Continue reading “ദയവായി നവാഗത പുരസ്കാരം തരരുത്*”

" /> Continue reading “ദയവായി നവാഗത പുരസ്കാരം തരരുത്*”

"> Continue reading “ദയവായി നവാഗത പുരസ്കാരം തരരുത്*”

">

UPDATES

സിനിമ

ദയവായി നവാഗത പുരസ്കാരം തരരുത്*

                       
അന്‍വര്‍ അബ്ദുള്ള
 
 
നീണ്ട ഒന്നരപ്പതിറ്റാണ്ടിനുശേഷം സുരേഷ് ഉണ്ണിത്താന്‍ എന്ന സംവിധായകന്‍ തന്റെ പഴയ കുപ്പായം ഒന്നുകൂടി അണിയുന്ന ‘അയാള്‍’ എന്ന സിനിമ റിലീസ് ഈ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. 1997-ലാണ് അദ്ദേഹം ഇതിനു മുന്‍പു സംവിധാനം നിര്‍വഹിച്ച ‘ഋഷ്യശൃംഗന്‍’ എന്ന സിനിമ എത്തിയത്. പത്മിനി, രാഗിണി, സുകുമാരി, ശോഭന എന്നിവരുടെ മാതൃകുടുംബത്തില്‍നിന്നു വന്ന കൃഷ്ണ എന്ന നടനെയും ഭാനുപ്രിയയെയും പ്രധാനവേഷങ്ങളില്‍ അണിനിരത്തിയ ആ സിനിമയുടെ പരാജയത്തോടെ പിന്‍വാങ്ങിയ സുരേഷ് ഉണ്ണിത്താന്‍ പിന്നീട് കേരളക്കരയിലെ സാംസ്‌കാരികച്ചന്തയായി മാറിയ ടെലിവിഷനിലെ പരമ്പരസംവിധാനമെന്ന സുരക്ഷിതകേന്ദ്രത്തിലേക്കു മാറുകയായിരുന്നു.
 

അയാള്‍
 
അയാള്‍ എന്ന ചിത്രം കാണുമ്പോള്‍ ഈ പഴയ പത്മരാജശിഷ്യന്റെ സാങ്കേതികശാലിത്വവും സൗന്ദര്യശിക്ഷണ സാമര്‍ത്ഥ്യവും വിസ്മയം തീര്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഇത്തരമൊരു സിനിമകൊണ്ട് സുരേഷ് ഉണ്ണിത്താന്‍ എന്താണു വിനിമയം ചെയ്യാനുദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ തീര്‍ച്ചയായും സംശയങ്ങളുണ്ട്. ഈ സിനിമ പഴയകാല അവാര്‍ഡു സിനിമകളുടെ ഒരു ട്രാക്കിനെ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നുണ്ട്. ഫോക് പശ്ചാത്തലത്തിലുള്ള ഒരു കഥയാണു പറയുന്നത്. പുള്ളുവനായ ഗുരുദാസന്‍ അയാളുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കേണ്ട വ്രതവും പാലിക്കേണ്ട ശുദ്ധികളും തെറ്റിച്ച് തന്നിലെ ഗന്ധര്‍വസ്വാച്ഛന്ദ്യങ്ങളുടെ പ്രവാഹങ്ങളാല്‍ നയിക്കപ്പെട്ടു പോകുന്നതിന്റെ ദുരന്തചിത്രമാണു പടം വരയ്ക്കുന്നത്. 
 
സിനിമയുടെ പ്രമേയപരവും രാഷ്ട്രീയവും കാലികവുമായ നല്പുതില്പുകളെക്കുറിച്ചുള്ള ഒരു വിചിന്തനമെന്നതിനേക്കാള്‍ പ്രധാനം ഒരു സാങ്കേതികകലയെന്ന നിലയില്‍ സംവിധായകന്‍ തന്റെ മാദ്ധ്യമത്തിനുമേല്‍ നേടിയിരിക്കുന്ന പാടവത്തിന്റെയും അയാളവിടെ പ്രകടിപ്പിക്കുന്ന, കൂടുതലും സാങ്കേതികമായ സാമര്‍ത്ഥ്യത്തിന്റെയും ഒരു ലക്ഷണരേഖയായി ഈ ചിത്രം മാറുന്നു എന്ന വിചാരത്തിനാണെന്നു ഞാന്‍ കരുതുന്നു. അത്യന്തം ട്രെഡീഷനലായ ഫിലിംമേക്കിംഗിന്റെ രീതികളാണു സിനിമയില്‍ കാണുന്നത്. പക്ഷേ, അതിന്റെ ഭംഗികള്‍ എടുത്തുപറയേണ്ടതു തന്നെ. അപാരസുന്ദരങ്ങളും ആഴം ധ്വനിപ്പിക്കുന്നതുമായ ഷോട്ടുകള്‍ കൊണ്ടു സമ്പന്നമായ സിനിമ വരേണ്യമായ ലാവണ്യശീലങ്ങളെയും രതിഭാവനകളെയും പുല്കിയാണു നില്ക്കുന്നതെന്നുറപ്പ്. എന്നാലും അവ ചിത്രീകരിച്ചിരിക്കുന്നതില്‍ കാട്ടിയ കൈയടക്കം എടുത്തുപറയേണ്ടതാണ്. അന്‍പതുകളുടെ അവസാനങ്ങളിലെ കേരളത്തെ, അതും ഏറ്റവും ഉള്‍നാടന്‍ ജീവിതാവസ്ഥകള്‍ നിറഞ്ഞ കുട്ടനാടന്‍, ഓണാട്ടുകര ദേശങ്ങളുടെ പുനര്‍നിര്‍മിതി വെല്ലുവിളി സൃഷ്ടിച്ചത് ഏറ്റെടുക്കാന്‍ സംവിധായകനും കൂട്ടാളികളും തയ്യാറായിട്ടുണ്ട്. സെറ്റിട്ടിരിക്കുന്നതു ചിലപ്പോള്‍ നാടകീയമായ അംശങ്ങള്‍ കൂടി കലര്‍ന്നതായിരിക്കും. എന്നാലും കഴിയുന്നത്ര കാര്യങ്ങളെ വെടിപ്പാക്കാന്‍ കലാസംവിധായകനും മറ്റും കഴിഞ്ഞിട്ടുണ്ട്. കാഴ്ചയെ ആനന്ദനിര്‍ഭരവും ഒപ്പം ശോകസങ്കുലവമായ അനുഭൂതികളാക്കിമാറ്റാന്‍ ക്യാമറാമാനും സംവിധായകനും ചേര്‍ന്ന കൂട്ടായ്മയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നത് മൂന്നരത്തരം. അവസാനനിമിഷങ്ങളിലെ ക്യാമറാവര്‍ക്കുകള്‍, ഷോട്ടുകള്‍ മറക്കാനാകില്ല. കുട്ടനാടന്‍ വാട്ടര്‍സ്‌കേപ്പിനെ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നു. 
 

