UPDATES

ഓഫ് ബീറ്റ്

ലീഡര്‍ ദി ഗ്രേറ്റ് ലാഡര്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-53

                       

കെ കരുണാകന്‍ അഥവ കണ്ണോത്ത് കരുണാകരന്‍ മാരാര്‍ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയായ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. പ്രായ, ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ലീഡര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആശ്രിതവത്സലനായിരുന്നു. ജനിച്ചത് കണ്ണൂരില്‍ ആണെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം വളര്‍ച്ച നേടിയത് തൃശൂരില്‍ എത്തിയതോടെയാണ്. ആദ്യകാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു കൂടുതല്‍ താല്പര്യം. സ്‌നേഹോഷ്മളമായ പുഞ്ചിരി, കുസൃതിയോടെയുള്ള കണ്ണിറുക്കല്‍, പ്രസാദാത്മകമായ പെരുമാറ്റം, വാക്കുകളിലെ നിശ്ചയദാര്‍ഢ്യം, തീപ്പൊരി പാറുന്ന പ്രസംഗം. ഓര്‍മകളില്‍ എത്രയെത്ര മിഴിവുറ്റ ചിത്രങ്ങള്‍. സഹജീവികളോടുള്ള കരുണയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സഹായത്തിനെത്തുന്ന ആരെയും ഉപേക്ഷിച്ചില്ല.

വിഭജന തര്‍ക്കം

അതിരറ്റ ആശ്രിതവാത്സല്യമായിരുന്നു ലീഡറിന്റെ ഗുണവും ദോഷവും. രാഷ്ട്രീയത്തില്‍ മക്കള്‍ക്കുവേണ്ടി നിലകൊണ്ടുവെന്ന ആക്ഷേപം പേറിയ കരുണാകരന്‍ രാഷ്ട്രീയരംഗത്ത് ഒട്ടേറെ നേതാക്കളെ വളര്‍ത്തി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു യുവനിരയെ വളര്‍ത്തിയെടുത്തത് കരുണാകരനാണ്. അര്‍ഹതയില്ലാത്തവരെയും വളര്‍ത്തിയെന്ന ആരോപണവും ഉണ്ട്. തന്നെ കൊലയാളിയായും കരിങ്കാലിയായും ചിത്രീകരിച്ച രാഷ്ട്രീയ പ്രതിയോഗികളെ ഒരിക്കലും ശത്രുക്കളായി കണ്ടില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട് വൈരത്തോടെ പെരുമാറിയില്ല.

ലീഡറുടെ കൂടെ നിന്ന് വലുതായവരാണ് പില്‍ക്കാലത്ത് കോണ്‍ഗ്രസിനെ നയിച്ചത് എന്ന് കാണാം. കിംഗ് മേക്കറായിരുന്നു അദ്ദേഹം എന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ലീഡര്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ പ്രധാന ദേശീയ തീരുമാനങ്ങള്‍ക്ക് കാരണഭൂതനായിരുന്നു. ലീഡറിനെ ലാഡറാക്കി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായതും, മകന്‍ മുരളിയെ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതും വിഷയമാക്കി ജോയ് കുളനട വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ദേയമായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