ജെ.പി പ്രചാരണ കാലത്ത് ചെയ്തത്.

ഇലക്ടറല്‍ ബോണ്ടും അദാനി-അംബാനിമാരും

മാത്രമല്ല, അദാനി, അംബാനി തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകളുമായി നരേന്ദ്ര മോദിക്കുള്ള ബന്ധവും ഈ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി മാറി. ദാരിദ്ര്യത്തേയും വിലക്കയറ്റത്തേയും കുറിച്ചുള്ള നിരന്തര ചര്‍ച്ചകള്‍ക്കിടയില്‍ കോര്‍പറേറ്റുകള്‍ അനുദിനം കൂടുതല്‍ സമ്പന്നരാവുകയാണ് എന്നുള്ള ചര്‍ച്ചയും ഉയര്‍ന്ന് വന്നു. ഇവരില്‍ നിന്ന് പണം വാങ്ങിയാണ് ഇവര്‍ക്കെതിരെയുള്ള കേസുകള്‍ ബി.ജെ.പി ഒത്തുതീര്‍ക്കുന്നത് എന്ന പ്രചാരണം ബി.ജെ.പിയെ അസ്വസ്ഥരാക്കി. മുഖ്യധാര മാധ്യമങ്ങള്‍ മറച്ച് വച്ചിട്ടും ഹിന്ദി യൂട്യൂബ് ചാനലുകളും മറ്റും ഇലക്ടറല്‍ ബോണ്ട് അഴിമതി രാജ്യത്തെ ഏറ്റവും വലിയ കൊള്ളയാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും ബി.ജെ.പിക്ക് വേണ്ടി കൊള്ള നടത്തുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചത് ഈ യൂട്യൂബ് ചാനലുകളും ഏറ്റെടുത്തു.

ബി.ജെ.പിക്ക് സ്വന്തമായി അലക്ക് യന്ത്രമുണ്ടെന്നും ഏത് അഴിമതിക്കാരേയും ബി.ജെ.പി ആ അലക്ക് യന്ത്രത്തിലൂടെ വെളുപ്പിച്ചെടുക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. ഇഡിയും മറ്റ് ഏജന്‍സികളും വേട്ടയാടിയ പലരും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കേസുകളില്‍ നിന്ന് മുക്തമായ കഥകള്‍ സമാന്തര മാധ്യമങ്ങളിലൂടെ പ്രചരിച്ചു. അതോടൊപ്പം ഇലക്ടറല്‍ ബോണ്ടിന്റെ രൂപത്തില്‍ ബി.ജെ.പിക്ക് കോടാനുകോടികള്‍ നല്‍കിയ പല വ്യവസായികള്‍ക്ക് നേരെയും കേസുകളുണ്ടായിരുന്നുവെന്ന കാര്യവും. ഈ പ്രചാരണത്തിന്റെ ഒടുവിലാണ് അദാനിയും അംബാനിയും ലോഡുകണക്കിന് കള്ളപ്പണം കോണ്‍ഗ്രസിന് നല്‍കിയെന്ന വിചിത്രമായ ആരോപണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. അദാനിക്കെതിരെ എന്തുകൊണ്ടാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷം മൗനം പാലിക്കുന്നതെന്നും മോദി ചോദിച്ചു. ബി.ജെ.പി നേതൃത്വത്തേയും അണികളേയും പോലും ആശയക്കുഴപ്പത്തിലാക്കിയ ചോദ്യമായിരുന്നു അത്.

അദാനി കോര്‍പറേഷന്റെ ഇടപാടുകള്‍ക്കെതിരേയും ഗൗതം അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ പറ്റിയും നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് സര്‍വ്വകര്‍ക്കും അറിയാം. പിന്നെ എന്തിനായിരുന്നു അത്തരമൊരു ആരോപണം? മാത്രമല്ല, മോദിയുടെയും ബി.ജെ.പിയുടേയും രാഷ്ട്രീയ, സാമ്പത്തിക പിന്തുണക്കാരായ അംബാനി-അദാനിമാരെ കള്ളപ്പണം നല്‍കുന്ന ആളുകളായി മോദി തന്നെ ചിത്രീകരിച്ചതിന്റെ യുക്തിയെന്താണ്? അതും ആര്‍ക്കുമറിയില്ല. പക്ഷേ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ ഏകപക്ഷീയമായും ബി.ജെ.പിക്ക് പൂര്‍ണമായും അനുകൂലമായുമാണ് ഈ തിരഞ്ഞെടുപ്പ് സഞ്ചരിക്കുന്നത് എന്ന തെറ്റിദ്ധാരണ പല കോര്‍പറേറ്റുകള്‍ക്കും മാറിയെന്നും അതിന്റെ ഫലമായി മുമ്പില്ലാത്ത വിധം പ്രതിപക്ഷ കക്ഷികളെ ഫണ്ട് ചെയ്യാന്‍ അദാനി-അംബാനിമാരും തയ്യാറായി എന്ന സൂചന ഡല്‍ഹിയിലെ മാധ്യമങ്ങള്‍ പുറത്ത് വിടുന്നുണ്ട്. അംബാനി-അദാനിമാര്‍ക്ക് പോലും പ്രതിപക്ഷത്തിനെ ഇത്തവണ എഴുതി തള്ളരുത് എന്ന മനോഭാവം ഉണ്ടായത് തിരിച്ചറിഞ്ഞ മോദിയുടെ പ്രതികാരമായിരുന്നുവത്രേ അത്!