എം.ടി വാസുദേവന്‍ നായര്‍
 
ഇതൊരു സിനിമാനിരൂപണമല്ല. സുരേഷ് ഉണ്ണിത്താന്റെ തിരിച്ചുവരവ് മറ്റൊരു തരം ചിന്തയാണ് എന്നില്‍ ഉണ്ടാക്കുന്നത്. എണ്‍പതുകളുടെ അവസാനം, കൃത്യമായി പറഞ്ഞാല്‍ 1989ല്‍ ജാതകം എന്ന സിനിമയുമായിട്ടാണ് സുരേഷ് ഉണ്ണിത്താന്റെ കടന്നുവരവ്. ലോഹിതദാസായിരുന്നു തിരക്കഥ. ആ ചിത്രത്തിലൂടെ ജാതകദോഷങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുകയായിരുന്നു ഇരുവരും കൂടി ചെയ്തത്. ജാതകദോഷവിചാരങ്ങളുടെയും ശകുനചിന്തകളുടെയും പിന്തിരപ്പന്‍ ധാരണകളില്‍ ആണ്ടുകിടക്കുന്ന ഹിന്ദുസമുദായത്തിനു നേരേ ഇരുട്ടില്‍ വെളിച്ചത്തിന്റെ ഒരു കീറു വീഴിക്കുകയുമായിരുന്നു ആ സിനിമ. അന്ധവിശ്വാസങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള യുക്തിബോധബന്ധുരമായ നീക്കങ്ങളുടെ അടയാളങ്ങളിലൊന്നായി, കാവേരി എന്ന രാജീവ് നാഥ് ചിത്രത്തിനൊക്കെയൊപ്പം ജാതകവും ചെന്നുചേരുകയായിരുന്നു (നേരേ വിപരീതമായി ഒരു അന്ധവിശ്വാസചിത്രമായി ‘അയാള്‍’ മാറുന്നുണ്ടോ എന്നതാണു സങ്കടപ്പെടുത്തുന്ന സന്ദേഹം).
 

ലോഹിതദാസ്
 
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുരേഷ് ഉണ്ണിത്താന്‍ സിനിമ ചെയ്യുന്നത് എന്നതു മാത്രമല്ല കൗതുകം പകരുന്നത്. ഇന്റര്‍നെറ്റ് മൂവീ ഡാറ്റാ ബേസില്‍ തിരയുമ്പോള്‍ ഉണ്ണിത്താന്റെ പേരില്‍ കാണുന്ന ആദ്യത്തെ സിനിമയാണിത് എന്നതും കൗതുകമാകുന്നു. ശരിക്കും ഒരു ആദ്യത്തെ സിനിമയുമായെത്തുന്ന നവാഗതനാണ് ഇന്ന് സുരേഷ് ഉണ്ണിത്താന്‍ (ഇടക്കാലത്ത് പാമരമെന്ന പേരില്‍ സുരേഷ് ഗോപിയെയും ശോഭനയെയും നായകരാക്കി ആരംഭിച്ച സിനിമ മുടങ്ങിപ്പോയതും അദ്ദേഹത്തെ രംഗംവിടാന്‍ പ്രേരിപ്പിച്ചിരിക്കാം). അയാള്‍ എന്ന സിനിമയും ബഹുജനപ്രീതി പിടിച്ചുപറ്റുമെന്നു കരുതാന്‍ വയ്യ. ഒരാഴ്ചയ്ക്കകം സംഗതി തിയറ്റര്‍ വിട്ടേക്കാം. ആലുവ സീനത്തില്‍ ആദ്യദിവസം ഫസ്റ്റ് ഷോ (അത് ചിത്രത്തിന്റെ ഇനാഗുറല്‍ ഷോ കൂടിയായിരുന്നു) കാണുമ്പോള്‍ ആകെയുള്ള മുപ്പതില്‍ത്താഴെ പ്രേക്ഷകര്‍ രതിസൂചിതരംഗങ്ങളില്‍ പൂച്ചകരയുകയും പട്ടികുരയ്ക്കുകയും (കഴുത കരയുക എന്നാണു ശരിക്കും പറയേണ്ടത്) ചെയ്യുകയായിരുന്നു. തിയറ്ററുകളില്‍ നില്ക്കാനുള്ള തണ്ടുബലമില്ലാത്ത ഈ സിനിമ ചിലപ്പോള്‍ നാടോടിവിജ്ഞാനീയപശ്ചാത്തലം ഉപയോഗപ്പെടുത്തി പനോരമ സെലക്ഷനോ അന്താരാഷ്ട്രമേളകളില്‍ ചില പ്രവേശങ്ങളോ നേടിക്കൂടായ്കയില്ല. എന്തായാലും മുഖ്യധാരാസംവിധായകനെന്ന നിലയില്‍ സുരേഷ് ഉണ്ണിത്താന് ഒരു തിരിച്ചുവരവിന് ഈ സിനിമ പ്രധാനമായും കളമൊരുക്കുമെന്നു കരുതാനാവില്ല.
 

പെരുന്തച്ചന്‍ 
 
സുരേഷ് ഉണ്ണിത്താനെന്ന സംവിധായകന്റെ ഇതുവരെയുള്ള ഒരുചിത്രവും പടുകൂറ്റന്‍ ഹിറ്റുകളായിട്ടില്ല. ആദ്യചിത്രമായ ജാതകവും 91ല്‍ ചെയ്ത മുഖമുദ്രയുമാണ് ഭേദപ്പെട്ട വിജയം വരിച്ചിട്ടുള്ളത്. ആര്‍ദ്രം, സത്യപ്രതിജ്ഞ, രാധാമാധവം, ഋഷ്യശൃംഗന്‍ എന്നിങ്ങനെ കുറേയേറെ സിനിമകള്‍ ചെയ്‌തെങ്കിലും അവയൊന്നും വന്‍വിജയം നേടിയില്ല. സുരേഷ് ഉണ്ണിത്താനെ മലയാളസിനിമ അടയാളപ്പെടുത്തുന്നത് ജാതകത്തിലൂടെ മികച്ച നവാഗതസംവിധായകനുള്ള പുരസ്‌കാരം സമ്പാദിച്ച പ്രതിഭയന്ന നിലയിലാണ്. 
ഇവിടെവച്ച് നമ്മുടെ ആലോചനകള്‍ക്ക് ഒരു ദിശാബോധം ആവശ്യമാകുന്നു. പ്രതിഭാശാലിയായ ഒരു സംവിധായകന്റെ ഉദയം എന്നു തിരിച്ചറിയപ്പെട്ട ഒരു സിനിമയ്ക്കു ശേഷം ഈ സംവിധായകന് എന്താണു വിജയം അന്യമായിപ്പോയത്. നവാഗതപ്രതിഭ എന്നു സര്‍ക്കാര്‍ സമ്മതിക്കുന്നത് വെറുമൊരു അംഗീകാരം മാത്രമല്ല, ഇനിയുമിനിയും ആ പ്രതിഭയുടെ തുടച്ചുമിനുക്കലിനുള്ള പ്രോത്സാഹനം കൂടിയാണ്. അങ്ങനെയെങ്കില്‍ ഈ നവാഗതപ്രതിഭാപുരസ്‌കാരം ഓരോ വര്‍ഷവും ഉണ്ടല്ലോ. അവരുടെയൊക്കെ പില്‍ക്കാലാവസ്ഥ എന്താണ്? 
 

