UPDATES

‘ഗാന്ധിയിലൂടെ വിനോഭായിലേക്ക് എത്താനുള്ള നിയോഗമായിരിക്കാം ആ അനുഭവം’

അന്തരിച്ച പരിവ്രാജിത എ കെ രാജമ്മയുമായി 2013-ല്‍ നടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം

                       

തൊളിക്കോട് വിനോബാ നികേതന്‍ ആശ്രമത്തിലെ സ്ഥാപക പ്രസിഡന്റും ആചാര്യ വിനോബ ഭാവെയുടെ ശിഷ്യയുമായ പരിവ്രാജിക എ.കെ. രാജമ്മ തന്റെ 99-ആം വയസില്‍ വിടവാങ്ങിയിരിക്കുന്നു. ഈയവസരത്തില്‍ പരിവ്രാജിക രാജമ്മയുമായി അഴിമുഖം 2013-ല്‍ നടത്തിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുകയാണ്. അഭിമുഖം നടത്തിയത് സാജു കൊമ്പന്‍/ സഫിയ ഒ. സി

‘മഹാത്മാ ഗാന്ധി തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍ വരുമ്പോള്‍ എനിക്ക് എട്ടു വയസായിരുന്നു പ്രായം. ഗാന്ധിജിയെ കാണാനെത്തുന്ന ജനാവലിയെ ഉള്‍ക്കൊള്ളാന്‍ അവിടത്തെ ടൗണ്‍ ഹാള്‍ മതിയാകില്ലെന്നു കണ്ട് ഞങ്ങളുടെ വീടിനടുത്തുള്ള പറമ്പ് നികത്തിയാണ് പരിപാടിക്ക് വേദിയൊരുക്കിയത്. മഹാത്മ വേദിയിലിരിക്കുമ്പോള്‍ ഞാന്‍ നേരെ വേദിയിലേക്ക് കയറിച്ചെന്നു. കുറച്ചു സമയം സ്വയം അങ്ങനെ അങ്ങു നിന്നു. മതി മകളെ എന്ന് പറഞ്ഞു അച്ഛന്‍ പിറകില്‍ നിന്ന് പിടിച്ചു മാറ്റിയപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത്. ചിലപ്പോള്‍ ഞാന്‍ കരുതും, ഗാന്ധിയിലൂടെ വിനോഭായിലേക്കെത്താനുള്ള ഒരു നിയോഗമായിരിക്കാം ആ അനുഭവം എന്ന്’ – തിരുവനന്തപുരം പൊന്മുടിക്കു സമീപം ചൂളിയാന്‍ മലയിലുള്ള വിനോഭ നികേതനിലെ ആശ്രമത്തിലിരുന്നു പരിവ്രാജിക എ കെ രാജമ്മ സംസാരിച്ചു തുടങ്ങുന്നു. 65 വര്‍ഷക്കാലത്തെ സ്വയം സമര്‍പ്പിത ജീവിതത്തെ കുറിച്ച്. ആചാര്യ വിനോഭ ബാബയുമൊത്തുള്ള അനുഭവങ്ങളെക്കുറിച്ച്.

1948-ലാണ് എ കെ രാജമ്മ ഗാന്ധിജിയുടെ സേവാഗ്രാമില്‍ ചേരുന്നത്. നിയമ പഠനം ഉപേക്ഷിച്ചിട്ടാണ് യാത്ര. വീട്ടിലെ അന്തരീക്ഷം അതിന് തുണയുമായി. അഛന്‍ ഡോ. സി ആര്‍ അയ്യപ്പന്‍ വൈദ്യര്‍ ശ്രീനാരായണ ഗുരുവുന്റെ ശിഷ്യനും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നയാളുമായിരുന്നു. സേവാഗ്രാമില്‍ ചേരാനുള്ള തീരുമാനത്തെ അമ്മ സി. കല്യാണിയമ്മയും തടഞ്ഞില്ല.