യൂട്യൂബ് വിപ്ലവം

എത്രയോ കാലമായി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഒന്ന് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമാണ്. വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നേതാക്കള്‍ക്ക് എല്ലാമുള്ള അക്കൗണ്ടുകള്‍, ഡിജിറ്റില്‍ യുദ്ധത്തിനുള്ള, ശമ്പളക്കാരായ പതിനായിരക്കണക്കിന് അംഗങ്ങളടങ്ങിയ, സംഘത്തിന്റെ പ്രവര്‍ത്തനം, പി.ആര്‍ സംഘങ്ങളുടെ അക്ഷീണമായ പരിപാടികള്‍, പതിനായിരക്കണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കോടാനുകോടി വോട്ടര്‍മാരിലേയ്ക്ക് എത്തിക്കുന്ന പ്രൊപ്പഗാന്‍ഡ മെറ്റീരിയലുകള്‍ എന്നിങ്ങനെ എല്ലാക്കാലത്തും സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ ഒരുപടി മുന്നിലാണ് ബി.ജെ.പി. ഇത്തവണയും ആ തന്ത്രം ഫലപ്രദമായി നടന്നിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സമാന്തരമായി മറ്റൊരു സംഘം യൂട്യൂബേഴ്സ് രംഗത്തെത്തി എന്നുള്ളതാണ് ഇത്തവണ ബി.ജെ.പിക്ക് ക്ഷീണമായി മാറിയ ഒരു ഘടകം.

അതില്‍ ഏറ്റവും പ്രധാനം ധ്രുവ് റാഠി തന്നെ. ദശലക്ഷക്കണക്കിനു മനുഷ്യരിലേക്കാണ് ധ്രുവ് റാഠിയുടെ വീഡിയോകള്‍ എത്തുന്നത്. നൂറുകോടി ജനങ്ങളിലേയ്ക്ക് ഈ ആശയമെത്തിക്കും എന്നുള്ള വാശിലാണ് ധ്രുവ് റാഠി വീഡിയോകള്‍ ചെയ്യുന്നത്. നിശിതമായി ബി.ജെ.പി-യെ ഹിന്ദി ഹൃദയഭൂമിയിലുള്ള ആളുകള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ധ്രുവ് റാഠി ചോദ്യം ചെയ്തു. നരേന്ദ്ര മോദി എന്ന നേതാവിന്റെ മേല്‍ പടുത്തുയര്‍ത്തിയിരിക്കുന്ന തോരണങ്ങളും ആഢംബരങ്ങളും തൊങ്ങലുകളും പൊളിച്ച് കളയുന്ന യുക്തിയോടെ ധ്രുവ് റാഠി കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവന്നു. സാധാരണക്കാരോട് എങ്ങനെയാണ് നിങ്ങളീ വാര്‍ത്തകളുടെ ഉള്ളുകള്ളികളറിയുന്നത് എന്ന് ചോദിച്ചാല്‍ ധ്രുവ് റാഠിയുടെ വീഡിയോകളിലൂടെ എന്നവര്‍ മറുപടി പറയുന്ന സ്ഥിതിയുണ്ടായി.

ഹിന്ദിയിലുള്ള സംസാരവും ഹിന്ദുമതവിശ്വാസി എന്ന നിലയിലുള്ള അവതരണവും ധ്രുവ് റാഠിയെ കാണികള്‍ക്ക് സുപചരിതനാക്കി. സാധാരണ ബി.ജെ.പിക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ്, ഇടതുപക്ഷ, ഹിന്ദുത്വ വിമര്‍ശക ഗണത്തില്‍ പെട്ടയാളല്ല ധ്രുവ് റാഠി. അയാളുടെ അടിസ്ഥാന രാഷ്ട്രീയം കോണ്‍ഗ്രസ് വിരുദ്ധതയാണെന്ന് പലപ്പോഴും സമ്മതിച്ചിട്ടുണ്ട്. ഹിന്ദുമത വിശ്വാസിയായ, ആചാരങ്ങള്‍ പിന്തുടരുന്ന ഒരാളാണ് എന്ന് അയാളുടെ സംസാരത്തില്‍ നിന്ന് വ്യക്തമാണ്. ചൈനയേയും കൊറിയയേയും നിരന്തരം വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് ധ്രുവ് എന്നും വ്യക്തമാകും. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ തള്ളിക്കളയാന്‍ പറ്റുന്ന ഒരു സാന്നിധ്യല്ല ആ ചെറുപ്പക്കാരന്റേത്. ധ്രുവ് റാഠിയെ കൂടാതെ ദേശ് ഭക്ത് എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആകാശ് ബാനര്‍ജി, എന്‍.ഡി.റ്റി.വിയിലെ വിഖ്യാത ജേര്‍ണലിസ്റ്റായിരുന്ന രവീഷ് കുമാര്‍, മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളായ അഭിസാര്‍ ശര്‍മ്മ, പുണ്യപ്രസൂണ്‍ വാജ്പേയ് തുടങ്ങി ധാരാളം പേരുടെ യൂട്യൂബ് ചാനലുകള്‍ക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്. ഇവരുടെ വീഡിയോകള്‍ വാട്സ് ആപ്പിലൂടെ പ്രചരിക്കപ്പെടുന്നുണ്ട് എന്ന് മാത്രമല്ല, ഇത് പല ഇടങ്ങളിലും താത്കാലികമായി വലിച്ച് കെട്ടിയ വെള്ളത്തുണികള്‍ സ്‌ക്രീനായി ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഈ യൂട്യൂബ് വിപ്ലവം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റം ചെറുതല്ല.

