UPDATES

സംസ്ഥാനങ്ങൾ വീറ്റോ ചെയ്യപ്പെടുമ്പോൾ

നിയമസഭയെ വരുതിയിലാക്കാനുള്ള സംഘപരിവാർ ആസൂത്രണം

                       

പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും ഏതൊക്കെ വിഷയങ്ങളിലാണ് നിയമ നിർമ്മാണ അധികാരമുള്ളത് എന്നു വേർതിരിച്ചു വ്യക്തമാക്കിയിരിക്കുന്നത് ഭരണഘടനയുടെ ഏഴാം പട്ടികയിലെ മൂന്നു  ലിസ്റ്റുകളിലാണ്. ആർട്ടിക്കിൾ 246 ആണ് വിവിധ വിഷയങ്ങളിൽ  ആർക്കാണ്  നിയമനിർമ്മാണ അധികാരം എന്നു വ്യക്തമാക്കിയിട്ടുള്ളത്. ഏഴാം പട്ടിക ഈ  ആർട്ടിക്കിളിന്റെ സൃഷ്ട്ടിയാണ്. സുപ്രീംകോടതിയിൽ ഇപ്പോൾ കേരളം കൊടുത്തിരിക്കുന്ന റിട്ട് ഹർജ്ജി സംസ്ഥാന നിയമസഭയുടെ നിയമ നിർമ്മാണ അധികാരം കുറുക്കു വഴിയിലൂടെ  തടയുന്ന യൂണിയൻസർക്കാർ സമീപനത്തിനെതിരെയാണ്.

വീറ്റോ ചെയ്യപ്പെടുന്ന നിയമ നിർമ്മാണ അധികാരം

സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ നിയമം നിർമ്മിക്കുന്നതിനുള്ള   സംസ്ഥാന നിയമ സഭയുടെ അധികാരം സമ്പൂർണ്ണമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 246(3) ലെ പദ പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. .. the Legislature of any State has exclusive power to make laws for such State or any part thereof with respect to any of the matters enumerated in List II in the Seventh Schedule.

ഏഴാം പട്ടികയിലെ സ്റ്റേറ്റ് ലിസ്റ്റിൽ  പെട്ട  വിഷയങ്ങളിൽ നിയമസഭയ്ക്ക് exclusive power to make laws ഉണ്ട്  എന്നാണ് പറഞ്ഞിരിക്കുന്നത്.സമ്പൂർണ്ണ അധികാരം എന്നുതന്നെ. എന്തിനുള്ള അധികാരം  എന്നതും  ഇവിടെ വ്യക്തമാണ്.നിയമം നിർമ്മിക്കുന്നതിനുള്ള (exclusive power to make laws) അധികാരം എന്നു തന്നെയാണ് പറഞ്ഞിട്ടുള്ളത്. നിയമം നിർമ്മിക്കപ്പെടണമെങ്കിൽ  സ്വീകരിക്കേണ്ട നടപടിക്രമം ഭരണഘടന തന്നെ വ്യക്തമാക്കുന്നുമുണ്ട്.  ബില്ല് നിയമ സഭയിൽ അവതരിപ്പിക്കണം. അത് സഭ പാസ്സാക്കണം.  ലെജിസ്ലേറ്റീവ് കൌൺസിൽ ഉള്ള സംസ്ഥാനങ്ങളിൽ രണ്ടു സഭകളും പാസാക്കണം. അതിനുള്ള വ്യവസ്ഥകൾ പ്രത്യേകം തന്നെ പറയുന്നുണ്ട്. മണി ബില്ലിനുള്ള വ്യവസ്ഥകളും പ്രത്യേകമായി പ്രതിപാദിക്കുണ്ട്. ചുരുക്കത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ല് നിയമസഭ പാസാക്കണം. അവിടം കൊണ്ട് തീരില്ല ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്ന “നിയമ നിർമ്മാണം”. സഭ പാസ്സാക്കിയ ബില്ലുകൾ ആർട്ടിക്കിൾ 200 പ്രകാരം അംഗീകാരത്തിനായി ഗവർണർക്ക് കൊടുക്കണം.

നിയമ സഭ പാസാക്കിയ ബില്ല് ഗവർണർക്കു സമർപ്പിച്ചാൽ മൂന്ന് ഓപ്ഷനാണ് ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്കുള്ളത്. ഒപ്പിടാം,ഒപ്പ് withhold ചെയ്യാം, പ്രസിഡന്റിനയയ്ക്കാം.ഇതിൽ ഒപ്പ് withhold ചെയ്യാം എന്നതിൽ  എത്ര കാലം വരെ  withhold ചെയ്യാം എന്നതു നിർണ്ണയിച്ചിട്ടില്ല എന്നു പറഞ്ഞാണ് യൂണിയൻ സർക്കാരിന്റെ രാഷ്ട്രീയ എതിരാളികളായ പാർട്ടികൾ  ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ നിയമ സഭകൾ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞു വച്ചുകൊണ്ടിരുന്നത്.   സമീപ കാലത്ത് പഞ്ചാബ് കേസിൽ സുപ്രീം കോടതി ഈ ഭരണഘടനാ വിരുദ്ധ രീതിയ്ക്ക് അറുതി വരുത്തി. കോടതി എന്താണ് പറഞ്ഞത്?

ആർട്ടിക്കിൾ 200 ലെ ഒപ്പു withhold ചെയ്യാം എന്ന അധികാരം ഈ അനുഛേദത്തിന്റെ ഒന്നാം പ്രൊവിസോയുമായി കൂട്ടി വായിച്ചു വേണം മനസിലാക്കാൻ എന്നു കോടതി പറഞ്ഞു. ഒപ്പു withhold ചെയ്താൽ പിന്നീടു ഗവർണർക്കു ഭരണഘടനാ പരമായി ലഭ്യമായ വഴി ഒന്നാം പ്രൊവിസോയിലെ മാർഗം മാത്രമാണ്. അതായത് എത്രയും വേഗം തന്റെ അഭിപ്രായo സഹിതം ബില്ല് നിയമ സഭയ്ക്കു മടക്കി അയയ്ക്കണം. അങ്ങനെ മടക്കിക്കിട്ടുന്ന ബില്ല് ഗവർണർ നിർദ്ദേശിച്ച ഭേദഗതി സ്വീകരിച്ചോ തിരസ്ക്കരിച്ചോ വീണ്ടും പാസാക്കി ഗവർണർക്കു കൊടുത്താൽ ഗവർണർമാർ  ഒപ്പിട്ടേ മതിയാകു. ഇതാണ് വഴി എന്നു സുപ്രീം കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഒപ്പു withhold ചെയ്ത് കയ്യിൽ വെയ്ക്കാൻ ഗവർണർക്കു അധികാരമുണ്ട് എന്നു വന്നാൽ നിയമസഭയുടെ നിയമ നിർമ്മാണ അധികാരത്തെ veto ചെയ്യാൻ ഗവർണർ എന്ന titular head നെ അനുവദിക്കുകയായിരിക്കും ഫലം. പാർലമെന്ററി ഭരണ സംവിധാനത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണിത് എന്നു കോടതി തീർപ്പു കൽപ്പിക്കുകയും ചെയ്തു. മുകളിൽ പറഞ്ഞ പഞ്ചാബ് കേസ് വിധിയിലെ പ്രസക്തമായ ഭാഗം താഴെ ചേർത്തിട്ടുണ്ട്.

….. the power to withhold assent under the substantive part of Article 200 must be read together with the consequential course of action to be adopted by the Governor under the first proviso. If the first proviso is not read in juxtaposition to the power to withhold assent conferred by the substantive part of Article 200, the Governor as the unelected Head of State would be in a position to virtually veto the functioning of the legislative domain by a duly elected legislature by simply declaring that assent is withheld without any further recourse. Such a course of action would be contrary to fundamental principles of a constitutional democracy based on a Parliamentary pattern of governance….