താനൊരു സന്യാസിനിയായതിനും കൗതുകകരമായ ഒരു നിമിത്തം അവര്‍ പറയുന്നുണ്ട്. ‘ശ്രീനാരായണ ഗുരു അവസാനകാലത്ത് വിശ്രമിച്ചത് എന്നെ പ്രസവിച്ച കട്ടിലിലായിരുന്നു. എന്റെ വീട്ടില്‍ നിന്ന് തലച്ചുമടായി കട്ടില്‍ ശിവഗിരിയില്‍ എത്തിക്കുകയായിരുന്നു. അതിപ്പോഴും ശിവഗിരിയില്‍ സൂക്ഷിച്ചിട്ടുണ്ട്”.

‘സേവഗ്രാമില്‍ ചേരുമ്പോള്‍ ശാരദാ ദേവിയുടെ ഭക്തിയും ഗാന്ധിജിയുടെ കര്‍മമേഖലയും ചേര്‍ന്ന ഒന്നായിരുന്നു മനസിലെ ലക്ഷ്യം. അങ്ങനെയാണ് ഞാന്‍ ബാബയിലെത്തുന്നത്. അതിനു ശേഷം ബാബയുടെ എല്ലാ യാത്രകളിലും ഞാനുണ്ടായിരുന്നു. അരുമ പെണ്ണായിട്ട്’.

‘ഭൂദാന്‍ യാത്ര കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിയപ്പോള്‍ അഖിലേന്ത്യ ശാന്തി സേന രൂപീകരിക്കാന്‍ ബാബ തീരുമാനിച്ചു. സ്വന്തം കൈപ്പടയില്‍ ബാബ ആറു പേരുടെ പേരെഴുതി. കേളപ്പജി, ഇക്കണ്ട വാര്യര്‍, ഐ കെ കുമാരന്‍, ഗാന്ധി സ്മാരക നിധിയുടെ ചെയര്‍മാനായിരുന്ന കെ ജനാര്‍ദ്ദനന്‍ പിള്ള, ഖാദി ബോര്‍ഡിലെ കര്‍ത്ത പിന്നെ ആറാമതായി ഞാനും. ഇപ്പോള്‍ എല്ലാവരും പോയി. ഞാന്‍ മാത്രമേ ബാക്കിയുള്ളൂ. ആ വലിയൊരു കുരിശും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ സന്തോഷത്തോടെ കൊണ്ട് നടക്കുകയാണ്. ബാബ തുടങ്ങിവച്ചതു ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. ഈ ശരീരം വീഴുവോളം ഞാന്‍ പ്രവര്‍ത്തിക്കും’.

1954-ലാണ് അഗസ്ത്യ മലയുടെയും പൊന്മുടി മലനിരകളുടെയും താഴ്വാരത്തിലുള്ള വന മേഖലയായ ചുള്ളിയാന്‍മലയില്‍ വിനോഭ നികേതന്‍ സ്ഥാപിച്ചത്. വിശ്വ ശാന്തിയും വിശ്വ സാഹോദര്യവും ലക്ഷ്യമിട്ട് വിനോഭ മുന്നോട്ട് വെച്ച സത്യം, സ്നേഹം. അഹിംസ എന്നീ ആദര്‍ശങ്ങളിലൂന്നിയ സ്വയം സമര്‍പ്പിത ജീവിതത്തിനുള്ള ഇടമായിട്ടാണ് വിനോഭ നികേതന്‍ വിഭാവനം ചെയ്തത്. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അധ:സ്ഥിതര്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ ഉന്നമനത്തിനായി യാതൊരു ക്ഷേമ പ്രവര്‍ത്തനവും നടക്കാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിലും സാമ്പത്തിക അഭിവൃദ്ധിയിലും ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിനോഭ നികേതന്‍ നടപ്പിലാക്കി. സംഭാവനയായി കിട്ടിയ 23 സെന്റില്‍ ശ്രമദാനമായിട്ടാണ് ചാണകം മെഴുകിയ കുടിലുകള്‍ ഇവിടെ നിര്‍മിച്ചത്. ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന കോണ്‍ഗ്രസ് വനിത വിഭാഗം നേതാവ് ഇന്ദിര ഗാന്ധിക്ക് പകരം ഒരു ഹരിജന്‍ പെണ്‍കുട്ടിയാണ് വിനോഭ നികേതന്‍ ഉദ്ഘാടനം ചെയ്തത്.