മീഡിയയുടെ സ്വരം മാറ്റം

ഇതോടെയാണ് മുഖ്യധാര മാധ്യമങ്ങളുടെ ശബ്ദത്തില്‍ ചെറിയൊരു മാറ്റം പതുക്കെ പതുക്കെയാണെങ്കിലും പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ചത്. സംഘപരിവാറുമായി ഏറ്റവുമധികം ബന്ധമുള്ള, സീ ന്യൂസിലാണ് ആദ്യം മാറ്റങ്ങളുണ്ടാകുന്നത്. സീ ന്യൂസിലെ മോദി അനുകൂലികളില്‍ പ്രധാനപ്പെട്ട ആളുകള്‍ പെട്ടന്ന് ചാനലില്‍ നിന്ന് പുറത്തായി. സീ ന്യൂസില്‍ പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് പതുക്കെ പതുക്കെ ഇടം ലഭിച്ച് തുടങ്ങി. ഈ മാതൃക മറ്റ് കോര്‍പറേറ്റ് മീഡിയകളും പിന്തുടര്‍ന്നു. മോദി അഭിമുഖങ്ങളും ബി.ജെ.പി പ്രചാരണങ്ങളും അവര്‍ തുടര്‍ന്നുവെങ്കിലും പ്രതിപക്ഷത്തെ പൂര്‍ണമായി തമസ്മകരിക്കുക എന്ന സ്ഥിരം രീതിയില്‍ നിന്ന് വന്‍ മാധ്യമങ്ങള്‍ മാറി നടക്കാന്‍ ആരംഭിച്ചുവെന്നതും കാറ്റ് മാറി വീശിത്തുടങ്ങിയതിന്റെ തെളിവായാണ് കണക്കാക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വിഭിന്നമായി മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മോദി അഭിമുഖങ്ങള്‍ക്കും വാര്‍ത്തകളും കാണികള്‍ കുറയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പിയെ ആശയപരമായി പിന്തുണയ്ക്കുന്ന പ്രശാന്ത് കിഷോറിനെ പോലുള്ളവരാണ്. ഏതാണ്ട് അഞ്ചിലൊന്നായി ഈ കാണികളുടെ എണ്ണം കുറഞ്ഞുവെന്ന പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനപ്പെട്ട പല മാധ്യമങ്ങളുടെ യൂട്യൂബ് ചാനലുകളിലും മോദി അഭിമുഖങ്ങളുടെ കാഴ്ക്കാര്‍ ആയിരങ്ങളോ പതിനായിരങ്ങളോ മാത്രമാണ്. ധ്രുവ് റാഠിയുടേയും രവീഷ് കുമാറിന്റെയും വീഡിയോകള്‍ ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും പേര്‍ കാണുമ്പോഴാണ് മോദിയുടെ കാഴ്ചക്കാര്‍ ഇത്രമാത്രം കുറയുന്നത്.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബി.ജെ.പി ആദ്യ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം ‘അബ് കി ബാര്‍ ചാര്‍ സൗ പാര്‍’ അഥവ ഇത്തവണ നാനൂറ് കടക്കുമെന്ന മുദ്രവാക്യം ഏതാണ്ട് ഉപേക്ഷിച്ചത്. ആദ്യഘട്ടത്തിന് മുമ്പ് ബി.ജെ.പി ഈ വാദമുന്നയിക്കുക മാത്രമല്ല, ഏതാണ്ട് എല്ലാ മുഖ്യധാര മാധ്യമങ്ങളും അവരുടെ സര്‍വ്വേകളില്‍ ഈ കാര്യം ആവര്‍ത്തിച്ചു. നാന്നൂറിലധികം സീറ്റുകളും ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായി നല്‍കിയ മാധ്യമങ്ങളുണ്ട്. എന്നാല്‍ ഇവരെല്ലാവരും ആ വാദത്തില്‍ നിന്ന് വൈകാതെ പിന്മാറി. ബി.ജെ.പിയുടെ വിജയം ആവര്‍ത്തിക്കുമെന്ന് തീര്‍ത്ത് പറയുന്ന, അവരുടെ പഴയ സ്ട്രാറ്റജിസ്റ്റ് കൂടിയായ, പ്രശാന്ത് കിഷോര്‍ കഴിഞ്ഞ തവണത്തെ അതേ സീറ്റുകള്‍ ലഭിക്കാം, ചിലപ്പോള്‍ അഞ്ചോ പത്തോ കുറയാനും കൂടാനും സാധ്യതയുണ്ട് എന്ന വാദമാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ വാദം വിശദീകരിക്കുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറച്ച് കുറയാനുള്ള സാധ്യതയാണ് അദ്ദേഹം കൂടുതല്‍ കാണുന്നതെന്നും വ്യക്തമാകും. അഥവ കോണ്‍ഗ്രസ് ഒരുകാരണവശാലും നൂറ് സീറ്റ് കടക്കില്ലെന്നും അവരുടെ സീറ്റുകളുടെ എണ്ണം പ്രധാനമല്ല എന്നും വിശ്വസിക്കുന്ന പ്രശാന്ത് കിഷോറിന് പോലും മൂന്നൂറ് സീറ്റിനപ്പുറം ബി.ജെ.പി കടക്കുന്ന സാഹചര്യം കാണാനാവുന്നില്ല.

