UPDATES

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ

അദ്വാനിക്ക് മാത്രമല്ല, റാവുവിനുമുണ്ട് ഭാരതരത്‌ന

                       

എല്‍ കെ അദ്വാനി, കര്‍പ്പൂരി താര്‍ക്കൂര്‍ എന്നിവര്‍ക്കു പിന്നാലെ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവു, ചരണ്‍ സിങ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കു കൂടി ഭാരതരത്‌ന പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും പരമോന്നതമായ സിവിലിയന്‍ ബഹുമതിയാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ നാലുപേരും രാഷ്ട്രീയ രംഗത്തുനിന്നുള്ളവരാണ്. അധികാരത്തിലെത്തി 10 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം മുന്നോട്ടു വച്ച ഭാരതരത്ന ശുപാര്‍ശകളിലെ രാഷ്ട്രീയവും അതുകൊണ്ട് വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്.

”നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഹേതുവായ ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ ഒരു പുതിയ യുഗം വളര്‍ത്തിയെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയുടെ വിദേശനയം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒഴിച്ച് നിര്‍ത്താനാവാത്തതാണ്. പല നിര്‍ണായകമായ പരിവര്‍ത്തനങ്ങളിലൂടെ ഇന്ത്യയെ നയിക്കുന്നതിലുപരി, സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ചെയ്ത ഒരു നേതാവ് കൂടിയാണ്”- ഭാരതര്തയ്ക്ക് അര്‍ഹനാക്കിക്കൊണ്ട് റാവുവിനെ കുറിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ച വരികളാണിത്.

റാവു ഇന്ത്യക്ക് ചെയ്ത ‘നല്ലതുകള്‍ക്ക്’ അപ്പുറം, അദ്ദേഹത്തിന് കിട്ടിയിരിക്കുന്ന ആദരം അയോധ്യ രാമക്ഷേത്രമെന്ന ബിജെപി അജണ്ട നടപ്പിലാക്കപ്പെട്ട കാലത്ത് എല്‍ കെ അദ്വാനിക്കൊപ്പം ലഭിക്കുന്നു എന്നതാണ് ഗൗരവത്തിലെടുക്കേണ്ടത്. എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന വര്‍ഷം കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. പള്ളി പൊളിക്കുന്നതില്‍ പ്രത്യേകിച്ചൊരു നിലപാടും സ്വീകരിക്കതിരുന്ന റാവു ഈ സംഭവത്തിന് മൗനാനുവാദം നല്‍കുകയായിരുന്നുവെന്ന ആക്ഷേപം ഇന്നും ശക്തമാണ്. അയോധ്യയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപെട്ട വര്‍ഷം തന്നെ എല്‍ കെ അദ്വാനിയെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിക്കായി തെരഞ്ഞെടുത്തത് ഉപകാരസ്മരണയാണ് എന്ന വിശകലനം പുറത്തുവന്നിരുന്നു. ഇതേ ത്രാസില്‍ തന്നെയാണ് നരസിഹറാവുവിനും ഭാരതരത്‌ന നല്‍കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

പള്ളി തകര്‍ക്കല്‍ മാത്രമല്ല, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ താഴെ പോക്കും, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) അഴിമതിയുമൊക്കെ ഉണ്ടായ സംഭവബഹുലമായ ഭരണകാലയളവിന് ശേഷം കോണ്‍ഗ്രസ് റാവുവിനെ പരിപൂര്‍ണമായും ഒഴിവാക്കുകയാണുണ്ടായത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരീക്ഷണമായ ആഗോളവത്കരണത്തില്‍ റാവുവിന്റെ പങ്ക് അംഗീകരിക്കാന്‍ വര്‍ഷങ്ങളോളമാണ് കോണ്‍ഗ്രസ് വിസമ്മതിച്ചത്. എന്നാല്‍ ഈ അടുത്തകാലങ്ങളില്‍ കോണ്‍ഗ്രസ് റാവുവിനോടുള്ള സമീപനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വീണ്ടും അദ്ദേഹത്തെ കോണ്‍ഗ്രസ് ഐക്കണ്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങളും നടന്നിരുന്നു.

റാവു പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരിലായിരിക്കും. വ്യക്തിപരവും രാഷ്ട്രീയവും ഒരുപക്ഷേ പ്രത്യയശാസ്ത്രപരമായ് പോലും നീണ്ടുകിടക്കുന്നതായിരുന്നു ഈ ഭിന്നതകള്‍. എന്നാല്‍ 2020-ല്‍ സോണിയ മുന്‍ പ്രധാനമന്ത്രിയുടെ നേതൃപാടവങ്ങള്‍ വിവരിക്കുകയും അദ്ദേഹത്തിന്റെ നിരവധി നേട്ടങ്ങളിലും സംഭാവനകളിലും പാര്‍ട്ടി അഭിമാനിക്കുന്നുവെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.” ഞാന്‍ അതിനെ എന്തുകൊണ്ട് സ്വീകരിക്കാതിരിക്കണം” ഭാരതരത്‌ന പ്രഖ്യാപനത്തോടുപോലും സോണിയ പ്രതികരിച്ചതിങ്ങനെയാണ്.

ബാബ്റി മസ്ജിദിന്റെയും അയോധ്യയുടെയും രാഷ്ട്രീയത്തിനപ്പുറം നരസിംഹ റാവുവിന്റെ ഭാരത്‌രത്‌നക്ക് മറ്റൊരു രാഷ്ട്രീയം കൂടി ചര്‍ച്ചയാകുന്നുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇക്കാലമത്രയും തഴയപ്പെട്ട നേതാവായിരുന്നു റാവു. നെഹ്റു കുടുംബത്തിന് പുറത്ത് ഒരു മുഴുവന്‍ കാലാവധിയും അധികാരത്തില്‍ തുടര്‍ന്ന ആദ്യ പ്രധാനമന്ത്രിയാണ് റാവു. ദേശീയ തലസ്ഥാനത്ത് സ്മാരകമില്ലാത്ത കോണ്‍ഗ്രസില്‍ നിന്നുള്ള ഏക നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിന് റാവുവിനോടുള്ള സമീപനം വ്യക്തമാകുന്നതാണ് ഇത്തരം വിഷയങ്ങള്‍.

ബി.ജെ.പിയുടെ ഒരു കാലത്തെ മുഖമായിരുന്ന എല്‍ കെ അദ്വാനിക്കൊപ്പം തന്നെ നരസിംഹ റാവുവിനെ കൂടി പരിഗണിക്കുന്നതിലൂടെ, വ്യക്തമായ സന്ദേശം നല്‍കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ നിന്ന് മാറി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷവും നേതാക്കളെ ബഹുമാനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന സൂചന കൂടിയായി ഇതിനെ കണക്കാക്കാം. സോഷ്യലിസ്റ്റ് നേതാവ് കര്‍പൂരി താക്കൂറിനും, പ്രണബ് മുഖര്‍ജിക്കുമടക്കം ഭാരതരത്‌ന നല്‍കുന്നതിലൂടെ ഒരു രാഷ്ട്രീയ ആഖ്യാനം രൂപപ്പെടുത്തുന്നതിനും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നേതാക്കളോട് ആദരവ് പ്രകടിപ്പിക്കുന്നതിനുമുള്ള മോദിയുടെ തന്ത്രപരമായ നീക്കമായിട്ടാണ് ഇതിനെ വായിക്കപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