UPDATES

കലോത്സവ വേദികളിൽ സത്യഭാമ ‘ടീച്ചർ’ ഒറ്റയ്ക്കല്ല !

രക്ഷകർത്താക്കളും നൃത്താധ്യാപകരും മത്സരാർത്ഥികളും പങ്കു വച്ച അനുഭവങ്ങൾ ഇത് തെളിയിക്കുന്നതാണ്

Avatar

അൽ അമീൻ

                       

കല ഒരു ആവിഷ്കാരമാണ്. അനുഭവങ്ങളുടെ ,അനുഭൂതികളുടെ, ആശയങ്ങളുടെ പ്രകടനം. അതുകൊണ്ടാണ് ഓരോ കലയും ഓരോ തരത്തിൽ മനുഷ്യ ഹൃദയത്തിന്റെ വേരുകളിൽ ആഴത്തിൽ പടരുന്നത്.കഴിഞ്ഞ ദിവസം കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായ ചർച്ച നൃത്തകലയെയും ശരീരത്തെയും സൗന്ദര്യ സങ്കല്പങ്ങളെയും ചുറ്റിപ്പറ്റിയുള്ളതായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ലേഖനം .

ഒരുപാട് വർഷത്തെ നൃത്ത അധ്യാപന പരിചയമുള്ള, ഒരുപാട് ശിഷ്യരുള്ള  സത്യഭാമ എന്ന അധ്യാപിക ഒരു ഓൺലൈൻ മീഡിയയിൽ നടത്തിയ ഇന്റർവ്യൂവും അതിലെ ചില പരാമർശങ്ങളുമാണ് വിവാദമായത് . ഒരുപക്ഷെ പുരോഗനസമൂഹത്തിനു നിരക്കാത്ത  അതിലെ ആശയങ്ങൾ ഒരു കലാകാരനെന്ന നിലയിലും സാമൂഹ്യ ജീവി എന്ന നിലയിലും വിഷമിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നുണ്ട് .

ഒപ്പം പ്രഗത്ഭനായ നർത്തകനും അക്കാദമിക് രംഗത്തു ഒരുപാട് സംഭാവനകളും നൽകിയ ഡോ: ആർ.എൽ.വി രാമകൃഷ്ണൻ മാഷ് നേരിട്ട വാക്കുകൾ കൊണ്ടുള്ള അതിക്രമം വേദനാജനകമാണ്.  അതിൽ മഷിനോടൊപ്പം ഐക്യപ്പെടാൻ കേരളസമൂഹത്തിന് കഴിഞ്ഞു എന്നുള്ളതായിരുന്നു ഇതിലെ ഏറ്റവും വലിയ പ്രതിരോധം.പിന്നീട് നടന്ന ചർച്ചകളിൽ ഏറ്റവും കൂടുതൽ വിഷയമായത് കലോത്സവ വേദികളിലെ സൗന്ദര്യശാസ്ത്രത്തിന്റെ രാഷ്ട്രീയമായിരുന്നു.അതിലേക്കു വിരൽ ചൂണ്ടാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

കലോത്സവവേദികൾ പൊതുവെ കുടിപ്പകകളുടെയും, കോഴ ആരോപണങ്ങളുടെയും ഒക്കെ വേദിയായി മാറുന്നത് ജനങ്ങൾ കാണുകയും ചർച്ച ചെയ്യുകയും ചെയ്യാറുണ്ട് .എന്നാൽ ഇത്തരം  വേദികളിലെ സൗന്ദര്യത്തിന്റെ ആഖ്യാനം വളരെ സങ്കീർണമാണ് . ഈ കാര്യത്തിൽ  സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല എന്ന് തെളിയിക്കുന്നതാണ് പല രക്ഷകർത്താക്കളും നൃത്താധ്യാപകരും മത്സരാര്ഥികളും പങ്കു വച്ച അനുഭവങ്ങൾ . അതിനു  കലോത്സവം ആരംഭിച്ച നാൾ മുതലുള്ള ചരിത്രമുണ്ട് എന്നും കാണാം .അടുത്തിടെ ശ്രദ്ധിക്കപ്പെട്ട അത്തരം ചില അനുഭവങ്ങൾ കൂടി ഈ ലേഖനത്തിൽ ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്

ഈ അധ്യയനവർഷം തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ ഒരു സ്കൂളിലെ സ്കൂൾ കലോത്സവം. എൽ.പി വിഭാഗം നാടോടിനൃത്ത മത്സരത്തിന് പങ്കെടുത്തത് ഇരുപതിലധികം മത്സരാർത്ഥികൾ. വിധിപ്രഖ്യാപിച്ചപ്പോൾ ഏറ്റവും മനോഹരമായി അവതരിപ്പിച്ച കുഞ്ഞിന് ഷെയർ ചെയ്ത മൂന്നാം സ്ഥാനം. റിമാർക്സ് പറയാൻ പറഞ്ഞപ്പോൾ കലാമണ്ഡലത്തിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ യുവതി പരസ്യമായി മൈക്കിൽ പറഞ്ഞതിങ്ങനെ ” ആ കുട്ടിയാണ് ഏറ്റവും മനോഹരമായി കളിച്ചത് .പക്ഷെ കുട്ടിയുടെ പല്ലിനാണ് പ്രശ്നം (ഈ… എന്നനുകരിച്ചു കാണിച്ചിട്ട് ) അങ്ങനെ ഇരുന്നാൽ കാണാൻ ഭംഗിയില്ല”. പല്ലുകൾ വന്നും പോയും നിൽക്കുന്ന പ്രായത്തിൽ  ഇതുകേട്ട് ഒരു നാലാം ക്ലാസ്സുകാരിയായ എന്റെ മകൾ എന്റെ മുന്നിൽ ഇരുന്നു ഐസ് പോലെ വിറച്ചത് ആ കുട്ടിയുടെ അമ്മ ഓർത്തെടുക്കുന്നു .അവസാനം അപ്പീൽ കമ്മിറ്റിയുടെ മാനുഷിക പരിഗണനയിൽ കുട്ടി ഉപജില്ലയിൽ വിജയം നേടി.

കഴിഞ്ഞ വർഷം ആർ എൽ.വി യിൽ പഠിച്ചിറങ്ങിയ രണ്ടുപേർ ആലപ്പുഴ ജില്ലയിലെ ഒരു സ്കൂളിൽ വിധികർത്താവായി വന്നു കുട്ടിയെ തോൽപ്പിച്ചത്  കുട്ടിക്ക് ‘ചുണ്ടില്ലാ’ എന്നുപറഞ്ഞാണ്. അഞ്ചാറ് വർഷം മുമ്പ് കൊല്ലം ജില്ലയിലെ ഒരു ഉപജില്ലാ കലോത്സവത്തിന് വിധികർത്താവായി വന്ന, സ്വാതി തിരുന്നാൾ സംഗീത കോളേജിൽ പഠിച്ചിറങ്ങിയ ഒരാൾ കറുത്ത നിറമുള്ള മത്സരാർത്ഥിയെ അഡ്രസ് ചെയ്തു പറഞ്ഞതിങ്ങനെ “എന്തായാലും മേക്കപ്പ് നു പൈസ ചെലവാക്കുന്നു മുഖം മാത്രം വെളുപ്പിച്ചാൽ അഭംഗിയാണ്. മുതുകും കയ്യും കൂടി ചെയ്യണം. അല്ലേൽ ഭംഗി ഇല്ല”. ഇതുപറഞ്ഞത് ഒരു അഞ്ചാം ക്ലാസ്സുകാരിയോടാണ് എന്ന് കൂടി നമ്മൾ കാണണം .

ട്രാൻസ്ജെൻഡർ കലോത്സവത്തിന് ദേവി രൂപം ഇല്ല എന്ന് പറഞ്ഞു സമ്മാനം നൽകാതെ ഒരു പ്രശസ്ത നൃത്താധ്യാപികയെ ആക്ഷേപിച്ചത് നമ്മൾ മറന്നു കാണില്ല.ഇങ്ങനെ നീണ്ടുപോകുന്നു കഥകൾ. കലോത്സവ വേദിയിലെ നൃത്തത്തിന്റെ സൗന്ദര്യ സങ്കല്പം സ്ഥാപനങ്ങളിലൂടെ അല്ല സ്ഥാപന വൽകൃതമായ കാഴ്ചപ്പാടിലൂടെയാണ് പുനരവതരിക്കുന്നത് എന്നാണ് ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത് . അറുപത് വയസ്സിനു മേൽ പ്രായമുള്ള നൃത്തമേഖലയിലൂടെ സക്സസ് ആയ ഒരു സ്ത്രീ മീഡിയയിൽ ഇങ്ങനെ  പറയുമ്പോൾ അവരെ ട്രോളുന്ന, ആക്രമിക്കാൻ ഒരുങ്ങുന്ന പലരും കലോത്സവവേദികളിൽ ആകാരസുഷമ എന്ന ഒറ്റ മാനദണ്ഡത്തിന്റെ പേരിൽ വിധിനിർണയിക്കുന്ന യുവതി യുവാക്കൾ ഉൾപ്പടെയുള്ളവർ കാണിച്ചു കൂട്ടുന്ന പ്രഹസനങ്ങൾ കൂടി കാണാതെ പോകരുത്.

