യെസ് ബാങ്കിൽ നിന്നും 400 കോടി രൂപ തട്ടിയ കേസിൽ അന്താരഷ്ട്ര ടൂർ ആൻഡ് ട്രാവൽസ് കമ്പനിയായ കോക്‌സ് ആൻഡ് കിംഗ്‌സ് ഉടമ അജയ് പീറ്റർ കെർക്കറിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്ന അജിത് പി മേനോനെ മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) അറസ്റ്റ് ചെയ്തു. കേസിൽ പ്രതി ചേർത്തിരിക്കുന്ന ബ്രിട്ടീഷ് പൗരനായ അജിത് പി മേനോനെ (67) മൂന്ന് വർഷമായി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. യുകെയിൽ നിന്ന് കേരളത്തിലെത്തിയ അജിത്തിനെ ഏപ്രിൽ 9 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു. അജിത്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിക്കുകയും ഇഒഡബ്ല്യു മുംബൈയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ മുംബൈയിലേക്ക് കൊണ്ടുപോയ മേനോനെ കോടതിയിൽ ഹാജരാക്കിയ ശേഷം ഏപ്രിൽ 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോക്‌സ് ആൻഡ് കിംഗ്‌സിൻ്റെ ഉടമ അജയ് പീറ്റർ കെർക്കറുടെ അടുത്ത സഹായിയായിരുന്നു മേനോൻ എന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. 400 കോടി രൂപയുടെ യെസ് ബാങ്ക് തട്ടിപ്പ് കേസിൽ ഏജൻസിയുടെ അന്വേഷണത്തിനിടെയാണ് മേനോൻ ഇഒഡബ്ല്യു റഡാറിൽ വരുന്നത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത ശേഷം പണം വകമാറ്റിയതായാണ് ഇവർക്കെതിരെയുള്ള ആരോപണം.
യെസ് ബാങ്കിനെ ഏകദേശം 400 കോടി രൂപ കബളിപ്പിച്ചതിന് 2021 ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇഒഡബ്ല്യു, കോക്സ് & കിങ്‌സിൻ്റെ സഹസ്ഥാപനമായകോക്സ് & കിങ്‌സ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിനെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. യെസ് ബാങ്ക് ചീഫ് വിജിലൻസ് ഓഫീസർ ആശിഷ് വിനോദ് ജോഷിയുടെ പരാതിയിൽ കെർക്കറിനെയും ഭാര്യ ഉർഷില കെർക്കറിനെയും മറ്റുള്ളവർക്കെതിരെയും ഇഒഡബ്ല്യു എഫ്ഐആർ ചുമത്തിയിരുന്നു. കെർക്കറുടെ നിർദ്ദേശപ്രകാരമാണ് മേനോനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. എന്നാൽ നിയമനം രേഖകളിൽ ഇല്ലെന്ന് ഇഒഡബ്ല്യു വൃത്തങ്ങൾ പറയുന്നു. കോക്‌സ് ആൻഡ് കിംഗ്‌സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഫോറിൻ എക്‌സ്‌ചേഞ്ച് ബിസിനസ്സ്, ഹോളിഡേ ഫിനാൻസിംഗ്, സ്റ്റുഡൻ്റ് ലോൺ ഫിനാൻസിംഗ്, മറ്റ് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ എന്നീ സേവനങ്ങളാണ് നൽകിയിരുന്നത്.
എഫ്ഐആർ പ്രകാരം, 2018-2019 കാലയളവിൽ കമ്പനിയുടെ അക്കൗണ്ട് ബുക്കുകളിൽ വ്യാജമായ ഇടപാട് രേഖകൾ ഉണ്ടായിരുന്നു. ഇതിലൂടെ പ്രതികൾ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പുരോഗതിയിലാണെന്ന് വരുത്തി തീർക്കുകയായിരുന്നു. “ഉയർന്ന ക്രെഡിറ്റിനെ ന്യായീകരിക്കാൻ (കുറ്റം ചുമത്തപ്പെട്ട) കമ്പനി അതിൻ്റെ തെറ്റായ സാമ്പത്തിക പ്രസ്താവനകളാണ്അവതരിപ്പിച്ചത്. ലോൺ തുക ആവശ്യങ്ങൾക്കായി കമ്പനി ഉപയോഗിച്ചിട്ടില്ല. യെസ് ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വിവിധ നിബന്ധനകളും വ്യവസ്ഥകളും കമ്പനി ലംഘിക്കുകയും ഫഡ്ജ് ചെയ്ത ബാലൻസ് ഷീറ്റുകളുടെ സഹായത്തോടെ ബാങ്കിൻ്റെ വിശ്വാസം ലംഘിക്കുകയും ബാങ്കിന് 398.38 കോടി രൂപയുടെ തെറ്റായ നഷ്ടം വരുത്തുകയും ചെയ്തു,” പരാതിക്കാരനായ ജോഷി എഫ്ഐആറിൽ പറയുന്നു.
