പ്രവചനാതീതമാകും വിധം ചൂടേറിക്കൊണ്ടിരിക്കുന്ന പോരാട്ടമാണ് വടകരയിലേത്
വടകര ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ കുറ്റ്യാടി നിയമസഭ മണ്ഡലത്തില്‍ പെട്ട പൂളക്കോല്‍ എന്ന ചെറുഗ്രാമത്തില്‍ ഒരുച്ച തിരിഞ്ഞുള്ള നേരത്ത് കെ.കെ. ശൈലജ ടീച്ചര്‍ വിശ്രമിക്കുന്ന വീടിന്ന് പരസരത്തെത്തിയപ്പോഴേയ്ക്കും ചുവന്ന കൊടികളും അരിവാള്‍ ചുറ്റിക നക്ഷത്രമടയാളവും പതിച്ച വാഹനങ്ങളുടെ നിരയും കണ്ടു. മലബാറില്‍ ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കൊപ്പവും ഇത്രയും വാഹനങ്ങള്‍ കണ്ടില്ല. കാറുകള്‍ മാത്രമല്ല, ഓട്ടോറിക്ഷകളും ബൈക്കുകളും നിന്ന് യാത്ര ചെയ്യാവുന്ന ഒരു ഓപണ്‍ ടെമ്പോയും ചുവപ്പില്‍ കുളിച്ച് വിശ്രമിക്കുന്നുണ്ട്. കുറ്റ്യാടി എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാഷും ഒരു വലിയ സംഘം പ്രവര്‍ത്തകരും മാത്രമല്ല, ധാരാളം നാട്ടുകാരും വീടിന് ചുറ്റുമുണ്ട്.
കേരളം മുഴുവന്‍ കത്തിക്കരിയുന്ന ചൂടിലാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണവും പ്രവര്‍ത്തനവും. പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും ഒരു പോലെ തളരുന്ന കാലം. പക്ഷേ മറ്റെവിടേയും ഇല്ലാത്ത തിരഞ്ഞെടുപ്പ് ചൂടാണ് വടകരയില്‍. 2009, 2014, 2019 എന്നിങ്ങനെ മൂന്ന് തവണയായി യു.ഡി.എഫിന്റെ കൈവശമുള്ള മണ്ഡലമാണ് വടകര. ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ വൈകാരിതയും സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷങ്ങളും മുതല്‍ കടത്തനാടിന്റെ പുല്‍ക്കൊടികളെ പോലും പോരാട്ട വീര്യത്തിലേയ്ക്ക് നയിക്കുന്ന പലഘടകങ്ങളും ഇവിടെയുണ്ട്.
സോഷ്യലിസ്റ്റ് നേതാവ് അരങ്ങില്‍ ശ്രീധരന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിനിധീകരിച്ചിട്ടുള്ള വടകരയില്‍, 1971 മുതല്‍ 1991 വരെയുള്ള ആറ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നണിയുടെയും ഇടതു മുന്നണിയുടെയും ഭാഗമായി കെ.പി.ഉണ്ണികൃഷ്ണന്‍ വിജയിച്ചു. 1996-ല്‍ സി.പി.എമ്മിന്റെ ജനപ്രിയ നേതാവ് ഒ. ഭരതന്‍, കെ.പി ഉണ്ണികൃഷ്ണന്റെ ജൈത്രയാത്രയ്ക്ക് അവസാനം കുറിച്ചു. 1998-ലും 1999-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെ എം.കെ. പ്രേമജം ടീച്ചര്‍ വടകരയെ പ്രതിനിധീകരിച്ചു. ഇടതുപക്ഷം തൂത്ത് വാരിയ 2004-ല്‍ പി.സതീദേവിയായിരുന്നു വടകരയെ പ്രതിനിധീകരിച്ചത്. എന്നാല്‍ തുടര്‍ന്ന് മൂന്ന് തിരഞ്ഞെടുപ്പില്‍ കൈവിട്ട് പോയ വടകര തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തിലാണ് കേരളത്തിലെ ഏറ്റവും ജനകീയയായ നേതാവിനെ തന്നെ വടകരയില്‍ മത്സരത്തിനിറക്കാന്‍ സി.പി.എം തീരുമാനിച്ചത്. മട്ടന്നൂരില്‍ 60,000 ത്തിനപ്പുറമുള്ള ചരിത്ര ഭൂരിപക്ഷത്തില്‍ ജയിച്ച ശൈലജ ടീച്ചര്‍ വടകരയിലെത്തുമ്പോള്‍ തന്നെ അവിടത്തെ രംഗം മാറിയിരുന്നു.
