UPDATES

വിദേശം

ഡീപ്പ് ഫേക്കിൽ കുരുങ്ങി ഇറ്റാലിയൻ പ്രധാന മന്ത്രി

90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജിയ മെലോനി കോടതിയിൽ

                       

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ അശ്ലീല വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജിയ മെലോനി കോടതിയെ സമീപിച്ചു. ജോർജിയയുടെ മുഖം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതയായ ഡീപ്പ് ഫേക്ക് ഉപയോഗിച്ച് മറ്റൊരു അശ്ലീല വീഡിയോയിൽ ചേർക്കുകയായിരുന്നു. വിഷയത്തിൽ 40 വയസ്സുള്ള ഒരു വ്യക്തിയും ഇയാളുടെ പിതാവും അന്വേഷണം നേരിടുന്നതായി ബി ബി സി റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. വിഡിയോ നിർമ്മിച്ചു എന്നു കരുതുന്ന 40 വയസ്സുകാരനെതിരെയും ഇയാളുടെ 73 വയസ്സ് പ്രായമുള്ള പിതാവിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇരുവർക്കുമെതിരെ മാന നഷ്ടത്തിനും അപകീർത്തിക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 2020 ൽ യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റിലാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനം മാസങ്ങൾ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ വിവരങ്ങൾ വഴിയാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിനു മുൻപാണ് ഡീപ് ഫേക്ക് വീഡിയോ അപ്ലോഡ് ചെയ്തത്.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് പ്രതികരിക്കാൻ ധൈര്യം പകരുന്നതിനു വേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും ജോർജിയ മെലോനിയുടെ അഭിഭാഷക മരിയ ജിയൂലിയ മരോൻജിയു അറിയിച്ചു. ഇരകളായ സ്ത്രീകൾക്ക് ആക്രമണങ്ങളെ കുറിച്ച് തുറന്ന് പറയാൻ ഇതൊരു പ്രചോദനമാകുമെന്നും  മരിയ യുലിയ പറഞ്ഞു.

ഇന്ത്യയിലും ഇത്തരത്തിൽ അനവധി പേർ ഡീപ്പ് ഫേക്കിന് ഇരയായിട്ടുണ്ട്. രശ്മിക മന്ദാന, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വീഡിയോ വരെ ഇത്തരത്തിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഗായിക ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ലൈംഗിക ചുവയുള്ള ഡീപ്‌ഫേക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം പരിഹരിക്കാനും വ്യക്തികളെ അപകടനകളിൽ നിന്ന് സംരക്ഷിക്കാനും യുഎസ് നിയമനിർമ്മാതാക്കളിൽ നിന്നുള്ള ശക്തമായ ആഹ്വാനങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇറ്റലിയിലെ നിയമമനുസരിച്ച് തടവുശിക്ഷയ്ക്ക് അർഹമായ ക്രിമിനൽ കുറ്റമാണ് മാനനഷ്ടകേസ്.

Share on

മറ്റുവാര്‍ത്തകള്‍