രഘുനാഥ് പലേരി
 
കണക്കെടുക്കുമ്പോള്‍, സംസ്ഥാനസര്‍ക്കാരിന്റെ ഈ നവാഗതപ്രതിഭാപുരസ്‌കാരത്തിന് ഇന്നു കാല്‍നൂറ്റാണ്ടു പ്രായമായതായി കാണാം. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കൊടുക്കുന്ന ഈ നവപ്രതിഭാപുരസ്‌കാരം എണ്ണിത്തിട്ടപ്പെടുത്തുന്ന ഇരുപതു സംവിധായകര്‍ ഇന്ന് മലയാളസിനിമയെ മുന്നോട്ടുനയിക്കാന്‍ മുന്‍നിരയിലുണ്ടോ എന്നു നോക്കിയാല്‍, ഇവരില്‍ 90 ശതമാനം പേരും മുന്‍നിരയില്‍ പോയിട്ട് പിന്‍നിരയില്‍ പോലുമില്ലെന്ന സത്യം നമുക്കു മനസ്സിലാകും. 
 
1986-ലാണ് സംസ്ഥാന പുരസ്‌കാരത്തില്‍ സംവിധാനത്തിലെ നവാഗതപ്രതിഭയെ പ്രഖ്യാപിക്കുന്ന പുരസ്‌കാരനിര്‍ണയം ഉള്‍പ്പെടുത്തുന്നത്. ഒന്നുമുതല്‍ പൂജ്യം വരെയെന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. നവോദയയാണ് ചിത്രം ഒരുക്കിയത്. പ്രതിഭകളുടെ നിര്‍മാണശാലയെന്നറിയപ്പെട്ടിരുന്ന സ്ഥലം. പുരസ്‌കാരം നേടിയ രഘുനാഥ് പലേരി പിന്നീട് പല ഹിറ്റുസിനിമകള്‍ക്കും തിരക്കഥയൊരുക്കിയെങ്കിലും കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ മറ്റൊരു സിനിമ കൂടിയേ സംവിധാനം ചെയ്തുള്ളൂ. വിസ്മയം എന്ന ദിലീപ് ചിത്രമാണത്. മലയാളസിനിമയുടെ ഭൂതകാലത്തിന്റെ ചവറ്റുകുട്ടയിലാണ് ഇന്നാ സിനിമയ്ക്കു സ്ഥാനം. 
പിന്നീട് പ്രതാപ് പോത്തനെന്ന സംവിധായകന്റെ ഉദയമാണു നാം കാണുന്നത്. ലോഹിയേക്കാല്‍ തലപ്പൊക്കമുളള എംടിയുടെ തിരക്കഥയുമായാണ് പ്രതാപ് പോത്തന്‍ എത്തുന്നത്. ചിത്രം ഋതുഭേദം. അതിനുനേടിയ നവാഗതസംവിധായകനുള്ള പുരസ്‌കാരത്തിനു ശേഷം പ്രതാപ് പോത്തനെ മലയാളത്തില്‍ സംവിധായകക്കുപ്പായത്തില്‍ കണ്ടത് ഡെയ്‌സിയിലും വര്‍ഷങ്ങള്‍ക്കുശേഷം ഒരു യാത്രാമൊഴിയിലുമാണ്. അതുതന്നെ പകരക്കാരന്‍ സംവിധായകനായി. തമിഴില്‍ ജീവ, വെറ്റ്ട്രിവിഴ, ശിവലപ്പേരി പാണ്ടി തുടങ്ങിയ തട്ടുപൊളിപ്പന്‍ സിനിമകളാണ് പ്രതാപ് പോത്തന്‍ ഒരുക്കിയത്.
 

പി ബാലചന്ദ്രന്‍
 
1988ല്‍ മികച്ച നവാഗതസംവിധായകനാ അലി അക്ബറിന്റെ ആദ്യചിത്രം മാമലകള്‍ക്കപ്പുറത്ത് പ്രതീക്ഷകളേറെയുണര്‍ത്തിയിരുന്നു. മുഖമുദ്രയും ജൂനിയര്‍ മാന്‍ഡ്രേക്കും പോലെ, സിദ്ദീഖ്- ജഗദീഷ് കാലത്തെ ചില തട്ടുപൊളിക്കലുകള്‍ക്കുശേഷം അദ്ദേഹം എത്തിയൊടുങ്ങിയത് സീനിയര്‍ മാന്‍ഡ്രേക്ക്, ഐഡിയല്‍ കപ്പിള്‍ തുടങ്ങിയ കച്ചറകളിലാണ്. സിനിമാസംഘടനകളോട് വിമതനായി അച്ഛനെന്നൊരു പാര്‍ശ്വധാരാസിനിമയൊരുക്കിയെങ്കിലും അതും ലാവണ്യപ്രസാരമായതേയില്ല. അലി അക്ബറിനു ശേഷമാണ് സുരേഷ് ഉണ്ണിത്താനെത്തുന്നത്. അദ്ദേഹം ജാതകത്തിനെതിരെയാണു നീന്തിയതെങ്കിലും അദ്ദേഹത്തിന്റെ ജാതകം ശുക്രദശകളെ വിരിയിച്ചില്ലെന്നു നാം കണ്ടു. ഒരുപക്ഷേ, അന്ധവിശ്വാസത്തിന്റെ ഇരുട്ടുകൊണ്ട് എല്ലാ ഓട്ടകളും അടയ്ക്കുന്ന സിനിമയെന്ന ഇന്‍ഡസ്ട്രിയിലെ കുശുകുശുക്കലുകളാണോ അദ്ദേഹത്തെ ‘അയാളി’ലെത്തിച്ചത് എന്നാലോചിക്കേണ്ടിവരും.  (നവാഗതസംവിധാനപ്പട്ടം കിട്ടിയവര്‍ രക്ഷപ്പെടില്ലെന്നൊരു പുതിയ അന്ധവിശ്വാസത്തിനുകൂടി ഇവിടെ സ്‌കോപ്പുണ്ട്!).
 