മലബാര്‍ ചര്‍ച്ച ചെയ്യുന്നത് പൗരത്വ നിയമം, പ്രചാരണച്ചൂട് പെരുന്നാളിന് ശേഷം കനക്കും
മൂന്നാഴ്ചയോളം ശൈലജ ടീച്ചര്‍ മണ്ഡലം ഇളക്കി മറിച്ചതിന് ശേഷമാണ് പാലക്കാട് നിന്ന് ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. നിലവില്‍ പാലക്കാട് എം.എല്‍.എ എന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ യൗവ്വനത്തിന്റെ പ്രതീകം കൂടിയാണ് ഷാഫി. പാലക്കാട് മെട്രോ ശ്രീധരനെ അവസാന നിമിഷം മലര്‍ത്തിയടിച്ച് ഹീറോയായി നിയമസഭയിലെത്തിയ ഷാഫി വടകരയില്‍ എത്തിയതോടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി മാറി അത്. കോണ്‍ഗ്രസൊന്നുമല്ല, ആര്‍.എം.പിയും മുസ്ലിം ലീഗുമാണ് ഷാഫിയെ ഏറ്റെടുത്ത് പ്രചാരണം നടത്തുന്നത്. അതോടെ ഒരോ ദിവസവും ആള്‍ക്കൂട്ടവും ആഘോഷവും പ്രചരണത്തിന്റെ ഭാഗമായി മാറി.
പൂളക്കോലിലെ വിശ്രമ സ്ഥലത്ത് ടീച്ചര്‍ക്ക് അധികനേരം സംസാരിച്ചിരിക്കാനില്ല. പൗരത്വ ബില്ലിനെതിരെയുള്ള ‘നൈറ്റ് വിജില്‍’ എന്ന രാത്രി മാര്‍ച്ചുകളും തുടര്‍ച്ചയായ പ്രസംഗങ്ങളും ശബ്ദം നഷ്ടപ്പെടുത്തിയത് കൊണ്ട് സാവധാനമാണ് സംസാരം. ഒരോയിടത്തും കാണാനെത്തുന്ന ജനക്കൂട്ടത്തിന്റെ ആവേശത്തില്‍ സ്വയം മറന്ന് സംസാരിച്ച് പോകുന്നതില്‍ സ്വയം പഴിക്കുന്നുമുണ്ട് ടീച്ചര്‍. ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ദേശീയ ശ്രദ്ധമൂലം നിരന്തരമെത്തുന്ന മാധ്യമസംഘങ്ങളോടുള്ള സംഭാഷണം വേറെ. ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ്ലാര്‍ജ് ആര്‍.രാജഗോപാലും പൂളക്കോലില്‍ അപ്പോഴേയ്ക്കും എത്തിയിരുന്നു. എല്ലാവരോടുമായാണ് അതുകൊണ്ട് ടീച്ചര്‍ ചര്‍ച്ച നടത്തിയത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് എന്ന് പറഞ്ഞ് ടീച്ചര്‍ തുടങ്ങി. ”ക്ഷേമപദ്ധതികളുടെ ഭാഗമായി ജനങ്ങള്‍ക്ക് സൗജന്യവും സബ്സിഡിയും കൊടുക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ എതിര്‍ക്കുന്നത് ഒരു പ്രശ്നമാണ്. ഇത് ഒരു സോഷ്യലിസ്റ്റ് സമൂഹമല്ല. അവശത അനുഭവിക്കുന്ന മനുഷ്യരെ പിന്തുണയ്ക്കുക എന്നത് ഭരണകൂടങ്ങളുടെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാരിന് നല്‍കാനുള്ള കേന്ദ്ര വിഹിതം നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കുമ്പോള്‍ കേരളം സാമ്പത്തികമായി ഞെരുങ്ങുകയാണ്. നികുതി വിഹിതവും ജി.എസ്.ടി വിഹിതവും കേരളത്തിന് തരാത്തത് കൊണ്ടുള്ള പ്രതിസന്ധി ലളിതമായി ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നത് പ്രധാനമാണ്. എന്തുകൊണ്ടാണ് പല ക്ഷേമ പെന്‍ഷനുകളും ഇടയ്ക്ക് മുടങ്ങിയത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കണം. പൗരത്വനിയമം ജനങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. അത് ജനങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍ നിന്ന് 18 യു.ഡി.എഫ് എം.പിമാരുണ്ടായിട്ടും അവരുടെ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല. പ്രതികരിക്കുകയാണെങ്കില്‍ വളരെ വൈകിയും ഫലപ്രദമല്ലാതെയുമാണ് ചെയ്യുന്നത്. മാത്രമല്ല, ഇന്ത്യ ബ്ലോക്കിന് കേന്ദ്രത്തില്‍ നേതൃത്വം നല്‍കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം വളരെ പ്രധാനമാണ് എന്ന് ജനങ്ങളോട് ആവര്‍ത്തിച്ച് പറയുക എന്നതും പ്രധാനമാണ്.”- ടീച്ചര്‍ പറഞ്ഞു.
