UPDATES

വൈറൽ ആയൊരു പുസ്തകവും, അതിലും വൈറലായൊരു കവർ ഡിസൈനും

അഖിൽ പി ധർമ്മജൻ സംസാരിക്കുന്നു

                       

സിനിമയും,പുസ്തകങ്ങളും മനോഹരമായി ആളുകളോട് സംവദിക്കുന്ന ഇടത്തിൽ നിന്നാണ് ജനപ്രിയമായി മാറുന്നത്. മലയാള സാഹിത്യത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇന്നും സമൂഹവും വായനക്കാരും ആഘോഷമാക്കി മാറ്റുന്നത് പ്രണയമാണ്. ഒരു പ്രണയകഥ അതിഭാവുകത്വങ്ങളില്ലാതെ, റിയലിസ്റ്റിക് ഫിക്ഷനായി വായനക്കാരിലെത്തുമ്പോൾ അവർ അത് ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനുമപ്പുറം കഥയും കഥാപാത്രങ്ങളും സമൂഹമാധ്യമങ്ങളിലും, പ്രായ ഭേദമന്യേ വായനക്കാരിലും തരംഗമാവുന്നത് അതിശയോക്തി കലർത്തി വീക്ഷിക്കാനാകും. പറഞ്ഞുവരുന്നത് റാം C/O ആനന്ദി എന്ന പുസ്തകത്തെ കുറിച്ചും, എഴുത്തുകാരൻ അഖിൽ പി ധർമ്മജനെ കുറിച്ചുമാണ്.

പുസ്തകത്തിനൊപ്പം തന്നെ വൈറലാണ് പുസ്തകത്തിന്റെ കവർ ഡിസൈനും. ഒരുപക്ഷെ പുസ്തകം പ്രകാശനം മുൻപ് തന്നെ ഒരുപറ്റം വായനക്കാർ കാത്തിരിക്കാൻ തുടങ്ങിയതും കവർ ഡിസൈൻ കണ്ടിട്ടായിരുന്നുവെന്ന് അഖിൽ അഴിമുഖത്തോട് പറയുന്നു. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രകാശനം ചെയ്ത റിയലിസ്റ്റിക് ഫിക്‌ഷൻ വിഭാഗത്തിലുള്ള നോവൽ കേരളത്തിന്റെ തെരെഞ്ഞെടുപ്പ് ഗോദ മുതൽ കല്യാണപ്പന്തലിലും പരസ്യങ്ങളിലും വരെ തരംഗമായതിന്റെ വിശേഷം പങ്കുവെക്കുകയാണ് അഖിൽ പി ധർമ്മജൻ.

കവർ ഡിസൈൻ

പുസ്തകത്തിനോടൊപ്പം എടുത്തു പറയപ്പട്ട ഒന്നാണ് കവർ ഡിസൈൻ. എന്റെ സുഹൃത്തു കൂടിയായ ഹിരൺ കൈരളി പുന്നപ്രയാണ് കവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുസ്തകം മുന്നോട്ടു വക്കുന്ന പ്രമേയത്തിന് അനുസൃതമായി പോസ്റ്റിവിറ്റി നൽകുന്ന കവർ പേജ് ആയിരുന്നു ആദ്യമെ മനസ്സിൽ കണ്ടിരുന്നത്. 2020 ഫെബ്രുവരി 14 നായിരുന്നു പുസ്തകത്തിന്റെ കവർ പുറത്തിറക്കിയത്. കവർ ഡിസൈൻ പുറത്തിറങ്ങിയത് മുതൽ ഒരു കൂട്ടം വായനക്കാർ പുസ്തകം പ്രകാശനം ചെയ്യുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. ഏറ്റവും ആദ്യം പുസ്തകത്തെ ആകർഷകമാക്കി തീർക്കുന്നത് കവർ ഡിസൈനാണ്. അതിനു ശേഷമാണ് റാം C/O ആനന്ദി എന്ന ടൈറ്റിൽ സ്ഥാനം പിടിക്കുന്നത്. ഈ കവർ ഡിസെനിനെ ആളുകൾ അവരുടേതായ രീതിയിൽ മാറ്റിയെടുക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. കല്യാണ കാർഡ് മുതൽ തെരെഞ്ഞെടുപ്പിലും കമ്പനികളുടെ പരസ്യത്തിലും വരെ കവർ ഡിസൈൻ ഉപയോഗപ്പെടുത്തുന്നുണ്ട്. പുസ്തകവും ഡിസൈനും ഒരു പോലെ ഏറ്റെടുത്തതിൽ ഇരട്ടി സന്തോഷമുണ്ട്. യുവ തലമുറയിലെ പലരും സാഹിത്യത്തിൽ വിമുഖത കാണിക്കുന്നവരാണെന്ന അഭിപ്രായമില്ല. എന്റെ പുസ്തകത്തെ സംബന്ധിച്ചാണെങ്കിൽ വളരെ ലളിതമായ ഭാഷയുംസാഹിത്യമാണ് കൈ കാര്യം ചെയ്യുന്നത്. സാഹിത്യത്തിലേക്ക് കടന്നു വരാനായി ആഹ്രഹിക്കുന്ന പലരും ഇത്തരം ലളിതമായ കൃതികൾക്ക് വേണ്ടി കാത്തിരുന്നത് കൂടിയായിരിക്കാം റാം C/O ആനന്ദിക്ക് ലഭിച്ച സ്വീകാര്യതക്ക് പിന്നിൽ.