ഒപ്പന മത്സരത്തിന് മണവാട്ടിയെ കണ്ടെത്താൻ ഉയരവും വെളുപ്പുമുള്ള പെൺകുട്ടികൾക്കായി പരേഡ് നടത്തുന്ന പരിശീലകരും സ്‌കൂളധികൃതരുമുള്ള നാട്ടിലാണ് നാം ജീവിക്കുന്നത് . മോഹിനിയാട്ടത്തിനു മെലിഞ്ഞ കുട്ടികളെ പഠിപ്പിക്കാൻ മടിക്കുന്ന ഒരുപാട് അധ്യാപകരുണ്ട്. കുച്ചുപ്പുടി മത്സരത്തിന് ജഡ്ജിമെന്റ് പറയുമ്പോൾ പ്രസക്തമല്ലെങ്കിലും ഏതെങ്കിലും തരത്തിൽ മത്സരാർത്ഥികളുടെ ഹിപ് മൂവ്മെന്റിനെ പരാമർശിക്കാത്ത വിധികർത്താക്കൾ അപൂർവമാണ്. മാർഗം കളിക്ക് ‘ബാക്ക്’ ഒക്കെ ഉണ്ടെങ്കിലേ ഭംഗിയുള്ളു എന്ന് വിചാരിക്കുന്ന മനുഷ്യരുമുണ്ട്. ഇങ്ങനെ നീണ്ടുപോകുന്നു ശരീരത്തെ മാത്രം പ്രത്യയശാസ്ത്രമാക്കുന്ന കലോത്സവ കൂട്ടം. മൈമിനും നാടകത്തിനും ഫിസിക്കൽ സ്ട്രെങ്ത് വേണം എന്ന പേരിൽ മെലിഞ്ഞ കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്നവരുമുണ്ട് കൂട്ടത്തിൽ. ഗ്രൂപ്പ്‌ സംഗീത മത്സരങ്ങൾക്ക് ഒഡിഷൻ നടത്തുമ്പോൾ ഫൈനൽ റൗണ്ടിൽ തിരഞ്ഞെടുക്കാൻ ഉള്ള മാനദണ്ഡം സ്റ്റേജ് പ്രെസൻസ് എന്ന പേരിൽ വെളുത്ത നിറമുള്ളവർക്ക് കൂടിയായിരിക്കും പരിഗണന എന്നുള്ളതാണ്. എല്ലാ കലാകാരന്മാരും ഇങ്ങനെ അല്ലെങ്കിലും ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട് എന്നുള്ളതാണ് വാസ്തവം .

കറുത്തകുട്ടികളോട് മത്സരത്തിന് പോകണ്ട എന്ന് സത്യഭാമ ടീച്ചർ പറയുമ്പോൾ അവരുടെ ഉദ്ദേശം എന്താണെങ്കിലും മത്സരത്തിന് വരുന്ന കറുത്ത നിറമുള്ളവരും സമൂഹത്തിന്റെ അഴകളവുകളിൽ പെടാത്തവരുമായ കുട്ടികൾ ഒരുപാട് പേരും തകർന്നു പോകാറുണ്ട് എന്നുള്ളതാണ് സത്യം. ഈ വിഷയത്തിന് ശേഷം നൃത്തത്തിൽ പി എച് .ഡി നേടിയ ഒരധ്യാപകൻ പത്തുവർഷത്തോളം തന്റെ മകൾ ഉപജില്ലാ മത്സരങ്ങളിൽ നിന്നും പിന്തള്ളപ്പെട്ടതു നിറം കൊണ്ട് മാത്രമാണെന്ന് പറയുമ്പോൾ അതിനപ്പുറം എങ്ങനെയാണു കലാമേളകളെ വ്യാഖാനിക്കേണ്ടത് ?നിറം കാരണം സമ്മാനം നഷ്ടപ്പെട്ട് സ്വന്തം മക്കളെ കെട്ടിപിടിച്ചു കരഞ്ഞ അച്ഛനമ്മമാരുടെ  അനുഭവങ്ങൾ  മറ്റൊരു നൃത്താധ്യാപകൻ   എഴുതിയത് വായിച്ചാൽ നമ്മുടെ കണ്ണ് നിറയും . അതുകൊണ്ടൊക്കെ തന്നെ കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല ഒരായിരം പേർ ഉള്ളിൽ വിഷവുമായി പതിയിരിക്കുന്നു .അതുകൊണ്ടാണ് കയ്യടി കിട്ടുമെന്ന പ്രതീക്ഷയിൽ  ഇത്തരം മോശം പരാമർശം നടത്താൻ ഇവർക്കൊക്കെ ധൈര്യം ലഭിക്കുന്നതും.

Avatar

അൽ അമീൻ

ഗവേഷകനും കലാകാരനുമാണ് അമീൻ

More Posts

Share on

മറ്റുവാര്‍ത്തകള്‍