കുശലപ്രശ്നങ്ങള്‍ക്ക് കുറച്ച് നേരമേ ഉള്ളൂ. കാക്കുനി കവലയില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമുണ്ട്. വൈകാതെ എത്തണം. വണ്ടികള്‍ ഒരോന്നായി സ്റ്റാര്‍ട്ടായി തുടങ്ങി. അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ ശബ്ദിക്കാനാരംഭിച്ചു. സ്ഥാനാര്‍ത്ഥിയും സംഘവും കാക്കുനി കവലയിലേയ്ക്ക്. മൂന്നരമണിയുടെ കൊടും ചൂടില്‍ പൊള്ളുന്നുണ്ടെങ്കിലും നൂറുകണക്കിന് പേരാണ് കവലയില്‍ തടിച്ച് കൂടിയിരുന്നത്. കുറ്റ്യാടി ലോകല്‍ സെക്രട്ടറി ഗിരീഷിന്റെ സരസമായ രാഷ്ട്രീയ പ്രസംഗത്തില്‍ ലയിച്ച് ടീച്ചറിന്റെ വരവും കാത്തിരിക്കുന്ന മനുഷ്യര്‍. ആമുഖങ്ങള്‍ ആവശ്യമില്ലാത്ത, സകലര്‍ക്കും പരിചിതയായ ഒരു നേതാവ് സ്ഥാനാര്‍ത്ഥിയാകുമ്പോഴുള്ള സ്വാഭാവികത ശൈലജ ടീച്ചറുടെ പ്രചരണത്തിനുണ്ട്.
പേരാമ്പ്ര നിയമസഭ മണ്ഡലത്തിന് കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് മേഖലയിലെ പര്യടനത്തിനിടയിലാണ് ഷാഫി പറമ്പിലിനെ കാണുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമാണ് രംഗത്തെത്തിയെതെങ്കിലും ചെറുപ്പത്തിന്റെ ഊര്‍ജ്ജത്തില്‍ ഒപ്പമോടിയെത്തിയെന്ന ആത്മവിശ്വാസത്തിലാണ് ഷാഫിയും കൂടെയുള്ളവരും. നില്‍ക്കാന്‍ നേരമില്ലാത്ത നടത്തത്തിനിടയില്‍ വടകരയുടേയും ദേശീയ തിരഞ്ഞെടുപ്പിന്റേയും പ്രധാന്യം ഷാഫി വിശദീകരിച്ചു. ‘മൂന്നാഴച്ചക്ക് ശേഷമാണ് വടകരയിലെ പ്രചരണത്തില്‍ ഞാന്‍ എത്തുന്നത്. വന്നപ്പോള്‍ വടകരയില്‍ ലഭിച്ച സ്വീകരണത്തിലെ ജനക്കൂട്ടം തികച്ചും സ്വഭാവികമായി ഉണ്ടായതാണെന്ന് തെളിയിക്കുന്ന ദിവസങ്ങളാണ് പിന്നീടുണ്ടായത്. വടകരയില്‍ വലിയ പിന്തുണയുണ്ട്. സ്ത്രീകളടക്കമുള്ള വലിയ ജനസഞ്ചയമാണ് ഒരോ സ്വീകരണകേന്ദ്രത്തിലും തടിച്ച് കൂടുന്നത്. ശൈലജ ടീച്ചറുമായുള്ള മത്സരത്തില്‍ ലഭിക്കുന്ന ദേശീയ ശ്രദ്ധയേക്കാള്‍ വലുതായിരുന്നു മെട്രോ ശ്രീധരനുമായി പാലക്കാട് ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് വെള്ളിവെളിച്ചത്തില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല. ഇടത് സര്‍ക്കാരിന്റെ പോരായ്മകള്‍ മുതല്‍ കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പ്രധാന്യം വരെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയമാണ്. പൗരത്വനിയമം അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കോണ്‍ഗ്രസിനെതിരെ തിരിച്ച് വിടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. അത് വിലപ്പോകില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ഒരോന്നായി പ്രസംഗങ്ങളില്‍ എടുത്ത് പറയുമ്പോള്‍ ജനങ്ങള്‍ക്ക് അതേ കുറിച്ച് ബോധ്യമുണ്ട് എന്ന പ്രതികരണമാണ് ലഭിക്കുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും ക്ഷേമപെന്‍ഷന്‍ പോലും എത്തുന്നില്ല എന്നത് ജനങ്ങള്‍ക്കറിയാവുന്ന കാര്യമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.”-ഷാഫി പറഞ്ഞു.