ഉണ്ണിത്താനു പിന്നാലെ ആ പട്ടം നേടുന്നത് സംവിധായകന്‍ അജയനാണ്. പെരുന്തച്ചന്‍ എന്ന പടക്കംപൊട്ടുന്ന സിനിമയിലൂടെ. എംടിയുടെ തിരക്കഥ. അജയന്‍ അടുത്തൊരു സിനിമ ഈ ഇരുപത്തിരണ്ടുവര്‍ഷവും ചെയ്തിട്ടേയില്ല. മലയാളസിനിമാചരിത്രത്തില്‍ ഒരു റെക്കോഡ് സ്ഥാപിച്ചിട്ടുള്ളയാളാണ് അജയന്റെ പിതാവും നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ, അതിപ്രശസ്തന്‍ തോപ്പില്‍ ഭാസി. അദ്ദേഹമാണ് മലയാളത്തില്‍ ഇന്നോളം ഏറ്റവും കൂടുതല്‍ സിനിമാ തിരക്കഥകളെഴുതിയിട്ടുള്ളത്. നൂറ്റിയിരുപത്തഞ്ചില്‍പ്പരം സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ രചിച്ചു. പക്ഷേ, മകന്‍ രണ്ടാമതൊരു സിനിമയ്ക്കു സാധിക്കാതെ നവാഗതനും പിന്നൊരിക്കലും വരാത്ത തഥാഗതനുമായി. മാണിക്യക്കല്ല് എന്ന പേരില്‍ എംടിയുടെ പ്രശസ്തമായ കഥയെ എംടിയുടെ തിരക്കഥയില്‍ത്തന്നെ രണ്ടാം സിനിമയാക്കാന്‍ അജയന്‍ അക്കാലം ശ്രമിച്ചിരുന്നു. മലയാളത്തില്‍നിന്നു ബോളിവുഡിലേക്കും തന്റെ കൂറ്റന്‍ പ്രശസ്തി വ്യാപിപ്പിച്ച പ്രിയസംവിധായകന്‍ ആ തിരക്കഥ സ്വന്തമാക്കാന്‍ നടത്തിയ ചില ചരടുവലികളാണ് അജയന്റെ അകാലവിരാമത്തിനു കാരണമായതെന്നൊരു ശ്രുതിയുണ്ട്. അജയനു പിന്നാലെ വന്ന ഹരിദാസ് ജോര്‍ജൂട്ടി കെയറോഫ് ജോര്‍ജൂട്ടിയിലൂടെ അതേ പുരസ്‌കാരം നേടി. രഞ്ജിത്തായിരുന്നു തിരക്കഥാകൃത്ത്. പിന്നീട് ഒരു പിടി സിനിമകള്‍ സംവിധാനം ചെയ്‌തെങ്കിലും ഹരിദാസിന് മുന്‍നിരയിലേക്ക് എത്താന്‍ കഴിഞ്ഞില്ല്. 1992ല്‍ നവാഗതപ്രതിഭയായത് ജോര്‍ജ് കിത്തുവാണ്. വീണ്ടും ലോഹിതദാസിന്റെ തിരക്കഥ. ജോഷി- മമ്മൂട്ടി- ലോഹി ടീമിന്റെ പടുകൂറ്റന്‍ പടമായ കൗരവരെപ്പോലും അട്ടിമറിച്ച് ജനപ്രിയത നേടുകയും ചെയ്ത ആധാരത്തിനു ശേഷം സവിധം, സമാഗമം എന്നീ പടങ്ങളുടെ പരാജയത്തോടെ കിത്തു പിന്‍നിരയിലായി. കുറേ പടങ്ങള്‍ ചെയ്‌തെങ്കിലും ഒടുവില്‍ ഇന്ദ്രിയം പോലുള്ള മൂന്നാംകിട ഹൊറര്‍ പടങ്ങളിലൊതുങ്ങി കിത്തു. ഈയടുത്ത് സുഭാഷ് ചന്ദ്രന്റെ തിരക്കഥയില്‍ (ഗുപ്തം ഒരു തിരക്കഥയുടെ പരിഷ്‌കൃതരൂപം) ആകസ്മികം ഒരുക്കിയെങ്കിലും അതൊരു തിരിച്ചുവരവിനു സഹായിച്ചതേയില്ല. 1993-ല്‍ പി.ടി.കുഞ്ഞുമുഹമ്മദാണ് നവാഗതനായെത്തിയ പ്രതിഭ. മഗരിബായിരുന്നു ചിത്രം. പിന്നീട്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ എന്നീ ചിത്രങ്ങളൊരുക്കിയെങ്കിലും മഗരിബിന്റെ ആഴം അവയൊന്നും ധ്വനിപ്പിച്ചില്ല. പരദേശിയാണു പ്രധാനപടമെങ്കിലും അത് ഏബ്രഹാം ലിങ്കണെടുത്ത മഴ പെയ്യുമ്പോള്‍ എന്ന പടത്തിന്റെ പുനരാവര്‍ത്തനം മാത്രമായി. മോഹന്‍ലാലിന്റെ ഫാന്‍സി ഡ്രസ്സും. വീരപുത്രന്‍ ലാവണ്യത്തിന്റെയും ജനപ്രിയതയുടെയും വഴി തെറ്റിയ വിഡ്ഢിപുത്രനായി. 
 

