UPDATES

സയന്‍സ്/ടെക്നോളജി

ഓപ്പൺ എഐക്കെതിരെ പോരിനിറങ്ങി മസ്ക്

2015 ൽ ഓപ്പൺ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാർ വ്യവസ്ഥകൾ ആൾട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം.

                       

ഓപ്പൺ എ ഐക്കെതിരെ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് ഇലോൺ മസ്‌ക്. അധിക ലാഭം നേടാനായി അടിസ്ഥാന തത്വങ്ങളെ മറികടന്നു പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ്  ഇലോൺ മസ്‌ക് ഓപ്പൺ എ ഐക്കെതിരെയും സി ഇ ഓ ആയ സാം ആൾട്ട്മാനെതിരെയും കേസ് ഫയൽ ചെയ്തത് .  2015 ൽ ഓപ്പൺ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാർ വ്യവസ്ഥകൾ ആൾട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം. സാൻഫ്രാൻസിസ്‌കോ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനി പൊതുജനക്ഷേമത്തിനായി എ ഐ സംവിധാനങ്ങൾ നിർമ്മിക്കാനുള്ള അതിൻ്റെ യഥാർത്ഥ ദൗത്യത്തിൽ നിന്ന് വിട്ടുവീഴ്ച ചെയ്യുകയും മൈക്രോസോഫ്റ്റിന് കീഴിലുള്ള ലാഭം വർദ്ധിപ്പിക്കുന്ന സ്ഥാപനമായി രൂപാന്തരപ്പെടുത്തുകയും ചെയ്തതായി ഇലോൺ മസ്‌ക് ആരോപിക്കുന്നുണ്ട്. മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഓപ്പൺ സോഴ്‌സ്, നോൺ പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാം ആൾട്ട്മാനും സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനും തന്നെ സമീപിച്ചത് എന്നും ഈ സ്ഥാപകലക്ഷ്യം കമ്പനി ഉപേക്ഷിച്ചെന്നുമാണ് മസ്‌ക് ആരോപിക്കുന്നത്.

ഓപ്പൺ ഐ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റിൻ്റെ ഒരു ക്ലോസ്ഡ് സോഴ്‌സ് സബ്‌സിഡിയറിയായി രൂപാന്തരപ്പെട്ടിരിക്കുന്നു വെന്നും. പതിയ ബോർഡിന് കീഴിൽ, വികസനം നടത്തുക മാത്രമല്ല, മൈക്രോസോഫ്റ്റിന് വേണ്ടി പരമാവധി ലാഭം വർദ്ധിപ്പിക്കുന്നതിനായി ഒരു ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് വികസിപ്പിച്ചെടുത്തെന്നും ആരോപിച്ചാണ് മസ്ക്ക് സാൻ ഫ്രാൻസിസ്കോ സുപ്പീരിയർ കോടതിയിൽ ഫെബ്രുവരി 29 ന് വ്യാഴാഴ്ച കേസ് നൽകിയിരിക്കുന്നത്. (ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് അഥവാ എജിഐ, മനുഷ്യരുടെ പൊതുവായ വൈജ്ഞാനിക കഴിവുകളുള്ളതും ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏത് ജോലിയും ചെയ്യാൻ കഴിയുന്നതുമായ സോഫ്റ്റ്‌വെയർ എന്നാണ് വിലയിരുത്തൽ).

എന്നാൽ ഓപ്പൺ എ ഐ ഇപ്പോൾ ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസിന്റെ വികസന പാതയിലാണെന്നും അത് അമിത ലാഭം നേടുന്നതിന് വേണ്ടിയല്ല, മറിച്ച് മനുഷ്യരാശിയുടെ ഉന്നമനത്തിനുള്ളതാണെന്നും മറു വാദം ഉയർത്തുന്നുണ്ട്. എ ഐയുടെ സൈദ്ധാന്തിക രൂപമായ ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് ഇപ്പോഴുള്ളതിനേക്കാൾ കാഠിന്യമേറിയ നിരവധി ജോലികൾ ചെയ്യാൻ കഴിയും എന്നും ഓപ്പൺ എ ഐ പറയുന്നുണ്ട്.

എ ഐ കമ്പനി അതിൻ്റെ അടിസ്ഥാന ഉടമ്പടി ലംഘിച്ചുവെന്നും വീണ്ടും ഒരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായി മാറണമെന്നുമാണ് മസ്ക്ക് അവകാശപ്പെടുന്നത്. 2022 ൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടി എഐ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തമായിരുന്നു.  ചാറ്റ് ജിപിടിയുടെ കടന്ന് വരവോടെയാണ് എഐ രംഗത്ത് ജനറേറ്റീവ് എഐ മത്സരം ശക്തമായത്.

2015 ൽ മസ്‌കിന്റെ പങ്കാളിത്തതോടെയാണ് ഓപ്പൺ എഐയ്ക്ക് തുടക്കമിട്ടത്. പിന്നീട് കമ്പനിയുടെ സിഇഒ സ്ഥാനവും വഹിച്ച മസ്‌ക് 2018 ലാണ് കമ്പനിയിലെ ബോർഡ് അംഗത്വത്തിൽ നിന്ന് പുറത്ത് പോകുന്നത്. ഇലോൺ മസ്ക് ഓപ്പൺ എഐ യുടെ പിന്നിലെ വലിയ ശക്തി ആയിരുന്നുവെന്നും, ആദ്യ വർഷങ്ങളിൽ ഓപ്പൺ എ ഐക്കു വേണ്ട നിക്ഷേപത്തിന്റെ ഭൂരിഭാഗവും നൽകിയത് മസ്ക്കാണെന്നും അവകാശപ്പെടുന്നു.

2020-ൽ നടന്ന മൈക്രോസോഫ്റ്റുമായുളള കരാറിന് ശേഷം ഓപ്പൺ എ ഐയുടെ ഏറ്റവും വലിയ നിക്ഷേപകനായി മൈക്രോസോഫ്റ്റ് മാറുകയായിരുന്നു. ഓപ്പൺ എ ഐയുടെ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന്റെ ശക്തമായ മോഡലായ ജി പി ടി – 4 പുറത്തിറക്കിയതിന് ശേഷം 2023 -ൽ ഓപ്പൺ എ ഐ , സാം ആൾട്ട്മാൻ , ഗ്രെഗ് ബ്രോക്മാൻ എന്നിവർ “സ്ഥാപക ഉടമ്പടി ലംഘിച്ചു എന്നും മസ്ക്ക് അവകാശപ്പെടുന്നു. ചാറ്റ് ജി പി ടി – 4 ൻ്റെ ഡിസൈൻ രഹസ്യമായി സൂക്ഷിക്കുന്ന ഓപ്പൺ എ ഐയുടെ പെരുമാറ്റം യഥാർത്ഥ ദൗത്യത്തിൽ നിന്നുള്ള വ്യതിയാനത്തെ സൂചിപ്പിക്കുന്നു എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ചാറ്റ് ജി പി ടി -4 എന്നത് മൈക്രോസോഫ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയാണെന്നും, ഓപ്പൺ എ ഐയുമായുള്ള കമ്പനിയുടെ ലൈസൻസിംഗ് കരാറിൻ്റെ പരിധിക്ക് പുറത്തുള്ള ഒരു ക്രമീകരണമാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു കൂടാതെ Q* [Q star] എന്ന  മോഡൽ നിലവിൽ ഓപ്പൺ എഐ വികസിപ്പിച്ചെടുക്കുകയാണെന്നും അത് ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസിനെക്കാൾ കൂടുതൽ ശക്തമാണെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

ഓപ്പൺ എഐ സ്ഥാപക ഉടമ്പടി പാലിക്കണമെന്നും മനുഷ്യരാശിയുടെ പ്രയോജനത്തിനായി ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് വികസിപ്പിക്കാനുള്ള യഥാർത്ഥ ദൗത്യത്തിലേക്ക് മടങ്ങണമെന്നും, ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനിക്ക് നേട്ടമുണ്ടാക്കുകയല്ല എന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. മൈക്രോസോഫ്റ്റുമായുള്ള ഓപ്പൺ എ ഐയുടെ കരാർ യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ അധികാരികൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഓപ്പൺ എഐയും സാം ആൾട്ട്മാനും പ്രതികരിച്ചിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