UPDATES

കേരളത്തിൻെറ പ്രശ്നം ചൂടല്ല, ഉഷ്ണമാണ്‌

ഇപ്പോഴത്തെ അവസ്ഥയ്ക്ക് മനുഷ്യനും പ്രധാന കാരണമാണ്

                       

കത്തുന്ന ചൂടില്‍ വെന്തുരുകുകയാണ് മലയാളി. കേരളം സമീപ കാലങ്ങളില്‍ അനുഭവിക്കാത്തയത്ര ചൂടില്‍ വരളുകയാണ്. എന്താണ് മാറിയ കാലാവസ്ഥയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം? കേരളത്തിലെ കാലാവസ്ഥയിലെ മാറ്റങ്ങളെയും അതിന് പിന്നിലെ കൃത്യമായ കാരണങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്.

ഇപ്പോഴത്തെ സാഹചര്യം കാലാവസ്ഥ വ്യതിയാനം കൊണ്ടാണെന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ചില അനുരണങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ കാണാറുണ്ട് എന്നത് വസ്തുതയാണെങ്കിലും അതു മാത്രമല്ല അസഹനീയമായ ഉഷ്ണവും താപവും അനുഭവപ്പെടുന്നതിനു പിന്നില്‍. കേരളത്തില്‍ ഇത്രയും തീവ്രത കൂടിയ ചൂട് ഉണ്ടാകുന്നത് ഈ വര്‍ഷമല്ല, 2010 ല്‍ കേരളത്തിന്റെ പല പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുകയും അനവധി ആളുകള്‍ക്ക് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തിരുന്നു. അന്ന് വളരെ വിശദമായ പരിശോധനകള്‍ വിഷയത്തില്‍ നടത്തിയതുമാണ്. അന്ന് ചൂടിന്റെ കനത്ത ആഘാതങ്ങള്‍ നമുക്കേല്‍ക്കേണ്ടി വന്നു. ജനങ്ങള്‍ വലിയ രീതിയില്‍ ബുദ്ധിമുട്ട് അനുഭവിച്ചു.

ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകുന്ന അവസ്ഥ ആദ്യമായല്ല കേരളത്തില്‍ ഉണ്ടാകുന്നത്. നാല്‍പ്പതിന് മുകളില്‍ ചൂട് പാലക്കാട്, പുനലൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ഇതിനു മുമ്പും പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ ഇന്നും ചൂടിന്റെ തോത് ഔദ്യോഗികമായി കണക്കാക്കുന്നത് വളരെ ചുരുക്കം സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ഒന്നും ഇതുവരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കാരണം, മാനദണ്ഡം അനുസരിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. പാഠപുസ്തകങ്ങളില്‍ കാലാവസ്ഥയുടെ കാര്യത്തില്‍ ഏറ്റവും സുഖകരമായ സംസ്ഥാനമാണ് കേരളമെന്നു പഠിക്കുമ്പോള്‍, അന്ന് അകെ ആറ് സ്റ്റേഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു കാലാവസ്ഥ വിവരങ്ങള്‍ പുറത്തു വന്നിരുന്നതെന്നു കൂടി ഓര്‍ക്കണം. താഴെ തട്ടിലുള്ള കാലാവസ്ഥയുടെ പരിവര്‍ത്തനം അളക്കാന്‍ തുടങ്ങുന്നത് 2018 ന് ശേഷമാണ്. അതിന് കാരണം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര സര്‍ക്കാരിന് നല്‍കിയൊരു കത്താണ്. ഓട്ടോമേറ്റഡ് കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്നുള്ള സത്യാവസ്ഥ പുറത്ത് വരാന്‍ തുടങ്ങിയത് അതിനുശേഷമാണ്.

കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് ചൂട് അധികരിക്കുന്നതും മഴയുടെ തീവ്രത കൂടുന്നുതുമെന്നൊക്കെ പറയുമ്പോള്‍, ആലോചിക്കേണ്ടൊരു കാര്യം മുന്‍കാലങ്ങളായില്‍ ഇത്തരം അവസ്ഥകളില്‍ ഉണ്ടാകുന്ന വ്യതിയാനം അളക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ്. ഇതിനെയെല്ലാം സാധൂകരിക്കുന്ന തരത്തില്‍ വസ്തുതകള്‍ നിരത്താന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും നമ്മുടെ ജീവിത കാലത്ത് നാം നേരിട്ടനുഭവിക്കുന്ന ചൂടിന്റെയും മഴയുടെയും തീവ്രത വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ അനുഭവപ്പെടലിലാണ് കാലാവസ്ഥ വ്യതിയാനം പങ്ക് വഹിക്കുന്നത്. മുന്‍പ് 40 ഡിഗ്രി ചൂട് പത്ത് ദിവസം മാത്രം അനുഭവപ്പെട്ടിരുന്ന ഒരു പ്രദേശത്ത് ഇന്ന് 40 ഡിഗ്രി ചൂട് മുഴുവന്‍ മാസവും അനുഭവപ്പെടുന്നുണ്ടാകാം. ഈ മാറ്റത്തിലും തീവ്രതയിലും വന്നിരിക്കുന്ന വ്യത്യാസങ്ങളാണ് കാലാവസ്ഥ വ്യതിയാനം നമുക്ക് പുതുതായി നല്‍കിയിരിക്കുന്ന സംഭാവന. ഇവിടെ നമ്മള്‍ മനസിലാക്കേണ്ട വസ്തുത, കേരളത്തില്‍ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടുന്നത് ഉഷ്ണമാണ്. പുനലൂര്‍, പാലക്കാട്, വട്ടവട, മുത്തങ്ങ പഞ്ചായത്തുകളില്‍ ചൂട് വലിയ വിഷയമാണ്. കാരണം, അവിടെ ഈര്‍പ്പം കൂടുതലാണ്. പക്ഷെ തിരുവനന്തപുരം പോലുള്ള കേരളത്തിന്റെ മഹാഭൂരിപക്ഷം വരുന്ന പ്രദേശത്തും അനുഭവപ്പെടുന്നത് ഉഷ്ണമാണ്. ചൂട് കൂടുമ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കും. മനുഷ്യര്‍ വിയര്‍ക്കുന്നത് പോലെ തന്നെ അനേകായിരം മരങ്ങളിലെ ഇലകളും വിയര്‍ക്കും, കടല്‍ വെള്ളം ബാഷ്പീകരിക്കും.

അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതില്‍ അന്തരീക്ഷ ഊഷ്മാവും താപനിലയും ഒരേ പങ്ക് വഹിക്കുന്നുണ്ട്. ഈ വിഷയത്തില്‍ വലിയൊരു ഭാഗം സംഭാവനയും നല്‍കിയിരിക്കുന്നത് മനുഷ്യരുടെ ഭൂവിനിയോഗമാണ്.

ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനങ്ങളെ മാറ്റിമറിക്കാന്‍ നമുക്ക് ഒരുപാടൊന്ന് ചെയ്യാന്‍ സാധിക്കില്ല. വളരെ ചെറിയ കാര്യങ്ങളാണു നമുക്ക് ചെയ്യാനുള്ളത്. നമ്മുടെ ചുറ്റുമുള്ള ഉഷ്ണം വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കാനും സാഹചര്യങ്ങളെ ലഘൂകരിക്കാനും സാധിക്കും. അന്തരീക്ഷത്തില്‍ ഉഷ്ണം എന്ന അനുഭവം കുറക്കുന്നതിനു അത്യാവശ്യം വേണ്ടത് തണലും അതോടൊപ്പം താപം പിടിച്ചു വയ്ക്കുന്ന പ്രതലങ്ങളുമായുള്ള സമ്പര്‍ക്കവും അവയുടെ ഉപയോഗവും കുറയ്ക്കുക എന്നതുമാണ്.

ഇത്തരത്തില്‍ താപം പിടിച്ച് വക്കുന്ന പ്രതലങ്ങളായ റോഡുകള്‍ പോലുള്ളവയുടെ നിറം മാറ്റല്‍ ഒരു പ്രതിവിധിയാണ്. ചാര നിറമോ മണ്ണിന്റെ നിറമോ ആക്കിയാല്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മണ്ണിന്റെ നിറത്തില്‍ റോഡുകള്‍ മാറ്റപെടുമ്പോള്‍ ആ പ്രദേശത്തിന്റെ നിറവുമായി ചേര്‍ന്ന് പോകുന്നതിനാല്‍ താപം ആഗിരണം ചെയ്യുന്നതിന്റെ തോത് ഗണ്യമായി കുറയും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വീടു പണിയാനും മറ്റും ഉപയോഗിക്കുന്ന സാമഗ്രികള്‍. മുന്‍കാലങ്ങളില്‍ വീടുപണിയാന്‍ ഉപയോഗിച്ചിരുന്നത് ഓട് ആയിരുന്നു, അതിന് താഴെ മച്ച് ഉണ്ടായിരുന്നു, അതായത് മണ്ണും തടിയും ഉപയോഗിച്ചാണ് ചൂടിനെ പ്രതിരോധിച്ചിരുന്നത്. ഇവ രണ്ടും ചൂടിനെ വളരെ നന്നായി അകറ്റി നിര്‍ത്തിയിരുന്നവയാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍സിസി റൂഫ് (റീഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് സ്ലാബ് ) ചെയ്യലാണ് കൂടുതലും. ഇവയെല്ലാം താപം ആഗിരണം ചെയ്യുകയാണ് ചെയ്യുന്നത്. സിമന്റ് ചൂട് വളരെ നന്നായി ചൂട് ആഗിരണം ചെയ്ത് സൂക്ഷിക്കുന്ന ഒരു വസ്തുവാണ്.