ഉദയനാണ് താരം
 
1994ല്‍ ചകോരമെന്ന സിനിമയൂടെ രംഗത്തുവന്ന വേണുവിനായിരുന്നു പുരസ്‌കാരം. ക്യാമറമാന്‍ വേണുവും ഇതേ പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും ഇത് മറ്റൊരു വേണുവാണ്.  ഈ വേണു പിന്നീട് ചെയ്തത് കാക്കക്കറുമ്പന്‍, പന്തയക്കോഴി എന്നീ സിനിമകളാണ്. പന്തയക്കോഴിയോടെ സിനിമയെന്ന പന്തയം അദ്ദേഹം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. 1995ല്‍ വി രാജകൃഷ്ണന്‍ ശ്രാദ്ധത്തിലൂടെ പുരസ്‌കാരം നേടി. ഒ.വി.വിജയന്റെ കഥയായിരുന്നു പ്രമേയമായത്. ആദ്യസംസ്ഥാനനവാഗതന്‍ നവജാതനാകുമ്പോള്‍ മികച്ച സിനിമാഗ്രന്ഥരചനയ്ക്കു ദേശീയപുരസ്‌കാരം നേടുകയായിരുന്ന രാജകൃഷ്ണന്റെ ശ്രാദ്ധം നിരൂപകര്‍ മോശം പടമെടുക്കും എന്ന ചൊല്ലിനെ പതിരാക്കിയില്ല. പിന്നീട് ആ വഴിക്ക് രാജകൃഷ്ണന്‍ പോയില്ല. 1996ല്‍ വീണ്ടും ലോഹിതദാസ് എത്തുന്നു. സുന്ദര്‍ദാസിനു സല്ലാപത്തിലൂടെ പ്രവേശം നല്കിക്കൊണ്ട്. സുന്ദര്‍ദാസ് മികച്ച നവാഗതസംവിധായകനായി. പക്ഷേ, തൊട്ടുപിന്നാലെ കുടമാറ്റം മുതല്‍ സമ്മാനം വരെയുള്ള പരാജയങ്ങളിലൂടെ പാതവിട്ടുപോയ സുന്ദര്‍ദാസ് വര്‍ണക്കാഴ്ചകള്‍ മുതല്‍ കുബേരന്‍ വരെയുള്ള പരമബോര്‍ സിനിമകളാണു പിന്നീടൊരുക്കുന്നത്. അവസാനം ആകാശം എന്ന അതിനാടകീയാഖ്യാനത്തോടെ പാതി കളമൊഴിഞ്ഞ അദ്ദേഹം ഈയിടെ റബേക്ക ഉതുപ്പ് കിഴക്കേമലയുമായി ഒന്ന് ഒളിംപിക്‌സിന് ഓടാന്‍ യത്‌നിച്ചെങ്കിലും ഓട്ടം മുടന്തനോട്ടമായി. 
 

ബ്ളെസ്സി
 
തൊട്ടടുത്തകൊല്ലം പ്രതിഭയായത്, ഇതാദ്യമായി ഒരു സംവിധായികയായിരുന്നു. സുമാ ജോസന്‍. ജന്മദിനമെന്ന പടത്തിലൂടെ. ജന്മദിനവും അതിനുശേഷമെടുത്ത സാരിയും തിയറ്ററുകളില്‍ എത്തുകയോ ചാനല്‍വിപണി നേടുകയോ ചെയ്യാതെവന്നതോടെ സുമാ ജോസന്‍ ഇല്ലാതായി. പിന്നാലെ വന്നത് സാക്ഷാല്‍ വേണുവാണ്. ലോകമറിയുന്ന ഇന്ത്യന്‍ ക്യാമറാമാന്‍. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ദയ മനോഹരമായി ഒരുക്കിയെങ്കിലും പടം നേരിട്ട വന്‍പരാജയമാകാം വേണുവിനെ വീണ്ടും ക്യാമറാമാനായി ഒതുങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീടു നാളിതുവരെ വേണു ഒരു പടവും സംവിധാനം ചെയ്തില്ല. 1999ല്‍ വി.കെ.പ്രകാശാണ് പുനരധിവാസത്തിലൂടെ മികച്ച നവാഗതനായത്. പിന്നീട് പോലീസും പോസിറ്റീവും വരെ ഒരുപിടി ഊളപ്പടങ്ങളെടുത്ത പ്രകാശ് പക്ഷേ, ഇന്ന് മലയാളത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന ന്യൂ ജനറേഷന്‍ സംവിധായകനാണ്. നവാഗതപ്പട്ടം നേടിയവരിലെ ആദ്യത്തെ വിജയമായി പ്രകാശിനെ അടയാളപ്പെടുത്താം. പക്ഷേ, കരിയുന്നോ പൊട്ടുന്നോ എന്നൊന്നും നോക്കാതെ, ദോശ ചുടുന്നതുപോലെ സിനിമ ചുട്ടുകൂട്ടുന്ന ഈ സംവിധായകന്‍ ബ്യൂട്ടിഫുളില്‍ മാത്രമാണ് തന്നിലെ പ്രതിഭയെ തെളിയിച്ചത്. ട്രിവാന്‍ഡ്രം ലോജ്ജും താംക്യൂവും നത്തോലിയും അടക്കം കള്ളനാണയങ്ങള്‍ കൊണ്ടാണ് അദ്ദേഹം കളംപിടിക്കുന്നത്. എന്നാണോ ഈ കള്ളക്കമ്മട്ടം ജനം കുണ്ടിലെറിയുന്നത് അന്നുതീരും കളി.
 
 
2000-ല്‍, പുതുസഹസ്രാബ്ദത്തില്‍ ആദ്യമായി നവാഗത പ്രതിഭയായിമാറിയത് ഒരു യുവാവാണ്. സുബ്രഹ്മണ്യന്‍ ശാന്തകുമാര്‍. മണ്‍കോലങ്ങളെന്ന പാര്‍ശ്വാധാരാസിനിമയിലൂടെ. പക്ഷേ, ആ സിനിമയും സംവിധായകനും മറക്കപ്പെട്ടുപോയിരിക്കുന്നു. ആ സിനിമ ഇന്നു ചരിത്രത്തിന്റെ ഭാഗം മാത്രം. 2001ല്‍ നവാഗതപ്രതിഭയായ പ്രിയനന്ദനന്റെ ആദ്യസൃഷ്ടി നെയ്ത്തുകാരനിലൂടെ മുരളി ദേശീയപുരസ്‌കാരവും നേടി. പിന്നാലെ, പുലിജന്മം, സൂഫി പറഞ്ഞ കഥ എന്നീ പടങ്ങളുമെടുത്ത പ്രിയനന്ദനന്‍ വിമതധാരയിലെ പ്രമുഖനെന്ന പദവി നേടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പ്രതിഭാധനനെന്നുവിളിക്കാന്‍ പുനരാലോചന വേണ്ടിവരുമെന്ന് സൂഫിയും പുലിയും തെളിയിക്കുന്നുണ്ട്. എംടിയുടെ ആദ്യപ്രേമസൂചനകള്‍ വെച്ച് അതു മന്ദാരപ്പൂവല്ല എന്ന സിനിമയെടുക്കാന്‍ അദ്ദേഹം ശ്രമിച്ച് പിന്നെ വേണ്ടെന്നു വച്ചിരുന്നു. 2002ല്‍ മികച്ച നവാഗതനായി മാറിയ സതീഷ് മേനോനും പിന്നെ പടമൊന്നുമെടുത്തിട്ടില്ല. ഭവമായിരുന്നു അദ്ദേഹത്തെ പട്ടംകെട്ടിയ സംഭവം. 2003ല്‍ ഗൗരീശങ്കരത്തിലൂടെ പ്രതിഭയായ നേമം പുഷ്പരാജും സ്ട്രഗിള്‍ തുടരുന്നു. ബനാറസ് എന്നൊരു പടം അദ്ദേഹം ചെയ്തു. മൂന്നാമൂഴം ഇനിയുമകലെ. 
 