നിര്‍ണായമാകുന്ന സംസ്ഥാനങ്ങള്‍

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാകുമ്പോഴേയ്ക്കും നിരീക്ഷകരും രാഷ്ട്രീയ പാര്‍ട്ടികളും ഒരേ പോലെ ഉറ്റുനോക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കാണ്. ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക. ബിഹാറിലെ 40 സീറ്റുകളില്‍ 39-ഉം ബി.ജെ.പി-ജെ.ഡി.യു സഖ്യം വിജയിച്ചതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. മഹാരാഷ്ട്രയിലെ 48-ല്‍ 41, കര്‍ണാടകയിലെ 28-ല്‍ 26 എന്നിങ്ങനെ ഈ 116 സീറ്റില്‍ 106-ഉം ബി.ജെ.പി സഖ്യം 2019-ല്‍ തൂത്തുവാരി. ഈ സംസ്ഥാനങ്ങളിലാകട്ടെ ഈ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് ബി.ജെ.പി നേരിടുന്നത്. ബിഹാറില്‍ പലവട്ടം ചേരി മാറി മാറി അധികാരമുറപ്പിക്കാന്‍ രാഷ്ട്രീയ നാടകങ്ങള്‍ പലത് കളിച്ച നിതീഷ് കുമാറിന്റെ ജെ.ഡി.യു ഇത്തവണ കുറച്ച് ക്ഷീണത്തിലാണ്. മഹാരാഷ്ട്രയിലാകട്ടെ ശിവസേനയേയും എന്‍.സി.പിയേയും പിളര്‍ത്തിയതിന്റെ പ്രാദേശിക തിക്താനുഭവം ബി.ജെ.പി അനുഭവിക്കുമെന്ന വാശിയിലാണ് മറാത്ത വികാരം പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വലിയ വിജയം ലോകസഭയിലും തുടരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ മൂന്ന് സംസ്ഥാനങ്ങളിലെ 106 സീറ്റുകളില്‍ ഗണ്യമായ തോതിലുള്ള ഇടിവ് ബി.ജെ.പിക്കുണ്ടാകുമെന്നാണ് പ്രതിപക്ഷ കക്ഷികളുടേയും നിരീക്ഷകരുടേയും കണക്ക് കൂട്ടല്‍.

ബിഹാറില്‍ ഇത്തവണ എന്‍.ഡി.എ സഖ്യത്തിന് വേണ്ടി 17 സീറ്റുകളില്‍ ബി.ജെ.പിയും 16 സീറ്റുകളില്‍ ജെ.ഡിയുവും അഞ്ച് സീറ്റുകളില്‍ എല്‍.ജെ.പി (രാംവിലാസ് പസ്വാന്‍ വിഭാഗം)-യും ഒരോ സീറ്റുകളില്‍ ജിതിന്‍ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അമാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയും മത്സരിക്കുന്നു. 23 സീറ്റുകളില്‍ മത്സരിക്കുന്ന ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ എന്ന ആര്‍.ജെ.ഡിയാണ് പ്രതിപക്ഷ സഖ്യത്തിനെ നയിക്കുന്നത്. കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും ഇടതുപക്ഷ കക്ഷികള്‍ അഞ്ച് സീറ്റിലും മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന് സീറ്റുകളിലും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഏതാണ്ട് ഒറ്റക്കെന്നവണ്ണം നയിക്കുന്നത് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണ്. ബി.ജെ.പിയുടെ മുഴുവന്‍ പ്രചരണ പരിപാടികളേയും തകിടം മറിക്കുന്ന തരത്തില്‍ അടിസ്ഥാന പ്രശ്നങ്ങളിലൂന്നിയാണ് തേജസ്വയുടെ പ്രചാരണം.