ചൂട് കൂടുന്നതിനനുസരിച്ച് മിന്നല്‍ ചുഴലികള്‍ വര്‍ദ്ധിക്കും, ഇടിമിന്നല്‍ കൂടും, ഇത് പല പ്രശ്‌നങ്ങളിലേക്കും വഴിവെക്കും. കെട്ടിടത്തെ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ചെടികളോ, ചൂടിനെ ആഗിരണം ചെയ്യാത്ത പെയിന്റുകളോ ഉപയോഗിക്കാവുന്നതാണ്. സ്വാഭാവികമായ ഭൂമിയുള്ളിടത്ത് ചൂട് തനിയെ കുറയും. താപം എന്നത് ഊര്‍ജത്തിന്റെ ഉറവിടമാണ്. താപം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് കാറ്റ് വര്‍ദ്ധിക്കും, ഇടിമിന്നലിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കും. ഇത്തരം വിഷയങ്ങളില്‍ ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യന്റെ ഇടപെടല്‍ അത്യന്താപേക്ഷികമാണ്. ഇക്കാര്യങ്ങളില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കും വലിയ വ്യത്യാസം ഉണ്ടാക്കാന്‍ പറ്റുമെന്നത് ഒരു വസ്തുതയാണ്. കേവലം പുല്ലിന് പോലും ഇതില്‍ പങ്കുണ്ട്. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക, എ സിയുടെ വിനിയോഗം കുറയ്ക്കുക തുടങ്ങിയവയെല്ലാം ഈ ചൂടിനെ നിയന്ത്രിക്കാന്‍ ഉതകുന്ന കാര്യങ്ങളാണ്.

മനുഷ്യനെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത് ചുറ്റുപാടിനെ നിയന്ത്രിക്കുക എന്നത് മാത്രമാണ്. ആഗോള തലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ വലിയ തോതില്‍ കാര്‍ബണ്‍ വലിച്ചെടുക്കാനും പുറത്തു വിടാനും ശേഷിയുള്ള പദ്ധതികള്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അന്തരീക്ഷത്തിലെ ഉയരുന്ന കാര്‍ബന്റെ അളവ് ലോകത്തിനാകെ ഭീഷണിയാണ്. ഒരു മരം പൂര്‍ണമായി കാര്‍ബണ്‍ വലിച്ചെടുത്ത് തടിയില്‍ ശേഖരിക്കുന്ന അവസ്ഥ ആകണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും എടുക്കും. എല്‍ നിനോ, ലാനിനോ പ്രതിഭാസങ്ങള്‍ കേരളം പോലുള്ള ചെറിയ സംസഥാനത്തെ അത്ര കണ്ട് ബാധിക്കും എന്ന് പറയാന്‍ സാധിക്കില്ല. കാരണം, കേരളത്തിന്റെ ഭൂപ്രകൃതി അപ്രകാരണമാണ്. ലോകത്തിനെ അപേക്ഷിച്ച് കേരളം വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. ഇപ്പോള്‍ അനുഭവപ്പെടുന്ന 40 ഡിഗ്രി ചൂട് 50 ഡിഗ്രി ആയാലും നമുക്ക് അനുഭവപ്പെടുന്ന ഉഷ്ണം ഏകദേശം ഒരേ അളവില്‍ ആയിരിക്കും, ആര്‍ക്കും പുറത്ത് ഇറങ്ങാന്‍ സാധിക്കില്ല.

ചൂടിനെ അത്ര കാര്യമായി എടുക്കാത്ത മനസ്ഥിതിയായിരുന്നു ആളുകള്‍ക്ക് പൊതുവെ. കാരണം, ചെറുപ്പം മുതല്‍ക്കെ അനുഭവിച്ച് വരുന്നത് കൊണ്ട് ചൂട് ഒരു പരിധി വരെ ആരും കാര്യമാക്കുകയോ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുകയോ ചെയ്യാറില്ല. അതേസമയം തണുപ്പിനെ പ്രതിരോധിക്കാന്‍ ഇതെല്ലം കൃത്യമായി പാലിക്കുകയും ചെയ്യും. കാരണം തണുപ്പ് അത്രകണ്ട് പരിചിതമല്ലാത്ത അവസ്ഥയാണ് മലയാളിക്ക്. മനുഷ്യന്റെ മാനസികാവസ്ഥ എന്ന ഘടകം കൂടി ഇതില്‍ അടങ്ങിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