തൊട്ടടുത്ത വര്‍ഷം മികച്ച പുതുപ്രതിഭയായ ബ്ളെസ്സിയാണ് നിരയിലെ ഏറ്റവും പ്രമുഖന്‍. കാഴ്ചയിലൂടെ നവാഗതപ്രതിഭയായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം തന്മാത്രയിലൂടെ മികച്ച സംവിധായകനുമായി. ഇങ്ങനൊരു നേട്ടം ഈ കാല്‍നൂറ്റാണ്ടില്‍ മറ്റൊരു പുതുക്കക്കാരനും ഉണ്ടായിട്ടില്ല. എന്നാല്‍ അതേവര്‍ഷം തന്നെ പ്രത്യേകപുരസ്‌കാരം നേടിയ, ഒരിടത്തിന്റെ സംവിധായകന്‍ പ്രദീപ് നായര്‍ രണ്ടാമതൊരു പടം എടുത്തിട്ട് റിലീസ് ചെയ്യാന്‍ ശ്രമം തുടരുകയാണ് (ചെറുക്കനും പെണ്ണും). പൃഥ്വിയെ നായകനാക്കി ഒരു സിനിമയ്ക്കു പിന്നാലെ നടന്ന നടപ്പാണ് അദ്ദേഹത്തിന്റെ വഴിയെ ദുഷ്‌കരമാക്കിയതെന്നാണറിവ്. 
പിന്നാലെ ഉദയനാണു താരത്തിലൂടെ പുരസ്‌കൃതനായ റോഷന്‍ ആന്‍ഡ്രൂസും ഇന്ന് മലയാളത്തിലെ തലപ്പൊക്കമുള്ള സംവിധായകന്‍ തന്നെ. തൊട്ടുപിറകേ നോട്ടുബുക്കു മുതല്‍ കസനോവ വരെ അലമ്പുപടങ്ങള്‍ മാത്രം പിടിച്ച റോഷന്‍ ഇപ്പോള്‍ മുംബൈ പോലീസിലൂടെ തന്റെ സാങ്കേിതകമികവു തെളിയിച്ചിട്ടുണ്ടെങ്കിലും മികച്ച സിനിമയൊരുക്കാന്‍ ഈ സംവിധായകനു പറ്റുമോ എന്നത് ഇന്നും സന്ദേഹാസ്പദം. 2006ല്‍ തകരച്ചെണ്ടയിലൂടെ പുരസ്‌കാരം നേടിയ അവിരാ റബേക്ക ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈയിടെ പിഗ്മാനെന്ന പടം ചെയ്‌തെങ്കിലും അതൊരു കൊട്ടയിലും കോന്തലയിലും കൊള്ളാത്ത പടമായിപ്പോയി എന്നതാണു സത്യം. അതേവര്‍ഷം പ്രത്യേകപരാമര്‍ശവും ദേശീയതലത്തില്‍ മികച്ച നവാഗതപ്പട്ടവും സ്വന്തമാക്കിയ മധു കൈതപ്രം ആദ്യചിത്രമായ ഏകാന്തത്തിനുശേഷം മദ്ധ്യവേനല്‍, ഓര്‍മ മാത്രം എന്നീ പടങ്ങള്‍ ചെയ്‌തെങ്കിലും അവയൊന്നും ഒരു പ്രതിഭയുടെ മദ്ധ്യവേനലറുതിയായില്ല, പകരം, അതിന്റെ നിഴല്‍ മാത്രമായി. 2007ല്‍ ബാബു തിരുവല്ല തനിയെ എന്ന ചിത്രത്തിലൂടെ പുരസ്‌കൃതനായി. ആ പടത്തെ തനിയെ ആക്കാതിരിക്കാന്‍ ഈയിടെ തനിച്ചല്ല ഞാന്‍ എന്നൊരു പടം കൂടി എടുത്തിട്ടുണ്ട് അദ്ദേഹം എന്നുമാത്രം. 2008ല്‍ പുരസ്‌കാരം നേടിയ മധുപാല്‍ നേരത്തേ പറഞ്ഞ ബ്ളെസ്സിയുടെ നിരയിലേക്ക് എടുത്തുവയ്ക്കാനാകുന്ന പേരാണ്. ഒഴിമുറി എന്ന രണ്ടാം ചിത്രവും തന്റെ നിലവാരം പാലിക്കുന്ന വിധത്തിലൊരുക്കാന്‍ മധുപാലിനായി. 2009ല്‍ വേണുവിനു ശേഷം ക്യാമറവിട്ടു സംവിധാനത്തിലേക്കു വന്ന നവാഗതപ്രതിഭയായി പി സുകുമാര്‍, സ്വ.ലേ. എന്ന സിനിമയിലൂടെ. ആ സിനിമ കണ്ടിട്ടില്ലാത്ത ആരെങ്കിലുമാണോ അവാര്‍ഡെടുത്തു കൊടുത്തത് എന്ന് ഇന്നും കാണികള്‍ക്കു സംശയമുണ്ട്. ഏതായാലും സുകുമാര്‍ പിന്നിതുവരെ സാഹസത്തിനു മുതിര്‍ന്നിട്ടില്ല. 2010ല്‍ മികച്ച നവാഗതനായ മോഹന്‍ രാഘവനാണ് ഈ പട്ടികയിലെ കണ്ണീര്‍ത്തുള്ളി. നിശ്ചയമായും മികച്ച സിനിമകളുമായി എത്തുമായിരുന്ന അദ്ദേഹം തന്റെ പട്ടികയില്‍ ടിഡി ദാസന്‍ ആറു ബി എന്ന ആ ആദ്യപടംതന്നെ അവസാനചിത്രമാക്കിക്കൊണ്ട് അകാലത്തില്‍ മരിച്ചുപോയി. 
 

