UPDATES

ഉത്തരകാലം

തൃശൂര്‍ ആരെടുക്കും?

മണ്ഡല പര്യടനം

                       

ശക്തന്‍ തമ്പുരാന്റെ തട്ടകമാണ് തൃശൂര്‍. ഇടതുപക്ഷത്തിന് വലിയ വേരോട്ടുമുള്ള ഒരു നാട് കൂടിയാണ് തൃശൂര്‍. 2019 ലെ തെരഞ്ഞെടുപ്പില്‍ ടി. എന്‍. പ്രതാപന്‍ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫിലെ രാജാജി മാത്യുവിനെ തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പിടിച്ചതാകട്ടെ 2,93,822 വോട്ടുകള്‍. ‘തൃശൂര്‍ ഞാനെടുക്കുവാ’ എന്നുള്ള പ്രശസ്തമായ ഡയലോഗ് ഇത്തവണ തൃശൂര്‍ വോട്ടര്‍മാര്‍ അംഗീകരിക്കുമോ എന്ന് കണ്ടറിയണം. 2019 ല്‍ പിടിച്ച വോട്ടുകള്‍ ഇത്തവണയും ലഭിച്ചാല്‍ മാത്രമേ സുരേഷ് ഗോപിക്ക് തൃശൂരില്‍ സ്വാധീനമുണ്ടെന്ന് പറയുവാന്‍ സാധിക്കൂ. അത് ഉണ്ടാക്കുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പല ശ്രമങ്ങളും നടത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വന്നതും തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും തൃശൂരില്‍ എത്തുന്നതും ഒക്കെ അതുകൊണ്ടുതന്നെയാണ്.

2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നീ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നേരെ മറിച്ചായിരുന്നു. എല്ലായിടത്തും ഇടത് മുന്നണി ജയിച്ചു. 1952-ല്‍ നടന്ന ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇയ്യുണ്ണി ചാക്കാല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി തൃശൂരില്‍ നിന്ന് ജയിച്ചതാണ്. കേരള സംസ്ഥാനരൂപീകരണത്തിന് ശേഷം 1957 മുതല്‍ 1980 വരെ കെ കൃഷ്ണവാരിയര്‍, സി ജനാര്‍ദ്ദനന്‍, കെ എ രാജന്‍ എന്നിവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധികളായി പാര്‍ലമെന്റില്‍ എത്തി. 1984 മുതല്‍ 91 വരെ തൃശൂര്‍ മണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പി എ ആന്റണിയുടേയും പി സി ചാക്കോയുടേയും കയ്യില്‍ ഭദ്രമായിരുന്നു.

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ പരാജയപ്പെട്ട മണ്ഡലമാണ് തൃശൂര്‍. 1996-ല്‍ വി വി രാഘവന്‍ 1480 വോട്ടിനാണ് തോല്‍പ്പിച്ചത്. 1996 ലും 98 ലും വി വി രാഘവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തി. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുകയാണെങ്കില്‍ മാറിമറിഞ്ഞു വരുന്ന ഫലങ്ങളാണ് കണ്ടിട്ടുള്ളത്. 1999 കോണ്‍ഗ്രസിന്റെ എ സി ജോസ് ആണെങ്കില്‍, 2004 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സി കെ ചന്ദ്രപ്പനും, 2009 ല്‍ കോണ്‍ഗ്രസിന്റെ പി സി ചാക്കോയും, 2014 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സി എന്‍ ജയദേവനും, 2019 കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടി എന്‍ പ്രതാപനും ജയിച്ച ചരിത്രമാണ് തൃശൂരിന് ഉള്ളത്.

സുനില്‍കുമാര്‍ ആണ് തൃശൂരിനെ പ്രതിനിധീകരിക്കാന്‍ എല്‍ഡിഎഫ് കളത്തില്‍ ഇറക്കിയിരിക്കുന്നത്. പരാജയം മണത്ത കോണ്‍ഗ്രസ് സിറ്റിംഗ് എംപി ടി എന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ അവിടെ കൊണ്ടു വന്നു. അല്പമെങ്കിലും വിജയപ്രതീക്ഷയുള്ള മണ്ഡലമാണെന്ന തോന്നല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്ക്. സുരേഷ് ഗോപി ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കും എന്ന് ബിജെപി പറയുന്നുണ്ട്. ഇതുതന്നെയാണ് തിരുവനന്തപുരത്തും ആറ്റിങ്ങലിലും വയനാടും ബിജെപി പറയുന്നത്. കഴിഞ്ഞതവണ ബിജെപിക്ക് വേണ്ടി കളത്തില്‍ ഇറക്കിയ സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും ഇറങ്ങുന്നത് എന്നുള്ള പ്രത്യേകതയുണ്ട്. മാതാവിന്റെ കിരീടവും പോണ്ടിച്ചേരി വണ്ടിയുടെ രജിസ്‌ട്രേഷനും സുരേഷ് ഗോപിക്ക് ഇത്തവണ വിനയാകും എന്ന് തന്നെയാണ് രാഷ്ട്രീയ വിലയിരുത്തല്‍. സുരേഷ് ഗോപിക്കും, കെ മുരളിധരനും തൃശൂരില്‍ മത്സരിച്ച് തോറ്റ ചരിത്രവുമുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