വ്യാജപതിപ്പ്

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഓൺലൈനിലൂടെ പുസ്തകത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കാൻ തുടങ്ങിയത്. ഫേസ്ബുക് വാട്സപ്പ് ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ്  കൂടുതലായും ആളുകളിൽ എത്തുന്നത്. ഇതോടെയാണ് വ്യാജപതിപ്പിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയത്. അധികം വൈകാതെ തന്നെ പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കും. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പിഡിഎഫുകൾ കൈ മാറുന്നത് കുറ്റകൃത്യമാണെന്ന അവബോധം ഇല്ലാത്തതുകൊണ്ട് കൂടിയാകാം ഇത് സംഭവിക്കുന്നത്. പകർപ്പവകാശ നിയമമനുസരിച്ച് പുസ്തകത്തിന്റ പതിപ്പുകൾ സൃഷ്ടിക്കാനുള്ള അവകാശം പൂർണമായും പ്രസാധകർക്കും, എഴുത്തുകാരനും മാത്രമാണ്. മറ്റൊരു വ്യക്തിയോ സ്ഥാപനമോ പുസ്തകത്തിന്റെ പിഡിഎഫ് രൂപത്തിലോ മറ്റോ പുസ്തകം പകർത്തുമ്പോൾ  നിയമപ്രകാരം തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി മാറുന്നുണ്ട്. നിയമത്തിനെ പറ്റി കൂടുതൽ അറിയാത്ത ആളുകളായിരിക്കാം ഫ്രീ പിഡിഎഫുകൾ കൈ മാറുന്നത്. അപ്പോൾ നിയമമറിയാതെ ഇത് കൈ മാറുന്നവരും, വ്യജപകർപ്പ് പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചെയ്യുന്നവരും ഒരു പോലെ കുറ്റവാളികൾ ആയി മാറാനുള്ള സാധ്യത കൂടിയുണ്ട്. അറിയാത്ത പക്ഷം പതിപ്പുകൾ കൈമാറുന്നവരുടെ ജീവിതത്തെ പോലും ബാധിക്കുന്ന ഒന്നാണിത്. അതിനുപരിയായി ഒരു കൃതിക്കും എഴുത്തുകാരന് വായനക്കാർ നൽകേണ്ട ഒരു പരിഗണന കൂടിയായാണ് നഷ്ട്ടപ്പെടുന്നത്. പ്രിന്റിങ് ജോലി നിർവഹിക്കുന്ന ആളുകൾ മുതൽ ട്രെയിനിലും ബസിലും അടക്കം പുസ്തകം വിറ്റുകൊണ്ട് അല്ലെങ്കിൽ അതിനെ ആശ്രയിച്ചു ജീവിക്കുന്നവരൊക്കെയും എഴുത്തുകാരനൊപ്പം തന്നെ പുസ്തകത്തിന് വേണ്ടി കഠിനാധ്വാനം ചെയുന്നവരാണ്. വ്യജപതിപ്പുകൾ ഓൺലൈനിലൂടെ യഥേഷ്‌ടം ലഭ്യമാക്കുന്നത് അവരുടെ ഉപജീവന മാർഗത്തെ കൂടിയാണ് ബാധിക്കുന്നത്. അത്രയും ഗുരുതരമായ വിഷയമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടൽ ഉണ്ടാവാമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.

സാഹിത്യ വിമർശനം

സാഹിത്യമെന്നതിലുപരി ഒരു കഥ ലളിതമായ ഭാഷയിൽ സംവദിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ ഞാൻ അത് വ്യക്തമാക്കുന്നുമുണ്ട്. സാഹിത്യത്തെക്കാൾ വായനയിലേക്ക് കടക്കാനാഗ്രഹിക്കുന്ന തുടക്കക്കാർക്കുള്ള പ്രേരണയായാണ് പുസ്തകത്തെ കണക്കാക്കുന്നത്. ഇതിൽ നിന്ന് വായനക്കർ വലിയ സാഹിത്യകൃതികളിലേക്ക് തിരിയണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാൻ എപ്പോഴും പല വിഭാഗത്തിലുള്ള കഥാതന്തുക്കൾ പിന്തുടരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ആദ്യ പുസ്തകം ‘ഓജ ബോർഡ്’ ഹൊറർ വിഭാഗത്തിലും രണ്ടാമത്തെ പുസ്തകമായ ‘മെർക്കുറി ഐലൻഡ്’ ഫാന്റസിയുമായിരുന്നു. മൂന്നാമത്തെ പുസ്തകമായ റാം C/O ആനന്ദി റൊമാന്റിക് ഫിക്ഷനായിരുന്നു. അടുത്തതായി പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന പുസ്തകം ‘രാത്രി പന്ത്രണ്ടിന് ശേഷമെന്ന,’ പുസ്തകം മിസ്‌റിറ്റി ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ്.

Share on

മറ്റുവാര്‍ത്തകള്‍