വേണു
 
തൊട്ടടുത്ത വര്‍ഷം ആദിമദ്ധ്യാന്തമെന്ന പടവുമായെത്തി ഷെറി നേടിയ പുരസ്‌കാരം അധികാരിദ്രോഹികളുടെ ഒരു വിട്ടുവീഴ്ചയായിരുന്നുവോ എന്നറിയില്ല. ഷെറി നേരിട്ട അവസ്ഥ സമീപഭൂതകാലസംഭവങ്ങളാണ്. 2012ല്‍ ഓഡിനറി എന്ന എക്‌സ്ട്രാ ഓഡിനറി (എം കൃഷ്ണന്‍ നായര്‍ സാറിന്റെ എക്‌സ്ട്രാ ഓഡിനറി പ്രയോഗമാണിത് ച്ചാല്‍, എഗ് (മുട്ട), സ്‌ട്രോ (കച്ചി) എന്നിവ പോലെ സര്‍വസാധാരണം) സിനിമയിലൂടെ പുരസ്‌കാരം കിട്ടിയ സുഗീത് തൊട്ടടുത്ത പടമായ ത്രീ ഡോട്‌സിലൂടെ തന്റെ മഹാപ്രതിഭ തെളിയിക്കുന്ന കാഴ്ചയാണു നാം കണ്ടത്. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ഈ പുരസ്‌കാരം നേടിയത് കളിയച്ഛന്‍ എന്ന സിനിമയിലൂടെ, ഫാറൂഖ് അബ്ദുറഹ്മാനാണ്. അദ്ദേഹത്തിന്റെ വിധി കാലം പറയട്ടെ. 
 
എന്തുകൊണ്ടാണ് നവാഗതപ്രതിഭകള്‍ പിന്നീട് പിന്നാക്കം പോകുന്നത് എന്നാലോചിച്ചാല്‍ ഒന്നു തെളിഞ്ഞുവരും. അവര്‍ നേടിയ ആദ്യതിളക്കം പലപ്പോഴും തിരക്കഥയുടെ ബലത്തിലാണ് എന്നതാണത്. നമ്മുടെ മുന്നിലുള്ള 28 സിനിമകളില്‍ ഋതുഭേദം, പെരുന്തച്ചന്‍, ദയ എന്നീ ചിത്രങ്ങള്‍ എംടിയുടെ തിരക്കഥയിലാണൊരുങ്ങിയത്. ജാതകം, ആധാരം, സല്ലാപം, ചകോരം എന്നിവ ലോഹിതദാസിന്റെ തിരക്കഥയിലും. ജോര്‍ജൂട്ടി രഞ്ജിത്തിന്റെ രചനയായിരുന്നപ്പോള്‍ ഉദയനാണു താരം ശ്രീനിവാസന്റെ തിരക്കഥയെ ഉപജീവിച്ചു. പലേരി സ്വയം തിരക്കഥാകൃത്ത്. അങ്ങനെ തന്നെ പത്തു സിനിമകള്‍. മഗ്രിബിന് അധികമാര്‍ക്കുമറിയില്ലെങ്കിലും കെ.എ മോഹന്‍ദാസെന്ന ജനകീയകലാസാഹിത്യവേദി പ്രവര്‍ത്തകന്റെ മികച്ച തിരക്കഥ കാരണമായി. ശ്രാദ്ധമാകട്ടെ, സാക്ഷാല്‍ ഒ.വി.വിജയന്റെ കഥയും. പുനരധിവാസം പി. ബാലചന്ദ്രന്റെയും നെയ്ത്തുകാരന്‍ എന്‍ ശശിധരനെന്ന സാംസ്‌കാരികപ്രവര്‍ത്തകന്റെയും എഴുത്തുകളായി. ഏകാന്തം ആലങ്കോടു ലീലാകൃഷ്ണനെന്ന കവിയുടെയും തനിയെ നെടുമുടി വേണുവിന്റെയും തലപ്പാവ് ബാബു ജനാര്‍ദനന്റെയും എഴുത്തിന്റെ മേന്മ പിന്‍പറ്റിയവയാണ്. സ്വ ലേയ്ക്ക് കലവൂര്‍ രവികുമാറും പേന ചലിപ്പിച്ചു. അതെല്ലാം ചേര്‍ത്താലും എട്ടായി. അങ്ങനെ ഇരുപത്തെട്ടില്‍ പതിനെട്ടും എഴുത്തില്‍ പ്രാമുഖ്യം നേടിയവരുടെ രചനകളായിരുന്നു. സംവിധായകനെന്ന നിലയില്‍ നല്ല രചനകളെ പകര്‍ത്തുക മാത്രം ചെയ്തവയെന്നു തന്നെ വിശേഷിപ്പിക്കാം. അതേസമയം എഴുത്തിലും സംവിധാനത്തിലും പ്രാഗല്‍ഭ്യമുള്ള ബ്ളെസ്സി വിജയം വരിക്കുകയും ചെയ്തു. ബാക്കിയുള്ള സിനിമകളില്‍ ഗൗരീശങ്കരമൊഴിച്ചുള്ളവ മുഖ്യധാരയുമായി കൈകോര്‍ക്കാനേ ഉദ്ദേശിക്കാത്തവയാണെന്നു വ്യക്തം. ഇതിനിടെ ദേശീയതലത്തില്‍ നവാഗതപ്രതിഭകളായ പ്രദീപ് കുമാര്‍ (ദൈവങ്ങള്‍ പടിയിറങ്ങുമ്പോള്‍ 1999), രാജീവ് വിജയരാഘവന്‍ (മാര്‍ഗം – 2003) തുടങ്ങിയവരെയും ഈ കൂട്ടത്തില്‍ വേണം എണ്ണാന്‍. 
 

