UPDATES

സുപ്രിയ-സുനേത്ര ഏറ്റുമുട്ടല്‍;  ആരായിരിക്കും പവര്‍ കാണിക്കുക?

ഏത് പവാറിനാണ് ജനങ്ങള്‍ക്കിടയില്‍ ശക്തിയെന്ന് കൂടി തെളിയുന്ന പോരാട്ടമായിരിക്കും ബാരാമതിയില്‍ നടക്കുക

                       

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയിലെ പല പ്രധാന രാഷ്ട്രീയ കുടുംബങ്ങളെയും ശിഥിലമാക്കിയിട്ടുണ്ട്. ഉടലും നിഴലും പോലും കഴിഞ്ഞിരുന്നവര്‍, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും രണ്ട് പാര്‍ട്ടികളിലാകുന്നു, പരസ്പരം പോരടിക്കുന്നു. ഇത്തരത്തില്‍ അകന്നുപോയവരാണ് മഹാരാഷ്ട്രയിലെ പവാര്‍ കുടുംബവും. ശരദ് പവാറും അനന്തരവന്‍ അജിത്ത് പവാറും ഒറ്റക്കെട്ടായിരുന്നു. ആദായ നികുതി വകുപ്പും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമൊക്കെ ആ കുടുംബത്തിലേക്ക് കയറിയതോടെ എല്ലാം തകര്‍ന്നു. അജിത്തിനെതിരേ കേസുകള്‍ വന്നതിനു പിന്നാലെ, അദ്ദേഹം ചെയ്തത്, കേസുകള്‍ നേരിടുന്നവര്‍ ഇപ്പോള്‍ ചെയ്യുന്ന അതേ കാര്യമായിരുന്നു. അങ്കിളിനെ വിട്ടു മറുകണ്ടം ചാടിയ അനന്തരവന്‍ ബിജെപി സഖ്യകക്ഷിയായ ശിവ്‌സേനയില്‍ എത്തിയപ്പോള്‍, കേസും പോയി, ഉപമുഖ്യമന്ത്രിസ്ഥാനവും കിട്ടി. പിന്നാലെ പാര്‍ട്ടി പിളര്‍ത്തി. ഇപ്പോള്‍ ഒറിജനല്‍ എന്‍സിപി അജിത്തിന്റെ കൈയിലാണ്. പോരാത്തതിന്, ശരദ് പവാര്‍ ക്യാമ്പില്‍ നിന്നും ശക്തനായ പ്രഫുല്‍ പട്ടേലിനെയും ചാടിച്ചു. എയര്‍ ഇന്ത്യ കേസില്‍ പേടിച്ചു നിന്നിരുന്ന പ്രഫുലിന് സിബിഐ വക ആശ്വാസവും കിട്ടി.

തീര്‍ന്നില്ല, ഇപ്പോഴിതാ സ്വന്തം ഭാര്യയെ മത്സരരംഗത്തിറക്കി മറ്റൊരു വെട്ടും ശരദ് പവാറിന് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തിലാണ് ഭാര്യ സുനേത്ര പവാറിനെ മത്സരത്തിനിറക്കിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി, സിറ്റിംഗ് എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. അജിത്തിന്റെ സഹോദരി. 2009 മുതല്‍ മൂന്നു തവണ തുടര്‍ച്ചയായി സുപ്രിയ ജയിക്കുന്ന മണ്ഡലമാണ്, എന്‍സിപിയുടെ ശക്തികേന്ദ്രമായ ബാരാമതി. വെള്ളിയാഴ്ച്ച സുനേത്രയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍, എന്‍സിപി(എസ്പി) വിഭാഗം ശനിയാഴ്ച്ച സുപ്രിയയുടെ പേരും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഏത് പവാറിനാണ് ജനങ്ങള്‍ക്കിടയില്‍ ശക്തിയെന്ന് കൂടി തെളിയുന്ന പോരാട്ടമായിരിക്കും ബാരാമതിയില്‍ നടക്കുക. സുനേത്ര തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജനങ്ങളെല്ലാം അജിത്തിനൊപ്പമുണ്ടെന്നാണ് അവര്‍ പറയുന്നത്. ‘ ഇതൊരു സുവര്‍ണാവസരമാണ്, എനിക്ക് കിട്ടിയിരിക്കുന്ന വലിയ ബഹുമതി. എവിടെ ചെന്നാലും ജനങ്ങളുടെ വലിയ രീതിയിലുള്ള സ്വീകരണമാണ് കിട്ടുന്നത്. വോട്ടര്‍മാര്‍ അജിത് ദായ്‌ക്കൊപ്പമാണ്. ജനങ്ങളാണ് ഞാനിവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചത്’ സുനേത്രയുടെ വാക്കുകള്‍. ഇതാദ്യമായാണ് സുനേത്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തനിക്ക് ടിക്കറ്റ് നല്‍കിയതിന് പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സുനേത്ര നന്ദി പറഞ്ഞിട്ടുണ്ട്. വികസന മുരടിപ്പില്‍ കുടങ്ങി കിടക്കുന്ന ബാരാമതിയില്‍ നിന്നും ഇത്തവണ ആര് ജയിക്കണമെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് അജിത് ബാരാമതിയില്‍ നടത്തിയ റാലിയില്‍ പ്രസംഗിച്ചത്.

1984 ശരദ് പവാര്‍ വിജയിച്ച മണ്ഡലമാണ് ബാരാമതി. 1991 അജിത് പവാറിന് മണ്ഡലം നല്‍കി. അദ്ദേഹവും വിജയിച്ചു. എന്നാല്‍ അടുത്ത തവണ അജിത്ത് മണ്ഡലം അങ്കിളിന് തിരിച്ചു കൊടുത്തു. 1996-ല്‍ ശരദ് പവാര്‍ വീണ്ടും മത്സരിച്ചു ജയിച്ചു. പിന്നീട് മണ്ഡലം മകള്‍ സുപ്രിയയ്ക്ക് കൈമാറി. ഇപ്പോഴത് സുപ്രിയയുടെ കൈയിലാണ്. കുടുംബം മണ്ഡലമായി കരുതപ്പെടുന്ന ബാരാമതി കൂടി ശരദ് പവാറിന്റെ കൈയില്‍ നിന്നും തിരിച്ചു പിടിക്കുകയാണ് അജിത് ലക്ഷ്യമിട്ടിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