അന്വേഷണത്തിൽ, വായ്പാ തുകയിൽ നിന്ന് 396 കോടി രൂപ മേനോൻ്റെ നിർദ്ദേശപ്രകാരം കോക്‌സ് ആൻഡ് കിംഗ്‌സ് ലിമിറ്റഡിലേക്ക് വഞ്ചിച്ചതായി ഇഒഡബ്ല്യു ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സിആർപിസി സെക്ഷൻ 164 പ്രകാരം കമ്പനിയുടെ പ്രധാന സീനിയർ എക്‌സിക്യൂട്ടീവുമാരായ മിലിന്ദ് ഗാന്ധി, രവി മേനോൻ, ശൈലേഷ് പെഡ്‌നേക്കർ എന്നിവരുടെ മൊഴികളും ഇഒഡബ്ല്യു കോടതിയിൽ രേഖപ്പെടുത്തി. ലോൺ തുകയുടെയും കമ്പനിയുടെ പോളിസിയുടെയും എല്ലാ ഇടപാടുകളും മേനോൻ കൈകാര്യം ചെയ്തിരുന്നതായി അവരും പറഞ്ഞു. 2018 സെപ്റ്റംബർ 14-ന് വിദേശ കമ്പനിയായ യുക്കെയിലെ പ്രോമെത്തോൺ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്ക് 56.62 കോടി രൂപ വകമാറ്റപ്പെട്ടിരുന്നു. മേനോൻ ഈ കമ്പനിയുടെ സിഇഒ ആയിരുന്നു. അതിനാൽ ഇയാളും ഗുണഭോക്താവാണെന്ന് തെളിഞ്ഞതായി ഇഒഡബ്ല്യു ഉദ്യോഗസ്ഥർ സംശയിക്കുന്നു. യൂറോപ്പിലെ കോക്‌സ് ആൻഡ് കിംഗ്‌സ് ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് കമ്പനികളുടെ പ്രവർത്തനങ്ങൾ മേനോൻ നോക്കിയിരുന്നു. ബാങ്ക് വായ്പയുടെ പണം വിദേശ കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് കമ്പനിയുടെ ആരോപണം. മേനോനെ ചോദ്യം ചെയ്യുന്നതിലൂടെ, പ്രതികൾ ഈ പണം എങ്ങനെ ഉപയോഗിച്ചുവെന്ന് അന്വേഷിക്കാനാണ് ഇഒഡബ്ല്യു പദ്ധതിയിടുന്നത്.
ഇന്ത്യൻ ശിക്ഷാനിയമം 420 (വഞ്ചന), 406 (ക്രിമിനൽ വിശ്വാസവഞ്ചന), 465 (വ്യാജരേഖ), 467 (വിലയേറിയ സെക്യൂരിറ്റിയുടെ വ്യാജരേഖ ചമയ്ക്കൽ), 468 (വഞ്ചനയ്ക്കുവേണ്ടിയുള്ള വ്യാജരേഖ ചമയ്ക്കൽ), 471 (യഥാർത്ഥമായി ഉപയോഗിച്ചത്) എന്നീ വകുപ്പുകൾ ചുമത്തിയാണ് മേനോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കെർക്കറും കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ഒന്നിലധികം തവണ ബാങ്ക് തട്ടിപ്പ് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇഒഡബ്ല്യു, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ അന്വേഷണ അജൻസികൾ ഇവരെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.