UPDATES

സംഗീതത്തിലൂടെയാണ് മനുഷ്യരോട് പ്രതിഷേധിക്കുന്നതും സംവദിക്കുന്നതും

ഗായിക രശ്മി സതീശ് സംസാരിക്കുന്നു

                       

കലായിടങ്ങളിലും, പൊതുയിടങ്ങളിലും, പരിഗണന നൽകേണ്ട മാനുഷിക മൂല്യങ്ങൾക്കും കലാവാസനക്കുമപ്പുറം ഇറുകി പിടിച്ച പാട്രിയാർക്കൽ ചിന്താഗതി മറ്റു മനുഷ്യരെ അങ്ങേയറ്റം ക്രൂരമായാണ് മുറിവേൽപ്പിക്കുക. സമാനതകളില്ലാത്ത തങ്ങളുടെ കലാസപര്യയിൽ ആർഎൽവി രാമകൃഷ്ണനും, ജാസി ഗിഫ്റ്റും നേരിടേണ്ടി വന്ന ഇത്തരം മുറിവുകളിലെ രാഷ്ട്രീയം അഴിമുഖവുമായി ചർച്ച ചെയ്യുകയാണ് പ്രശസ്ത ഗായിക രശ്മി സതീശ്.

കലാകാരന്മാർക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി വിശകലനം ചെയുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം നിറത്തിന്റെ രാഷ്ട്രീയത്തിൽ മാത്രം ഒതുക്കി നിർത്താവുന്നതല്ല. നമുക്ക് രണ്ടു രീതിയിൽ ഈ വിഷയങ്ങളെ സമീപിക്കാം. ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങിയ സംഭവത്തിലും, ആർഎൽവി രാമകൃഷ്ണന് നേരെ ഉണ്ടായ സംഭവത്തിലും പല ഘടകങ്ങളും കാരണമായി ചൂണ്ടികാണിക്കാവുന്നതാണ്. ജാതിയും നിറവുമെല്ലാം അതിൽ ചില ഭാഗങ്ങൾ മാത്രമാണ്.

അതിനപ്പുറത്തേക്ക് മറ്റൊരു വശം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. ഒന്നാമതായി തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിൽ ചർച്ചാവിഷയമാകുന്നത്. രണ്ട്, കൃത്യമായ രാഷ്ട്രീയ നിലപാടുകൾ അതിജീവനത്തിന് വേണ്ടി സ്വീകരിക്കേണ്ട സുപ്രധാന നിമിഷങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ സമയത്ത് ചർച്ചയാകേണ്ട മറ്റു പല വിഷയങ്ങളെ ഒരിടത്ത് മാറ്റി നിർത്താനുള്ള പ്രബലമായ ശ്രമങ്ങളും മറുഭാഗത്തു നടക്കുന്നുണ്ട്. വിഷയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ വ്യക്തികൾക്ക് നേരെ പരസ്യമായി ഒരു മടിയും കൂടാതെ ‘ബോഡി ഷൈമിങ്’ നടത്തുന്നത് അപലപനീയമാണ്. സത്യഭാമയെ സംബന്ധിച്ചാണെങ്കിൽ ആർഎൽവി രാമകൃഷ്ണനുമായുള്ള അഭിപ്രായ ഭിന്നതകളും; അതിനപ്പുറം സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ലാതെ കറുപ്പ് നിറത്തോടുള്ള തികഞ്ഞ അസഹിഷ്‌ണുത കൂടിയായിരിക്കും അപ്രകാരം പ്രതികരിക്കാൻ അവരെ പ്രേരിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് കോളേജിൽ പെർഫോമെൻസിനെത്തിയ ജാസി ഗിഫ്റ്റിൽ നിന്നും പ്രിൻസിപ്പൽ  മൈക്ക് പിടിച്ചു വാങ്ങിയ സംഭവം പരിശോധിക്കുകയാണെങ്കിലും ഈ മനോഭാവം കാണാനാകും. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന, ഒരിക്കലെങ്കിലും ഒന്നിച്ച് പ്രവർത്തിക്കണമെന്നാഗ്രഹിക്കുന്ന അതുല്യകലാകാരനോട് ഇത്തരത്തിൽ പെരുമാറാൻ അവരെ പ്രേരിപ്പിച്ചതിന് പിന്നിൽ നിറത്തിന്റെ രാഷ്ട്രീയത്തിനുമപ്പുറം മറ്റു ചില ഘടകങ്ങളും ഉണ്ടാകാം. ജാസി ഗിഫ്റ്റിന് പകരം മുഖ്യധാരയിലെ മറ്റേതെങ്കിലും ഗായകരായിരുന്നെങ്കിൽ ഈ അനുഭവം നേരിടേണ്ടി വരുമോ എന്ന ചോദ്യം പല ഭാഗങ്ങളിൽ നിന്ന് ഉയർന്നു കേട്ടിരുന്നു. ഇല്ല എന്ന് തന്നെയാണ് ഉത്തരം. നിലവിൽ കഴിവിനപ്പുറം മനുഷ്യനെ വിലയിരുത്തുന്നത് അവരെങ്ങനെ സമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു എന്ന് കൂടി കണക്കിലെടുത്തുകൊണ്ടാണ്. അത്തരം ആളുകളോടുള്ള സമീപനവും ഇതായിരിക്കില്ല. അപ്പോൾ ജാസി ഗിഫ്റ്റിനെ പോലെ അതിഭാവുകത്വങ്ങളില്ലാത്ത പച്ചയായ കഴിവുറ്റ മനുഷ്യരെ പരിഗണിക്കുന്ന വിധം കൂടിയാണ് ഇവിടെ വെളിപ്പെട്ടിരിക്കുന്നത്. വളരെയധികം അറിവുള്ള, മികച്ച വ്യക്തിത്വത്തിനുടമയായ ജാസി ഗിഫ്റ്റിനെ പോലുള്ള കലാകാരന്മാരുടെ കഴിവിനും കലയ്ക്കും പ്രാധാന്യം നൽകുന്ന നിലവിലെ അന്തരീക്ഷം കൂടി ഇവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതിനുമപ്പുറം ജെൻഡർ വ്യത്യാസങ്ങളില്ലാതെ വിദ്യാർത്ഥികളും സമൂഹവും പരസപരം ഇടപെടുന്ന സഹചര്യവും അസഹിഷ്ണുതകളുടെ ആക്കം കൂട്ടുന്നുണ്ട്.

