കാറിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ചിത്രങ്ങൾ മാത്രമാണ് ഇപ്പോഴത്തെ ആശ്രയം.
ഒരു പറക്കും കാർ കൺസെപ്റ്റിന് പേറ്റന്റ് അപേക്ഷ നൽകിയിരിക്കുകയാണ് ടൊയോട്ട മോട്ടോർ കോർപറേഷൻ. ‘ഡ്യുവൽ മോഡ് വെഹിക്കിൾ വിത്ത് വീൽ റോട്ടോഴ്സ്’ എന്ന വാഹന സങ്കൽപത്തിനാണ് ടൊയോട്ട പേറ്റന്റ് അപേക്ഷ നൽകിയിരിക്കുന്നത്.
ഈ കാറിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ചിത്രങ്ങൾ മാത്രമാണ് ഇപ്പോഴത്തെ ആശ്രയം. വലിപ്പമേറിയ ഒരു ഡ്രോണിന്റെ ആകൃതിയാണ് ഈ കാറിനുള്ളതെന്നു കാണാം.
ഈ കാറിനെ ഉയർത്താൻ ഉപയോഗിക്കുന്ന റോട്ടറുകൾ തന്നെയാണ് നിലത്ത് വീലുകളായി പ്രവർത്തിക്കുകയെന്ന് ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്. റോഡിലോടുമ്പോൾ വീലുകളിൽ അലോയ്സ് ആയി പ്രവർത്തിക്കുന്ന ഭാഗം പറക്കുന്ന നേരത്തെ റോട്ടോറുകളായി മാറുമെന്ന് പേറ്റന്റ് അപേക്ഷയിൽ ടൊയോട്ട പറഞ്ഞിരിക്കുന്നു. ഒരു ഇന്ധന ടർബൈൻ ജനറേറ്റർ, ഹൈഡ്രജൻ ഫ്യുവൽ സെൽ, വലിയൊരു ബാറ്ററി പാക്ക് എന്നിവയടങ്ങിയതാണ് വാഹനത്തിന്റെ ഊർജ്ജസ്രോതസ്സ്.
അതെസമയം ഈ വാഹനത്തിന്റെ വിപണിപ്രവേശത്തെക്കുറിച്ച് ഇപ്പോൾ യാതൊന്നും പറയാൻ നിർവ്വാഹമില്ല. ഇത്തരം കുറച്ച് കൺസെപ്റ്റുകൾ സമീപകാലത്ത് വന്നിരുന്നു. റോഡിൽ നിന്നും ഈ വാഹനങ്ങളെയെല്ലാം ആകാശത്തെത്തിക്കണമെങ്കിൽ പ്രശ്നങ്ങൾ ഏറെയാണ്. കർശനമായ നിയമവ്യവസ്ഥകൾ സൃഷ്ടിക്കേണ്ടതായി വരും. ഗതാഗത രീതികളിലും വലിയ മാറ്റങ്ങളുണ്ടാകണം. ഇവയെല്ലാം സാധ്യമാകുന്ന ഒരു സന്ദർഭത്തിൽ മാത്രമേ പറക്കും കാറുകളെ നിരത്തിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ.