കേരള രാഷ്ട്രീയത്തില്‍ പ്രശസ്തമായ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലമാണ് 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ചാലക്കുടിയായി മാറിയത്. പനമ്പിള്ളിയും, ഇ ബാലാനന്ദനും, കെ കരുണാകരനും, ഇന്നസെന്റും ജയിച്ചത് ഇവിടെ നിന്നാണ്. മുകുന്ദപുരം ആയിരുന്നപ്പോളും, ചാലക്കുടി ആയപ്പോഴും ഇവിടെ കോണ്‍ഗ്രസ് മുന്നണിയാണ് കൂടുതലും ജയിച്ചിട്ടുള്ളത്. ഇടത് പക്ഷത്തിനും ഇവിടെ പലവട്ടം വിജയിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് കൊണ്ട് നമുക്ക് മനസിലാക്കാന്‍ സാധിക്കുക ഇവിടുത്തെ വോട്ടര്‍മാര്‍ മാറിയും ചിന്തിക്കാം എന്നതാണ്.
1952 ല്‍ കേരളം രൂപീകരിക്കുന്നതിന് മുമ്പ് തിരു-കൊച്ചി ആയിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ കെ. ടി അച്യുതന്‍ ആയിരുന്നു ആദ്യത്തെ പാര്‍ലമെന്റ് അംഗം. കേരളം രൂപീകരിച്ചതിന് ശേഷം മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നാരായണന്‍കുട്ടി മേനോന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തി. 1962 ലും 67 ലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയത് പനമ്പള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു. തുടര്‍ന്ന് 1971, 77 എ സി ജോര്‍ജ്ജും, 1980 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ തൊഴിലാളി വര്‍ഗ്ഗ നേതാവ് ഇ. ബാലനന്ദനും മുകുന്ദപുരത്തിന്റെ പ്രതിനിധിയായി. കേരള കോണ്‍ഗ്രസിന്റെ മോഹന്‍ദാസ് 1984 ഇവിടെ ജയിച്ചു.
1989ലും 91ലും സാവിത്രി ലക്ഷ്മണനാണ് മുകുന്ദപുരത്തിന്റെ പ്രതിനിധി ആയത്. 1996 പി. സി ചാക്കോയും 1998 ല്‍ എ.സി ജോസും 1999ല്‍ സാക്ഷാല്‍ കെ കരുണാകരനും മുകുന്ദപുരത്തിന്റെ പ്രതിനിധിയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. 2004 കെ കരുണാകരന്റെ പുത്രി പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോനപ്പന്‍ നമ്പാടന്‍ മണ്ഡലം സ്വന്തമാക്കിയത്. 2009 മുകുന്ദപുരം മാറി ചാലക്കുടി ആയപ്പോള്‍ കെ പി ധനപാലന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റില്‍ എത്തി. 16 ആം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2014 ല്‍ ചലച്ചിത്രതാരം ഇന്നസെന്റ് ഇടതുപക്ഷത്തിന്റെ സ്വതന്ത്രനായി മത്സരിക്കുകയും മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. 2019 ല്‍ ഇന്നസെന്റിനെ തോല്‍പ്പിച്ചാണ് ബെന്നി ബഹനാന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി ആയത്.
ഇടത്പക്ഷത്തിന് വേണ്ടി ഇത്തവണ ഇറങ്ങിയിരിക്കുന്നത് ജനകീയനായ മുന്‍ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥാണ്. വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്നത് സിറ്റിംഗ് അംഗമായ ബെന്നി ബഹനാനാണ്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് എന്‍ഡിഎയുടെയും, ട്വന്റി-20യുടെയും സ്ഥാനാര്‍ത്ഥികള്‍ ചാലക്കുടിയിലുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ്. ഈ രണ്ടു പേരും ഏതാണ്ട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ മറിയ്ക്കുവാന്‍ മണ്ഡലത്തില്‍ പ്രാപ്തരായവരാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയായ എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ ലഭിച്ചത് 1,28,996 വോട്ടാണ്. ഇക്കുറി ഒന്നര ലക്ഷത്തിന്റെ അടുത്ത് എത്തുമെന്നാണ് പറയുന്നത്. അതുപോലെതന്നെ ട്വന്റി-20ക്ക് സ്വാധീനമുള്ള കുന്നത്തുനാട് പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ അവരും അവിടെ സമാഹരിക്കും എന്നാണ് മനസിലാക്കുന്നത്. ഈ രണ്ടു കൂട്ടരും ആരുടെ വോട്ടുകള്‍ പിടിക്കും എന്നുള്ളതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം.