UPDATES

വായിച്ചോ‌

മുസ്ലീങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഹിജാബ് ധരിക്കണോ?

ന്യൂസിലാൻഡിൽ കൊല്ലപ്പെട്ടവരെ താൻ മനുഷ്യരായി മാത്രമേ കാണുന്നുള്ളൂവെന്നും, പക്ഷെ ഇപ്പോൾ ഹിജാബ് ധരിച്ച് പുറത്തിറങ്ങുന്ന ഈ സ്ത്രീകൾ  അവരെ മുസ്ലീമെന്ന് മാത്രം  ചുരുക്കികെട്ടുന്നുവെന്നുമാണ്  തസ്ലീമയുടെ  ആക്ഷേപം.

                       

‘സാഹചര്യം ഇത് ആവശ്യപ്പെടുന്നു എന്നാണോ നിങ്ങളുടെ വാദം? ഒന്നോർത്ത് നോക്കൂ, മുസ്ലിം സമുദായത്തിലുള്ള സ്ത്രീകൾ നിർബന്ധിതമായി ഹിജാബ് ധരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്ന ചരിത്രഘട്ടത്തിലാണ് നിങ്ങൾ മുസ്ലീങ്ങളോടുള്ള ഐക്യദാർഢ്യം അറിയിക്കാൻ ഹിജാബ് ധരിക്കുന്നത്! ഇതെന്ത് മണ്ടത്തരമാണ്?’. മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസിലാൻഡ് സ്ത്രീകൾ ഹിജാബ് ധരിച്ച് പുറത്തിറങ്ങി കൊല്ലപ്പെട്ടവരോട് ഐക്യപ്പെടുന്നതിനെ കുറിച്ച് സൈബർ മീഡിയയിൽ ചർച്ച ചൂടുപിടിക്കുകയാണ്. അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് ബ്രെണ്ടൻ ടെറൻറ് എന്ന ഭീകരനെ വെടിവെയ്പ്പ് നടത്താൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തമായതോടെയാണ് ന്യൂസിലാൻഡ് എന്ന രാജ്യം ഇസ്ലാം മത വിശ്വാസികളോടും അവരുടെ പ്രാർത്ഥന രീതികളോടും ഐക്യപ്പെടുന്നത്.

എന്നാൽ ന്യൂസിലൻഡിലെ പെണ്ണുങ്ങൾ കൂട്ടത്തോടെ ഹിജാബ് ധരിച്ച് പുറത്തിറങ്ങുന്നതിനെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളാണ് വിവിധ ഇടങ്ങളിൽ നിന്നുമായി വരുന്നത്.  ക്രൈസ്റ്റ് ചർച്ചിൽ വെടിവെപ്പിന് ശേഷം തായ അഷ്‌മാൻ എന്ന ഡോക്ടറാണ് പൊതുവിടങ്ങളിൽ ആദ്യമായായി ഹിജാബ് ധരിക്കുന്നതും മുസ്ലീങ്ങളോട് ഐക്യപ്പെടാൻ താല്പര്യമുള്ള എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കാൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നതും. അതിനു മുൻപ് തന്നെ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസ്സിൻഡ ആർഡൻ ഹിജാബ് ധരിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. ‘സ്ക്രാഫ്സ് ഇൻ സോളിഡാരിറ്റി’, ഹെഡ് സ്കാർഫ്സ് ഫോർ ഹാർമണി മുതലായ ടാഗുകളോടെയാണ് ന്യൂസിലാൻഡ് സ്ത്രീകളുടെ ഈ മുന്നേറ്റം സൈബർ ഇടങ്ങളിൽ തരംഗമായത്. ‘ഞങ്ങൾ അവർക്കൊപ്പമാണ് എന്ന് തെളിയിക്കാനാണ്, മുസ്ലീങ്ങൾക്കെതിരെയുള്ള വെറുപ്പിനെ ചെറുക്കാനാണ് തങ്ങളുടെ ഈ ഹിജാബ് വിപ്ലവം’ എന്നാണ് ഈ സ്ത്രീകൾ പറയുന്നത്.

ഇസ്ലാം മത വിശ്വാസികളോട് ഐക്യപ്പെടാനുള്ള ന്യൂസിലൻഡിന്റെ ശ്രമങ്ങളെ എഴുത്തുകാരി തസ്ലീമ നസ്രിൻ ഉൾപ്പടെയുള്ളവർ ചോദ്യം ചെയ്യുന്നുണ്ട്. ന്യൂസിലാൻഡിൽ കൊല്ലപ്പെട്ടവരെ താൻ മനുഷ്യരായി മാത്രമേ കാണുന്നുള്ളൂവെന്നും, പക്ഷെ ഇപ്പോൾ ഹിജാബ് ധരിച്ച് പുറത്തിറങ്ങുന്ന ഈ സ്ത്രീകൾ  അവരെ മുസ്ലീമെന്ന് മാത്രം  ചുരുക്കികെട്ടുന്നുവെന്നുമാണ്  തസ്ലീമയുടെ  ആക്ഷേപം.

ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നുവെങ്കിലും ഈ സ്ത്രീകൾ തിരഞ്ഞെടുത്ത  മാർഗ്ഗം തെറ്റിപ്പോയി എന്നാണ് ഇവർക്കെതിരെയുള്ള പ്രധാന വിമർശനം. ഹിജാബ് മുസ്‌ലിം സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും അത് നിരബന്ധമായി അവർക്കുമേൽ അടിച്ചേല്പിക്കപ്പെടുന്നതാണെന്നുമാണ് ചിലർ സൂചിപ്പിക്കുന്നത്. ന്യൂസിലൻഡിലെ വനിതാ മാധ്യമപ്രവർത്തകർ ഹിജാബ് ധരിച്ച് വാർത്ത വായിച്ചതിന് ഇന്ത്യയിൽ നിന്നുൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. എന്നാൽ മുസ്ലീങ്ങളായതു കൊണ്ട് മാത്രം കൊല്ലപ്പെട്ടവരെ കേവല മനുഷ്യരായി മാത്രം കാണാതെ മുസ്‌ലിം സ്വത്വം കൂടി അംഗീകരിക്കണമെന്നാണ് ചിലർ അഭിപ്രായ പ്രകടനം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും: https://scroll.in/article/917625/whats-wrong-with-headscarves-for-harmony-debate-ensues-after-christchurch-attacks-in-new-zealand

Share on

മറ്റുവാര്‍ത്തകള്‍