UPDATES

സിനിമ

സ്നേഹനിലാവായി അമ്പിളി

ജോൺ പോൾ, നിങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തുവാൻ ഇഷ്ടപ്പെടുന്നത് ഈ നന്മയുടെ നിറവുള്ളതുകൊണ്ട് തന്നെയാണ്

                       

ഭ്രാന്തമായ ലോകത്ത് സ്നേഹത്തിന്റെ വെളിച്ചം പരത്തുന്ന ഉത്തമ കലാസൃഷ്ടിയാണ് ജോൺപോൾ ജോർജ്ജിന്റെ അമ്പിളി. ഗപ്പിക്കുശേഷം ഇ ഫോർ എന്റെർടെയ്ൻമെന്റും എ.വി.എ. പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ജോൺപോൾ സിനിമയാണ് റോഡ് മൂവി വിഭാഗത്തിൽ പെടുത്താവുന്ന അമ്പിളി.

യാത്രകൾ സ്നേഹമുള്ളവർക്കൊപ്പമാകുമ്പോൾ സന്തോഷം ഏറെയാണ്. രാജ്യത്തിന് തെക്ക് ഇടുക്കിയിൽ പൂക്കളാൽ വർണ്ണാഭമായ ഗ്രാമാന്തരീക്ഷത്തിൽ നിന്നും തനിക്കുനേരെ നീട്ടിയ കപട സ്നേഹത്തെ നിറമനസ്സോടെ ആലിംഗനം ചെയ്യുന്നതോടൊപ്പം സ്നേഹം വാരിവിതറി സൗബിൻ ഷാഹിർ അവതരിപ്പിച്ച അമ്പിളി ആരംഭിക്കുന്ന യാത്ര സൈക്കിൾ ചവിട്ടി വടക്ക് കാശ്മീരിലെത്തുമ്പോൾ തിരിച്ചറിവിന്റെ വെളിച്ചത്താൽ ആർദ്രമാകുകയാണ്.

സ്നേഹത്തിന്റെ നിർമ്മലവും വന്യവുമായ ഭാവങ്ങളെ മാനസിക വൈകല്യമുള്ള അമ്പിളിയിലൂടെയും അയാൾക്ക് ചുറ്റുമുള്ള ഏതാനും കഥാപാത്രങ്ങളിലൂടെയും പറയുവാൻ ശ്രമിക്കുമ്പോൾ മനുഷ്യമനസ്സുകളിൽ എല്ലായിപ്പോഴും ഉണ്ടാവേണ്ട നൻമയുടെ വിത്തുപാകുവാനുള്ള ശ്രമം കൂടിയുണ്ട് അമ്പിളിയിൽ. ഈ കലാസൃഷ്ടിയെ അതുല്യമാക്കുന്നതും ഏറെ ഇഷ്ടപ്പെടുവാൻ കാരണവും ഇതുതന്നെ.

“എനിക്ക് വേറെ കല്യാണം നോക്കേണ്ട ഞാൻ അമ്പിളിയെ കെട്ടിക്കോളാം”-മാനസിക വൈകല്യമുള്ള അമ്പിളിയോട് സഹതാപത്തിനപ്പുറം ബാല്യകാലം മുതലേ മനസ്സിൽ കിളിർത്ത പ്രണയത്തെ കൈവിടാതെ തീൻമേശക്ക് ചുറ്റുമുള്ള വീട്ടുകാരുടെ വിവാഹാലോചനാ വേളയിൽ തുറന്ന് പറയുന്ന ടീനയെന്ന നായിക പ്രണയത്തിന്റെ ഉദാത്ത മാതൃകയാണ്.

അനിയനാൽ തല്ലു കൊണ്ട് വീട്ടിൽ കിടക്കുന്ന തന്നെ കാണാൻ വരുന്ന ടീനയോട് “നീ വീട്ടിൽ പറഞ്ഞോ നമ്മുടെ കാര്യം” എന്ന നിഷ്കളങ്കവും വൈകാരികവുമായ ചോദ്യമാണ് അമ്പിളി ഉയർത്തുന്നത്. ഇന്നിന്റെ സാമൂഹ്യ യഥാർത്ഥ്യങ്ങളോട് പ്രതിഷേധിക്കുന്ന വൈകല്യങ്ങൾക്കപ്പുറം സ്നേഹം കൊതിക്കുന്ന ഒരു മനസ് കൂടെയുണ്ട് ആ വാക്കുകളിൽ.