നമ്മളിപ്പോഴും പിന്തുടർന്ന് പോകുന്നത് പണ്ടുകാലം മുതൽക്കേ കേട്ട് പരിചയിച്ച സൗന്ദര്യ സങ്കല്പങ്ങളിലൂടെ തന്നെയാണ്. മാറി ചിന്തിച്ചു തുടങ്ങിയ ഒരു വിഭാഗം നമുക്കിടയിൽ ഉണ്ടെന്ന് പറയാൻ കഴിയുമെങ്കിലും ബഹുഭൂരിക്ഷം ആളുകളും ഈ ചിന്താഗതി പിന്തുടരുന്നവർ തന്നെയാണ്. സൗന്ദര്യം വെളുപ്പിനോട് ചേർന്നാണ് ഇപ്പോഴും വർണ്ണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമെ വെളുപ്പിന് പകരം കറുപ്പിനെ പരിഗണിക്കാൻ ആളുകൾ തയ്യാറാവുന്നത്. ഒരു വ്യക്തിയുടെ കഴിവിനെപോലും പലപ്പോഴും അളക്കാറുള്ളത് സൗന്ദര്യത്തിന്റെ അളവുകോലുകൊണ്ട് കൂടിയാണ്. പലരും ഒരു പൊതു ചിന്താഗതിയിൽ കറുപ്പിനെ തള്ളിക്കളഞ്ഞെന്ന് വരില്ല. പക്ഷെ അത് തികച്ചും വ്യക്തിപരമായി മാറുമ്പോൾ വെളുപ്പിനോട് ചേർന്ന് നിൽക്കുന്ന കൃത്യമായ സങ്കൽപ്പങ്ങളുണ്ട്. പാട്രിയാർക്കൽ സമൂഹം പല കാര്യങ്ങളിലും ഓരോരു ത്തരെ പരിശീലിപ്പിച്ചുവിടുന്നതും ഇത്തരം ചിന്താഗതിയിൽ കൂടിയാണെന്നത് വളരെ വ്യക്തമാണ്. ഇതേ കാഴ്ചപ്പാടുകളിലൂടെ തന്നെയാണ്, ജാതി മതം രാഷ്ട്രീയം, ജെൻഡർ തുടങ്ങി കഴിവിനപ്പുറം കലയ്ക്ക് പല അളവുകോലുകൾ ചുമത്തപ്പെടുന്നത്.