‘ഇ എം എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പത്തേക്കര്‍ ഭൂമി വിനോഭ നികേതന് അനുവദിച്ചു കിട്ടിയത്. 1957ല്‍ ബാബ ഇവിടെ എത്തിയപ്പോള്‍ ഇ എം എസ് ബാബയെ കാണാന്‍ ആശ്രമത്തില്‍ വന്നിട്ടുണ്ട്. തമാശയൊക്കെ പറഞ്ഞ് വളരെ സമയം രണ്ടു പേരും ഒന്നിച്ചു ചെലവഴിക്കുകയും വേദങ്ങളെക്കുറിച്ച് ഗഹനമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തത് എനിക്ക് നല്ല ഓര്‍മയുണ്ട് ‘.

ഭൂദാന യാത്രാ കാലത്ത് വിനോഭ നികേതന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശിലന കളരിയായി മാറി. ഭൂദാന പ്രസ്ഥാനത്തിന്റെ ആധ്യാത്മിക ശക്തി സ്രോതസായിരുന്നു ഈ ആശ്രമം.

തുടക്കത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ പ്രവര്‍ത്തനമാണ് ഇവിടെ ആരംഭിച്ചത്. 1975-ല്‍ ഹോസ്റ്റല്‍ ഔപചാരികമായി നിലവില്‍ വന്നു. കേരളത്തിലെ ആദ്യത്തെ അംഗന്‍വാടി അധ്യാപിക പരിശീലന കേന്ദ്രം വിനോഭ നികേതനിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1982 മുതല്‍ 2011 വരെ ഗ്രാമ സേവിക പരിശീലന പരിപാടിയും ഇവിടെ നടന്നുവന്നിരുന്നു. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരായ നിരവധി സ്ത്രീകള്‍ക്കു കേരളത്തിന്റെ പല ഭാഗങ്ങളില്‍ ജോലി ലഭിക്കാന്‍ ഈ പരിപാടി കാരണമായിട്ടുണ്ട്. കൂടാതെ അനാഥ കുട്ടികളെ പാര്‍പ്പിക്കാനുള്ള വിശ്വമന്ദിര്‍, ബേബി ക്രെഷെസ്, നഴ്സറി, അപ്പര്‍ പ്രൈമറി സ്‌കൂള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും ഇവിടെ ആരംഭിച്ചു. 1975-ല്‍ അന്തര്‍ദേശിയ വനിതാ വര്‍ഷത്തോടനുബന്ധിച്ച് അന്തര്‍ദേശിയ വനിതാ കേന്ദ്രമായി വിനോഭ നികേതന്‍ മാറി. എല്ലാ ആഴ്ച്ചകളിലും സമ്മേളനങ്ങളും പഠന പരിപാടികളും സര്‍വമത പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.

ഇടുക്കി, അട്ടപ്പാടി, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നായി 14 ഗോത്ര വിഭാഗത്തില്‍പ്പെട്ട 150 ആദിവാസി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലാണ് വിനോഭ നികേതനിലെ പ്രധാന സ്ഥാപനം. 1989 മുതല്‍ കേന്ദ്ര പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് ഹോസ്റ്റലിനു ധനസഹായം നല്‍കിവരുന്നത്. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ സൗകര്യപ്രദമായ കെട്ടിടം പണിയാനുള്ള അനുമതി ലഭിച്ചെങ്കിലും ഗ്രാന്റ് വരവ് നിലച്ചതോടെ പണിപൂര്‍ത്തിയാക്കാനാകാതെ പാതിവഴിയില്‍ കിടക്കുകയാണ്.