ഇതിനെ നാം മനസിലാക്കേണ്ടത് എങ്ങനെയാണ്?  ഭരണ ഘടന   അധികാരം നൽകുന്ന വിഷയങ്ങളിൽ നിയമം നിർമ്മിക്കാനുള്ള നിയമ സഭയുടെ അധികാരം (power to make laws) സമ്പൂർണ്ണമാണ്. ബില്ലു  പാസാക്കലും ഗവർണറുടെ അംഗീകാരവും ഈ അധികാരം ഉപയോഗിക്കുന്നതുള്ള നടപടിക്രമങ്ങളാണ്. നിയമം നിർമ്മിക്കാനുള്ള നിയമ സഭയുടെ അധികാരം തന്നെ  വീറ്റോ ചെയ്യുന്ന രീതി ഭരണഘടനാ  മൂല്യത്തിനും അന്തസത്തയ്ക്കും വിരുദ്ധമാണ്. ഇതാണ് കോടതിയുടെ സംശയലേശമന്യേയുള്ള നിലപാട്.

ആരിഫ് മുഹമ്മദ് ഖാന്റെ കുടില തന്ത്രം

പഞ്ചാബ് കേസ് വിധി വരുമ്പോൾ കേരള നിയമ സഭ പാസാക്കിയ എട്ടു ബില്ലുകൾ ഗവർണർ ആരിഫ്  മൂഹമ്മദ് ഖാൻ അനന്തമായി പിടിച്ചു വച്ചിരിക്കുകയായിരുന്നു. കേരളത്തിന്റെ കേസും സുപ്രീം കോടതിയുടെ മുന്നിൽ ഉണ്ടായിരുന്നു. അന്നു കോടതി ആരിഫ്  മൂഹമ്മദ് ഖാനോട് പറഞ്ഞത് ഇപ്പോൾ നാം ഓർക്കണം. പഞ്ചാബ് കേസിലെ വിധി വായിച്ചിട്ടു വരൂ എന്നാണ് കോടതി പറഞ്ഞത്. കോടതി വിധിയിൽ പ്രകോപിതനായ ഗവർണർ ഒരു ബില്ല് ഒപ്പിട്ടു. ബാക്കി ഏഴെണ്ണം ഇന്ത്യൻ യൂണിയൻ പ്രസിഡന്റിന്റെ  പരിഗണനയ്ക്ക്  വിട്ടു തടിയൂരുന്ന നില സ്വീകരിച്ചു. കേരളം സുപ്രീം കോടതിയിൽ അന്നു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി. കർശനമായ ഭാഷയിൽ കോടതി ആരിഫ് മുഹമ്മദ് ഖാനെ  വിമർശിച്ചു. രണ്ടു കൊല്ലത്തോളം ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്നു ചോദിച്ച കോടതി നിയമസഭ പാസാക്കിയ ബില്ലുകൾ ഏതും ഇന്ത്യൻ യൂണിയൻ പ്രെസിഡന്റിന് അയയ്ക്കാമോ എന്ന കേരളം ഉയർത്തിയ  ഭരണഘടനാ പ്രശ്നം ഗൌരവത്തോടെ യഥാസമയം പരിശോധിക്കും എന്ന സൂചന പറയുകയും ചെയ്തു. ഇപ്പോൾ സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു.

ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് 3 ബില്ലുകൾ ഒപ്പിട്ടു. എന്നാൽ നാലു ബില്ലുകൾ ഒരു കാരണവും പറയാതെ തടഞ്ഞു വച്ചിരിക്കുന്നു. ഇതിൽ മൂന്നെണ്ണം സംസ്ഥാനത്തെ സർവ്വകലാശാലാ നിയമ ഭേദഗതികളും ഒരെണ്ണം  സഹകരണ നിയമ ഭേദഗതിയുമാണ്. ഇവയൊന്നും തന്നെ ഏതെകിലും കേന്ദ്ര നിയമത്തിനു വിരുദ്ധമോ ഭരണഘടനാ പരമായി സംസ്ഥാന നിയമ സഭയുടെ നിയമനിർമ്മാണ അധികാരത്തിനു മുകളിൽ ഉള്ളതോ അല്ല. അങ്ങനെ ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് പറഞ്ഞിട്ടുമില്ല. പറയാൻ എന്തെങ്കിലും സാധുവായ കാരണങ്ങളും ഇല്ലല്ലോ?  അപ്പോൾ തോന്നിയ പോലെ  തടഞ്ഞു വെയ്ക്കാമോ? നിയമ സഭയുടെ നിയമ നിർമ്മാണ അധികാരത്തെ  വീറ്റോ ചെയ്യാൻ ഇന്ത്യൻ യൂണിയൻ പ്രസിഡന്റിന്  സാധാരണ നിലയിൽ അധികാരമുണ്ടോ? ഇതൊരു ഗൌരവമുള്ള ഭരണഘടനാ പ്രശ്നമാണ്. ഇതാണ് ഇപ്പോൾ കേരളം  സുപ്രീംകോടതിയിൽ കൊടുത്ത കേസ്.     

നിയമസഭയെ വരുതിയിലാക്കാനുള്ള സംഘപരിവാർ ആസൂത്രണം

 പഞ്ചാബ് കേസിലെ സുപ്രീം കോടതി വിധിയോടെ ഗവർണർക്ക്  നിയമ സഭ പാസാക്കിയ ബില്ലുകൾ അനന്തമായി തടഞ്ഞു വെച്ച് നിയമസഭയെ നോക്കു  കുത്തിയാക്കാൻ കഴിയില്ല എന്നു വ്യക്തമായി. അപ്പോഴാണ് ബില്ലുകൾ എടുത്തു ഇന്ത്യൻ യൂണിയൻ പ്രസിഡന്റിന് അയയ്ക്കുന്നത്. ഇതിൽ ഭരണഘടനാ പരമായ ചോദ്യങ്ങളോടൊപ്പം ഏറെ ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങളും ഉൾ ച്ചേർന്നിട്ടുണ്ട് . നിയമ സഭ പാസാക്കുന്ന ഏതു ബില്ലും എടുത്തു ഇന്ത്യൻ യൂണിയൻ പ്രസിഡന്റിന്  അയയ്ക്കാമോ? പഞ്ചാബ് കേസിൽ സുപ്രീം കോടതി  ഗാവർണരുടെ തടഞ്ഞു വെയ്ക്കാനുള്ള അധികാരത്തെ കർശനമായി നിർവ്വചിച്ചു. ഗവർണർ അംഗീകാരം തടഞ്ഞു വെയ്ക്കാൻ തീരുമാനിച്ചാൽ പിന്നെ ഏറ്റവും വേഗം കാരണം ചൂണ്ടിക്കാട്ടി ബില്ലു നിയമ സഭയ്ക്ക് മടക്കി  അയക്കണം. നിയമ സഭ ബില്ല് വീണ്ടും പാസാക്കിയാൽ ഒപ്പിടണം. ഇതാണ് പറഞ്ഞത്.