ആത്യന്തികമായി ഏതൊരു തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടാതെ മഹത്തായ സൃഷ്ടിയായി മാറിയിട്ടില്ല,മാറുകയുമില്ല. ഇതിലെ ഓരോ കഥാപാത്രവും അവരവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ചെയ്തിട്ടുള്ളത് എന്നത് തർക്കരഹിതം. അമ്പിളിയായി സൗബിന്റെ നിറഞ്ഞാട്ടം വരികളിലൊതുക്കാവുന്നതല്ല. വെള്ളിത്തിരയുടെ ചരിത്രം സൗബിനെ മഹാരഥന്മാർക്കൊപ്പം പരിഗണിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ബോബി കുര്യനായി വേഷമിട്ട നവീൻ നാസിമും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ഒരു നവാഗതന്റെതായ ബലാരിഷ്ടതകൾ യാതൊന്നും തന്നെ കാണാനാവാത്ത ആത്മസമർപ്പണവും ഇഴുകിച്ചേരലും നവിന്റെ ബോബിയിൽ നമുക്ക് കാണാം. ഒപ്പം പ്രണയത്തിന്റെ പ്രാണനെ തൻമയത്തത്തോടെ നമുക്ക് അനുഭവവേദ്യമാക്കിയ നായിക തൽവി റാമും ജാഫർ ഇടുക്കിയും വെട്ടുകിളി പ്രകാശും അടക്കം എല്ലാവരും നന്നായിട്ടുണ്ട്.

മികച്ച രചയിതാവും ക്രാഫ്റ്റ്മാനുമെന്നതിനൊപ്പം കലയുടെ നൻമയെ തിരിച്ചറിഞ്ഞ സംവിധായകനാണ് ജോൺപോൾ ജോർജ്ജ് എന്ന് ആദ്യ സിനിമയായ ഗപ്പിയുടെയും ദേ ഇപ്പോൾ അമ്പിളിയുടെയും പ്രമേയങ്ങൾ നമുക്ക് കാട്ടിത്തരുണ്ട്. ജോൺ പോൾ, നിങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തുവാൻ ഇഷ്ടപ്പെടുന്നത് ഈ നന്മയുടെ നിറവുള്ളതുകൊണ്ട് തന്നെയാണ്.

ഹൃദയത്തിന്റെ സ്പന്ദനങ്ങൾ ക്യാമറയിലൂടെ നമുക്ക് നൽകിയ ശരൺ വേലായുധന്റെ കാഴ്ച്ചകളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അമ്പിളിയുടെ വെളിച്ചമാണത്. കേവലമായ ഫ്രെയിമുകൾക്കപ്പുറം ജീവിതം തന്നെയാണ് ആ കണ്ണുകൾ പ്രേക്ഷകന് മുന്നിൽ തുറന്ന് കാട്ടുന്നത്. വിഷ്ണു വിജയിയുടെ സംഗീതം സിനിമയുടെ ഭാവതലത്തെ നന്നായി ഉൾക്കൊള്ളുമ്പോൾ കിരൺ ദാസിന്റെ എഡിറ്റിങ്ങ് ചിത്രത്തിന് ആസ്വാദ്യകരമായ നൈരന്തര്യം നൽകുന്നതിലും വിജയിച്ചിട്ടുണ്ട്. മൊത്തത്തിൽ അണിയറയിലും അരങ്ങിലും ഒരുപോലെ വർണ്ണാഭമായ ഒരു ഫീൽ ഗുഡ് മൂവിയാണ് അമ്പിളി.

സൂര്യൻ മറയുമ്പോൾ പ്രകാശം വിതറിക്കൊണ്ട് നമ്മെ പിന്തുടരുന്ന പൂർണ്ണചന്ദ്രനെ ഓർമിപ്പിക്കും വിധം ജോൺപോൾ ജോർജ്ജിന്റെ അമ്പിളി സ്നേഹാർദ്രമായി പ്രകാശം പരത്തികൊണ്ട് തീയേറ്ററിൽ നിന്നുമിറങ്ങുന്ന ഓരോ പ്രേക്ഷകനേയും പിന്തുടരുകതന്നെ ചെയ്യും. കൂടെ കൂട്ടാൻ താൽപ്പരുമുള്ളവർക്ക് സ്നേഹത്തിന്റെ വഴി തെളിക്കാൻ, നൻമയുടെ നിറങ്ങൾ കാട്ടാൻ.

Share on

മറ്റുവാര്‍ത്തകള്‍