‘ഒരു കുട്ടിക്ക് 600 രൂപവെച്ച് 138 കുട്ടികള്‍ക്കുള്ള ഗ്രാന്റാണ് ലഭിക്കുന്നത്. അതും യൂട്ടിലൈസേഷന്‍ കൊടുത്താല്‍ മാത്രം. ലോണ്‍, അഡ്വാന്‍സ്, സംഭാവനകള്‍, കൃഷിയില്‍ നിന്നും പശു വളര്‍ത്തലില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം എന്നിവ കൊണ്ടാണ് കാര്യങ്ങള്‍ നടന്നു പോകുന്നത്. ഭക്ഷണത്തിനു പുറമേ വസ്ത്രം, പഠന ചെലവുകള്‍, യാത്ര, മെഡിസിന്‍ എന്നിവയ്ക്കുള്ള പണം അധികമായി കണ്ടത്തേണ്ടിയിരിക്കുന്നു’. വിനോഭ നികേതന്റെ കാര്യങ്ങള്‍ പരിവ്രാജികയുടെ വളര്‍ത്തു പുത്രന്‍ രാമന്‍ പറയുന്നു.’തൊഴില്‍ പരിശീലന കേന്ദ്രങ്ങളൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ട്യൂട്ടര്‍മാര്‍ക്കു കൊടുക്കാനും ഉപകരണങ്ങളുടെ അറ്റകുറ്റ പണിക്കും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും പണമില്ലാത്തതാണു കാരണം. ഇവിടത്തെ വിനോഭ മ്യൂസിയവും ലൈബ്രറിയും നോക്കിനടത്താന്‍ ഒരാളെ ജോലിക്കു നിര്‍ത്താന്‍ പോലും സാധിക്കുന്നില്ല’. രാമന്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ദാരിദ്ര്യം പറഞ്ഞ് ഇവനൊരു കിഴവനെപ്പോലെ ആയി. എല്ലാം എന്റെ തെറ്റാണ്. ഇവനെ കൂട്ടിലിട്ടതുപോലെ വളര്‍ത്തി. ഇതു പോലുള്ള സ്ഥാപനങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിക്കാന്‍ പുറത്തേക്കു പറഞ്ഞയക്കണമായിരുന്നു’. അല്‍പം കുറ്റബോധത്തോടെ പരിവ്രാജിക പറഞ്ഞു.

ഇത്രയേറെ പാരമ്പര്യവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥാപനത്തിനു എന്തുകൊണ്ട് പണമനുവധിച്ചുകിട്ടുന്നില്ല എന്ന ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു. ‘സാമൂഹ്യ സേവകര്‍ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന ദര്‍ശനമാണ് ബാബ ഉയര്‍ത്തിപ്പിടിച്ചത്. ഞങ്ങള്‍ക്ക് പാര്‍ട്ടി പൊളിറ്റിക്സില്ല. അതുകൊണ്ടായിരിക്കാം’.

പ്രധാന മന്ത്രിയുടെ അഡൈ്വസര്‍ ടി കെ എ നായര്‍ ഇവിടെ വന്നിരുന്നു. തിരിച്ചുപോകുമ്പോള്‍ ഡല്‍ഹിയിലെത്തിയാല്‍ വേണ്ട സഹായങ്ങള്‍ ഉടന്‍ ചെയ്യിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പട്ടിക വര്‍ഗ വകുപ്പിന്റെ സെക്രട്ടറി ഇവിടെ വരികയുണ്ടായി. പക്ഷെ പിന്നീടൊന്നും സംഭവിച്ചില്ല. അതുപോലെ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും സഹായം തരാമെന്ന് പറഞ്ഞിരുന്നു. അവരുടെ കുഴപ്പമല്ല. ഇതൊന്നും ഫോളോ അപ് ചെയ്യാനുള്ള ശേഷി നമുക്കില്ല. നിരന്തരം കത്തിടപാടുകള്‍ നടത്തേണ്ടേ. മാധ്യമങ്ങളും നമ്മളെ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. ഒരു പബ്‌ളിക് റിലേഷന്‍സ് ഓഫിസറെ വെക്കാനുള്ള സാമ്പത്തിക ശേഷി നമുക്കുണ്ടോ?’