മഹാരാഷ്ട്രയില്‍ ബി.ജെ.പി 48-ല്‍ 28 സീറ്റുകളിലും മത്സരിക്കുന്നു. എന്‍.ഡി.എയിലുള്ള ശിവസേന ഏകനാഥ് ഷിന്‍ഡേ വിഭാഗം 15 സീറ്റുകളിലും അജിത് പവാര്‍ എന്‍.സി.പി നാല് സീറ്റിലും മത്സരിക്കുന്നു. ഇന്ത്യ സഖ്യമാകട്ടെ മഹാവികാസ് അഘാഡി എന്ന പേരിലാണ് മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്നത്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 21 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും സുപ്രിയ സുലേ നേതൃത്വം നല്‍കുന്ന എന്‍.സി.പി 10 സീറ്റുകളിലും മത്സരിക്കുന്നു. മഹാരാഷ്ട്രയുടെ തനത് സ്വത്വത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തിക്കുന്നുവെന്ന പേരില്‍ ഉടലെടുത്തിട്ടുള്ള മറാത്ത വികാരമാണ് പ്രതിപക്ഷത്തിന്റെ ഇത്തവണത്തെ കരുത്ത്. ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന ശിവസേന, എന്‍.സി.പി വിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടി ലഭിക്കുമെന്നും അതിന്റെ ഭാഗമായി ബി.ജെ.പിക്കും പരിക്ക് പറ്റുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി കരുത്ത് നിലനിര്‍ത്തുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍.

കര്‍ണാടകയില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച 26 സീറ്റുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് തിരഞ്ഞെടുപ്പിന് മുന്നേ തന്നെ കണക്ക് കൂട്ടലുകളുണ്ടായിരുന്നു. പതിനഞ്ച് സീറ്റുകളോളം കോണ്‍ഗ്രസിന് അനുകൂലമായി മാറുന്നുമെന്ന് ബി.ജെ.പി തന്നെ ആഭ്യന്തരമായി വിലയിരുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിന് പഴയ കരുത്തില്ല എന്ന മാത്രമല്ല, കര്‍ണാടകയിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ അന്ന് ഉയര്‍ന്ന പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക അതിക്രമ കേസും ബി.ജെ.പിക്കും മോദിക്കും വലിയ ക്ഷീണമാകും. കഴിഞ്ഞ വട്ടം പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍ ജെ.ഡി.യു വിജയിച്ച ഒരേയൊരു സീറ്റാണ് പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്ന ഹസന്‍ മണ്ഡലം. ഇത്തവണ നരേന്ദ്ര മോദി നേരിട്ടെത്തി ഹസനില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി വോട്ട് ചോദിക്കുകയും ചെയ്തു. ഉത്തര കര്‍ണാടക പ്രദേശത്ത് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമം വലിയ ചര്‍ച്ചയാവുകയും ചെയ്തു.

കെജ്രിവാളിന്റെ അറസ്റ്റും ഹരിയാനയിലെ പ്രതിസന്ധിയും

ഈ സംസ്ഥാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ലോകസഭ തിരഞ്ഞെടുപ്പിന്റെ അന്തിമഫലത്തെ ഏറ്റവും നിര്‍ണായകമായി ബാധിക്കുമെന്നതില്‍ സംശയങ്ങളില്ല. ഇത് കൂടാതെ ഈ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവടങ്ങളാണ്. ഈ മൂന്നിടത്തും ചണ്ഡീഗഡിലുമായുള്ള 31 സീറ്റുകളില്‍ 22-ഉം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിനായിരുന്നു. ഡല്‍ഹി തൂത്തുവാരിയ ബി.ജെ.പി ഹരിയാണയില്‍ പത്തില്‍ പത്ത് സീറ്റുകളും നേടി. ചണ്ഡിഗഢും പഞ്ചാബിലെ നാല് സീറ്റുകളും ബി.ജെ.പി-അകാലിദള്‍ സഖ്യത്തിനായിരുന്നു. ബി.ജെ.പിയുടെ ഏറ്റവും വലിയ പഴയ സഖ്യങ്ങളിലൊന്നായ ശിരോമണി അകാലി ദള്‍ ഇത്തവണ അവര്‍ക്കൊപ്പം ഇല്ല. എന്നാല്‍ ഭരണപക്ഷത്തിലോ പ്രതിപക്ഷത്തോ ഐക്യമുന്നണികളൊന്നും നിലവില്ലാത്തതിനാല്‍ പതിമൂന്ന് സീറ്റുകളിലും ചതുഷ്‌കോണ മത്സരമാണ് പഞ്ചാബില്‍. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അകാലിദളും ബി.ജെ.പിയും പരസ്പരം ഏറ്റ് മുട്ടുമ്പോള്‍ വലിയ പരിക്കുപറ്റാതെ നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ കര്‍ഷകസമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബി.ജെ.പിക്കെതിരായി രൂപപ്പെട്ട രാഷ്ട്രീയ കാലാവസ്ഥ ഇപ്പോഴും കനപ്പെട്ട് തന്നെ നില്‍ക്കുന്നതിനാല്‍ മിക്കവാറും മണ്ഡലങ്ങളില്‍ നാലാം സ്ഥാനത്തുള്ള പാര്‍ട്ടിയാണ് ബി.ജെ.പിയിപ്പോള്‍. അതുകൊണ്ട് തന്നെ അവിടെ നിന്ന് ഒരു സീറ്റിന്റെ പോലും പ്രതീക്ഷ ബി.ജെ.പിക്ക് വേണ്ട എന്നാണ് നിരീക്ഷകരുടെ നിഗമനം. പട്യാലയില്‍ നിന്ന് മത്സരിക്കുന്ന, മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രണീത് സിങ്ങാണ് ബി.ജെ.പിയുടെ ഏകപ്രതീക്ഷ. ചലച്ചിത്ര താരം കിരണ്‍ഖേര്‍ രണ്ട് വട്ടമായി ബി.ജെ.പിക്ക് വേണ്ടി പ്രതിനിധീകരിക്കുന്ന ചണ്ഡീഗഢാകട്ടെ ഇത്തവണ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ജനപ്രിയ നേതാവായ മനീഷ് തിവാരിയെ ആണ്.