തടഞ്ഞു വെച്ച ബില്ലുകൾ ഇന്ത്യൻ യൂണിയൻ പ്രെസിഡന്റിന് അയച്ച് കഴിഞ്ഞാൽ പ്രസിഡന്റിന് ഇതേ രീതിയിൽ കാരണം തന്നെ പറയാതെ അനന്തമായി തടഞ്ഞു വെയ്ക്കാൻ കഴിയുമോ? അതായത്, ഗവർണർക്കില്ല എന്നു കോടതി കണ്ടെത്തിയ നിയമസഭയെ വീറ്റോ ചെയ്യാനുള്ള അധികാരം   ഇന്ത്യൻ യൂണിയൻ പ്രസിഡന്റിന്നുണ്ടോ? അങ്ങനെയെങ്കിൽ  ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന നിയമസഭയും സർക്കാരും ഒക്കെ എന്തിനാണ്? ഇന്ത്യ സ്റ്റേറ്റുകളുടെ യൂണിയനാണ് എന്ന ആദ്യ ആർട്ടിക്കിളിലെ പ്രസ്താവനയുടെ അന്തസത്ത  എന്താണ്? ഇന്ത്യൻ ഫെഡറൽ ഘടനയെ സംബന്ധിച്ച മൌലികമായ നിയമ പ്രശ്നമാണ് കേരളം പരമോന്നത കോടതിയിൽ ഉന്നയിക്കുന്നത്.

മറ്റൊന്ന് രാഷ്ട്രീയമായ മാനമാണ്. ഒരു ബില്ല് പ്രെസിഡന്റിന് അയച്ചാൽ ആരാണ് അതിന്റെ  വിവിധ  വശങ്ങൾ പരിശോധിക്കുന്നത്? ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളാണ്  അവ പരിശോധിക്കുന്നത്. അതായത് യൂണിയൻ സർക്കാരിലെ മന്ത്രിമാരുടെ നിയന്ത്രണത്തിലുള്ള മന്ത്രാലയങ്ങളാണ് നോക്കുന്നത് എന്നർത്ഥം. അവരുടെ ഉപദേശ നിർദ്ദേശങ്ങൾ പ്രകാരമാണ് പ്രസിഡന്റ് പ്രവർത്തിക്കുക. ഒരുകാരണവും പറയാതെ, അതു  ചൂണ്ടിക്കാട്ടി നിയമസഭയ്ക്ക് തിരികെ കൊടുക്കാതെ ബില്ലുകൾ കേന്ദ്ര മന്ത്രാലയങ്ങളുടെ ഇംഗിതപ്രകാരം പിടിച്ചു വെയ്ക്കാം എന്നു വന്നാൽ എന്താണ് സംഭവിക്കുന്നത്? സംസ്ഥാന നിയമ സഭയുടെ നിയന്ത്രണം യൂണിയൻ സർക്കാർ കയ്യടക്കുന്നതിന് സമാനമായ സാഹചര്യമാണ് സംജാതമാകുന്നത്. ഇതാണോ ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത? ഇതാണോ  ഫെഡറൽ ഘടനയുടെ ഉള്ളടക്കം?

സംസ്ഥാനത്തിന്റെ ധന അധികാരങ്ങളെ കയ്യടക്കി  സംസ്ഥാന ബജറ്റിനെ തന്നെ അട്ടിമറിക്കുന്ന കേന്ദ്രീകരണ പ്രവണതയ്ക്കെതിരായ മറ്റൊരു കേസും സമരങ്ങളും കേരളം നടത്തുണ്ട്. കൂടുതൽ ഗൌരവമുള്ള ഒരു രാഷ്ട്രീയ പ്രശ്നമാണ് ബില്ലുകൾ തടയുന്നതിൽ ഉള്ളത്. സംഘപരിവാർ ആവർത്തിച്ചു പറയുന്ന ഇരട്ട എഞ്ചിൻ സംസ്ഥാന സർക്കാറുകൾ എന്ന സമഗ്രാധിപത്യ സമീപനത്തിന്റെ പ്രയോഗമാണ് ഇവിടെയും പരീക്ഷിക്കപ്പെടുന്നത്. ഇതിനെതിരായ കേരളത്തിന്റെ പോരാട്ടം ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ ഘടനയ്ക്കും വേണ്ടിയുള്ള സമരമാണ്. 

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

Share on

മറ്റുവാര്‍ത്തകള്‍