UPDATES

സംശയങ്ങളെല്ലാം തീര്‍ത്തുകൊടുത്ത സെഞ്ച്വറി

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥിരം സാന്നിധ്യം ആകേണ്ട കളിക്കാരനാണ് സഞ്ജു. എന്തുകൊണ്ടോ അദ്ദേഹത്തിന് തന്റെ കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല

                       

തന്നില്‍ വിശ്വസിച്ചിരുന്നവര്‍ക്കുള്ള സമ്മാനവും, വിമര്‍ശകര്‍ക്കുള്ള മറുപടിയുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സഞ്ജു സാംസണ്‍ കുറിച്ച കന്നി ഏകദിന സെഞ്ച്വറി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനം 78 റണ്‍സിന് വിജയിച്ച് 2-1ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ച മാച്ച് വിന്നിംഗ് പ്രകടനം. 114 പന്തുകളില്‍ ആറ് ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെ 108 റണ്‍സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന്ന പെരുമ. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരിക്കല്‍ കൂടിയൊരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് ആ ഒരൊറ്റ സെഞ്ച്വറിയായിരുന്നു. പ്രതിഭയുണ്ടായിട്ടും സഞ്ജുവിന്റെ കളി മികവില്‍ ചിലരെങ്കിലും സംശയിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്കുളള മറുപടി കൂടിയാണ് ഈ സെഞ്ച്വറിയെന്നാണ് കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ അഴിമുഖത്തോട് പറയുന്നത്. സഞ്ജുവിന്റെ കളി മികവിനെക്കുറിച്ചും കന്നി സെഞ്ച്വറിയെക്കുറിച്ചും സോണി ചെറുവത്തൂരിന്റെ വിലയിരുത്തല്‍.

സഞ്ജുവിന് ഉത്തരവാദിത്തോടെ നിലവാരമുള്ള ഇന്നിഗ്സുകള്‍ കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. പക്ഷെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ മാത്രമുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നോ എന്നതു മാത്രമായിരുന്നു ചോദ്യം. അതെല്ലാം ദൂരീകരിക്കുന്ന തരത്തിലുള്ള ഗംഭീരമായ പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത്. ഇത്തരത്തില്‍ സമയോചിതമായ പ്രകടനത്തിന്റെ പിറകില്‍ രണ്ട് കാര്യങ്ങളുണ്ടെന്നാണ് എന്റെ പക്ഷം. അദ്ദേഹം കളിക്കാനിറങ്ങിയ സാഹചര്യവും ഇന്നിംഗ്‌സിന്റെ പ്രത്യേകതയും. നിര്‍ണായകമായ ഒരു നിമിഷത്തിലാണ് അദ്ദേഹം കളികളത്തിലിറങ്ങുന്നത്. പരമ്പര ആര്‍ക്കെന്നത് നിശ്ചയിക്കുന്ന മത്സരമായിരുന്നു. അതുകൊണ്ടു തന്നെ ഈ രീതിയില്‍ ഇന്നിംഗ്‌സ് കളിച്ച് ടീമിനെ വിജയത്തിലേക്കും ഒപ്പം സീരീസ് നേടിയെടുക്കുന്നതിലേക്കും കൊണ്ടുപോവുകയെന്നു പറയുന്നത് വലിയ കാര്യമാണ്. സഞ്ജുവിന്റെ കരിയറിലെ തന്നെ വലിയ വഴിത്തിരിവായി ഈ സെഞ്ച്വറി മാറും.

സഞ്ജുവിന് ട്വന്റി-20 ക്രിക്കറ്റില്‍ കളിക്കാനുള്ള പവറും കഴിവും വൈദഗ്ദ്ധ്യവുമുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒരു ബാറ്റര്‍ക്കു വേണ്ടത് അത് മാത്രമല്ല എന്നത് പല സമയങ്ങളിലും കണ്ടിട്ടുള്ളതാണ്. പ്രതികൂലമായ സാഹചര്യങ്ങളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ടെക്നിക് ഈ കാലയളവില്‍ അദ്ദേഹത്തിനുണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സഞ്ജു തന്നെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ കുറെ നാളുകളായി തുടര്‍ച്ചയായി അധ്വാനിക്കുകയാണെന്ന്. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സെഞ്ച്വറി.

സഞ്ജുവിന്റെ കഴിവില്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല. എങ്കിലും അദ്ദേഹത്തിന് സംയമനം പാലിക്കാന്‍ സാധിക്കുമോ, സങ്കീര്‍ണമായ സാഹചര്യത്തില്‍ എങ്ങനെ പെരുമാറുമെന്നുവെന്ന കാര്യത്തിലൊക്കെ ചിലര്‍ക്കെങ്കിലും സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ തന്റെ കഴവില്‍ അദ്ദേഹത്തിന് യാതൊരു വിധ സംശയങ്ങളുമില്ലായിരുന്നു എന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനത്തില്‍ വ്യക്തമായത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥിരം സാന്നിധ്യം ആകേണ്ട കളിക്കാരനാണ് സഞ്ജു. എന്തുകൊണ്ടോ അദ്ദേഹത്തിന് തന്റെ കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. ഈ സെഞ്ച്വറി പ്രകടനത്തോട് കൂടി അദ്ദേഹത്തിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നോ, സ്ഥിരമായി ടീമിലേക്ക് എടുക്കുമെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ താന്‍ ടീമിലുണ്ടാകേണ്ടതിന്റെ ആവശ്യകത ഈ മത്സരത്തിലൂടെ കാണിച്ചു കൊടുക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട് എന്നതു വസ്തുതയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള സമയത്താണ് സഞ്ജു കളിക്കളത്തില്‍ ഇറങ്ങുന്നത്. തുടക്കം തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് മൂന്നാം നമ്പറില്‍ സഞ്ജു എത്തുന്നത്. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ സമയം എടുത്തുകൊണ്ട് ബൗളറുടെ മനസ് കൃത്യമായി വായിച്ചെടുത്തുകൊണ്ട് കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു ബൗളര്‍ എങ്ങനെയാണു ഔട്ട് ആക്കാന്‍ നോക്കുന്നത് എന്നുള്ളതും അല്ലങ്കില്‍ ഈ വിക്കറ്റില്‍ ഒരു ബോള്‍ വീഴുന്നത് എങ്ങനെയാണെന്നുള്ള കാര്യങ്ങളൊക്കെ അദ്ദേഹം കൃത്യമായി സമയം എടുത്ത് മനസിലാക്കിയ ശേഷം സാഹചര്യങ്ങള്‍ക്കൊത്ത് എങ്ങനെ പ്രതികരിക്കണം എന്ന കൃത്യമായി ബോധ്യത്തോടെയാണ് കളിച്ചത്. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. സഞ്ജുവിന്റെ ഏത് റണ്ണും ഏത് ഇന്നിംഗ്സും സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ സെഞ്ച്വറി അന്തരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യത്തേത് കൂടിയായത് കൊണ്ട് കൊണ്ടുതന്നെ വളരെ സന്തോഷം നല്‍കുന്നു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