ഇത്തരം ഭക്ഷണരീതികള്‍ നിങ്ങളെ ‘ കൊല്ലും’
തെറ്റായ ആഹാരക്രമം ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണു പലപ്പോഴും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ഇഷത്തോടെ കഴിക്കാറുള്ളത്. എന്നാല്‍ ഇവയുടെ ഉപഭോഗം കാന്‍സറും ഹൃദ്രോഗവും മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാക്കുകയും അകാലമരണത്തിനു വരെ കാരണമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്ത് വിട്ടിരിക്കുന്നത്. ശീതീകരിച്ച ഭക്ഷണം, ശീതളപാനീയങ്ങള്‍, ഹോട്ട് ഡോഗ്, കോള്‍ഡ് കട്ട്, ഫാസ്റ്റ് ഫുഡ്, പാക്കേജ് ചെയ്ത കുക്കികള്‍, കേക്കുകള്‍, ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ചില ഉദാഹരണങ്ങള്‍.
ഹൃദ്രോഗം, കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, മാനസികാരോഗ്യം തകരാറുകള്‍, പെട്ടന്നുള്ള മരണം എന്നിവ ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ 32 പാര്‍ശ്വഫലങ്ങള്‍ അള്‍ട്രാ പ്രോസസ്ഡ് ഫുഡ് (UPF) മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന അവലോകനമാണ് പുറത്തു വന്നിരിക്കുന്നത്. അന്നജം, പഞ്ചസാര, ഹൈഡ്രജനേറ്റഡ് കൊഴുപ്പ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നാണ് അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ നിര്‍മിക്കുന്നത്. കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അല്ലെങ്കില്‍ സ്റ്റെബിലൈസറുകളും പോലുള്ള അഡിറ്റീവുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ ബാറുകള്‍, പതയുന്ന പാനീയങ്ങള്‍, റെഡി മീല്‍സ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ആഗോള ഉപഭോഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തലുകള്‍. ഇത്തരത്തില്‍ തെളിവുകളോട് കൂടിയ സമഗ്രമായ ഗവേഷണം ഇതാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
യുകെയിലും യുഎസിലും, ജനങ്ങള്‍ കഴിക്കുന്ന ശരാശരി ഭക്ഷണത്തിന്റെ പകുതിയിലധികവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. യുവ തലമുറയില്‍ പെടുന്നവര്‍, ദരിദ്രര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള 80% ശതമാനത്തിലധികം പേരും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം തങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാക്കിയവരാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പ്രകാരം അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്. ഏകദേശം 10 ദശലക്ഷം വ്യക്തികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരുന്നു പഠനം. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതലായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും അടിയന്തരമായി ഇവയുടെ ഉപഭോഗം കുറക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ അനിവാര്യതയെ അടിവരയിടുന്നതാണ് എന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, സിഡ്നി യൂണിവേഴ്സിറ്റി, ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയിരുന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദൈനംദിന ഉപഭോഗം മരണ നിരക്ക് ഉയര്‍ത്തുമെന്നും കാന്‍സര്‍, മാനസിക പ്രശ്‌നങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി ഏറ്റവും കുറഞ്ഞത് 32 തരം വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പൊതു ജനാരോഗ്യത്തിനായി പാക്ക് ചെയ്ത രീതിയിലുള്ള ഭക്ഷണ സാധനങ്ങളും ലഘുഭക്ഷണങ്ങളും ഒന്നിലധികം വ്യാവസായിക പ്രക്രിയകള്‍ക്ക് വിധേയമായിട്ടുള്ള റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളില്‍ വിവിധ കൃത്രിമ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവക്ക് ആകര്‍ഷണം ലഭിക്കുന്നതിന് ആവശ്യമായ കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും ഉള്‍പ്പടെയുളള പല തരത്തിലുള്ള അഡിറ്റീവുകളും ചേര്‍ക്കുന്നുണ്ട്. കൂടാതെ ഇത്തരം ഉത്പന്നങ്ങളില്‍ പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവയുടെ ഉയര്‍ന്ന അളവിലുള്ള സാനിധ്യവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്നും ഗവേഷണത്തില്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇത്രയും ആഴത്തിലുള്ളതുമായ സമഗ്രമായ പഠനവും വേണ്ടത്ര തെളിവുകളും അവയുടെ വിശകലനങ്ങളും കുറവായിരുന്നു. ദൈനംദിന ഭക്ഷണ ക്രമത്തില്‍ അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണ പാതാര്‍ത്ഥങ്ങളുടെ നിരന്തര സാന്നിധ്യം ഹൃദയ സംബന്ധമായ രോഗങ്ങള്‍ പിടിപെടാനുളള 50% സാധ്യത ഉയര്‍ത്തുന്നുണ്ട്, ഉത്കണ്ഠ, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയവക്ക് 48 മുതല്‍ 53% വരെ ഉയര്‍ന്ന അപകടസാധ്യതയും, പൊണ്ണത്തടി, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 66% വരെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ 12% ശതമാനം സാധ്യതയുമുണ്ടെന്നാണ് ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം പ്രൊസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗത്തിന്റെ വിലയിരുത്തലില്‍ ഉള്‍പെടുത്താത്ത ഘടകങ്ങളും അവയുടെ സ്വാധീനത്തെ തള്ളിക്കളയാനാവില്ല എന്നതുള്‍പ്പടെയുള്ള അവലോകനത്തിന്റെ പരിമിതികള്‍ ഗവേഷകര്‍ അംഗീകരിക്കുന്നുണ്ട്. സാധാരണയായി സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉയര്‍ന്ന വിപണനം നടക്കുന്നത്. യുഎന്‍ ഏജന്‍സികള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനും വേണ്ട സമഗ്രവും നിയമപരവുമായ അടിസ്ഥാനഘടന ചിട്ടപ്പെടുത്തണം എന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നുണ്ട്.