വടകരയില്‍ ഷാഫി ജയിച്ചാല്‍ പാലക്കാട് ബി.ജെ.പിക്കു വഴി തുറന്നെന്ന സാഹചര്യം ഉണ്ടാകുമെന്ന ഭയം ജനങ്ങള്‍ക്കുണ്ടാകുമോ എന്ന ചോദ്യത്തിന് അത്തമൊരു പ്രശ്നമില്ല, പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കില്‍ താന്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു.
വടകര ലോക്‌സഭ മണ്ഡലത്തില്‍ കീഴിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാം നിലവില്‍ ഇടതുപക്ഷത്തിനാണ്. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങള്‍. വടകരയിലാകട്ടെ യു.ഡി.എഫ് പിന്തുണയുള്ള ആര്‍.എം.പി എം.എല്‍. കെ കെ. രമയും. കെ.കെ.ശൈലജ ടീച്ചറുടെ കറപുരളാത്ത വ്യക്തിത്വത്തിന്റെ ഗരിമ മാത്രം മതി വടകരയില്‍ വന്‍ വിജയത്തിന് എന്നുള്ളതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൂടെ നിന്ന മണ്ഡലങ്ങള്‍ അതേ നിലപാട് തുടര്‍ന്നാല്‍ വലിയ ഭൂരിപക്ഷത്തിലെത്തുമെന്നും. പൗരത്വ നിയമമടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ഫലപ്രദമായി പ്രതികരിക്കുന്നത് ഇടതുപക്ഷമായതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് മുസ്ലിം ജനവിഭാഗം തീരുമാനിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.
എന്നാല്‍ ഷാഫിയുടെ സാന്നിധ്യം ഈ കണക്ക് കൂട്ടലുകളെ ഒക്കെ മറികടക്കുന്നതാണെന്നാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ കരുതുന്നത്. മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് പൊതുവേയുള്ള അപ്രീതി ഷാഫിയില്‍ പ്രതിഫലിക്കില്ല. വടകരയെ സംബന്ധിച്ച് അപരിചതനാണെങ്കിലും കേരളത്തില്‍ ഏറ്റവും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് ഷാഫി പറമ്പില്‍. ചെറുപ്പക്കാരുടെ പിന്തുണകൂടി ലഭിച്ചാല്‍ വടകര തിരിച്ച് പിടിക്കാനുള്ള ശൈലജ ടീച്ചറുടെ ശ്രമങ്ങളെ തടയാന്‍ ഷാഫിക്കാകുമെന്ന് അവര്‍ കരുതുന്നു.
എന്നാല്‍ പ്രവചനാതീതമാകും വിധം ചൂടേറിക്കൊണ്ടിരിക്കുന്ന പോരാട്ടമാണ് വടകരയിലേത്. നിപ്പ കാലത്ത് ഈ പ്രദേശങ്ങള്‍ ദൈവസാന്നിധ്യം പോലെ നിലകൊണ്ടിരുന്ന, സുപരിചിതയായ ടീച്ചറെ വേണമോ കോണ്‍ഗ്രസിന്റെ പുതുനേതൃത്വമായ ചെറുപ്പക്കാരനെ വേണമോ എന്ന ചോദ്യത്തിനപ്പുറം ബി.ജെ.പിയെ കേന്ദ്രത്തില്‍ നേരിടാന്‍ ഇടതുപക്ഷമാണോ കോണ്‍ഗ്രസാണോ നിലവിലുള്ള സാഹചര്യത്തില്‍ യുക്തമെന്ന ചോദ്യവും വടകരയുടെ അന്തരീക്ഷത്തില്‍ മുഴുങ്ങുന്നുണ്ട്.