ഹരിയാണയില്‍ തൊട്ടതെല്ലാം പിഴച്ച് നില്‍ക്കുന്ന അവസ്ഥയാണ് ബി.ജെ.പിയുടേയത്. 90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 40 സീറ്റുകളുള്ള ബി.ജെ.പി പത്ത് സീറ്റുകളുള്ള ജനനായക് ജനത പാര്‍ട്ടി (ജെ.ജെ.പി)യുടെ പിന്തുണയോടെയാണ് ഭരിച്ചുപോന്നിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ബി.ജെ.പിക്കുമുള്ള പിന്തുണ ജെ.ജെ.പി പിന്തുണച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ബി.ജെ.പിയെ പിന്തുണച്ചിരുന്ന ആറ് സ്വതന്ത്രരില്‍ മൂന്ന് പേര്‍ ചേരി മാറി 30 സീറ്റുകളുള്ള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നായബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കി ജെ.ജെ.പിയുടെ ആറ് എംഎല്‍എ മാരുടെ പിന്തുണ ഉറപ്പ് വരുത്തി താത്കാലികമായി ഭരണത്തില്‍ തുടരുകയാണ് ബി.ജെ.പി. ഈ പ്രതിസന്ധികള്‍ക്ക് പുറമേയാണ് ഗുസ്തി താരങ്ങളുടെ സമരങ്ങള്‍ മുതല്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ചവരെയുള്ള ബി.ജെ.പി വിരുദ്ധ വികാരം സംസ്ഥാനത്തുള്ളത്. ഇത്തവണ ഹരിയാണയിലെ പത്ത് സീറ്റുകളില്‍ ഒന്‍പതെണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒന്നില്‍ ആംആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തിന് വേണ്ടി മത്സരിക്കുന്നു.

പൊതുവേ ഡല്‍ഹിയിലെ ഫലത്തിന് അനുസരിച്ചാകും കേന്ദ്രത്തിലെ ഭരണമെന്ന അവസ്ഥയുണ്ടാകാറുണ്ട്. 2014-ലും 2019-ലും ഡല്‍ഹി, ബിജെപി തൂത്തുവാരുകയായിരുന്നു. ഏഴില്‍ ഏഴ് സീറ്റും ബി.ജെ.പിക്ക്. അതേസമയം 2004-ല്‍ ആറ് സീറ്റും 2009-ല്‍ ഏഴ് സീറ്റും കോണ്‍ഗ്രസാണ് നേടിയത്. ഈ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ചര്‍ച്ച കെജ്രിവാളിന്റെ അറസ്റ്റ് തന്നെയായിരുന്നു. ആ ചര്‍ച്ച ഹരിയാണയിലും പഞ്ചാബിലും പ്രതിദ്ധ്വനിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുന്നത് അദ്ദേഹത്തെ പേടിച്ചിട്ടാണെന്ന ആംആദ്മി പാര്‍ട്ടിയുടെ പ്രചരണം ജനങ്ങളില്‍ പ്രതികരണമുണ്ടാക്കി. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഡല്‍ഹിയില്‍ കൈകോര്‍ത്താണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നാല് സീറ്റില്‍ ആംആദ്മി പാര്‍ട്ടിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും. കടുത്ത ഭരണവിരുദ്ധ വികാരം ഡല്‍ഹിയിലെ ബി.ജെ.പി പ്രതിനിധികള്‍ നേരിടുന്നത് കൊണ്ട് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഒഴികെ മറ്റെല്ലാ സീറ്റിലും പുതിയ സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ക്രിക്കറ്റ് താരം ഗൗതം ഗംഭീറും കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖിയും മുന്‍മുഖ്യമന്ത്രി സാഹേബ്സിങ് വര്‍മ്മയുടെ മകന്‍ പര്‍വേശ് വര്‍മ്മയും അടക്കമുള്ളവര്‍ക്ക് സീറ്റ് നഷ്ടമായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഭോജ്പുരി ഗായകനും നടനുമൊക്കെയായ മനോജ് തിവാരി മാത്രമാണ് മത്സരിക്കുന്ന എം.പി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മനോജ് തിവാരിയെ നേരിടുന്നതാകട്ടെ സി.പി.ഐയില്‍ നിന്ന് കോണ്‍ഗ്രസിലേയ്ക്ക് എത്തിയ പഴയ ജെ.എന്‍.യു താരം കന്നയ്യ കുമാറാണ്.