‘അമ്മയ്ക്ക് പബ്‌ളിസിറ്റിയൊന്നും ഇഷ്ട്ടമല്ല. അവാര്‍ഡുകളൊന്നും വാങ്ങിക്കില്ല. അതും ഒരു കാരണമാണ്’. രാമന്റെ സ്നേഹം നിറഞ്ഞ കുറ്റപ്പെടുത്തലിനു മുമ്പില്‍ അവര്‍ സൗമ്യമായി ചിരിതൂകി.

‘2005-ല്‍ ബാബയുടെ ജന്മ ശതാബ്ദി വര്‍ഷത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ് വിനോഭ വിശ്വ വിദ്യാ പിഠത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഒരു അന്തര്‍ദേശിയ ഗ്രാമീണ സര്‍വകലാശാലയായിട്ടാണ് അത് വിഭാവനം ചെയ്തിരിക്കുന്നത്. മാനുഷിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഒരു ധാര്‍മ്മിക നവോഥാന കേന്ദ്രം. ലോകപൌരന്മാരായി യുവാക്കളെ വളര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം.യാതൊരു വിവേചനവുമില്ലാത്ത, സാമ്പത്തിക അസമത്വമില്ലാത്ത, ഗുരുകുലരീതിയിലുള്ള വിദ്യാഭ്യാസമാണ് ഇവിടെ നടക്കുക’.
‘ശിലാസ്ഥാപനം കഴിഞ്ഞിട്ടിപ്പോള്‍ 8 വര്‍ഷമായി. ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും കൂടി പങ്കെടുത്ത ചടങ്ങാണ്. അദ്ദേഹം പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെല്ലാം കത്തയച്ചിട്ടുണ്ട്. വലിയ സ്വപ്നമാണ്. ഏകദേശം 50 കോടി രൂപ വേണ്ട പദ്ധതിയാണ്. ഇത് പൂര്‍ത്തിയാക്കാന്‍ വേണ്ടി ദൈവം എനിക്ക് ആയുസ് നീട്ടിത്തന്നിരിക്കുന്നെന്നാണു ഞാന്‍ വിശ്വസിക്കുന്നത്’.

നല്ലൊരു ആതിഥേയയായി അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പിത്തന്നു. അവര്‍ ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല. എന്താ ഊണു കഴിക്കാത്തതെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ‘ഞാന്‍ അരി ആഹാരം നിര്‍ത്തിയിട്ട് 65 വര്‍ഷമായി. സേവാഗ്രാമില്‍ വെച്ച് ആന്ധ്രാക്കാരും തമിഴ് നാട്ടുകാരും ചോറിനുവേണ്ടി ബഹളം വെക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, എന്റെ ചോറും കൂടി അവര്‍ക്ക് കൊടുത്തോളൂ, ഞാന്‍ ചപ്പാത്തി കഴിച്ചോളാമെന്ന്’.

ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ ബാബയെക്കുറിച്ച് താനെഴുതിയ കുറിപ്പുകള്‍ ഉച്ചത്തില്‍ വായിച്ചുകൊണ്ടിരുന്നു.

‘യേശു ക്രിസ്തു ഇന്നും നമ്മളോടു വിളിച്ചുചോദിക്കുന്നു, കുരിശേന്തി എന്‍ പിറകെ വരുമോ കുമാരകാ..? വിനോഭയും ഇതേ വാക്കുകള്‍ ഉരുവിട്ടുകൊണ്ട് ഭാരതമുടനീളം അനേകായിരം മൈലുകള്‍ നടന്നു നീങ്ങിയില്ലേ?
എത്രപേര്‍ ഇതൊക്കെ ചെവി കൊള്ളുന്നു …?’

Share on

മറ്റുവാര്‍ത്തകള്‍