പ്രതാപ് പോത്തന്‍
 
ഈ നവാഗതപ്രതിഭകളില്‍ സ്വന്തമായി സിനിമയെ ആലോചിക്കുകയും സമഗ്രമായി സൃഷ്ടിക്കുകയും ചെയ്യുന്ന സൃഷ്ടികര്‍ത്താക്കള്‍ വിരലിലെണ്ണാവുന്നവരാണെന്ന് കണ്ടറിയാം. എല്ലാ അവാര്‍ഡുകളും പോലെ നവാഗതപ്രതിഭാശാലിക്കുള്ള അവാര്‍ഡും വെറുമൊരു വീതം വയ്പാണെന്നതു കൊണ്ടാണ് കാല്‍നൂറ്റാണ്ടു പ്രായമായ ഈ പുരസ്‌കാരം ഇന്നും കാര്യമായി പ്രതിഭകളെ സൃഷ്ടിക്കാന്‍ ഉപയുക്തമാകാത്തത്. ഈ പുരസ്‌കാരത്തിന് വ്യക്തമായ ഒരു മാനദണ്ഡവും ഇല്ല എന്നതാണ് സത്യം. ആദ്യമായി സംവിധാനം ചെയ്യുന്നു എന്നതു മാത്രമായി മാനദണ്ഡം ചുരുങ്ങുന്നു. അതുകൊണ്ട് വരുന്ന ചില പ്രമാദങ്ങള്‍ നമുക്കു നോക്കാം. ഏറ്റവുമൊടുവിലെ പുരസ്‌കാരപ്രഖ്യാപനങ്ങളില്‍ മികച്ച രണ്ടാമത്തെ സിനിമയായത് പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ്. മികച്ച നവാഗതസംവിധായകന്‍ കളിയച്ഛനെടുത്ത ഫാറൂഖ് അബ്ദുറഹ്മാനും. പി ബാലചന്ദ്രനും തന്റെ ആദ്യത്തെ സിനിമയാണെടുത്തത് എന്ന നിലയ്ക്ക് മികച്ച സിനിമകളില്‍ കളിയച്ഛനേക്കാള്‍ മേലേ സ്ഥാനം കൊടുത്ത ഇവന്‍ മേഘരൂപന്റെ സംവിധായകനായ അദ്ദേഹമല്ലേ, മികച്ച നവാഗതനാകേണ്ടത് – ഉത്തരമില്ല. മികച്ച സിനിമ സെല്ലുലോയ്ഡും മികച്ച സംവിധായകന്‍ മറ്റൊരു സിനിമയുടെ സംവിധായകനായ ലാല്‍ജോസും ആകുന്ന വ്യവസ്ഥയില്‍ എല്ലാം ഒരു തമാശവീതംവയ്പാണ്. 2010 ല്‍ മികച്ച നവാഗതനായി മോഹന്‍രാഘവനെത്തുമ്പോള്‍ ദേശീയപുരസ്‌കാരം നേടുന്ന സിനിമയൊരുക്കിയ സലിം അഹമ്മദ് നിരയിലുണ്ട്. 
 
ഏതായാലും പ്രതിഭകളെയല്ല, വെറും പ്രതിമകളെയാണ് കണ്ടെത്തുന്നതെന്നിരിക്കെ, ഈ കാല്‍നൂറ്റാണ്ടിനുശേഷമെങ്കിലും ഈ പുരസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരു വീണ്ടുവിചാരം ആവശ്യമല്ലേ എന്ന ചിന്തയുണര്‍ത്താന്‍ അയാള്‍ എന്ന സുരേഷ് ഉണ്ണിത്താന്‍ സിനിമ കാരണമാകുന്നുണ്ട്. 
 
*പോസ്റ്റ് സ്ക്രിപ്റ്റ് – ഈയടുത്ത കാലത്ത് ഷട്ടറിന്റെ സംവിധായകന്‍ ജോയ് മാത്യുവിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു, ഷട്ടര്‍ അവാര്‍ഡിനയയ്ക്കുമ്പോഴത്തെ ഏറ്റവും വലിയ പേടി അതിനെങ്ങാനും നവാഗതസംവിധായകനുള്ള പുരസ്കാരം തന്നുകളയുമോ എന്നായിരുന്നു. ഭാഗ്യത്തിനു്​ അതുണ്ടായില്ല. അല്ലെങ്കില്‍ നാണക്കേടായിപ്പോയിരുന്നേനേ എന്ന്. ലേഖനത്തിന്റെ തലക്കെട്ടിന് ശരിക്കും അവകാശി ജോയ് മാത്യൂവാണ്. 
 
1986 മുതല്‍ മികച്ച നവാഗതസംവിധായകനുള്ള പുരസ്‌കാരം നേടിയ സംവിധായകരുടെയും അവരുടെ ആദ്യചിത്രങ്ങളുടെയും പട്ടിക ചുവടെ. 
 
1986 –  രഘുനാഥ് പലേരി – ഒന്നുമുതല്‍ പൂജ്യം വരെ
1987 –  പ്രതാപ് പോത്തന്‍ – ഋതുഭേദം
1988 –  അലി അക്ബര്‍ – മാമലകള്‍ക്കപ്പുറത്ത്
1989 –  സുരേഷ് ഉണ്ണിത്താന്‍ – ജാതകം
1990 –  അജയന്‍ – പെരുന്തച്ചന്‍
1991 –  ഹരിദാസ് – ജോര്‍ജൂട്ടി കെയറോഫ് ജോര്‍ജൂട്ടി
1992 –  ജോര്‍ജ് കിത്തു – ആധാരം
1993 –  പി.ടി.കുഞ്ഞുമുഹമ്മദ് – മഗ്രിബ്
1994 –  വേണു – ചകോരം
1995 –  വി രാജകൃഷ്ണന്‍ – ശ്രാദ്ധം
1996 –  സുന്ദര്‍ദാസ് – സല്ലാപം
1997 –  സുമാ ജോസന്‍ – ജന്മദിനം
1998 –  വേണു – ദയ
1999 –  വി കെ പ്രകാശ് – പുനരധിവാസം
2000 –  സുബ്രഹ്മണ്യന്‍ ശാന്തകുമാര്‍ – മണ്‍കോലങ്ങള്‍
2001 –  പ്രിയനന്ദന്‍ – നെയ്ത്തുകാരന്‍
2002 –  സതീഷ് മേനോന്‍ – ഭവം
2003 –  നേമം പുഷ്പരാജ് – ഗൗരീശങ്കരം
2004 –  ബ്ലെസ്സി – കാഴ്ച 2005ല്‍ മികച്ച സംവിധായകന്‍
2004 –  പ്രത്യേക ജൂറി അവാര്‍ഡ് – പ്രദീപ് നായര്‍ – ഒരിടം
2005 –  റോഷന്‍ ആന്‍ഡ്രൂസ് – ഉദയനാണു താരം
2006 –  അവിര റെബേക്ക – തകരച്ചെണ്ട
2006 –  പ്രത്യേകപരാമര്‍ശം – മധു കൈതപ്രം – ഏകാന്തം.
2007 –  ബാബു തിരുവല്ല – തനിയെ. 
2008 –  മധുപാല്‍ – തലപ്പാവ്
2009 –  പി സുകുമാര്‍ – സ്വ.ലേ.
2010 –  മോഹന്‍ രാഘവന്‍ – ടിഡി ദാസന്‍
2011 –  ഷെറി – ആദിമദ്ധ്യാന്തം
2012 –  സുഗീത് – ഓഡിനറി
2013 –  ഫാറൂഖ് അബ്ദുറഹ്മാന്‍ – കളിയച്ഛന്‍
 

Share on

മറ്റുവാര്‍ത്തകള്‍