ഡല്‍ഹിയില്‍ ആര് എന്നത് രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശയെ തന്നെ കുറിക്കുമെന്ന സമകാലിക അനുഭവം ഇത്തവണയും ഫലപ്രദമാവുമോ എന്ന് കണ്ടറിയാം. കോണ്‍ഗ്രസില്‍ അവസാന നിമിഷമുണ്ടായ ചേരി പോരും സംസ്ഥാന അധ്യക്ഷന്‍ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേയ്ക്ക് കൂറ് മാറിയതുമെല്ലാം സഖ്യത്തിന്റെ പ്രവര്‍ത്തനം എത്ര ഫലപ്രദമാണ് എന്ന ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്. എന്തായാലും വടക്ക് മാത്രമല്ല, തെക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിലും എന്ത് സംഭവിക്കുമെന്നത് ഇത്തവണത്തെ പ്രധാനപ്പെട്ട ചോദ്യമാണ്. വടക്കും പടിഞ്ഞാറും ബി.ജെ.പിക്ക് ചില്ലറ കുറവുകളുണ്ടാകും എന്ന് അവര്‍ തന്നെ അംഗീകരിക്കുന്ന കാര്യമാണ്. വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ ഏതാണ്ട് മാക്സിമം സീറ്റുകള്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ നേടിയിട്ടുണ്ട്. അവിടെ കുറയാനല്ലാതെ കൂടാനായി ഒന്നുമില്ല. യു.പി, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചല്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ കുറയുമെന്നാണ് കണക്ക്. ഇത് കൂടാതെ തെക്ക് നിന്നുള്ള കര്‍ണാടകയും. അത് മറികടക്കണമെങ്കില്‍ കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് സീറ്റുകള്‍ കൂടുതലായി ലഭിക്കണം.

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതീക്ഷ വേണ്ട എന്ന് ബി.ജെ.പിക്ക് തന്നെ ഏതാണ്ടുറപ്പായി. ആന്ധ്രയില്‍ ടി.ഡി.പിയുമായുള്ള സഖ്യം മൂലം ബി.ജെ.പിക്ക് ലഭിച്ചില്ലെങ്കില്‍ എന്‍.ഡി.എയ്ക്ക് പത്ത്-പതിനഞ്ച് സീറ്റുകള്‍ വരെ ലഭിച്ചേക്കാം എന്ന പ്രതീക്ഷ അവര്‍ക്കുണ്ട.് തെലങ്കാനയിലെ 17 സീറ്റുകളില്‍ നിലവിലുള്ള നാല് എന്നുള്ളത് അവര്‍ ചുരുങ്ങിയത് എട്ടായി വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ ബി.ജെ.പിക്ക് ഉദാരമായി സീറ്റുകള്‍ പ്രവചിക്കുന്ന സീ വോട്ടര്‍ സര്‍വ്വേ അവസാനം നടത്തിയ കണക്കെടുപ്പില്‍ പോലും ബി.ജെ.പിക്ക് ഏറ്റവും കൂടിയത് അഞ്ച് സീറ്റുകളാണ് പ്രവചിക്കുന്നത്. നിലവിലുള്ള നാല് സീറ്റുകളും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മെഹ്ബൂബനഗറും. ആന്ധ്രയില്‍ നിലവില്‍ 22 സീറ്റ് വൈ.എസ്.ആര്‍ കോണ്‍ഗ്രസും മൂന്ന് സീറ്റ് ടി.ഡി.പിക്കുമാണ്. നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന സംസ്ഥാനത്ത് ടി.ഡി.പി-ബി.ജെ.പി സഖ്യം ഇത്തവണ മുന്നിലാണെന്നാണ് എല്ലാ സര്‍വ്വേകളും സൂചിപ്പിക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ സഖ്യം ടി.ഡി.പിക്ക് ക്ഷീണമായിരിക്കും ഉണ്ടാക്കുക എന്ന് കരുതുന്നവരും സംസ്ഥാനത്തുണ്ട.് കഴിഞ്ഞ ഡിസംബര്‍ വരെ എല്ലാ സര്‍വ്വേകളിലും മുന്നിട്ട് നിന്നിരുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് എതിരെ ഇപ്പോള്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ഈ സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നു.