സമൂഹത്തിന്റെയും വ്യക്തികളുടെയും ഇത്തരം വികലമായ കാഴ്ചപ്പാടുകൾ ഒരു മനുഷ്യന് അനുഭവപ്പെടുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. പല സന്ദർഭങ്ങളിലും മാനുഷിക മൂല്യങ്ങൾക്കും, കഴിവിനുമപ്പുറം ഒരു വ്യക്തി അളക്കപ്പെടുന്നതും, അവഗണിക്കപ്പെടുന്നതും സമൂഹം ചിട്ടയായി രൂപപ്പെടുത്തി വച്ചിരിക്കുന്ന ഈ അളവുകോലിലൂടെയാണ്. കറുപ്പെന്നതിലുപരി നിലപാടുകളോടും അഭിപ്രായങ്ങളോടു പോലും അസഹിഷ്‌ണുത ഇവിടെ നിലനിൽക്കുന്നുണ്ട്. ശബ്ദം ശരീരം,നിറം, ചിന്താഗതി, ജെൻഡർ,വീക്ഷണം,രാഷ്ട്രീയം എന്നിവയും മേല്പറഞ്ഞവയിൽപ്പെടുന്ന ഘടകങ്ങളാണ്. നമ്മുടെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയം സംസാരിച്ചു ജീവിക്കുകയെന്നത് വെല്ലുവിളികൾ നിറഞ്ഞ വഴിയാണ്. മനുഷ്യൻ എന്ന നിലയിൽ മുറുകെ പിടിക്കേണ്ടതും ഇതേ രാഷ്ട്രീയത്തെ തന്നെയാണ്. അതിനെ വിട്ടുവീഴ്ചചെയ്തുകൊണ്ടോ അല്ലെങ്കിൽ മാറ്റം വരുത്തിക്കൊണ്ടോ ജീവിക്കുക അസാധ്യമാണ്. എല്ലാ കലകൾക്കും അങ്ങേയറ്റം മനോഹരമായി സമൂഹവുമായി സംവദിക്കാൻ കഴിയും. പക്ഷെ പലപ്പോഴും ആളുകളിലേക്ക് ആശയവിനിമയം ദൂരം കുറച്ചെത്തിക്കുന്നത് സംഗീതമാണെന്ന് എനിക്ക്  തോന്നിയിട്ടുണ്ട്‌. അഭിനയം, അസിസ്റ്റന്റ് ഡയറക്ഷൻ പോലുള്ള പല മേഖലകളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്‌. പക്ഷെ എനിക്ക് പറയാനുള്ള ഒട്ടനവധി കാര്യങ്ങൾ എളുപ്പത്തിൽ സംവദിച്ചിരുന്നത് സംഗീതമായിരുന്നു. ‘രസ’ എന്ന എന്റെ മ്യൂസിക് ബാന്റും ആ ഒരു ആശയത്തിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞിട്ടുള്ളതാണ്. ആർഎൽവി രാമകൃഷ്ണന്റെ സംഭവത്തിൽ ‘നിങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ.ഞങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ’ എന്ന ഗാനം ആലപിച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയതുമെല്ലാം സംഗീതം എളുപ്പം മനുഷ്യരുമായി സംവദിക്കുമെന്നുള്ളതുകൊണ്ടാണ്.

തൊഴിലിടത്ത് നിറത്തിന്റെ പേരിലുള്ള വിവേചനം പ്രകടമായി നേരിടേണ്ടി വന്നിട്ടില്ലെങ്കിൽ കൂടിയും വ്യക്തി ഇടങ്ങളിൽ പലപ്പോഴും ഞാനതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അപകർഷതാ ബോധം മുതൽ ആത്മവിശ്വാസമില്ലായ്മയിലേക്ക് വരെ നയിക്കുന്ന ഈ വിവേചനം മാറ്റിയെടുക്കാൻ കുറെയധികം സമയം ആവശ്യമായി വരുന്നുണ്ട്. ബാല്യത്തിലെപ്പോഴോ കയറി കൂടുന്ന ഇത്തരം ചിന്താഗതികൾ പൊതുമണ്ഡലങ്ങളിൽ എത്തുമ്പോൾ ആത്മവിശ്വാസക്കുറവായി മാറുകയും അതിനെ മറി കടക്കുകയെന്നത് അക്ഷരാർത്ഥത്തിൽ വെല്ലുവിളിയാകുകയും ചെയ്യുന്നു. ഒരുപരിധി വരെ സ്നേഹത്തിന്റെ ഭാഷയിൽ രക്ഷിതാക്കൾക്ക് സഹായിക്കാൻ കഴിയുമെങ്കിലും അതിന്റെ രാഷ്ട്രീയം പറഞ്ഞു നൽകാനുള്ള അവബോധം നന്നേ കുറവായിരിക്കും. ഇത്തരം പ്രതിസന്ധികളിലേക്ക് ഒരു വ്യക്തിയെ തള്ളിവിടുന്നതിന് ‘യു ആർ ബ്ലാക്ക്’ എന്ന് വിരൽ ചൂണ്ടി പറയേണ്ടതില്ല. ഇരുണ്ട നിറത്തിലുള്ളവർക്ക് ഈ വസ്ത്രത്തിന്റെ നിറം ചേരില്ലെന്ന ഒറ്റവാക്ക്, ആ വ്യക്തിയുടെ ഉള്ളിൽ കോറിയിടുന്ന അപകർഷതാ ബോധത്തിന്റെ തോത് വളരെ വലുതായിരിക്കും. ഒരു നിറത്തിനോടും ഒന്നും ചേരാതെ പോകുന്നില്ല. വ്യക്തിയുടെ അഭിരുചികൾക്കും ഇഷ്ട്ടങ്ങൾക്കും അനുസൃതമായി ഒന്ന് മറ്റൊന്നിനോട് ചേർത്തുവയ്ക്കുകയാണ് ചെയ്യേണ്ടത്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