ബി.ജെ.പിയുടെ മറ്റൊരു വലിയ പ്രതീക്ഷ ഒഡിഷയാണ്. നിയമസഭയിലും ലോകസഭയിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് കാലങ്ങളായി ഭരണം തുടരുന്ന ബിജു ജനതാദളിനെ അട്ടിമറിച്ച് ഭരണം നേടുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ലോകസഭയിലും തത്തുല്യമായി സീറ്റുകള്‍ ലഭിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. 21 സീറ്റുകളുള്ള ഒഡിഷയില്‍ ഇപ്പോള്‍ എട്ട് സീറ്റുകള്‍ ബി.ജെ.പിക്കും 12 സീറ്റുകള്‍ ബി.ജെ.ഡിക്കും ഒരു സീറ്റ് കോണ്‍ഗ്രസിനുമാണുള്ളത്. ഇത 12 സീറ്റുകളായെങ്കിലും ഉയര്‍ത്തുമെന്ന് ബി.ജെ.പി കരുതുന്നു. അതേസമയം, ബി.ജെ.ഡിക്കെതിരായുള്ള ബി.ജെ.പിയുടെ തീഷ്ണമായ പ്രചരണം ഒഡിഷയുടെ വൈകാരിതകളെ മുറിപ്പെടുത്തുന്നതായിരുന്നുവെന്നും അത് അവര്‍ക്ക് തിരിച്ചടിയായി മാറുമെന്നും കരുതുന്നവരുണ്ട്. പശ്ചിമബംഗാളില്‍ കഴിഞ്ഞ തവണ ലഭിച്ച 18 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നുള്ളതാണ് ബി.ജെ.പിയുടെ ശ്രമിക്കുന്ന മറ്റൊരു കാര്യം. രണ്ട് സീറ്റില്‍ നിന്ന് 18 സീറ്റുകളിലേയ്ക്കുള്ള കുതിച്ച് ചാട്ടമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയത്. ഇത്തവണ അത് ആവര്‍ത്തിക്കാനാകുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രത്യേകിച്ചും ബംഗാളില്‍ പൗരത്വ നിയമം ബി.ജെ.പിക്ക് അനുകൂലമായി മാറുമോ എന്നതും നോക്കേണ്ടതാണ്.

ഇത് കൂടാതെ നിര്‍ണായകമായി മാറുന്നത് നാല്‍പത് ലോകസഭ മണ്ഡലങ്ങളാണ്. ഈ നാല്‍പത് മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ചത് ഒരു ലക്ഷത്തിന് താഴെ വോട്ടുകള്‍ക്കാണ്. ഇതില്‍ പത്തുസീറ്റുകളിലാകട്ടെ പതിനായിരത്തില്‍ താഴെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ജയിച്ചത്.

1.മച്ഛലിശഹര്‍ (യുപി) -ബി.പി സരോജ് (181 വോട്ട്), 2. കുന്തി (ജാര്‍ഖണ്ഡ്) – അര്‍ജുന്‍ മുണ്ട (1445), 3. ചമരാജനഗര്‍ (കര്‍ണാടക) – ശ്രീനിവാസ് പ്രസാദ് (1817), 4. ബര്‍ദ്ധ്മാന്‍ (പ.ബംഗാള്‍)- എസ്.എസ് അലുവാലിയ (2439), 5. മീററ്റ് (യു.പി) -രാജേന്ദ്ര അഗര്‍വാള്‍ (4729), 6. മുസഫര്‍ നഗര്‍ (യു.പി)- സജ്ഞീവ് ബലിയാന്‍ (6526), 7. കാങ്കേര്‍ (ഛത്തീസ്ഗഢ്)-മോഹന്‍ മാണ്ഡവി (6914), 8. റോത്തക്ക് (ഹരിയാണ)-അരവിന്ദ് കുമാര്‍ ശര്‍മ്മ (7503), 9. സമ്പല്‍പൂര്‍ (ഒഡിഷ)-നിതേഷ് ഗംഗാദേവ് (9162), 10.ദമന്‍ ദ്യൂ -ലാലുഭായ് പട്ടേല (9942)

ഇങ്ങനെ പല കണക്ക്കൂട്ടലുകളിലാണ് ഇരു മുന്നണികളും വിവിധ പാര്‍ട്ടികളും. ഈ തിരഞ്ഞെടുപ്പ് അവസാനത്തിന്റെ ആരംഭമാണ് എന്ന് കണക്കാക്കുന്ന ധാരാളം പേരുണ്ട്. ബി.ജെ.പി മുന്നോട്ട് ഹിന്ദുത്വ എന്ന ആശയം ഇന്ത്യയിലെ ഭരണാധികാരത്തില്‍ നിന്ന് പടിയിറങ്ങി അവസാനിക്കുന്നതിന്റെ ആരംഭമായി ചിലര്‍ കാണുന്നു. ചിലരാകട്ടെ ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന വെളിച്ചം കൂടി അസ്തമിക്കുന്നതിന്റെ ആരംഭമായി, തികഞ്ഞ ഏകാധിപത്യത്തിലേക്ക് നമ്മുടെ ഭരണക്രമം വഴിമാറുന്നതിന്റെ ആരംഭമായി, ഇങ്ങനെ നമ്മുടെ സ്വാതന്ത്ര്യം അവസാനിക്കുന്നതിന്റെ കൂടി ആരംഭമായി ഈ തിരഞ്ഞെടുപ്പിനെ കാണുന്നവരുമുണ്ട്. എന്തിന്റെ ആരംഭമാണെന്ന് അറിയാന്‍ അധിക ദിവസങ്ങള്‍ നമുക്കിനി കാത്തിരിക്കേണ്ട കാര്യമില്ല.

Content Summary; General election 2024 what will happen june 4th predictions and realities last part

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×